sections
MORE

പ്രചരിക്കുന്നത് ഇല്ലാ കഥകൾ, ദ്രോഹിച്ചു മതിയായില്ലേ; ഇനിയും പൊട്ടിത്തെറിക്കും

ambili-adithyan
SHARE

ആശംസകളേക്കാളേറെ അവഹേളനങ്ങൾ, വിവാദങ്ങൾ, സൈബർ ആക്രമണങ്ങൾ. ഒരു വിവാഹത്തിന് ഇതെല്ലാം പുതുമയാണ്. രണ്ടുദിവസമായി കേരളം ചർച്ചചെയ്യുകയാണ് സിനിമാ–സീരിയൽ താരം അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള വിവാഹവാര്‍ത്ത. ഇതിനു പിന്നാലെ ആദിത്യന്റെ നാലാം വിവാഹമാണിതെന്നും വിവാഹതട്ടിപ്പു കേസിൽ പ്രതിയായിട്ടുണ്ടെന്നുമടക്കം വാർത്തകൾ പൊന്തിവന്നു.

അമ്പിളി ദേവിയുടെ മുൻ ഭർത്താവും ക്യാമറാമാനുമായ ലോവൽ ഷൂട്ടിങ് സെറ്റിൽ േകക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുത്തു. സീരിയൽ കഥയെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞ വിവാഹകഥ ഇരുവരും പറയുന്നു. ജീവിതത്തിൽ കടന്നുപോയ വഴികളെ കുറിച്ചും പിന്നിലെ യഥാർഥ പ്രശ്നങ്ങളെ പറ്റിയും അമ്പിളി ദേവിയും ആദിത്യനും മനോരമ ന്യൂസ് ഡോട്ട്കോമിനോട് ആദ്യമായി മനസ്സ് തുറക്കുന്നു.

കേരളം കരുതുന്നത് പോലെ കുറച്ചു പ്രശ്നക്കാരനാണോ ആദിത്യൻ? 38 വയസ്സിനിടെ നാലു കല്യാണം കഴിച്ചതെങ്ങനെ?

എന്റെ പൊന്നുസുഹൃത്തേ, ഞാൻ നാലു കല്യാണം ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഒരിക്കൽ മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തു. ഒരു പ്രമുഖ സീരിയൽ നടിയാണ് എന്റെ ആദ്യ ഭാര്യ. അവരുമായി ഉണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് വിവാഹമോചിതനാവുന്നത്. അതിനു ശേഷമാണ് ഇൗ വിവാഹം. ഇക്കാര്യം അമ്പിളിക്കും അവളുടെ കുടുംബത്തിനും നന്നായി അറിയാം. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനു പിന്നിൽ ചിലരുടെ താൽപര്യങ്ങളാണ്. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്കു നന്നായി അറിയാം. ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നു. ഇനിയും എന്നെ ദ്രോഹിച്ചാൽ എനിക്കും ചിലത് പറയേണ്ടിവരും. തെളിവുകൾ സഹിതം അക്കാര്യം പുറത്തുവിട്ടാൽ ഇന്ന് കാണുന്ന പല പ്രമുഖരുടെയും മുഖം മൂടികൾ അഴിഞ്ഞുവീഴുന്നത് കേരളം കാണും. എല്ലാം തകർന്നു നിന്ന എനിക്ക് അമ്പിളി ഒരു ജീവിതം വച്ചുനീട്ടുകയാണ്. ആർക്കും ഒരു ശല്യത്തിനും ഞാൻ വരുന്നില്ലല്ലോ... എന്നെ ദ്രോഹിക്കാതിരുന്നൂടെ..?. ഒരടിസ്ഥാനുമില്ലാത്ത വാർത്തകൾ എന്തിനാണ് പടച്ചുണ്ടാക്കുന്നത്. കണ്ണുനിറഞ്ഞുകൊണ്ട് ഞാൻ പറയുകയാണ്. നാലു കല്യാണമൊന്നും ‍കഴിച്ചിട്ടില്ല.

ambili-jayan-adi

2013 മുതൽ സ്വസ്ഥത എന്താണെന്ന് അറിഞ്ഞിട്ടില്ല. ആദ്യ ഭാര്യയുടെ ഭാഗത്തു നിന്ന് എന്നെ ദ്രോഹിക്കാൻ നടത്തിയ ശ്രമങ്ങളാണ് ജീവിതം കൈവിട്ടുപോകാൻ ഇടയാക്കിയത്. ആ ബന്ധം ഉപേക്ഷിച്ച് അവർ അവരുടെ വഴിനോക്കി പോയി. പിന്നീടാണ് എനിക്ക് കണ്ണൂരിൽ നിന്ന് ഒരു ആലോചന വരുന്നത്. എല്ലാം വാക്കാല്‍ ഉറപ്പിച്ച ശേഷമാണ് അതിലെ ചില പ്രശ്നങ്ങൾ ഞാനറിയുന്നത്. അങ്ങനെ അതിൽ നിന്നു പിൻമാറി. പക്ഷേ പിന്നീട് കേസുവന്നതാകട്ടെ ഞാൻ സ്വർണവും പണവും തട്ടി എന്ന തരത്തിലും. ആ കേസ് കള്ളമാണെന്നു കണ്ടെത്തി കോടതി വെറുതെ വിടുകയും ചെയ്തു. എന്റെ നിരപരാധിത്വം കോടതിയ്ക്കു ബോധ്യമായിട്ടും മറ്റുപലരും അത് ഇപ്പോഴും എന്റെ തലയിൽ അടിച്ചേൽപ്പിക്കുകയാണ്. ഞാൻ അത്ര മോശക്കാരനായിരുന്നെങ്കിൽ അമ്പിളി ദേവിയെ പോലെ ഒരു വ്യക്തിയോ കുടുംബമോ ഇൗ വിവാഹത്തിന് സമ്മതിക്കുമോ?

എങ്ങനെയാണ് അമ്പിളിയെ അറിയുന്നതും അടുക്കുന്നതും ? 

ഞങ്ങളൊരുമിച്ചു വർഷങ്ങൾക്കു മുൻപു തന്നെ ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചിരുന്നു. അവളുടെ ആദ്യനായകന്‍ ഞാനാണ്. അന്നൊക്കെ മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത അമ്പിളിക്കുണ്ട്. എല്ലാവർക്കും വലിയ ഇഷ്ടമാണ്. സെറ്റിലും ആള് വളരെ സൈലന്റാണ്. അന്ന് ആ പ്രണയം തുറന്നുപറയാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ലോവൽ അമ്പിളിയുടെ ജീവിതത്തിലേക്കു കടന്നുവന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു.

TV actors Jayan Adityan, Ambili Devi tie the knot

പിന്നീട് ഇവരുടെ ജീവിതത്തിലെ ചില പ്രശ്നങ്ങളും എന്നോടു ചർച്ച ചെയ്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയാണ് അമ്പിളി കുഞ്ഞിനു ജന്മം നൽകുന്നത്. അത്തരത്തിലൊരുപാട് പ്രശ്നങ്ങൾ അയാളുമായുള്ള ജീവിതത്തിൽ അമ്പിളി അനുഭവിച്ചു. ഇക്കാര്യങ്ങളൊക്കെ എനിക്ക് അറിയാം. ഒരിക്കലും ഒത്തുപോകാനാവാത്ത രണ്ടുപേർ പിരിയുന്നതാണ് നല്ലതെന്ന തീരുമാനം എടുത്താണ് ഇവർ വേര്‍പിയുന്നത്. പിന്നെ എന്തിനാണ് ഇപ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. കുറ്റങ്ങളെല്ലാം അമ്പിളിയുടെ മുകളിൽ ചാർത്താൻ മാത്രമാണത്. ഇത്തരം ആക്ഷേപങ്ങള്‍ പ്രതീക്ഷിച്ചു തന്നെയാണ് ഞങ്ങൾ ജീവിതം തുടങ്ങിയത്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല.

കല്യാണം കഴിഞ്ഞു മണ്ഡപത്തിൽ നിന്നിറങ്ങി അമ്പിളിയെയും കൂട്ടി ഞാൻ ആദ്യം പോയത് ഒരു ഡാൻസ് പരിപാടിക്കായിരുന്നു. ഇന്നലെ മകന്റെ പിറന്നാളിന് ഞങ്ങളൊരുമിച്ചാണു കേക്ക് മുറിച്ച് ആഘോഷിച്ചത്. അമ്പിളി എന്ന കലാകാരിയെയും നർത്തകിയെയും മലയാളി ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന പോലെ  ഞാനും എന്നും ഒപ്പമുണ്ടാകും. ചിലർ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം ആരോപണങ്ങളെയും അനാവശ്യ വിവാദങ്ങളെയും ഞങ്ങൾ അവഗണിക്കുകയാണ്. കൈവിട്ടുപോയി എന്നു ഞാൻ കരുതിയ ജീവിതം മടക്കി കിട്ടിയ സന്തോഷമാണുള്ളത്.

അമ്പിളിയുടെയും ആദിത്യന്റെയും അഭിമുഖം കാണാം:

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA