Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഏഴ് സൂത്രങ്ങൾ അറിഞ്ഞാൽ ദാമ്പത്യത്തിൽ ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാവില്ല

seven-tips-for-a-happy-and-successful-married-life

രണ്ടു വ്യക്തികൾ ശാരീരികമായും മാനസികമായും ഒന്നിക്കുന്ന ചടങ്ങാണല്ലോ നമ്മുടെ നാട്ടിൽ വിവാഹം എന്നു പറയുന്നത്. എന്നാൽ ചടങ്ങനുസരിച്ച് വിവാഹം കഴിഞ്ഞതുകൊണ്ട് മാത്രം രണ്ടു വ്യക്തികൾ മികച്ച ദമ്പതിമാർ ആകുന്നില്ല. ശാരീരികമായ അടുപ്പത്തിനപ്പുറം മാനസിക അടുപ്പം ഉണ്ടായിരിക്കുക എന്നതാണ് മികച്ച ദാമ്പത്യത്തിന്റെ അടിസ്ഥാന തത്വം. മാനസികമായി അത്തരത്തിൽ ഒരു അടുപ്പം ഉണ്ടാകണമെങ്കിൽ ഭാര്യയും ഭർത്താവും പരസ്പരം മനസിലാക്കിയിരിക്കണം. ഭാര്യാ ഭർത്താക്കന്മാരാകുന്നതിനു മുൻപ് തന്നെ, വിവാഹം ഉറപ്പിച്ചിരിക്കുന്ന വേളയിലും, കാമുകീ കാമുകന്മാർക്കിടയിലുമെല്ലാം ഇക്കാര്യം ബാധകമാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന, വ്യത്യസ്ത ചിന്താഗതികൾ ഉള്ള, സൗഹൃദങ്ങളുളള, താല്പര്യങ്ങളുള്ള രണ്ട വ്യക്തികൾ ദാമ്പത്യത്തിലേക്ക് കടക്കുന്നത് അവരരവരുടെ വാശികൾക്കും താല്പര്യങ്ങൾക്കും മുൻ‌തൂക്കം നൽകിയാണ് എങ്കിൽ എപ്പോൾ അടിയുണ്ടായി എന്ന് ചോദിച്ചാൽ മതി. നിങ്ങൾ പ്രണയാതുരമായ, പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ദാമ്പത്യമാണ് ആഗ്രഹിക്കുന്നത് എങ്കിൽ റെയിൻബോ മന്ത്രാസ് എന്ന ഈ 7  തത്വങ്ങൾ പിന്തുടരുക 

സ്റ്റേ പോസറ്റിവ് 

എല്ലായ്പ്പോഴും പോസിറ്റിവ് ആയിരിക്കുക, അല്ലെങ്കിൽ അങ്ങനെ ആവാൻ ശ്രമിക്കുക. ഒരാൾ മൂഡ് ഓഫ് ആകുന്ന അവസ്ഥയിൽ പങ്കാളിയും അതെ രീതിയിൽ പെരുമാറിയാൽ പിന്നെ കൂടുതൽ വഷളാകും കാര്യങ്ങൾ എന്നതിൽ സംശയമില്ല. എല്ലാകാര്യങ്ങളെയും തികഞ്ഞ ശുഭാപ്‌തിവിശ്വാസത്തോടെ നേരിടുന്ന പങ്കാളി ദാമ്പത്യത്തിലും വീട്ടിലും ഒരേപോലെ സന്തോഷം കൊണ്ടുവരും. 

പരസ്പരം പിന്തുണക്കുക 

റിസ്ക് എടുക്കാൻ തീരെ താല്പര്യമുളളവരല്ല ഇന്നത്തെ ആളുകൾ. എന്നാൽ ദാമ്പത്യത്തിൽ ഒരാൾക്ക് എന്തെങ്കിലും വിധത്തിലുളള പ്രശ്നങ്ങൾ വരുന്ന പക്ഷം പൂർണ പിന്തുണയോടെ ഒപ്പം നിൽക്കുക എന്നത് പങ്കാളിയുടെ കടമയാണ്. ചിലപ്പോൾ നിങ്ങൾക്ക് യോജിക്കാൻ കഴിയാത്ത കാര്യങ്ങളായിരിക്കും പ്രശ്നങ്ങളുടെ രൂപത്തിൽ വരുന്നത്. എന്നാൽ ഇതിനെക്കുറിച്ചുള്ള സംസാരം പ്രശ്‌നപരിഹാരത്തിനു ശേഷം  രമ്യമായി നടത്തുക. പരസ്പരം കുറ്റപ്പെടുത്തുന്നത് വിപരീത ഫലം ചെയ്യും. പ്രശനങ്ങളിൽ കൂടെ നിൽക്കുന്നവരെയാണ് നാം ഏറെ സ്നേഹിക്കുക എന്നതോർക്കുക 

ശ്രദ്ധ നൽകുക

ഭാര്യമാർ ചിലപ്പോൾ അവരുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളും പങ്കാളിയുമായി പങ്കുവയ്ക്കാൻ താല്പര്യമുള്ളവരായിരിക്കും. നിങ്ങൾ അഭിപ്രായം പറയേണ്ടതും അല്ലാത്തതുമായ കാര്യങ്ങൾ അതിൽ ഉണ്ടാകും. ഈ സമയത്ത് അസഹിഷ്ണുത കാണിക്കാതെ അവരുടെ വാക്കുകൾ ശ്രദ്ധിക്കുക. ഇക്കാര്യം ഭാര്യമാർക്കും ബാധകമാണ്. കൂട്ടുകാർ, സ്പോർട്സ്, വാഹനങ്ങൾ, ബിസിനസ് തുടങ്ങി ഭർത്താക്കന്മാർ വാചാലരാകുന്ന വിഷയങ്ങൾക്ക് നിങ്ങളും കാതുകൾ നൽകണം. വീട്ടിലെ എല്ലാ കാര്യങ്ങളും കൂട്ടുത്തരവാദിത്തത്തോ‌‌ടെ ചെയ്യാൻ ശ്രമിക്കുക. 

തുറന്ന സംഭാഷണം

പ്രണയമോ ദാമ്പത്യമോ ആയിക്കൊള്ളട്ടെ, ആ ബന്ധത്തിന്റെ വിജയത്തിന് പിന്നിലെ നിർണ്ണായകമായ ഘടകമാണ് തുറന്ന സംഭാഷണങ്ങൾ. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന, വ്യത്യസ്ത പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന വ്യക്തികളാണ് നിങ്ങൾ. ചിലപ്പോൾ ചില കാര്യങ്ങൾ പരസ്പരം അംഗീകരിക്കാൻ കഴിയാത്തതായി ഉണ്ടാകാം. എന്നാൽ ഇതിനുളള പരിഹാരം അത്തരം കാര്യങ്ങൾ പങ്കാളിയിൽ നിന്നു മറച്ചു വയ്ക്കുക എന്നതല്ല. അത്തരത്തിൽ ഒരു തോന്നൽ പങ്കാളിക്ക് ഉണ്ടായാൽ, തന്റെ പ്രാധാന്യം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ടായാൽ ദാമ്പത്യത്തിന്റെ അടിത്തറയ്ക്ക് തന്നെ വിള്ളലുണ്ടാക്കും എന്നകാര്യത്തിൽ സംശയം വേണ്ട. അതിനാൽ തുറന്ന ചർച്ചകൾ ആകാം എല്ലാ കാര്യത്തിലും. ബന്ധങ്ങൾ കണ്ണാടി ചില്ലുപോലെ സുതാര്യമാവട്ടെ 

മറ്റു ദമ്പതിമാരുമായി സൗഹൃദം സൂക്ഷിക്കുക

ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് അനിവാര്യമായ ഘടകമാണ് സൗഹൃദങ്ങൾ. ഭാര്യാ ഭർത്താക്കന്മാർ പരസ്പരം മികച്ച സുഹൃത്തുക്കളാകുക എന്നതിന് പുറമെ പൊതുവായുള്ള സുഹൃത്തുക്കളെയും ഉണ്ടാക്കിയെടുക്കുക. സൗഹൃദവലയത്തിൽ മറ്റ് ദമ്പതിമാർ ഉണ്ടാകുക എന്നതും ഏറെ പ്രധാനമാണ്. കുടുംബജീവിത്തിലെ ചെറിയ പ്രശ്നങ്ങൾ അസ്വാരസ്യങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിന് ആരോഗ്യകരമായ ഇത്തരം സൗഹൃദങ്ങൾ ഗുണകരമാകും. 

വ്യത്യസ്തത പരീക്ഷിക്കുക 

ജീവിതം എപ്പോഴും ഒരേ ട്രാക്കിൽ പോയാൽ ആർക്കും ബോറടിക്കും. അതിനാൽ ജീവിതത്തിൽ വ്യത്യസ്തമായതും ഇന്നേവരെ ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങൾ പങ്കാളികൾ ഇരുവരും പരീക്ഷിക്കുക. ഇത്തരം പരീക്ഷണങ്ങളിൽ ഇരുവരുടെയും അഭിരുചികൾ പാലിക്കപ്പെടാനും ശ്രമിക്കുക. യാത്രകൾ പോകുക, അഡ്വഞ്ചർ സ്പോർട്സ് ചെയ്യുക, ഒരുമിച്ച് ജോഗിങ് നടത്തുക, പാചകം ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങൾ ജീവിതത്തിൽ വ്യത്യസ്തത കൊണ്ടുവരും

പ്രായം മറക്കുക  

ജീവിതം മുഴുവൻ സീരിയസ് ആയി മുന്നോട്ട് പോകുന്നത് അരോചകമാണ്. പ്രായം കൂടിവരുന്നു എന്ന് പറഞ്ഞു ജീവിതത്തിലെ നല്ലനിമിഷങ്ങൾക്ക് അതിർത്തി വയ്‌ക്കേണ്ട ആവശ്യമില്ല. പങ്കാളിയുമൊത്ത് കളിചിരികൾക്കും തമാശകൾക്കും യാത്രകൾക്കുമായി സമയം കണ്ടെത്തുക. ഓഫീസിലെ കാര്യങ്ങൾ ഒരിക്കലും കിടപ്പുമുറിയിൽ എത്തിക്കാതിരിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.