Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഗി ഡോയിൻ, 23 വയസ്സിൽ 200 കുട്ടികളുടെ 'അമ്മ'!

maggie-doyne

'ഓരോ വ്യക്തിക്കും ജീവിതത്തിൽ സന്തോഷങ്ങൾ അപേക്ഷികങ്ങളാണ്. ചിലർക്ക് യാത്രകൾ നടത്തുന്നതായിരിക്കും സന്തോഷം, മറ്റു ചിലർക്ക് ബിസിനസ്, വേറെ ചിലർക്ക് എഴുത്ത്...എന്നാൽ നമ്മുടെ യഥാർത്ഥ സന്തോഷം നാം കരുതുന്നത് ഒന്നും ആയിരിക്കുകയില്ല, അനുഭവങ്ങളിലൂടെ നാം നമ്മുടെ യഥാർത്ഥ സന്തോഷം കണ്ടെത്തണം' - പറയുന്നത് 23 വയസ്സിൽ 200 അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത്, അവർക്കായി കിടപ്പാടവും വിദ്യാലയവും ഉണ്ടാക്കിയ അമേരിക്കൻ സ്വദേശിനിയായ മാഗി ഡോയനാണ്. 

അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള മാഗി എങ്ങനെ നേപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലിങ്ക് നൗ എന്ന സ്ഥാപനത്തിലെ 200ൽ പരം കുട്ടികളുടെ രക്ഷാകർത്താവായി എന്ന കഥ അറിയാതെ പോകരുത്. ഓരോ വ്യക്തിക്കും ജീവിക്കുവാനും സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാനുമുള്ള പ്രചോദനമാണ് മാഗിയുടെ കഥ. വീടും പഠനവും കൂട്ടുകാരുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മാഗി തന്റെ പതിനെട്ടാം വയസ്സിൽ പെട്ടന്നൊരു തീരുമാനം എടുത്തു. യാത്രകൾ പോകാൻ. എന്നാൽ എന്ത് എങ്ങോട്ട് , എന്ന ധാരണയൊന്നും മാഗിക്ക് ഉണ്ടായിരുന്നില്ല. 

കയ്യിൽ കിട്ടിയ ഒരു ബാഗിൽ ആവശ്യവസ്തുക്കൾ മാത്രം എടുത്തുകൊണ്ട് ആരംഭിച്ച ആ യാത്രയിൽ അവൾ പല ഭാഷകളും സംസ്കാരങ്ങളും നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞു. അമേരിക്കയിലെ വീടിന്റെയും ക്ലാസ് മുറിയുടെയും അപ്പുറത്ത് ഒരു ലോകമുണ്ടെന്നും അവിടെ ആരെയും ആകർഷിക്കുന്ന മനോഹരമായ കാഴ്ചകൾ ഉണ്ടെന്നും മാഗി തിരിച്ചറിഞ്ഞു. എന്നാൽ ആ തിരിച്ചറിവിന് വലിയ ആയുസ്സുണ്ടായിരുന്നില്ല. മാഗിയുടെ യാത്ര നേപ്പാളിൽ എത്തിയപ്പോഴാണ് പുഞ്ചിരിക്കുന്ന കാഴ്ചകൾക്കപ്പുറത്ത് വേദനിക്കുന്ന, നന്നായി ജീവിക്കാൻ വേണ്ട സാഹചര്യങ്ങൾ ഇല്ലാത്ത ഒരു ലോകമുണ്ട് എന്ന് മാഗിക്ക് മനസിലായത്. 

ലാക്കോറയുടെ ദയനീയമായ മുഖം 

ഒരു പതിനെട്ടുകാരിയുടെ എല്ലാ കൗതുകങ്ങളോടും കൂടി ലോകം ചുറ്റിക്കാണാൻ വീടുവിട്ടിറങ്ങിയ മാഗിയുടെ എല്ലാ ഉത്സാഹവും തല്ലിക്കെടുത്തുന്ന കാഴ്ചയായിരുന്നു നേപ്പാളിൽ അവൾ പരിചയപ്പെട്ട ലാക്കോറ എന്ന പെൺകുട്ടി. ഗ്രാമത്തിലെ ബസ്റ്റോപ്പിൽ നിന്നും ഭാരമേറിയ ലോഡുകൾ താങ്ങി ഗ്രാമത്തിൽ എത്തിക്കുക എന്നതായിരുന്നു അവളുടെ ജോലി. ഒരു ദിവസം മാഗി അവളുടെ ജോലി വീക്ഷിച്ചു. വളരെ കഷ്ടപ്പെട്ടാണ് ആ പെൺകുട്ടി ഭാരമേറിയ ചുമടും താങ്ങി കുന്നുകൾ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നത്. ഇത് ദിവസത്തിൽ പലതവണ ആവർത്തിക്കപ്പെട്ടു. ജോലിക്കുള്ള പ്രതിഫലമായി വൈകുന്നേരം അവൾക്ക് ലഭിക്കുന്നത് രണ്ടു രൂപ. ആ കാഴ്ച മാഗിയെ വല്ലതെ വേദനിപ്പിച്ചു. 

maggie-doyne-with-children

കൂടുതൽ അന്വേഷിച്ചപ്പോൾ ലാക്കോറയെ പോലുള്ള നേപ്പാളിലെ ഓരോ അനാഥകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാണെന്ന് മാഗിക്ക് മനസിലായി. ലോകമെമ്പാടും അനാഥരായി കഴിയുന്നത് 80  മില്യൺ കുട്ടികളാണ് എന്ന തിരിച്ചറിവ് മാഗിക്ക് ഉണ്ടായി. മനുഷ്യക്കുഞ്ഞുങ്ങൾ ഇത്തരത്തിൽ നരകയാതന അനുഭവിക്കുമ്പോൾ എങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ തനിക്കാകും എന്ന ചിന്ത മാഗിയെ പിന്തുടർന്നു. അടുത്ത ദിവസം അഞ്ചു വയസ്സ് പ്രായമുള്ള ഹേമ എന്ന അനാഥകുട്ടിയെ മാഗി കണ്ടുമുട്ടി. പുഞ്ചിരി തൂകി നമസ്തേ പറയുന്ന ഹേമയുടെ മുഖം മാഗിയെ വിടാതെ പിന്തുടർന്നു.

80  മില്യൺ അനാഥകുട്ടികളെ രക്ഷികാകൻ ഒരുപക്ഷെ തനിക്ക് കഴിഞ്ഞേക്കില്ല എന്നാൽ ഒരാളെ എങ്കിലും രക്ഷിക്കാനായാൽ അത് വലിയ നേട്ടമാണ് എന്ന തിരിച്ചറിവ് മാജിക്കുണ്ടായി. അങ്ങനെ അടുത്ത ദിവസം മാഗി ഹേമയെ സ്‌കൂളിൽ ചേർത്തു. അവളുടെ പഠനത്തിന് വേണ്ട കാര്യങ്ങൾ ചെയ്തു. വിദ്യാഭ്യാസമില്ലാത്ത പെൺകുട്ടികളാണ് സമൂഹത്തിലെ ഏറ്റവും വലിയ വിടവ് എന്ന് മാഗി വിശ്വസിച്ചു. എന്നാൽ ഹേമയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ കൂടുതൽ അനാഥക്കുഞ്ഞുങ്ങളെ ഏറ്റെടുക്കണം എന്നായി ആ പതിനെട്ടുകാരിയുടെ ചിന്ത.

അങ്ങനെ നേപ്പാളിൽ തന്നെ തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ മാഗി തീരുമാനിച്ചു. പഠനം നിർത്തി നേപ്പാളിന്റെ മണ്ണിലേക്ക് മടങ്ങി. അവിടെ ഹേമയ്ക്ക് പുറമെ മറ്റു ധാരാളം അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ആ 18 കാരി ഏറ്റെടുത്തു. കുട്ടികളെ താമസിപ്പിക്കുന്നതിനായി കെട്ടിടം പണിയാൻ നേപ്പാളിൽ കുറച്ചു സ്ഥലം വാങ്ങി. ഇതിനായി വേണ്ടിവന്ന 5000 ഡോളർ മാഗിയുടെ മാതാപിതാക്കൾ നൽകി. കെട്ടിടം പണിത ശേഷം കൂടുതൽ കുട്ടികളെ മാഗി ഏറ്റെടുത്തു. 

പിന്നീട് മാഗിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി വന്നവർ നൽകിയ സംഭവനയിൽ നിന്നും ഒരു വിഹിതമെടുത്ത് കുട്ടികളുടെ തുടർപഠനം ഉറപ്പാക്കുന്നതിനായി ഒരു സ്‌കൂൾ പണിതു. ഇന്ന് രോഗം ബാധിച്ചവരും അനാഥരും ആഭ്യന്തര യുദ്ധത്തിൽ ഒറ്റപ്പെട്ടവരുമായ 200ൽ പരം കുഞ്ഞുങ്ങളുടെ വളർത്തമ്മയാണ് മാഗി. അവരോടൊപ്പം ജീവിക്കുമ്പോൾ, സമയം ചെലവിടുമ്പോൾ ലഭിക്കുന്ന സന്തോഷം വേറെ എവിടെനിന്നും ലഭിക്കില്ല എന്ന് മാഗി പറയുന്നു.