Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന് മക്കളുടെ സമ്മാനം; കണ്ണു നിറഞ്ഞ് ലോകം

daughters-gift-dad-teddy-bear-with-his-mothers-voice

ഒരച്ഛന് മക്കൾ നൽകിയ ക്രിസ്മസ് സമ്മാനം ലോകത്തിന്റെയാകെ കണ്ണു നനയിക്കുകയാണ്. നോർത്ത് കരോലിന സ്വദേശികളായ മെലിയ ടിനിനും സഹോദരിയുമാണ് അച്ഛന് സമ്മാനമായി ഒരു ടെഡി ബിയർ നൽകിയത്. അതിലെന്താണ് ഇത്ര സ്പെഷൽ എന്നല്ലേ? 

ആ ടെഡി ബിയറിലുള്ള ബട്ടൻ അമര്‍ത്തുമ്പോൾ ഒരു ശബ്ദസന്ദേശം കേള്‍ക്കാം. മരിച്ചു പോയ ഇവരുടെ മുത്തശ്ശിയുടെ ശബ്ദം. അമ്മ അയച്ച ശബ്ദസന്ദേശങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ഫോൺ മാറ്റാതിരുന്ന അച്ഛനാണു മക്കള്‍ ഈ സ്നേഹ സമ്മാനം നല്‍കിയത്. 

അച്ഛനു സർപ്രൈസ് നൽകുന്ന വിഡിയോ ട്വിറ്ററിലൂടെയാണു മെലിയ പങ്കുവെച്ചത്. പെട്ടിത്തുറന്ന് ടെഡി ബിയറിനെ പുറത്തെടുക്കുന്ന അച്ഛനോട് അതിന്റെ ബട്ടണിൽ ഞെക്കാൻ മക്കൾ പറയുന്നു. ഇതോടെ അമ്മ അയച്ച ഒരു ശബ്ദ സന്ദേശം ടെഡി ബിയറിൽ നിന്നു പുറത്തു വന്നു. ഇതോടെ ഇദ്ദേഹം വികാരഭരിതനാവുകയും ടെഡി ബിയറിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

‘‘മരിച്ചു പോയ അമ്മയുടെ ശബ്ദം ആൻഡ്രോയിഡ് ഫോണിൽ നിന്ന് മാറ്റാനാവില്ലെന്ന കാരണത്താൽ ഐഫോൺ വാങ്ങാൻ അച്ഛൻ തയാറല്ലായിരുന്നു. അതുകൊണ്ട് ആ ശബ്ദം ഞാനും എന്റെ അനിയത്തിയും ചേർന്ന് ആ ശബ്ദം ഒരു ടെഡിയിലേക്കു മാറ്റി. ഹാപ്പി ക്രിസ്മസ് അച്ഛാ’’ വിഡിയോ പങ്കുവെച്ച് മെലിയ കുറിച്ചു. 

പങ്കുവെച്ച് വൈകാതെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ ദൃശ്യങ്ങൾ മനസ്സും കണ്ണും നിറച്ചെന്നും അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന മകന് ഇതുപോലെ നല്ല മക്കളെ ലഭിച്ചതിൽ അദ്ഭുതപ്പെടാനില്ലെന്നും പലരും കമന്റ് ചെയ്യുന്നു. 80 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. 

related stories