Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എ‍ഡ്‌വിനെ കൊല്ലുമെന്ന് പറ‍ഞ്ഞ് ചെയ്യിച്ചതാണ് അതെല്ലാം, ഇപ്പോഴും പേടിയുണ്ട്'

arathi-edwin-wedding

പ്രണയത്തിന്റെ പേരിൽ വീട്ടുകാർ മകളാണെന്നോ മകനാണെന്നോ ഉള്ള പരിഗണനപോലുമില്ലാതെ ദ്രോഹിക്കുന്ന വാർത്തകൾ അനുദിനം വർധിച്ചുവരികയാണ്. പ്രണയിച്ചുപോയതിന്റെ പേരി‍ൽ ജീവനും ജീവിതവും നഷ്ടമായവർ നിരവധിയാണ്. രക്ഷിതാക്കളുടെ അടുത്തുനിന്നും പ്രിയപ്പെട്ടവന്റെ അരികിലേക്ക് ഒരുപാട് പ്രതീക്ഷയോടെയാണ് ആരതി എന്ന പെൺകുട്ടി എത്തിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ എഡ്‌വിനും നാഗർകോവിൽ സ്വദേശിനിയായ ആരതിയും ഒരുപാട് സ്വപ്നങ്ങളുമായി പുതിയജീവിതം ആരംഭിച്ചിരിക്കുകയാണ്. ഒരു മാസം മുമ്പ് പൊലീസിന്റെ സഹായത്തോടെയാണ് ആരതിയുടെ വീട്ടുകാർ എഡ്‌വിന്റെ കൺമുമ്പിൽ നിന്നും അവളെ തട്ടിക്കൊണ്ടുപോയത്. നവംബർ 16 ഒരു വെള്ളിയാഴ്ച ദിവസമാണ് ആരതിയും എഡ്‌വിനും വിവാഹിതരാകാനുള്ള അപേക്ഷ നല്‍കിയത്. അതിന്റെ പിറ്റേദിവസം ആരതിയുടെ പേരിലൊരു കേസുണ്ടെന്ന് കാണിച്ച് പൊലീസിനോടൊപ്പം വന്ന് വീട്ടുകാർ നാഗർകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിന് ശേഷം ആരതിയെ എഡ്‌വിൻ കണ്ടിട്ടില്ല. ഈ കാലയളവിൽ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് ആരതി മനസുതുറക്കുന്നു.

എന്നെ ശനിയാഴ്ചയാണ് നാഗർകോവിൽ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകുന്നത്. അവിടെ എസ്പിയും ഡിവൈഎസ്പിയും ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും കൂടെ പോയിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകാം എന്നാണ് അവർ പറഞ്ഞത്. അപ്പോഴെല്ലാം എഡ്‌വിനൊപ്പം പോകണമെന്ന് ഞാൻ പറയുന്നുണ്ടായിരുന്നു. എഡ്‌വിൻ എനിക്ക് പിന്നാലെ നാഗർകോവിലിൽ എത്തിയിട്ടുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ എവിടെയാണെന്ന് അറിയില്ലായിരുന്നു. എഡ്‌വിനോട് സംസാരിക്കണമെന്ന് പൊലീസ് സ്റ്റേഷനിൽവെച്ചും ഞാൻ പറഞ്ഞതാണ്. അവർ അനുവദിച്ചില്ല. അച്ഛനും അമ്മയ്ക്കും അനുകൂലമായി ഒരു കത്ത് എഴുതാൻ പൊലീസ് നിർബന്ധിച്ചു. 

ഞാൻ പക്ഷെ എഡ്‌വിന് അനുകൂലമായിട്ടാണ് എഴുതി നൽകിയത്. പൊലീസ് സ്റ്റേഷനിൽ നിന്നും അവർ രക്ഷിതാക്കൾക്കൊപ്പമാണ് എന്നെ വിട്ടത്. തിങ്കളാഴ്ച കോടതിയിൽ എഡ്‌വിനെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോയത്. അവർ പക്ഷെ എന്നെ ഞായറാഴ്ച രാത്രി ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. പിറ്റേദിവസം ഒരു ഡോക്ടറുടെ അടുത്ത് കൗൺസിലിങ്ങിന് കൊണ്ടുപോയി മനസ് മാറ്റാനുള്ള ശ്രമങ്ങൾ നടത്തി. ഡോക്ടറും വീട്ടുകാരും ചേർന്ന് എഡ്‌വിനെ മറക്കണമെന്ന് പറഞ്ഞു. അതുപറ്റില്ലെന്ന് പറഞ്ഞപ്പോൾ ലോകം കണ്ടിട്ടില്ല, ചെറിയ കുട്ടിയാണ് എന്ന രീതിയിലായിരുന്നു ഉപദേശം. ചെന്നൈയിൽ ഒരാഴ്ചയോളം ഒരു സർവീസ് അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. 

ഞങ്ങളുടെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടതിനാൽ ചെന്നൈയിൽ നിന്നും എന്നെ ഈറോഡിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വളരെ അടുത്ത ബന്ധുകൾക്ക് മാത്രമേ എന്റെയും എഡ്‌വിന്റെയും വിവാഹം കഴിഞ്ഞ വിവരം അറിയുമായിരുന്നുള്ളൂ. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനാണ് എന്നെയും വിവാഹത്തിൽ പങ്കെടുപ്പിച്ചത്. ഈറോഡിൽ ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്. അവിടെവെച്ച് എഡ്‌വിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നെ കൊണ്ട് എഡ്‌വിന് എതിരായി എഴുത് എഴുതിപ്പിച്ചു. എഡ്‌വിൻ എന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നും, എനിക്ക് ടാബ്‌ലറ്റ് തന്ന് മയക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിനുള്ള അപേക്ഷ സമർപ്പിച്ചതെന്നും എഴുതിച്ചു. എന്നിട്ട് അമ്മയും ഞാനും തമ്മിൽ വളരെ സ്നേഹത്തിലാണെന്ന് തെളിയിക്കാനായി ചിരിച്ചുകൊണ്ടിരിക്കുന്ന വിഡിയോയും പകർത്തി. എഴുതികൊടുക്കില്ലാന്ന് പറഞ്ഞപ്പോൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. എന്നെ ഉപദ്രവിച്ചതിൽ പ്രശ്നമില്ല, പക്ഷെ എഡ്‌വിനെ കൊല്ലുമെന്ന് പറഞ്ഞതുകേട്ടപ്പോൾ ഭയന്നിട്ടാണ് എഴുതി നൽകിയത്.

edwin-philip-sam-wife-arathi-missing-live-video

ഇത് എഴുതിവാങ്ങിക്കഴിഞ്ഞപ്പോഴാണ് എഡ്‌വിൻ എന്നെ കിട്ടാൻ വേണ്ടി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത വിവരം അറിയുന്നത്. കേസ് പിൻവലിക്കാൻ എഡ്‌വിനോട് പറയാൻ അവർ എന്നോട് പറഞ്ഞു. പറഞ്ഞില്ലെങ്കിൽ ജീവനോടെ കാണില്ലെന്ന ഭീഷണി തുടർന്നു. അവരുടെ നിർബന്ധപ്രകാരം അഞ്ച് മണിക്കൂറോളം ഞാൻ എഡ്‌വിനോട് സംസാരിച്ചു. എന്തുവന്നാലും കേസ് പിൻവലിക്കില്ലെന്ന് എഡ്‌വിൻ ഉറച്ചുനിന്നതോടെ എന്നെ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. പൊലീസ് എന്നെ അന്വേഷിച്ച് വന്നപ്പോൾ വീട് പൂട്ടികിടക്കുന്നതാണ് കണ്ടത്. 

വീട്ടിൽ പൂട്ടിയിട്ടു പീഡനം, ടാറ്റു മായ്ച്ചു; ഒടുവിൽ ആരതി എഡ്‌‌വിന് സ്വന്തം!

ചെന്നൈയിൽ എത്തിയശേഷം എന്റെ കൈയിൽ എഡ്‌വിന്റെ പേര് കുത്തിയ ടാറ്റൂ മായ്ച്ചുകളയാനായി ശ്രമം. ഡോക്ടറെ കാണിച്ചപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്താൽ പാട് അവശേഷിക്കുമെന്ന് അറിഞ്ഞപ്പോൾ നിർബന്ധിച്ച് ലേസർ ചെയ്യിച്ചു. അവിടുന്ന് പിന്നെയും നാഗർകോവിലിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിൽ ഞാൻ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കാൻ വേലക്കാരിയെ ചട്ടംകെട്ടിയിരുന്നു. എന്റെ വീട്ടിൽ സ്വസ്ഥമായി ഒരിടത്ത് നടക്കാൻ എനിക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. കുളിക്കുമ്പോൾ പോലും കുറ്റിയിടാൻ അനുവദിച്ചിരുന്നില്ല. എന്റെ മുറിയുടെ കൊളുത്ത് പോലും എടുത്തുമാറ്റി. മുറി തുറന്നുവേണമായിരുന്നു ഉറങ്ങാൻ. താക്കോലുകൾ എല്ലാം അമ്മയുടെ കൈയിലായിരുന്നു. 

വീടിന്റെ പുറകിൽ ഒരു ഗ്രിൽ ഉണ്ട്, അതിന് നാൽ താക്കോലുകളുണ്ട്. ഉറങ്ങാൻനേരം അമ്മ ഈ നാൽ താക്കോലും ഒപ്പം വെയ്ക്കും. അല്ലാത്ത സമയത്ത് രണ്ട്താക്കോൽ ഫ്രിഡ്ജിന്റെ പുറകിലാണ് ഒളിപ്പിക്കുന്നത്. അത് ഞാൻ കണ്ടുപിടിച്ചു. ഒരുദിവസം ഇത് ഉപയോഗിച്ച് തുറക്കാൻ സാധിക്കുമോയെന്ന് പരീക്ഷിച്ചുനോക്കി. തുറക്കുമെന്ന് കണ്ടപ്പോൾ പൂട്ടി അതുപോലെ തന്നെ താക്കോൽ തിരികെ ഇരുന്ന സ്ഥലത്ത്‌വെച്ചു. എല്ലാ മുറികൾക്കും പ്രത്യേകം താഴും പൂട്ടും നിർമിക്കാനായി ഇരുപത്തിമൂന്നാം തീയതി ഒരു പണിക്കാരൻ വന്നു. ഉച്ചസമയത്തായിരുന്നു അത്. വേലക്കാരി മുറികൾ കാണിച്ചുകൊടുക്കാനായി മുകളിലത്തെ നിലയിലേക്ക് പോയി. ആ സമയം അച്ഛനും അമ്മയും ഉറക്കമായിരുന്നു. ഈ അവസരം നോക്കി പുറകിലത്തെ ഗ്രിൽ തുറന്ന് ഞാൻ ഇറങ്ങി ഓടി. കൈയിൽ രണ്ടായിരത്തി അഞ്ഞൂറ് രൂപയും ഉണ്ടായിരുന്നു. നാഗർകോവിലിൽ നിന്നും തിരുവനന്തപുരം വരെ വരാൻ എനിക്ക് അറിയാം. അടുത്തുള്ള ജംഗ്ഷനിൽ നിന്നും ടാക്സി പിടിച്ചു. ഡ്രൈവറുടെ ഫോണിൽ നിന്നും എഡ്‌വിനെ വിളിച്ചു. ഹരിപ്പാട്ട് എഡ്വിന്റെ വീട്ടിലേക്ക് എത്താനുള്ള വഴി ഡ്രൈവർക്ക് പറഞ്ഞുകൊടുത്തു. ഇരുപത്തിമൂന്നിന് രാത്രിയോടെ എഡ്‌വിന്റെ വീട്ടിലെത്തി. ഇരുപത്തിനാലാം തീയതി ഔദ്യോഗികമായി ഞങ്ങൾ വിവാഹിതരായി. 

aarathi-on-affair

എഡ്‌വിന്റെ വീട്ടുകാർക്ക് യാതൊരു എതിർപ്പുമില്ല. അവർക്ക് എന്നെ കാണാതായ പോയതിന്റെ സങ്കടമായിരുന്നു. എഡ്‍‌വിന്റെ മമ്മി ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്.  ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല സാറിനോടൊക്കെ കാര്യം ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും വിളിച്ചുപറയിച്ചതിന് ശേഷമാണ് രജിസ്റ്റർ ഓഫീസിൽ പോയത്. പക്ഷെ ഞങ്ങൾക്ക് എന്റെ മാതാപിതാക്കൾ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയമുണ്ട്. അവർ എന്തിനും മടിക്കില്ല.- ആരതി പറയുന്നു.

കൂടുതൽ വായിക്കാം