Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമലേഖനം കുപ്പിയിലാക്കി ഒഴുക്കി; ഒടുവിൽ നോവായി ആ പ്രണയം

love-letter

കൗതുകവും പ്രണയവുമുള്ളിലൊളിപ്പിച്ചു മഹാസമുദ്രത്തിലൂടെ ഒഴുകി നടന്ന ആ കുപ്പി ഒടുവിൽ വെളിച്ചത്തു വന്നു, എഴുതിയ ആളെ തിരിച്ചറിഞ്ഞു. കോടാനുകോടി വസ്തുക്കൾ ഒഴുകി നടക്കുന്ന കടലിൽ ഓളങ്ങൾക്കൊപ്പം തത്തിക്കളിച്ച ആ കുപ്പി മോചിക്കപ്പെട്ടത് ഓസ്‌ട്രേലിയയിൽ. വിരഹവും പ്രണയവും നിരാശയും നിറഞ്ഞ കുപ്പിക്കഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഓഗസ്റ്റിലാണ് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡ് തീരത്തുനിന്നു കെയ്റ്റ് ചാലഞ്ചറിനും പങ്കാളി ഡാനിയൽ മക്‌നലിക്കും ഭദ്രമായി അടച്ച കുപ്പി കിട്ടുന്നത്. ചൈനീസ് ഭാഷയിൽ എഴുതിയ ഒരു കുറിപ്പായിരുന്നു കുപ്പിയിൽ. ഇതിൽ എന്താണ് എഴുതിയതെന്നു വായിക്കണമെന്നു നിർബന്ധമായി രണ്ടാൾക്കും. ഡാനിയൽ ഒരു പ്രാദേശിക ടൂർ കമ്പനി ഉടമയാണ്. തന്റെ കമ്പനിയുടെ ഫെയ്‌സ്ബുക് പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്ത് ഇതു തർജമ ചെയ്തു കൊടുക്കാൻ സഹായം തേടി. ഒട്ടേറെപ്പേർ തർജമയുമായി എത്തി. 

ആ കുറിപ്പിൽ ഇങ്ങനെ പറയുന്നു. ഞാനൊരു നാവികനാണ്. ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ യാത്രയിലാണ്. വിവാഹമുറപ്പിച്ച ശേഷമുള്ള യാത്രയാണ്. എനിക്ക് അവളെ വല്ലാതെ മിസ് ചെയ്യുന്നു. വിരഹഭാരം താങ്ങാനാകുന്നില്ല. വിവാഹമുറപ്പിച്ച ഉടനെ പിരിയേണ്ടി വന്നത് എന്റെ ഹൃദയത്തെ നുറുക്കുന്നു. എന്റെ മനസ്സിലുള്ളത് ഇങ്ങനെ കുപ്പിയിലാക്കി ഒഴുക്കാനേ ഇപ്പോൾ തോന്നുന്നുള്ളൂ. എത്രയും പെട്ടന്നു വീട്ടിലെത്തി നിന്നെക്കാണണം. നിന്നോടൊത്തു ജീവിക്കണം. എനിക്കറിയാം ഈ കുപ്പി ആരും കാണാനും വായിക്കാനും പോകുന്നില്ല, എങ്കിലും എനിക്കൊരു ആശ്വാസത്തിനായി ഇതു കടലിൽ കിടക്കട്ടേ.. ഐ ലവ് യു പറഞ്ഞ് കുറിപ്പ് അവസാനിക്കുന്നു.

കുറിപ്പിന്റെ ഉള്ളടക്കം അറിഞ്ഞു കഴിഞ്ഞപ്പോൾ കെയ്റ്റിന് ആവേശമായി. എഴുതിയയാളെ കണ്ടു പിടിക്കാൻ തന്നെ ഉറച്ചു. ആ കെട്ടാൻ പോകുന്ന പെൺകുട്ടി എത്ര ഭാഗ്യവതിയാണെന്ന്  അവൾ അറിയുക തന്നെ വേണമെന്നു കെയ്റ്റ് തീരുമാനിച്ചു. അപ്പോഴേക്കും കുറിപ്പ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. എന്നാൽ കഥയുടെ അന്ത്യം കെയ്റ്റ് പ്രതീക്ഷിച്ചപോലെയായില്ല എന്നു മാത്രം. കുറിപ്പെഴുതിയ ആളിന്റെ സുഹൃത്ത് എന്നു പരിചയപ്പെടുത്തി ഒരാൾ കെയ്റ്റിനെ ബന്ധപ്പെട്ടു. കത്തിൽ പറയുന്ന ആളും പെൺകുട്ടിയും തമ്മിലുള്ള ബന്ധം വിവാഹത്തിലെത്തിയില്ലെന്ന കാര്യം അറിയിച്ചു. പെൺകുട്ടി ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്. രണ്ടുപേരിൽ ആരെയെങ്കിലും തിരിച്ചറിഞ്ഞാൽ അതു കുടുംബങ്ങളെ ബാധിക്കുമെന്നതിനാലാണ് കുറിപ്പിനുടമ ആളെ വിട്ടത്. 

തന്റെ ആഗ്രഹം പോലെ ആയില്ലെങ്കിലും കഥ കേട്ടുകഴിഞ്ഞപ്പോൾ കെയ്റ്റ് ചാലഞ്ചർക്ക് കുറിപ്പെഴുതിയ ആളോടുള്ള ബഹുമാനം കൂടുകയാണ് ചെയ്തത്.