ആരെയും ആകർഷിക്കുന്ന വ്യക്തിത്വം സ്വന്തമാക്കാം, 7 സിംപിൾ ടിപ്സ്

personality
SHARE

ഒരാളുടെ ബന്ധങ്ങളെയും വളർച്ചയേയും തീരുമാനിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണു വ്യക്തിത്വം. മറ്റുള്ളവരോടുള്ള പെരുമാറ്റം, സമൂഹത്തിൽനിന്നു ലഭിക്കുന്ന അംഗീകാരം, പ്രതിസന്ധികളെ നേരിടാനും വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള കഴിവ് എന്നിങ്ങനെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതുകൊണ്ടു തന്നെ മികച്ച വ്യക്തിത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. പക്ഷേ വെറും ആഗ്രഹം മാത്രമായി പലപ്പോഴും അത് ഒതുങ്ങി പോകും. 

വ്യക്തിത്വം രൂപപ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ട്. മികച്ച വ്യക്തിയാവുക വഴി മറ്റുള്ളവരുടെ സന്തോഷത്തിനു നമ്മൾ കാരണമാകും. അങ്ങനെയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. 

മറ്റുള്ളവർ പറയുന്നത് കേള്‍ക്കുക

സംസാരിക്കാൻ ഇഷ്ടമാണ്. പക്ഷേ കേട്ടിരിക്കാൻ മടിയാണ്. മറ്റേയാൾ സംസാരിക്കുന്നത് ഒരു പക്ഷേ നിങ്ങള്‍ക്കു തീരെ താല്‍പര്യമില്ലാത്ത വിഷയമായിരിക്കും. അതുമല്ലെങ്കിൽ നിങ്ങൾക്ക് എല്ലാമറിയുന്ന ഒരു വിഷയത്തെക്കുറിച്ചായിരിക്കും. പലർക്കും ഇത്തരം സാഹചര്യങ്ങളില്‍ മുഖത്തെ അതൃപ്തി ഒളിപ്പിച്ചു വെയ്ക്കാനാകില്ല. ചിലപ്പോൾ പുച്ഛമായിരിക്കും ഭാവം. എന്നാൽ എല്ലാവരെയും അംഗീകരിക്കുന്നതും അവരെ ശ്രദ്ധയോടെ കേൾക്കുന്നതും ഒരു മികച്ച വ്യക്തിയുടെ ലക്ഷണമാണ്. തങ്ങളെ എല്ലാവരും കേൾക്കണമെന്ന് മനുഷ്യർ ആഗ്രഹിക്കുന്നു. വലുപ്പ–ചെറുപ്പമില്ലാതെ മറ്റുള്ളവരെ കേൾക്കുന്നവരാണ് അസാധാരണ മനുഷ്യർ. 

അതുകൊണ്ട് ഇന്നു മുതൽ എല്ലാവരെയും ശ്രദ്ധയോടെ ക്ഷമയോടെ കേൾക്കാം. തീരെ സമയമില്ലാത്ത സാഹചര്യത്തിൽ അത് അവരെ പറഞ്ഞു മനസ്സിലാക്കുക. മറ്റൊരു സാഹചര്യത്തിൽ തീർച്ചയായും നമുക്ക് സംസാരിക്കാം എന്ന് അവരോടു പറയുക. 

മികച്ച രീതിയിൽ സംസാരിക്കുക

സംസാരം കത്തിയായി പോകാതിരിക്കാൻ ശ്രദ്ധിക്കുക. നാം ആരോടാണോ സംസാരിക്കുന്നത് അവരുടെ താൽപര്യം മനസ്സിലാക്കണം. പലരും സംസാരിക്കുമ്പോൾ ബോറായി തോന്നാറില്ലേ. ചിലരുടെ ‘കത്തി വെയ്ക്കൽ’ പേടിച്ച് ഓടിയൊളിക്കുന്നവരെ കണ്ടിട്ടില്ലേ?, നമ്മളും ചിലപ്പോഴൊക്കെ ഓടിയൊളിച്ചിരിക്കും. ഇതേ അവസ്ഥ മറ്റുള്ളവർക്ക് ഉണ്ടാക്കരുത്. സാഹചര്യങ്ങളറിഞ്ഞു സംസാരിക്കുക. ഇങ്ങനെയുള്ള വ്യക്തികൾക്കു നിരവധി സുഹൃത്തുക്കള്‍ ഉണ്ടാകും. ഒരു തവണ സംസാരിച്ചവർ പോലും നിങ്ങളെ ഓർത്തു വെയ്ക്കും. 

അറിവും അഭിരുചികളും വികസിപ്പിക്കുക

കൂടുതൽ അറിവുള്ള മനുഷ്യന്‍ മറ്റുള്ളവരുടെ ബഹുമാനം നേടും. ഏതൊരു പ്രതിസന്ധികളിൽ ഉപദേശം തേടാവുന്ന ഒരു വ്യക്തിയായി മറ്റുള്ളവർ കരുതണം. ഇതിനു കൂടുതൽ മേഖലകളില്‍ അറിവും അഭിരുചികളും ആവശ്യമാണ്. ഇത്തരത്തിലുള്ളവർക്ക് ഒരിടത്തും ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരില്ല. മറ്റുള്ളവരുടെ ഇഷ്ട വിഷയത്തിൽ സംസാരിക്കാനും അവർ പറയുന്നതു മനസ്സിലാക്കാനും എളുപ്പം സാധിക്കും. 

ഇതിനായി വായനയെ വർധിപ്പിക്കു. ഇന്ന് എല്ലാ വിഷയങ്ങളിലും നിരവധി വിഡിയോകൾ ലഭ്യമാണ്. ഇതെല്ലാം ഫലപ്രദമായി ഉപയോഗിക്കുക. അപ്ഡേറ്റഡ് ആയി ഇരിക്കുക.

പുതിയ വ്യക്തികളെ പരിചയപ്പെടുക 

ഓരോ വ്യക്തികളും വ്യത്യസ്തരാണ്. എല്ലാവരിലും അവരിൽ മാത്രമായുള്ള സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കും. മറ്റു സംസ്കാരങ്ങളിള്ളവർ, വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമുള്ളവർ. ഇത്തരത്തിലുള്ള പലതരം ആളുകളുമായി ഇടപെടുമ്പോൾ നമ്മള്‍ പുരോഗതി നേടുകയാണ്. പുതിയ അറിവുകള്‍ ലഭിക്കുന്ന അവസരമാക്കി ഇതെല്ലാം മാറ്റിയെടുക്കുക. ഓരോരുത്തരേയും വ്യക്തിത്വം കൊണ്ട് ആകർഷിക്കുക. 

ചിരിക്കുക, പോസ്റ്റീവ് കാഴ്ചപ്പാട്

ചില വ്യക്തികൾ മറ്റുള്ളവരുടെ തെറ്റുകൾ മാത്രം കണ്ടു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. കുറ്റങ്ങൾ പറഞ്ഞു സമയം കളയുന്നതിലായിരിക്കും അവരുടെ ശ്രദ്ധ. എന്നാൽ എല്ലാം പോസിറ്റീവായി മാത്രം കാണാൻ സാധിക്കണം. ഇത് ശീലമാക്കാൻ ജീവിത രീതിയിലും വളരെ മാറ്റങ്ങൾ വരുത്തണം. നല്ല ശീലങ്ങളും ചിന്തകളുമായി ഓരോ ദിവസവും ആരംഭിക്കാനാവണം. മനസ്സു തുറന്നു ചിരിക്കാന്‍ പഠിക്കണം. നമ്മിലെ പോസറ്റീവ് ഊർജം മറ്റുളളവർക്ക് അനുഭവിക്കാനാകണം. 

സഹായിക്കുക, ദയാലുവായിരിക്കുക

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കാളിയാകാനും അവരെ സഹായിക്കാനും സാധിക്കണം. കാര്യങ്ങൾ കണ്ട് മനസ്സിലാക്കുകയാണു നല്ലൊരു വ്യക്തി ചെയ്യുക. ചിലർ ഒന്നും തുറന്നു പറയില്ല, അവരുടെ വേദന തിരിച്ചറിയാനും ആശ്വസിപ്പിക്കാനും സാധിക്കുമ്പോൾ അത് വ്യക്തിത്വമല്ല മനുഷ്യത്വമാവുകയാണ്. നാം കാരണം ഒരാൾക്ക് ആശ്വാസം ലഭിക്കുമ്പോൾ അതിലും മികച്ചതായി ലോകത്തൊന്നുമില്ല. കാത്തുനിൽക്കാതെ ഹൃദയം തുറന്ന് അവശരായി നിൽക്കുന്നവരെ സ്വീകരിക്കൂ. 

എല്ലാ മനുഷ്യരേയും ബഹുമാനിക്കുക

പദവിയിൽ ഉയർന്നവരും താഴ്ന്നവരുമുണ്ടാകും. എന്നാൽ മനുഷ്യരിൽ അങ്ങനെയില്ല. എല്ലാവരെയും ബഹുമാനിക്കുക. എല്ലാവരും തുല്യലാണ്. ചെറിയ കാര്യങ്ങൾക്കും നന്ദി പറയുക. വ്യക്തിത്വം മികവുറ്റതാക്കാൻ ഇതിലും മികച്ച വഴിയില്ല. എല്ലാവരെയും ബഹുമാനിച്ചും അംഗീകരിച്ചും മുന്നേറുമ്പോൾ നിങ്ങൾ ഭൂമിയിലെ ഏറ്റവും മികച്ച വ്യക്തിയാകുന്നു. മറ്റുള്ളവർ ബഹുമാനത്തോടെയും സ്നേഹത്തോടെയും നിങ്ങളെ സ്വീകരിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA