Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ!

870541914

വിവാഹബന്ധത്തില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണെന്ന പ്രഖ്യാപനങ്ങള്‍ ഇടയ്ക്കിടെ കേള്‍ക്കുമെങ്കിലും നമ്മുടെ നാട്ടില്‍ ദാമ്പത്യങ്ങളില്‍ ഭൂരിഭാഗവും നിലനില്‍ക്കുന്നത് പുരുഷാധിപത്യത്തിൽ തന്നെയാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ അവകാശങ്ങളും ആഗ്രഹങ്ങളും പലപ്പോഴും ഹനിക്കപ്പെടുന്നു. മിക്ക സ്ത്രീകളും ഇവയെക്കുറിച്ചൊന്നും ബോധവതികള്‍ കൂടിയല്ല. എന്നാല്‍ പുതുതലമുറയിലെ പെണ്‍കുട്ടികളില്‍ ഏറെപ്പേരും ഈ ഗണത്തില്‍ പെടുന്നവരല്ല. എന്നാൽ വ്യക്തമായ ലക്ഷ്യങ്ങളും ആഗ്രഹമുള്ളവരുമായ ഇവരെ മനസ്സിലാക്കാന്‍ പരമ്പരാഗത ചുറ്റുപാടില്‍ വളര്‍ന്നു വരുന്ന പലപുരഷന്‍മാര്‍ക്കും കഴിയണമെന്നില്ല. സ്ത്രീ പുരുഷനെപ്പോലെ തന്നെ ഒരു സ്വതന്ത്രയാണെന്നും ദാമ്പത്യത്തിലോ ജോലിയിലോ മാത്രം ഒതുങ്ങുന്നതല്ല അവളുടെ ജീവിതമെന്നും യുവാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. ഒരു പുരുഷനില്‍ നിന്ന് ദാമ്പത്യജീവിതത്തില്‍ സ്ത്രീ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഇതാ:-

സ്വാതന്ത്ര്യം

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾക്കു പ്രധാന കാരണമായി പലരും കരുതുന്നത് പണവും വിവാഹേതര ബന്ധവും ബന്ധുക്കളെയുമാണ് എന്നാല്‍ യഥാർഥത്തില്‍ രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായമാവുക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരസ്പര ധാരണയാണ്. പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തില്‍ പുരുഷന്‍മാര്‍ക്ക് സ്വതന്ത്ര്യത്തിനു വലിയ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ രാത്രി 9  കഴിഞ്ഞാല്‍ സ്ത്രീകള്‍ പുറത്തിറങ്ങേണ്ടെന്നു കരുതുന്ന ആളുകളുടെ നാട്ടില്‍ സ്ത്രീയുടെ സ്വാതന്ത്ര്യം മിക്കപ്പോഴും തര്‍ക്കവിഷയാണ്. ഭാര്യ മറ്റൊരു വ്യക്തിയാണെന്നും ആ നിലയിലുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും ഭര്‍ത്താവ് മനസ്സിലാക്കണം. അവളുടെ സ്വാതന്ത്ര്യം താന്‍ നിശ്ചയിക്കേണ്ടതാണെന്ന ചിന്ത മനസ്സിൽ നിന്നു മാറ്റുക. പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന രണ്ടു വ്യക്തികള്‍ക്കു പറ്റിയ പണിയല്ല ദാമ്പത്യം. അതിനാല്‍ തന്നെ നീണ്ടു നില്‍ക്കുന്ന ദാമ്പത്യത്തിനായി വിട്ടു വീഴ്ചകള്‍ ചെയ്യണ്ടി വരും. സ്വന്തം സ്വാതന്ത്ര്യത്തില്‍ പോലും. എന്നാല്‍ ഈ നിയന്ത്രണം പങ്കാളിയാൽ അടിച്ചേൽപിക്കപ്പെടുകയല്ല വേണ്ടത്.

ബഹുമാനം

ഭാര്യയെ ബഹുമാനിക്കുക എന്നു കേട്ടാല്‍ പലരും അദ്ഭുതം കൂറിയേക്കാം. ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തമായ കാഴ്ചപ്പാടുകളും ചിന്താശേഷിയും സ്ത്രീയ്ക്കും ഉണ്ടാകും. സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഉണ്ട്. ഇത്തരം തീരുമാനങ്ങളെ അംഗീകരിച്ചില്ലെങ്കിലും അപമാനിക്കാതാരിക്കുക. അവയെ ബഹുമാനത്തോടെ സ്വീകരിച്ച് തെറ്റാണെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടുക.

സമയം

ഭര്‍ത്താവിന്റെ സമയം പൂര്‍ണമായും തനിക്കു വേണമെന്ന് വാശിപിടിക്കുന്ന ഭാര്യമാർ അപൂര്‍വമാണ്. എന്നാല്‍ ഭാര്യയ്ക്കു തന്റേതായ കാര്യങ്ങളുണ്ടെന്നും അതിനായി സമയം മാറ്റി വക്കേണ്ടതുണ്ടെന്നും ചിന്തിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം അതിലും കുറവാണ്. വിവാഹം കഴിയുന്നതോടെ ഭാര്യ പൂര്‍ണമായും തന്റെ സ്വത്താണെന്നും ജോലിക്കു പോകൽ മാത്രമാണ് കുടുംബത്തിനു പുറത്ത് ഭാര്യമാര്‍ക്കു ചെയ്യാനുള്ളത് എന്ന ധാരണ ശക്തമാണ്. ഭാര്യ എന്നു പറയുന്ന സ്ത്രീയ്ക്കും ഒരു സാമൂഹിക ജീവിതം ആവശ്യമാണെന്നും, അവര്‍ക്ക് അവരുടെ സുഹൃത്തുക്കളുണ്ടെന്നും മനസ്സിലാക്കണം. ഭര്‍ത്താവ് എന്ന വ്യക്തി എത്തുന്നതിനു മുന്‍പും അവർക്ക് ലോകമുണ്ടായിരുന്നു എന്നു തിരച്ചറിയുക. നിങ്ങള്‍ക്കുള്ളതുപോലെ സുഹൃത്തുക്കള്‍ക്കും മറ്റു സ്വകാര്യതകള്‍ക്കും സമയം മാറ്റി വയ്ക്കാൻ അവർക്കും അവകാശമുണ്ട്.

പഞ്ചിംഗ് ബാഗ്

ഓഫിസിലെയും കുടുംബത്തിലെയും പ്രശ്നങ്ങളിലുള്ള ദേഷ്യവും സങ്കടവും തീര്‍ക്കാനുള്ള പഞ്ചിംഗ് ബാഗായി തീരാന്‍ ഒരു സ്ത്രീയും ആഗ്രഹിക്കില്ല. പഞ്ചിംഗ് ബാഗ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് ശാരീരിക ഉപദ്രവം മാത്രമല്ല. നിങ്ങളുടെ ദേഷ്യവും സങ്കടവും എല്ലാം അതില്‍പ്പെടുന്നു. എല്ലാം പങ്കുവയ്ക്കാനുള്ള ഒരു സുഹൃത്താണ് ഭാര്യ എന്നത് സത്യമാണ്. പക്ഷേ അവർ എപ്പോഴും അതിനുള്ള മാനസികാവസ്ഥയില്‍ ആയിരിക്കണം എന്നില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ നേരിടാനുള്ള മാനസികാവസ്ഥയില്‍ അല്ല ഭാര്യയെങ്കില്‍ അവരില്‍ അത് അടിച്ചേല്‍പ്പിക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ കൂടുകയല്ലാതെ പരിഹാരം കാണാനാകില്ല. 

കുക്കിംഗ്

ഭക്ഷണം ഉണ്ടാക്കുന്നത് പരമ്പരാഗതമായി സ്ത്രീകളുടെ ജോലിയെന്ന് കരുതുന്നവരാണ് ലോകത്തെ മനുഷ്യരില്‍ ഭൂരിഭാഗവും. ജോലിക്കു പോകുന്ന സ്ത്രീകള്‍ പോലും വീട്ടിലെ ഭക്ഷണം പാകം ചെയ്യുന്നത് തനിയെ ആണ്. വല്ലപ്പോഴുമെങ്കിലും അടുക്കളയില്‍ ഭര്‍ത്താവ് സഹായിക്കാനായെത്തുന്നത് വലിയ കാര്യമായി സ്ത്രീകള്‍ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയില്‍ വല്ലപ്പോഴും സഹായിക്കുന്ന, അല്ലെങ്കില്‍ തനിക്ക് ഭക്ഷണമുണ്ടാക്കാനുള്ള മൂഡ് ഇല്ലാത്തപ്പോള്‍ അത് ഏറ്റെടുക്കുന്ന ഭര്‍ത്താവിനെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുക. അതേസമയം ദിവസേനയോ അല്ലെങ്കില്‍ കൃത്യമായ ഇടവേളകളിലോ ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുക എന്നത് ദാമ്പത്യബന്ധം സുദൃഢമാക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്.