Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയനൈരാശ്യത്തെ എങ്ങനെ മറികടക്കാം; ഇതാ പത്തു വഴികൾ

how-to-over-come-love-failure-10-ways

ജീവിതത്തിൽ പ്രണയിക്കാത്തവർ ആരുമുണ്ടാകില്ല. അതുപോലെ തന്നെ പ്രണയനഷ്ടം അനുഭവിക്കാത്തവരും കുറവായിരിക്കും. അഗാധമായ പ്രണയത്തിനു വിള്ളൽ വീഴുമ്പോൾ ചിലരുടെ ജീവിതത്തിന്റെ താളം തെറ്റുന്നു. ജീവിതത്തിലേക്കു തിരിച്ചു കയറാനാകാതെ കഷ്ടപ്പെടുന്നവരും ജീവിച്ചിരിക്കുന്നതുകൊണ്ട് അര്‍ഥമില്ലെന്നു ചിന്തിക്കുന്നവരുമുണ്ട്. നഷ്ട പ്രണയത്തിന്റെ ഓർമകളിൽ നീറി കടുത്ത മദ്യപാനി ആകുന്നവരുണ്ട്.

പ്രണയിച്ചിരുന്ന വ്യക്തി ഉപേക്ഷിച്ചു പോകുമ്പോൾ വേദന ഉണ്ടാകും, നഷ്ടബോധം അനുഭവപ്പെടും, ഓർമകൾ വേട്ടായാടും. എന്നാൽ ഒരിക്കലും പ്രേമനൈരാശ്യം നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കാൻ അനുവദിക്കരുത്. ഒന്നും അവസാനമല്ല, ജീവിതത്തിൽ നിങ്ങളുടെ  സ്ഥാനം മറ്റൊരാൾക്കും ഏറ്റെടുക്കാനാവില്ല. പ്രേമനൈരാശ്യത്തിൽ നിന്നു പുറത്തുകടക്കാൻ ഇതാ പത്തു വഴികള്‍.

കര‍ഞ്ഞു തീർക്കൂ

വികാരങ്ങളില്ലാത്ത യന്ത്രമല്ല മനുഷ്യൻ. ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ദുഃഖം തോന്നും. കരയാൻ തോന്നും, മറ്റാരോടെങ്കിലും പങ്കുവെയ്ക്കാൻ തോന്നും. ഇതൊന്നും ചെയ്യാതെ എല്ലാം മനസ്സിലിട്ട് ചിന്തിച്ചു പെരുപ്പിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണു നയിക്കുക. 

ഹൃദയം തുറന്നു കരയുക. ആശ്വാസം ലഭിക്കാൻ ഇതിലും മികച്ച മാർഗമില്ല. ഇങ്ങനെ വേദന അനുഭവിച്ച് തീർക്കുക. പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവൾക്കോ ഒപ്പമുള്ള  ഓർമകളെയും കണ്ടുതീർത്ത സ്വപ്നങ്ങളെയും ചിന്തിച്ച് കരയുക. ഹൃദയം പൊട്ടി കരയുക.

കടക്കൂ ഹൃദയത്തിന് പുറത്ത്

മതി, കരഞ്ഞത്.  നിങ്ങളുടെ പിരിഞ്ഞു പോയ ആളെ ഇനിയും ഹൃദയത്തിൽ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. ഒരുകാലത്ത് ഒരുപാട് സ്നേഹിച്ചു, അതിന്റെ പേരില്‍ ഇപ്പോൾ വളരെയേറെ വേദനിക്കുകയും ചെയ്തു. ഇനി നിങ്ങളുടെ ജീവിതത്തിൽ നിന്നു പോയ വ്യക്തിയെ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല. 

സുഹൃത്തുക്കളോടു കാര്യം തുറന്നു പറയുക. വിഷമതകൾ പങ്കുവെയ്ക്കുക. തീർച്ചയായും അവർ ആശ്വസിപ്പിക്കും. അവര്‍ ഒപ്പമുണ്ടെന്നു പറയും. ആ വാക്കുകൾ കരുത്തേകും. ജീവിതത്തിൽ ഒപ്പമുള്ളവരുടെ മുഖം മനസ്സിൽ ഓർക്കുക. 

ചെറിയൊരു യാത്ര ആവാം

ചെറിയൊരു ഇടവേള എടുക്കുക. ഒരു മാറ്റം ആവശ്യമാണ്. യാത്രയാണ് നല്ലത്. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കിൽ പ്രക‍ൃതിസുന്ദരവും ശാന്തവുമായ സ്ഥലങ്ങളോ ബീച്ചോ ട്രക്കിങ് മേഖലകളോ തിരഞ്ഞെടുക്കുക. ഒറ്റയ്ക്കുള്ള യാത്രയാണെങ്കിൽ എപ്പോഴും തിരക്കുപിടിച്ച സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. ചുറ്റിലും സദാസമയം ആളുകളുള്ള, ബഹളമുള്ള സ്ഥലങ്ങൾ. അനാവശ്യ ചിന്തകൾ ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഭൂമിയിൽ ആദ്യമായി എത്തിയ മനുഷ്യനെപ്പോലെ ആ യാത്ര ആസ്വദിക്കുക. 

ചിന്തകളോടു പറയൂ ‘നോ’

വെറുതെ കിടക്കുക, ഒറ്റയ്ക്കിരിക്കുക ഇതെല്ലാം ഒഴിവാക്കുക. നൈരാശ്യം തുളുമ്പുന്ന ചിന്തകൾ അന്നു പൊട്ടികരഞ്ഞപ്പോൾ അവസാനിപ്പിച്ചതാണ്. ‘എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട, സ്നേഹിക്കുന്നവർ എനിക്ക് ഒപ്പമുണ്ട് എന്നു മനസ്സിനെ ബോധ്യപ്പെടുത്തുക. 

കഴിഞ്ഞതാണ്, ഇനി പിന്തുടരരുത്

നിങ്ങളെ വിട്ടു പോയി, എന്നാൽ അവർ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും എന്നറിയാനുള്ള ആകാംക്ഷ ഉണ്ടാകും. ഇതിനായി സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുകയോ, സുഹൃത്തുക്കളോടു തിരക്കാനോ  ശ്രമിക്കും. ഇത് പൂർണമായി ഒഴിവാക്കണം. പ്രണയിച്ചിരുന്ന ആൾ ദുഃഖത്തിലോ സന്തോഷത്തിലോ ആയിരിക്കാം. അയാൾ കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുകയാവാം, കുടുംബത്തിനൊപ്പം സമയം ചെലവിടുകയാവാം. അതെന്തായാലും നിങ്ങളെ ബാധിക്കുന്ന വിഷയമല്ല. 

എന്തെങ്കിലും ചെയ്യൂ സുഹൃത്തേ

വെറുതെ ഇരിക്കരുത്. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക. ആ സമയത്ത് അതിൽ മാത്രം ശ്രദ്ധ ചെലുത്തുക. പുതിയ കാര്യങ്ങള്‍ ചെയ്ത് വിജയിക്കുക. ഈ അവസരത്തിൽ അതു മനസ്സിന് പ്രത്യേക സുഖവും സന്തോഷവും നൽകും.

ബ്രൈക്ക് അപ്പ്, ക്ലീൻ അപ്പ്

അവരുടെ ഓർമകൾ നിലനിർത്തുന്നതൊക്കെ ഉപേക്ഷിക്കുക. സമ്മാനങ്ങൾ, ചിത്രങ്ങൾ, മെസേജുകൾ എല്ലാം. അവരുെട പേര് ഉപയോഗിച്ചുള്ള പാസ്‌വേർഡുകൾ ഉണ്ടെങ്കിൽ മാറ്റുക. മൊബൈൽ നമ്പർ ഡിലീറ്റ് ചെയ്യൂ. പിരിയുക എന്നത് പൂർണമായിരിക്കണം. 

ഭാവിയിൽ എവിടെയെങ്കിലും വച്ചു കാണുകയാണെങ്കിൽ തന്നെ ഒളിച്ചോടരുത്. ദേഷ്യമോ സങ്കടമോ ആവശ്യമില്ല. കൂളായി സംസാരിക്കുക. മാന്യമായി പെരുമാറുക.

നല്ല സുഹൃത്തുക്കളേ ഇതിലേ

ആളുകളിൽ നിന്ന് അകന്നു മാറരുത്. എന്നാൽ നമുക്ക് പോസറ്റീവ് ഊർജം നൽകുന്ന സുഹൃത്തുക്കളുമായി മാത്രം ഇടപഴുകാൻ ശ്രദ്ധിക്കുക. തമാശകൾ പറയുന്ന, വേദനയിൽ ഒപ്പം നിൽക്കുന്ന, നല്ല വശങ്ങൾ മാത്രം കാണുന്ന സുഹൃത്തുക്കളും വ്യക്തികളുമായി സമയം ചെലവിടുക. 

വേറെ തുടങ്ങി കളയാം

ഒരു പ്രതികാരമെന്നോണം വേെറ പ്രണയബന്ധം തുടങ്ങാനും ശ്രമിക്കുന്നവരുണ്ട്. പുതിയ ഒരാൾ കടന്നു വന്നാൽ തന്നെ ഉപേക്ഷിച്ച ആളെ തോൽപ്പിച്ചു ‌എന്നൊക്കെയുള്ള ചിന്തകൾ ഉണ്ടാകും. എന്നാൽ സമയമെടുക്കുക. അതിലും മികച്ച മരുന്നില്ല. ആദ്യം മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കട്ടേ. 

സത്യത്തിൽ ഭാഗ്യവാനല്ലേ

വിവാഹത്തിലെത്തും മുൻപ് യോജിച്ചു പോകാനാവില്ലെന്നു തിരിച്ചറിഞ്ഞത് നന്നായില്ലേ. വിവാഹശേഷമാണ് ഈ തിരിച്ചറിവെങ്കിൽ എന്നും വഴക്കായിരിക്കും. സമാധാനമില്ലാത്ത ദിവസങ്ങളായിരിക്കും ബാക്കിയാവുക്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതകൾ ഇല്ലാതാവുകയാണ് ചെയ്തത്. യോജിച്ച മറ്റൊരാളെ കണ്ടെത്താൻ അവസരം ലഭിച്ചിരിക്കുന്നു. ഇതെല്ലാം ഭാഗ്യമായി കരുതുക.