പ്രളയത്തെ തോൽപിക്കാൻ തടവറയിൽനിന്ന് ലക്ഷങ്ങൾ

കേരളം പ്രളയത്തിൽ പിടഞ്ഞ ദിവസങ്ങളിൽ വിയ്യൂർ ജയിലിൽനിന്നും പ്രളയബാധിതർക്കായി എത്തിയത് മൂന്നു ലക്ഷത്തിലധികം രൂപയുടെ  ആഹാരസാധനങ്ങൾ. ജയിലിലെ ജോലിക്ക് ലഭിക്കുന്ന കൂലിയിൽനിന്നു തടവുകാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 2,34,003 രൂപയും കൈമാറി. തൃശൂര്‍ ജില്ലയിലെ 15 ദുരിതാശ്വാസ ക്യാംപുകളിലും തൃശൂര്‍ കലക്ട്രേറ്റിലെ കേന്ദ്രങ്ങളിലുമായി 65000 ചപ്പാത്തികളും കറികളുമുള്‍പ്പടെ 1,38,000 രൂപയുടെ ആഹാരസാധനങ്ങൾ ജയിലില്‍നിന്നു വിതരണത്തിനെത്തി. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ ആലപ്പുഴ കലക്ട്രറ്റിൽ എത്തിച്ചത് 1,70,000 രൂപ വിലവരുന്ന 35000 ചപ്പാത്തികളും അയ്യായിരം കറികളും.

കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭവിച്ച പ്രദേശങ്ങളിലേക്കായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽനിന്ന് ആകെ എത്തിയത് 3,68,000 രൂപയുടെ സഹായം

കൂടാതെ തങ്ങളുടെ കാന്റീന്‍ ചിലവിനു കിട്ടുന്ന 600 രൂപയില്‍നിന്നു മിച്ചം പിടിച്ച് തുക സമാഹരിച്ച 50,000 രൂപയ്ക്ക് തോര്‍ത്ത്, പേസ്റ്റ്, ബിസ്കറ്റ് തുടങ്ങിയ സാധനങ്ങൾ വാങ്ങി വിതരണം ചെയ്തു. ജയിലിന്റെ കൂറ്റന്‍ മതില്‍ കെട്ടിനുള്ളില്‍ കുടുംബത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആകുലതകളാൽ വേദനിച്ചപ്പോഴും അവരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയായിരുന്നു. ആഗസ്റ്റ് 16 മുതല്‍ 27 വരെയുള്ള ദിവസങ്ങളിൽ 35 അന്തേവാസികള്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ ഈ പാചകപ്പണിയില്‍ മാത്രം മുഴുകി.അങ്ങനെ കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭവിച്ച പ്രദേശങ്ങളിലേക്കായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിൽനിന്ന് ആകെ എത്തിയത് 3,68,000 രൂപയുടെ സഹായം. 

സന്നദ്ധ സംഘടനകളില്‍നിന്ന് ജയില്‍ ഉദ്യോഗസ്ഥർ  ശേഖരിച്ച പച്ചക്കറികളും പലവ്യ‍‍ജ്ഞനങ്ങളും പാചക വാതകവും ഉപയോഗിച്ചാണ്‌ തടവുകാര്‍ ഭക്ഷണം തയാറാക്കിയത്. ജയില്‍ ഡി.ജി.പി യുടെ ഉത്തരവ് പ്രകാരം സുപ്രണ്ടിന്റെ നേതൃത്വത്തില്‍ ജീവനക്കാരും അന്തേവാസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ നിരവധി ദുരിതാശ്വാസ ക്യാംപുകളിലേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ജയിൽ ജീവനക്കാര്‍ ഭക്ഷണം നേരിട്ട് എത്തിച്ചു നൽകി.

തൃശൂര്‍ ജില്ലയിലെ നിരവധി ദുരിതാശ്വാസ ക്യാംപുകളിലേക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ജയിൽ ജീവനക്കാര്‍ ഭക്ഷണം നേരിട്ട് എത്തിച്ചു നൽകി.

അസിസ്റ്റന്റ്‌ സുപ്രണ്ട് അനീഷിന്റെ നേതൃത്തത്തിലുള്ള സംഘം വഞ്ചിയില്‍ സഞ്ചരിച്ചാണ് വിവിധ മേഖലകളില്‍ ഭക്ഷണവും കുടിവെള്ളവും എത്തിച്ചത്. ജോയിന്റ് സുപ്രണ്ടുമാരായ ബി.രമേശ്‌ കുമാര്‍, കെ.വി.ബൈജു, ഡെപ്യുട്ടി  സുപ്രണ്ട് പി. ഉണ്ണികൃഷ്ണന്‍ ആചാരി, വെല്‍ഫെയര്‍ ഓഫീസര്‍ സാജി സൈമണ്‍, അസിസ്റ്റ്ന്റ്റ് സൂപ്രണ്ട് ഇമാം റാസി എന്നിവരും ഡെപ്യുട്ടി  പ്രിസന്‍ ഓഫീസര്‍ സി.എം.ബിനുമോന്‍, വി.വി.ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ്‌ പ്രിസന്‍ ഓഫീസര്‍ മാരായ സി.വി.ബാബുരാജ്‌, വി.വി,സുധീഷ്‌, കെ.എസ്.രതീഷ്‌, സിനോ ജോസഫ്‌ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായിരുന്നു.