Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ശൗചാലയത്തിൽ വലിച്ചുകൊണ്ടുപോയി അവർ എന്നെ ബലാത്സംഗം ചെയ്തു’

akkai-padmasali

കഠിനമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി അതിജീവിനത്തിന്റെ പ്രതീകങ്ങളായി മാറിയവരുടെ കഥകളാണ് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവെയ്ക്കാറുള്ളത്. ഇത്തവണ കർണാടകക്കാരിയായ അക്കായ് പദ്മശാലിയെന്ന പോരാളിയുടെ അനുഭവവുമായാണ് ഹ്യൂമൻസ് ഓഫ് ബോംബെ എത്തിയത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയാണ് അക്കായ്. 

പന്ത്രണ്ടാം വയസ്സിലാണ് ജഗദീഷ് തന്റെ‌ സ്വത്വം തിരിച്ചറിഞ്ഞത്. പിന്നീട് അക്കായ് പദ്മശാലിയായുളള രൂപമാറ്റം. ജഗദീഷിന് അത്ര എളുപ്പമായിരുന്നില്ല അതൊന്നും. സുഹൃത്തുക്കളാൽ മാനഭംഗത്തിന് ഇരയായ, ലൈംഗിക തൊഴിലാളിയായി ജീവിക്കാൻ നിർബന്ധിക്കപ്പെട്ട ദിനങ്ങൾ. കുടുംബവും സമൂഹവും നൽകിയ അവഗണന. തന്റെ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളാണ് ഹ്യുമൻസ് ഓഫ് ബോംബെയിലൂടെ അക്കായ് പദ്മശാലി പങ്കുവെച്ചിരിക്കുന്നത്.

ആണായി പിറന്നു പെണ്ണിന്റെ പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെഡര്‍. കര്‍ണാടകയുടെ രാജ്യോത്സവ പുരസ്‌കാരം നേടിയ അക്കായ്, വിദേശനാടുകളിലെ സെമിനാറുകളിൽ മൂന്നാം ലിംഗക്കാരുടെ ശബ്ദമാണ്. ഇന്ത്യയിൽ ആദ്യമായി റജിസ്റ്റർ ചെയ്ത ട്രാൻസ്ജെൻഡർ വിവാഹം അക്കായ് പദ്മശാലിയുടെ പേരിലാണ്. ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി പേരാടുന്ന അക്കായ് പദ്മശാലി ഇന്ന് ലോകം അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഓണ്‍ഡേഡേ എന്ന സംഘടനയുടെ അമരക്കാരിയും അക്കായ് പദ്മശാലിയാണ്.

ഹ്യൂമൻസ് ഓഫ് ബോംബെ പേജിൽ പോസ്റ്റുചെയ്ത അക്കായ് പദ്മശാലിയുടെ കുറിപ്പിൽനിന്ന്: 

ഒരുപാട് കുസൃതികൾ ഉളള ഒരു എട്ടുവയസുകാരൻ. ഏകനായി ഇരിക്കാനാണ് കൂടുതലും ഇഷ്ടപ്പെട്ടിരുന്നത്. ഏകാന്തയെ അത്രമേൽ ഞാൻ പ്രണയിച്ചിരുന്നു. ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഞാൻ അനുഭവിച്ചിരുന്നത് ഒറ്റയ്ക്കാകുന്ന സമയങ്ങളിലായിരുന്നു. വീട്ടിൽ നിന്ന് എല്ലാവരും പുറത്തുപോകുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ആനന്ദം ഞാൻ അനുഭവിച്ചിരുന്നു. തല തോർത്തുകൊണ്ട് പൊതിയും, അമ്മയുടെ കൺമഷിയും ലിപ്സ്റ്റിക്കും ഏറെ ആനന്ദത്തോടെ ഞാൻ അണിയും. സാരിയും മറ്റുവസ്ത്രങ്ങളും അണിഞ്ഞു ഞാന്‍ ഒരു പെണ്ണാകും. എന്റെ ശരീരം ആണിന്റെ ഇടമല്ല പെണ്ണിന്റേതാണെന്ന് എന്നോടു പറയും. ഞാൻ പെണ്ണാണെന്നു മനസിലാക്കിയത് എന്റെ വീട്ടിലെ കണ്ണാടി മാത്രമായിരുന്നു. പ്രതിബിംബങ്ങളിൽ കുടുങ്ങി എന്നിലെ പെണ്ണ് എന്നും വേദനിച്ചിരുന്നു. വീട്ടുകാരോട് ഇതൊക്കെ തുറന്നു പറയാൻ എനിക്കു പേടിയായിരുന്നു. ഒരു ഭൂകമ്പം എന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിന് എന്നെപ്പോലൊരാൾ അധികപറ്റാകുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. 

സ്കൂൾ നാടകങ്ങളെ ഞാൻ അത്രമാത്രം പ്രണയിച്ചിരുന്നു. നാടകങ്ങളിൽ ഞാനാടിയ പെൺവേഷങ്ങൾ എന്നോട് ഞാൻ തന്നെ കാട്ടിയ നീതിയായിരുന്നു. ജഗദീഷ് എന്ന എന്നെ ഒരു പെണ്ണായി നാട്ടുകാർ അംഗീകരിക്കുന്നതായിരുന്നു എെന്റ സ്വപ്നം. പക്ഷേ അത് അത്ര എളുപ്പമല്ലായിരുന്നു. എന്നെ സഹപാഠികൾ കോമ്പസുകൊണ്ടു കുത്തി ഉപദ്രവിക്കുമായിരുന്നു. ദേഹത്തുനിന്നു ചോര പൊടിയുന്നതു വരെ റൂളർ ഉപയോഗിച്ച് എന്നെ അവർ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുർബലമായ ശരീര പ്രകൃതിയുളള ഞാൻ തിരിച്ചടിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. 

നിനക്ക് എന്താണ് ഉളളതെന്നു കാണിക്കുണമെന്നു ആവശ്യപ്പെട്ട് സുഹൃത്തുക്കൾ എന്നെ പരിഹസിച്ചു. ഒരിക്കൽ ശൗചാലയത്തിലേക്കു വലിച്ചുകൊണ്ടുപോയി അവർ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ ശരീരത്തിന്റെ തൃഷ്ണ ശമിപ്പിക്കാനുളള ഒരു ഉപകരണം മാത്രമായിരുന്നു ഞാൻ. അപമാനത്തിന്റെയും പരിഹാസത്തിന്റെയും നാളുകളിലൂടെയാണ് എന്റെ ബാല്യവും കൗമാരവും കടന്നുപോയത്. മാതാപിതാക്കൾക്കു എന്നെക്കുറിച്ച് ഓർക്കുമ്പോൾ ലജ്ജയായിരുന്നു. ഞാൻ ജനിക്കാതിരുന്നെങ്കിൽ എന്നു അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു കാണണം. 

എന്റെ സ്ത്രൈണ സ്വഭാവം മാറണമെങ്കിൽ തിളച്ച വെളളം കാലിൽ ഒഴിച്ചാൽ മതിയെന്നായിരുന്നു ഒരാളുടെ ഉപദേശം. ശുദ്ധഗതിക്കാരനായ അച്ഛൻ അപ്രകാരം ചെയ്യുകയും ചെയ്തു. മൂന്നുമാസം കഠിനമായ യാതനകൾ. വേദന മൂലം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മരിക്കാൻ മനസ് അനുവദിച്ചില്ല. ഇതെല്ലാം എന്റെ തെറ്റല്ലെന്നു ബോധ്യപ്പെട്ട നിമിഷത്തിൽ സ്വയം ഉപദ്രവിക്കുന്നത് ഞാൻ മതിയാക്കി. ട്രാൻസ്ജെൻഡർ സമൂഹത്തെ കണ്ടുമുട്ടിയതോടെ എന്റെ ജീവിതം മാറി. ഭിക്ഷയെടുത്തും ശരീരം വീറ്റു തുടക്കത്തിൽ ഞാൻ ജീവിച്ചു. അങ്ങനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം സമാഹരിച്ചത്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി 2004-ൽ ഒരു സംഘടനയിൽ ചേർന്നതോടെയാണ് മാറ്റം ഉണ്ടായത്. ഒടുവിൽ സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ഓൺഡേഡേ സംഘടനക്കു രൂപം നൽകി. സ്വപ്നവേഗത്തിലാണ് ജീവിതം മാറിയത്. എന്റെ ശബ്ദത്തിനു വിലയുണ്ടായി, ലോകം അത് കേട്ടുതുടങ്ങി. ഞാൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി. 

എന്റെ ഏറ്റവും വലിയ വിജയം എന്നെ മനസ്സിലാക്കുന്ന, ഞാനെന്താണെന്ന് അറിഞ്ഞുകൊണ്ട് സ്നേഹിക്കുന്ന ഒരാൾ  എന്നെ വിവാഹം ചെയ്തുവെന്നതാണ്. കർണാടകത്തിലെ ആദ്യ ഭിന്നലൈംഗിക വിവാഹമായിരുന്നു അത്. 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി കേട്ടു ഞാൻ കരഞ്ഞുപോയി, കാരണം അവസാനം ഞങ്ങൾക്കും ശ്വസിക്കാമെന്നായിരിക്കുന്നു.