Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീൽചെയറിൽ ഒറ്റയ്ക്കു പോരാടി ഹനാൻ; ഉപജീവന മാർഗമായി പുതിയ കട

hanan-hamid-in-wheel-chair-starting-new-shop-for-surviving

കോളജ് യൂണിഫോമിൽ മത്സ്യവിൽപന നടത്തിയാണ് ഹനാൻ ഹമീദ് മാധ്യമശ്രദ്ധനേടുന്നത്. ജീവിക്കാൻവേണ്ടിയുള്ള ഹനാന്റെ പോരാട്ടത്തിന് നിരവധി പേര്‍ പിന്തുണയുമായി എത്തി. ആത്മവിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായാണ് ഹനാനെ മലയാളികൾ കണ്ടത്. കൊടുങ്ങലൂരിലുണ്ടായ കാറപകടത്തിൽ ഹനാന് നട്ടെല്ലിന് പരുക്കേറ്റിരുന്നു. തുടർന്ന് ഹനാനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.

ശസ്ത്രക്രിയയ്ക്കുശേഷം പൂർണ്ണവിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്. ആശുപത്രി വിട്ടശേഷം കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കു കഴിയുകയായിരുന്നു ഹനാൻ. അപകടസമയത്ത് തേടിയെത്തിയ പിതാവ് ഇപ്പോൾ കൂടെയില്ലെന്ന് ഹനാൻ പറയുന്നു. എങ്കിലും ആത്മവിശ്വാസം കൈവിടാതെ വീൽചെയറിലിരുന്നുകൊണ്ടു പോരാട്ടം തുടരുകയാണ് ഹനാൻ. ഉപജീവന മാർഗമായി പുതിയൊരു കടതുടങ്ങുകയാണ്. വിശ്രമവേളയിലും കടയുടെ നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടത്തിലാണ്. അപകടത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും ഹനാൻ സംസാരിക്കുന്നു.

‘‘സാധാരണ ഇടുന്ന വലിയ സ്‌ക്രൂ എനിക്ക് ഇടാനാവാത്തതിനാല്‍ പീഡിയാട്രിക് സ്‌ക്രൂ ആണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടു പ്രത്യേകശ്രദ്ധ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ഇളക്കം തട്ടിയാല്‍ മേജര്‍ സര്‍ജറി വേണ്ടിവരും. അതിനാല്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്റെ അശ്രദ്ധയാല്‍ ഒരു പ്രശ്‌നവും ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍, ജീവിക്കാനായി  തൊഴിലെടുത്തേ മതിയാകൂ. എന്റെ കടയുടെ പണികള്‍ നടക്കുകയാണ്. അവിടെ പോകാതിരിക്കാൻ കഴിയില്ല. എന്റെ അവസ്ഥ കണ്ടു ഈ മാസത്തെ വാടക വേണ്ടെന്നു ഫ്ലാറ്റിന്റെ ഉടമ പറഞ്ഞു. ഫ്ലാറ്റിന്റെ മെയിന്റനൻസ് തുക ഉൾപ്പടെ കൊടുക്കാനുണ്ട്. കട തുടങ്ങി അതിൽ നിന്നും വരുമാനം കിട്ടിയിട്ടു വേണം ഇതെല്ലാം ചെയ്യാൻ’’- ഹനാന്‍ പറഞ്ഞു.

hanan-accident

‘‘പലവിധത്തിലുള്ള രോഗംകൊണ്ട് കഷ്ടപ്പെടുന്നവരുണ്ട്. മരുന്നു വാങ്ങാന്‍ പോലും കഴിയാത്തവര്‍. രോഗം കൊണ്ട് എന്നെന്നേക്കുമായി കിടപ്പിലായി പോയവരുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എനിക്കു സംഭവിച്ചത് ഒന്നുമല്ല. രോഗംകൊണ്ടു വലയുന്നവർക്ക് എന്നാൽ  കഴിയുന്ന സഹായങ്ങളൊക്കെ ചെയ്യണം. അതിനുവേണ്ടിയാണ് ഡോക്ടറാകണമെന്നു പറഞ്ഞത്. പിതാവ് കുറച്ചു ദിവസം എന്റെ കൂടെ ആശുപത്രിയില്‍ വന്നുനിന്നിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ട്. എന്നെ ഐ.സി.യുവില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയതു മുതല്‍ വാപ്പ കൂടെയുണ്ടായിരുന്നു. 

എന്റെ മനസ്സും ശരീരവും ഈ സാധാരണ നിലയിലേക്കു തിരിച്ചുവരാന്‍ വേണ്ടത് നല്ല ശ്വാസമാണ്. എന്നാല്‍, ആശുപത്രി മുറിയില്‍ ലഹരിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചുകയറുകയായിരുന്നു. എനിക്ക് സഹിക്കാനാകാതെ വന്നപ്പോള്‍ കുറച്ചു ദിവസത്തേക്ക് അതൊഴിവാക്കാന്‍ ഒരുപാടു തവണ വാപ്പായോടു പറഞ്ഞു. ഒടുവില്‍, എന്നോടൊപ്പം നില്‍ക്കണമെങ്കില്‍ ലഹരി ഉപേക്ഷിക്കണമെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. എന്നാല്‍, വാപ്പയ്ക്കു ലഹരി ഉപേക്ഷിക്കാനാവുമായിരുന്നില്ല’’– ഹനാന്‍ വ്യക്തമാക്കി. ഏതായാലും ജീവിതത്തോടു പൊരുതാനുള്ള ഉറച്ച തീരുമാനത്തിലാണ് ഹനാനിപ്പോൾ.