ഇതിലും മനോഹരമായ നൃത്തം സ്വപ്നങ്ങളിൽ മാത്രം; കണ്ണുനിറച്ച് ഒരച്ഛനും മകളും

bride-dance-with-terminally-ill-father
SHARE

ശരീരം തളർന്ന തന്റെ അച്ഛനെ വീൽചെയറിലിരുത്തി വിവാഹദിനത്തിൽ മകൾ ചുവടുവെച്ചപ്പോൾ ലോകം പറഞ്ഞു ‘ഇതിലും മികച്ച നൃത്തം സ്വപ്നങ്ങളിൽ മാത്രം’. അച്ഛന്റെ കൈപിടിച്ച്, വീൽചെയർ കറക്കി, എല്ലാം മറന്ന് അവൾ നൃത്തം ചെയ്തു. അലബാമ സ്വദേശി മേരി ബോണും പിതാവ് ജിം റോബർട്ട്സുമായിരുന്നു ലോകത്തിന്റെ ഹൃദയം തൊട്ട ആ നർത്തകർ. 

ഡിസംബർ 29ന് ആയിരുന്നു ആ പിതാവിന്റെ സ്വപ്നം പൂവണിഞ്ഞത്. ചെറിയ കുട്ടി ആയിരുന്നപ്പോൾ അച്ഛനൊപ്പം അടുക്കളയിൽ മേരി നൃത്തം ചെയ്യുമായിരുന്നു. അന്നെല്ലാം അച്ഛൻ അവളോടു ഒരു സ്വപ്നത്തെക്കുറിച്ച് പറയും. വിവാഹവസ്ത്രം ധരിച്ചു നിൽക്കുന്ന തന്റെ പൊന്നുമകളെ ചേർത്തു പിടിച്ച് നൃത്തം ചെയ്യണം.

എന്നാൽ സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കിടയിൽ 2017 മേയില്‍ ഇവരുടെ ജീവിതം മാറിമറിഞ്ഞു. ജിമ്മിനു ബ്രയിൻ കാൻസർ സ്ഥിരീകരിച്ചു. ചികിൽസയൊന്നുമില്ലെന്നു ഡോക്ടര്‍മാർ വിധിയെഴുതി. ജിമ്മിന്റെ ശരീരം തളര്‍ന്നു. വധുവായി ഒരുങ്ങിയ മകൾക്കൊപ്പം നൃത്തം ചെയ്യണമെന്ന സ്വപ്നം ജിം ഉപേക്ഷിച്ചു. പിന്നെ ഒരു ആഗ്രഹം മാത്രം. അവളുടെ വിവാഹം കാണണം, അതുവരെ ജീവിക്കണം.

ഒടുവിൽ ആ ദിവസം വന്നെത്തി. ആ അച്ഛൻ തന്റെ മകളുടെ വിവാഹം കണ്ടു. അവളോടൊപ്പം നൃത്തം ചെയ്തു. അച്ഛന്റെ ശരീരമല്ലേ തളർന്നിട്ടുള്ളൂ. സ്വപ്നം സാക്ഷാത്കരിക്കാൻ അവൾ കരുത്തയായിരുന്നു. നൃത്തം ചെയ്യാന്‍ ഒരുക്കിയ സ്ഥലത്ത് ആ അച്ഛനും മകളും ഒഴുകി നടന്നു. ബന്ധുക്കളും സുഹൃത്തുക്കളും കണ്ണുനീരണിഞ്ഞാണ് ആ കാഴ്ച കണ്ടത്. വിവാഹത്തിന്റെ വിഡിയോഗ്രഫർ ആ മനോഹര നിമിഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണു വിഡിയോ കണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA