Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണം ഉറപ്പിച്ച് കാത്തുനില്‍ക്കുന്ന ഈ മനുഷ്യനെയൊന്നു സഹായിക്കാമോ, സമയം കുറവാണ്

santhosh

രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്നു നമ്മളൊക്കെ പറയാറുണ്ട്. നിന്റെ ചെരിപ്പിന്റെ വള്ളികളോളം ചേര്‍ന്നു മരണമുണ്ടെന്ന് മതങ്ങളും പറയുന്നു. ഈ പറയുന്നതോളം, അല്ലെങ്കില്‍ അതിനേക്കാളേറെ വേദനയാണ് മരണമുറപ്പാണെന്നറിഞ്ഞ്, അതിനു വേണ്ടി കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ. അങ്ങനെയൊരു വേദനാജനകമായ കാത്തിരിപ്പിനു വിധിക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ചാണ് ഈ കുറിപ്പ് - കായംകുളം സ്വദേശി സന്തോഷ് കുമാറെന്ന ഉണ്ണിയെക്കുറിച്ച്. അപൂര്‍വരോഗം ബാധിച്ച് ശരീരം തളര്‍ന്ന സന്തോഷ് രോഗശയ്യയിലായിട്ട് അഞ്ചു വര്‍ഷം കഴിയുന്നു. 

അഞ്ചു വര്‍ഷം കൂടിയേ ആയുസ്സുള്ളുവെന്ന് 2013ല്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. അതില്‍ മുക്കാലും പിന്നിട്ടിരിക്കുന്നു. എല്ലു നുറുങ്ങുന്ന വേദനയും മരണത്തെക്കുറിച്ചുള്ള ആലോചനകളും അതിജീവിക്കുമ്പോഴും ഭക്ഷണത്തിനും ചികിത്സാചിലവിനും വഴികാണാനാവാതെ പ്രയാസപ്പെടുകയാണ് ഈ മനുഷ്യന്‍. 

ഓട്ടോതൊഴിലാളിയായ സഹോദരന്റെ തുച്ഛവരുമാനത്തിലാണ് പ്രായമായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം കഴിയുന്നത്. ചികിത്സാ ചിലവിനും അന്നന്നത്തെ ഭക്ഷണത്തിനു പോലും ഏറെ പ്രയാസപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സന്തോഷിന്റെ അവസ്ഥയറിഞ്ഞ ചില നല്ല മനുഷ്യരുടെ സഹായം കൊണ്ടാണ് പലപ്പോഴും ജീവിതം മുന്നോട്ടു പോവുന്നത്.

ഐടിഐ കഴിഞ്ഞു മുംബൈയില്‍ ടെക്നിഷ്യനായി ജോലി ചെയ്യുന്നതിനിടെയാണ് സന്തോഷിന് രോഗം പിടിപെട്ടത്. പേശികളില്‍ വേദനയും കൈകാലുകള്‍ക്കു തളര്‍ച്ചയുമായിരുന്നു ആദ്യം. പരിശോധനയില്‍ 'മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ്' എന്ന പേരിലും അറിയപ്പെടുന്ന Amyotrophic lateral sclerosis (ALS )എന്ന അപൂര്‍വരോഗമാണെന്ന് വെളിവായി.  ലക്ഷത്തില്‍ രണ്ടോ മൂന്നോ പേര്‍ക്കു മാത്രം പിടിപെടുന്ന ഈ അസുഖത്തിന് ഇതുവരെ ചികിത്സയൊന്നും കണ്ടുപിടിച്ചിട്ടില്ല.  കാലക്രമേണ പേശികള്‍ തളര്‍ന്ന് മരണപ്പെടും. 

രോഗത്തിന്റെ ഗൗരവമറിഞ്ഞതോടെ ഭാര്യ സന്തോഷിനെ ഉപേക്ഷിച്ചു പോയി. ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥ. മുംബൈയില്‍ പരിപാലിക്കാന്‍ ആരുമില്ലാതായപ്പോള്‍ സഹോദരന്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവാത്ത സന്തോഷിനെ ഇപ്പോള്‍ പരിപാലിക്കുന്നത് പ്രായമായ അമ്മയാണ്. 

ഡോക്ടര്‍മാര്‍ പറഞ്ഞ അ‍ഞ്ചുവര്‍ഷം അതിന്റെ അവസാന കളത്തിലേക്കെത്തുകയാണ്. ദിനംപ്രതി വേദനയേറി വരുന്നു. ഒന്നുറക്കെ കരയാന്‍ പോലുമാവാത്ത വിധം ചക്രക്കസേരയിലിരുന്നു നമ്മുടെ നേര്‍ക്കു നോക്കുണ്ട് ഈ മനുഷ്യന്‍; സഹായഹസ്തങ്ങള്‍ക്കായി. ആസന്നമായ മരണത്തെ സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുമ്പോഴും ഓരോ ദിവസത്തെയും ഭക്ഷണവും കുടുംബത്തിന്റെ അതിജീവനവും സന്തോഷിനെ ശരീരവേദനയെക്കാളേറെ തളര്‍ത്തുന്നു.

ആയുസ്സിന്റെ അവസാനമെണ്ണി കാത്തുനില്‍ക്കുന്ന ഒരു മനുഷ്യനാണ്. ഊഹിക്കാവുന്നതിലും അപ്പുറം വേദന കഠിച്ചമര്‍ത്തുന്നുണ്ട്. അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും ആ ജീവിതത്തില്‍ വെളിച്ചം നിറക്കാന്‍ നമ്മള്‍ വിചാരിച്ചാല്‍ സാധിക്കില്ലേ? പട്ടിണിയില്ലാതെ, ആവുന്ന ചികിത്സയോടെ അവസാനം വരെ നടക്കാന്‍ നമുക്കദ്ദേഹത്തിന്റെ കൈ പിടിച്ചു കൂടെ? സാമ്പത്തിക സഹായങ്ങളായി, ഒരു നല്ല വര്‍ത്തമാനമായി, പ്രാര്‍ഥനായി...സമയം പരിമിതമാണ്.

സന്തോഷിന്റെ ഫോണ്‍ നമ്പര്‍, വിലാസം, ബാങ്ക് വിവരങ്ങള്‍ എന്നിവ ചുവടെ ചേര്‍ക്കുന്നു.

G.Santhosh Kumar, 

Thekkethanuvelil, 

Perungala, PO Kayamkulam. 

Alappuzha district. 

A/C No; 617253113, 

IFC Code , IDIB000K190,

Indian Bank 

Kayamkulam branch

Phone:  8606374583,  9495240847 (Brother)