‘ഇത്രയധികം പേര്‍ ദുരിതം അനുഭവിക്കുമ്പോൾ നമുക്ക‌് എങ്ങനെ സുഖമായിരിക്കാൻ കഴിയും’

ജോർജും കുടുംബാംഗങ്ങളും

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ കുരിസുകുത്തിയിലുണ്ടായ ഉരുള്‍ പൊട്ടലിൽ വീടിരുന്ന തറ പോലും ഒലിച്ചുപോയ നാലു കുടുംബങ്ങൾക്കു ഇരുപത് സെന്റ്‌ ഭൂമിയും തൽക്കാലിക താമസത്തിനായി സ്വന്തം വീടും വിട്ടുനല്കി സമഗ്ര ശിക്ഷാ കേരളയുടെ ഇടുക്കി ജില്ല പ്രൊജക്റ്റ്‌ ഓഫീസറായ ജോര്‍ജ് ഇഗ്നേഷ്യസ്.

കമ്പിളി കണ്ടത്ത് ജോർജിനുള്ള നാലര ഏക്കർ ഭൂമിയിൽ നിന്നാണ് അഞ്ചു സെന്റ് വീതം നാലു കുടുംബങ്ങൾക്ക് ഇഷ്ടദാനമായി നൽകിയത്. ഇൗ കുടുംബങ്ങളുടെ ദയനീയ സാഹചര്യമറിഞ്ഞുണ്ടായ വേദനയാണ് ഇത്തരമൊരു തീരുമാനത്തിലേക്കു ജോർജിനെ നയിച്ചത്. ‘‘വൈദ്യുതിയും വെള്ളവും അവിടെ ലഭ്യമാണ്. മലയിടുക്കുകളൊന്നും സമീപത്തില്ലാത്തതിനാൽ സുരക്ഷിതവും കൃഷി യോഗ്യവുമായ പ്രദേശത്താണ് ഈ ഭൂമി. ഇവർക്ക് ഇനി എല്ലാം ഒന്നിൽനിന്നു തുടങ്ങണം. ഭൂമി സ്വന്തമായുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഈ പാവങ്ങള്‍ക്ക് ലഭിക്കുമല്ലോ’’– എന്ന് ജോര്‍ജ് പറയുന്നു. 

ഉരുൾപൊട്ടലിൽ ഭാര്യ മരിച്ച പന്തപ്പിള്ളി മാണിക്കും കുടുംബത്തിനും ജോർജിന്റെ തീരുമാനം വലിയ ആശ്വാസമാണ്. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ടിട്ടും മാണി ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു.  മകളുടെ വീട്ടിൽപോയി നിന്നതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ചാലയ്ക്കൽ പത്മിനിയ്ക്കും കുടുംബത്തിനും സ്വന്തമായി ഒന്നും അവശേഷിക്കുന്നില്ല. പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട വേങ്ങചാഞ്ഞ പറമ്പില്‍ സജി തോമസിന്റെയും പന്തപ്പിള്ളിയിൽ ഡിജോ വറുഗീസിന്റെയും കുടുംബം ജോര്‍ജിന്‍റെ വീടിന്റെ ഒന്നാം നിലയിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവരുടെയെല്ലാം വേദനകളിലേക്കാണ് ജോർജിന്റെ കരുണ എത്തുന്നത്.

പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട വേങ്ങചാഞ്ഞ പറമ്പില്‍ സജി തോമസിന്റെയും പന്തപ്പിള്ളിയിൽ ഡിജോ വറുഗീസിന്റെയും കുടുംബം ജോര്‍ജിന്‍റെ വീടിന്റെ ഒന്നാം നിലയിലാണ് ഇപ്പോൾ താമസിക്കുന്നത്.

ഇത്രയധികം പേര്‍ ദുരിതമനുഭവിക്കുമ്പോൾ നമുക്ക‌് എങ്ങനെ സുഖമായിരിക്കാൻ കഴിയുമെന്ന സ്കൂൾ അധ്യാപികയായ ഭാര്യ മർഫിയുടെ ചോദ്യമായിരുന്നു ജോർജിന്റെ പ്രചോദനം. ജോർജ് നൽകിയ ഭൂമിയിൽ നാലു കുടുംബങ്ങൾക്കും വീട് നിർമിച്ചു നൽകാൻ തയാറായി ഒരു ഏജൻസി രംഗത്തെത്തിയിട്ടുണ്ട്. പണി പൂർത്തിയാകാൻ ആറുമാസങ്ങളോളം എടുക്കും. ഇക്കാലയളവിൽ അവർക്ക് തന്റെ വീട്ടിൽ കഴിയാമെന്നു ജോർജ് പറയുന്നു. 

പ്രശസ്തിക്കുവേണ്ടിയാണ് ജോർജ് ഇതെല്ലാം ചെയ്യുന്നതെന്നു പറയുന്നവരുണ്ട്. പാരമ്പര്യ സ്വത്ത് അന്യർക്കു നൽകുന്നതിൽ പരാതി പറയുന്ന ബന്ധുക്കളുമുണ്ട്. എന്നാൽ ഇതെല്ലാം വകവെയ്ക്കാതെ ജോർജ് മുന്നോട്ട് നടക്കുകയാണ്, ഭാര്യ മർഫിയുെടയും മക്കളായ ജോസഫും ഇഗ്നേഷ്യസും കൈപിടിച്ച്.