Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീയെ ആകർഷിക്കുന്നത് സൗന്ദര്യം; രഹസ്യങ്ങൾ തുറന്ന് ഋഷ്യശൃംഗൻ

vaishali-movie-actor-sanjay-mithra-interview

തന്റെ ആദ്യ ചിത്രമായ വൈശാലിയിലെ ഋഷ്യശൃംഗൻ എന്ന കഥാപാത്രത്തിലൂടെ 30 വർഷങ്ങൾക്ക് മുൻപ് മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ച വടക്കേ ഇന്ത്യൻ സൗന്ദര്യമാണ് സഞ്ജയ് മിത്ര. മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും സഞ്ജയ് മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. ഋഷ്യശൃംഗന്റെ സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് സഞ്ജയ് മിത്രയെ കണ്ടാൽ ആരും പറയും. അഭിനയത്തോട് വിട പറഞ്ഞ് സംഗീതത്തിന്റെ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സഞ്ജയ് കഴിഞ്ഞ 30 വർഷങ്ങൾക്കുള്ളിൽ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ഭാവി പദ്ധതികളെയും കുറിച്ച് മനസുതുറക്കുന്നു.

എങ്ങനെയാണ് വൈശാലിയിലെ ഋഷ്യശൃംഗനാകുന്നത് ?

സിനിമയിൽ വരണം എന്ന് ആഗ്രഹിച്ചു വന്ന ഒരാളല്ല ഞാൻ. 30 വർഷങ്ങൾക്കു മുൻപ് ഭരതൻ സാർ എന്നെ വൈശാലി എന്ന സിനിമക്കു വേണ്ടി കണ്ടെത്തിയത് ഞാൻ അഭിനയിച്ച ലൈഫ്ബോയ് സോപ്പിന്റെ പരസ്യത്തിലൂടെയാണ്. സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോയെന്നും പറ്റിയ വേഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ രണ്ടു വട്ടം ആലോചിച്ചു. ഒന്നാമതായി എനിക്ക് ഒരു പിടിയും ഇല്ലാത്ത ഭാഷയാണ്. രണ്ടാമതായി ആ കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള പക്വത ഉണ്ടോയെന്ന സംശയം. എന്നാൽ ഭരതൻ സാർ നൽകിയ പിന്തുണയിൽ വിശ്വാസമർപ്പിച്ച് ആ സിനിമ ഞാൻ ഏറ്റെടുക്കുകയായിരുന്നു. അധികം ആരും കാണാത്ത രീതിയിലുള്ള കഥാപാത്രവും ചിത്രീകരണവും ഒക്കെയായിരുന്നു ആ സിനിമയിൽ. എന്റെ ശാരീരികമായ പ്രത്യേകതകൾ ആണ് ആ കഥാപാത്രത്തെ എനിക്ക് ലഭിക്കുന്നതിനുള്ള പ്രധാന കാരണം. അതിനു ഞാൻ എന്റെ മാതാപിതാക്കൾക്ക് നന്ദി പറയുന്നു. 30 വർഷങ്ങൾക്ക് മുൻപ് കേരളം കണ്ട ഏറ്റവും പ്രോഗ്രസീവ് ആയ ഒരു സിനിമയായിരുന്നു വൈശാലി. ആ കഥാപാത്രം മലയാളികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ട്.

sanjay4

സിനിമ ഇറങ്ങി 30 വർഷങ്ങൾക്കു ശേഷവും ഇത്രയും ചെറുപ്പം കാത്തു സൂക്ഷിക്കുനന്ത് എങ്ങനെയാണ് ?

നേരത്തെ ഞാൻ പറഞ്ഞല്ലോ, അതിനു ഞാൻ നന്ദി പറയുന്നത് എന്റെ മാതാപിതാക്കളോടാണ്. ആരോഗ്യകാര്യങ്ങളിൽ ചെറുപ്പം മുതലേ നല്ല ശ്രദ്ധയായിരുന്നു. മാത്രമല്ല, മോഡലിങ് എന്ന ആഗ്രഹം മനസ്സിൽ കടന്നു കൂടിയപ്പോൾ ശരീരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ചെറുപ്പം നിലനിർത്തുന്നതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. എന്നാൽ നമ്മുടെ മനസ് ചെറുപ്പമായിരിക്കുമ്പോൾ ശരീരത്തിലും ആ മാറ്റം പ്രതിഫലിക്കും അത്രതന്നെ. പിന്നെ വർക്ക്ഔട്ട് മുടക്കാറില്ല.

sanjay സഞ്ജയ് മിത്ര ഭാര്യ തരുണയോടൊപ്പം

എന്താണ് താങ്കളുടെ ഫിറ്റ്നസ് മന്ത്ര ?

സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക, നന്നായി വർക്ക്ഔട്ട് ചെയ്യുക. ഞാൻ ആരോഗ്യ സംരക്ഷണത്തെപ്പറ്റി ചിന്തിക്കുന്നതിനും ഏറെ മുൻപ് എന്റെ ആരോഗ്യകാര്യത്തിൽ അച്ഛൻ ശ്രദ്ധാലുവായിരുന്നു. എനിക്ക് 14  വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം എന്നെ ജിമ്മിൽ ചേർക്കുന്നത്. പതിനെട്ട് വയസ്സായപ്പോഴേക്കും നല്ല ഉറച്ച ശരീരം കൈവന്നു. തുടക്കത്തിൽ മസിൽ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ധാരാളം പ്രോട്ടീൻ സപ്പ്ളിമെൻറ് പൗഡറുകൾ , ഹെൽത്ത് ഡ്രിങ്കുകൾ എന്നിവയൊക്കെ കഴിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും അത്ര നല്ല കാര്യമായി എനിക്ക് തോന്നിയിട്ടില്ല. മസിൽ വർധിപ്പിക്കുന്നതിനായുള്ള ഇത്തരം സപ്ലിമെന്റുകൾ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴും വർക്ക്ഔട്ട് തുടരുന്നുണ്ട്, അത് ശരീരഭാരം കൂടാതെ നിലനിർത്തുന്നതിന് വേണ്ടിയാണ്.

ഒരു സ്ത്രീയെ പുരുഷനിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ് ?

എന്റെ അഭിപ്രായത്തിൽ ഒരു പുരുഷനിൽ സ്ത്രീ ആദ്യം ഇഷ്ടപ്പെടുക അവന്റെ സൗന്ദര്യം തന്നെയാണ്. മുഖം, ശരീരസൗന്ദര്യം, പെരുമാറ്റം എന്നിവ ആദ്യം ആകർഷിക്കും. എന്നാൽ ഈ ആകർഷണം വളരെ ചുരുങ്ങിയ കാലത്തേക്ക് മാത്രമുള്ളതാണ്. ഒരു ബന്ധം എക്കാലവും നിലനിൽക്കണം എങ്കിൽ പുരുഷന് ഒരു നല്ല വ്യക്തിത്വം ഉണ്ടാകുക എന്നതാണ് പ്രധാനം. പെരുമാറ്റം, സ്വഭാവസവിശേഷത, പോസറ്റിവ് ആറ്റിട്യൂഡ് തുടങ്ങിയ കാര്യങ്ങളാണ് ദീർഘകാലം ഒരു ബന്ധം നിലനിർത്തുക. ഇപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം ബാഹ്യസൗന്ദര്യം കൂടി ഒരു ഘടകമായി വരുന്നു എന്ന് മാത്രം.  

sanjay5

വ്യക്തി ജീവിതത്തിൽ വന്ന മാറ്റങ്ങൾ ?

വ്യക്തി ജീവിതത്തെ വേണമെങ്കിൽ ഒരു റോളർകോസ്റ്റർ റൈഡ് എന്ന് വിളിക്കാം. വൈശാലിക്ക് ശേഷം ഞാനും വൈശാലിയിലെ നായികയായ സുപർണയും തമ്മിൽ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഞങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങൾ ജനിച്ചു. അതിനുശേഷം 2007ൽ ഞങ്ങൾ വിവാഹമോചിതരായി. കുട്ടികളെ സുപർണ വളരെ നന്നായി നോക്കുന്നുണ്ട്. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളുമാണ്. 2011ൽ ഞാൻ എന്റെ കോളേജ്‌ മേറ്റായിരുന്ന തരുണയെ വിവാഹം കഴിച്ചു. തരുണ വന്നതിനു ശേഷം ജീവിതം വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം വളരെയേറെ സ്നേഹം നൽകുന്ന ഒരു കുടുംബത്തെ കിട്ടി എന്നതാണ്. എന്നെ വേണമെങ്കിൽ ഒരു അമ്മക്കുഞ്ഞ് എന്ന് വിളിക്കാം. അത്രമാത്രം പ്രിയപ്പെട്ടതാണ് എനിക്കെന്റെ 'അമ്മ.

sanjay3 സഞ്ജയ് മിത്രയും അമ്മയും

അഭിനയത്തിൽ നിന്നും സംഗീതത്തിന്റെ ലോകത്തേക്കുള്ള മാറ്റം ?

വാസ്തവത്തിൽ സംഗീതം എന്നത് എന്നും എന്റെ പാഷനായിരുന്നു. ഞാൻ വരുന്നത് തന്നെ ഒരു സംഗീത കുടുംബത്തിൽ നിന്നുമാണ്. അച്ഛൻ വളരെ പ്രശസ്തനായ ഒരു സംഗീതജ്ഞനായിരുന്നു. അക്കോർഡിയൻ എന്ന മ്യൂസിക്കൽ ഇൻസ്ട്രമെന്റ് ആയിരുന്നു അദ്ദേഹം വായിച്ചിരുന്നത്. ഇതിൽ 15000ൽ പരം ഗാനങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ട്. മിക്ക ഹിന്ദി സിനിമകളിലും രാജ്കപൂർ വായിക്കുന്നത് ഈ സംഗീതോപകരണമാണ്.1960 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ സംഗീതലോകത്ത് ഏറ്റവും പ്രശസ്തമായ സംഗീതോപകരണമായിരുന്നു അക്കോർഡിയൻ. എന്നാൽ പിന്നീട് അതിന്റെ പ്രാധാന്യം കുറഞ്ഞു വന്നു. ഒരിക്കലും അഭിനയത്തിൽ നിന്നും സംഗീതത്തിലേക്ക് വരുകയായിരുന്നില്ല. കാരണം, എന്നും ഒരു വിനോദം എന്ന നിലക്ക് എന്റെ ഒപ്പം സംഗീതം ഉണ്ടായിരുന്നു. എന്നാൽ 2015 ൽ എന്റെ പിതാവ് മരണപ്പെട്ടശേഷമാണ് ഞാൻ സംഗീതത്തിലേക്ക് പൂർണ്ണമായും ചുവടുമാറുന്നത്.

അഭിനയിക്കാൻ ഇനി ഒരു അവസരം ലഭിച്ചാൽ സ്വീകരിക്കുമോ? അങ്ങനെയെങ്കിൽ ആരായിരിക്കും നായിക?

തീർച്ചയായും സ്വീകരിക്കും. എനിക്ക് ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. വൈശാലിയിൽ അഭിനയിക്കുമ്പോളാണ് ഞാൻ കൂടുതലായി സിനിമാ ഇന്‍ഡസ്ട്രിയെ അടുത്തറിയുന്നത്. ആ സമയത്ത് ശോഭനയുടെ നായകനായി അഭിനയിക്കണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അന്നത് നടന്നില്ല. അവസരം ലഭിക്കുകയാണെങ്കിലും എനിക്ക് ഇപ്പോഴത്തെ നായികമാരെ അറിയില്ല. അതുകൊണ്ട് അത് തീരുമാനിക്കാനുള്ള അവസരം സിനിമയിലെ പിന്നണിക്കാർക്ക് വിടുകയാണ്. ആരായിരിക്കും എന്നോടൊപ്പം നല്ലതായിരിക്കുക എന്ന് അവർ തീരുമാനിക്കട്ടെ.