sections
MORE

എന്റെയും അമ്പിളിയുടെയും ജീവിതം തകർത്തത് ആ പാരകൾ: ലോവൽ

adithyan-ambili-lowell
SHARE

വൻവിവാദങ്ങൾക്കാണു സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള വിവാഹം വഴി തുറന്നത്. ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്ന പ്രചാരണത്തോടെ തുടങ്ങിയ വിവാദം, അമ്പിളിയുടെ മുൻഭർത്താവ് ലോവൽ ഷൂട്ടിങ് സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചതോടെ വേറെ തലങ്ങളിലെത്തി. ലോവലിനെതിരെ ആദിത്യനും അമ്പിളിയും രംഗത്തെത്തി. നാലാം വിവാഹമാണെന്ന പ്രചാരണത്തിനു പിന്നിൽ ഒരു നിർമാതാവാണെന്ന് ആദിത്യൻ പ്രതികരിച്ചു. ഇതെല്ലാം തുടർന്നാൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും എന്നാണ് ആദിത്യന്റെ നിലപാട്. മകന്റെ ജന്മദിനം ഓർക്കാത്ത ലോവൽ തന്റെ വിവാഹത്തിനു കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ അമ്പിളിയെ ചൊടിപ്പിച്ചത്.

ഇതിനെല്ലാം മറുപടി നൽകുകയാണ് നടി അമ്പിളി ദേവിയുടെ മുൻ ഭർത്താവും പ്രശസ്ത ഛായാഗ്രാഹകനുമായ എസ്.ലോവൽ. തന്റെ കുടുംബജീവിതം തകർത്തത് ആദിത്യനാണെന്നു ലോവൽ ആരോപിക്കുന്നു. ലോവൽ മനസ്സ് തുറക്കുന്നു.

ലോവലും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം 

2009 മാർച്ച് 27 നായിരുന്നു വിവാഹം. എട്ടു വർഷം ഒന്നിച്ചു ജീവിച്ചു. എട്ടു മാസം മുമ്പ് വിവാഹബന്ധം വേർപ്പെടുത്തി.

പ്രണയ വിവാഹം ആയിരുന്നില്ലേ

അതെ. ആദ്യം ഇഷ്ടം പറഞ്ഞതു ഞാൻ തന്നെയാണ്. പിന്നീട്, അമ്പിളിയ്ക്കും എന്നെ ഇഷ്ടമായി. ഉണ്ണി ചെറിയാൻ സംവിധാനം ചെയ്ത ‘സ്നേഹത്തൂവൽ’ എന്ന സീരിയലിൽ വർക്ക് ചെയ്യുകയായിരുന്നു ഞങ്ങൾ. ആദിത്യനും ഇതേ സീരിയലിൽ ഉണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെട്ടു, വീട്ടുകാർക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും അനുവാദത്തോടെയും ആശിർവാദത്തോടെയും ആഘോഷപൂർവം വിവാഹം നടന്നു. കൊല്ലം കോ-ഓപ്പറേറ്റീവ് ആഡിറ്റോറിയത്തിലായിരുന്നു വിവാഹം.

നിങ്ങൾക്ക് ഇടയിലെ പ്രശ്നം

ഇപ്പോഴും അതിനൊരു കൃത്യമായ മറുപടി പറയാൻ എനിക്ക് അറിയില്ല. എല്ലാ ദമ്പതിമാർക്കും ഇടയിലും ഉണ്ടാവില്ലേ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ. പിന്നെ, എനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും പുറത്തു നിന്നു പലരും അമ്പിളിയെ വിളിച്ചു പറഞ്ഞു. ജീവിതം തകർക്കാൻ ചിലർ വച്ച പാരകൾ.

ambili-devi-former-husband-loval-interview

ആ കൂട്ടത്തിൽ ആദിത്യന്‍ ഉണ്ടെന്ന് കരുതുന്നോ?

തീർച്ചയായും. എന്റെ കുടുംബ ജീവിതം തകർക്കാൻ ഏറ്റവും കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്. അയാൾക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തി. അതിൽ അയാൾ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്കും.

വിവാഹമോചനത്തിലെത്തിയ സാഹചര്യം

പൊരുത്തക്കേടുകൾ തുടർന്നപ്പോൾ കുറച്ചു നാൾ അകന്നു താമസിക്കാം എന്ന് അമ്പിളിയാണ് പറഞ്ഞത്. ‘പിരിയാനോ മറ്റൊരു വിവാഹത്തിനോ താത്പര്യമില്ല’ എന്നും പറഞ്ഞു. എല്ലാം നേരെയാവുന്നെങ്കിൽ ആവട്ടെ എന്നു ഞാൻ കരുതി. ഏഴു മാസം ഞാൻ മാറി നിന്നു. കുഞ്ഞിനെ ഓർത്താണ് അങ്ങനെ ചെയ്തത്. ഇടയ്ക്കിടെ ഞാൻ അമ്പിളിയുടെ വീട്ടിൽ ചെല്ലും, കുഞ്ഞിനെ കണ്ട് മടങ്ങും. അങ്ങനെയിരിക്കെ ഒരു ദിവസം അമ്പിളി വിളിച്ച് വിവാഹമോചനം വേണം എന്നു പറഞ്ഞു. 

ലോവൽ കുഞ്ഞിനെ സ്നേഹിച്ചിട്ടില്ല എന്നാണ് അമ്പിളി പറയുന്നത്

ഈശ്വരന് സത്യം അറിയാം. എന്റെ കൈയ്യിൽ നിന്ന് മാറാത്തവനായിരുന്നു എന്റെ മോൻ അപ്പു. പക്ഷേ, കഴിഞ്ഞ ഒരു വർഷത്തിനിടെ അവർ കുഞ്ഞിനെ എനിക്കെതിരെ തിരിച്ചു. മാസത്തിൽ മൂന്നു ദിവസം കുഞ്ഞിനെ എന്റെ അടുത്തു വിടണം എന്നാണ് കോടതി ഉത്തരവ്. പക്ഷേ, അഞ്ച് മിനിറ്റിൽ കൂടുതൽ കുഞ്ഞിനെ എന്റെ അടുത്ത് നിർത്തില്ല. അപ്പു എന്നെ കാണുമ്പോൾ തന്നെ തിരിച്ചു പോവാൻ ധൃതി കൂട്ടും. എന്നെ അത്ര ഭീകരനായിട്ടാണ് ആറു വയസ്സുള്ള കുഞ്ഞിനോട് പറഞ്ഞു വച്ചിരിക്കുന്നത്.

ഞാൻ വാങ്ങിച്ച് നൽകുന്നതൊന്നും കുഞ്ഞിനു നൽകില്ല. സ്വീറ്റ്സ് വാങ്ങി നൽകിയാൽ അത് വഴിയിൽ കളയും. വസ്ത്രങ്ങൾ അളവ് പാകമല്ല എന്നു പറഞ്ഞ് കുഞ്ഞിനെ ധരിപ്പിക്കില്ല. എപ്പോഴും ഞാൻ വലിയ അളവിലുള്ള ഉടുപ്പുകളേ അവന് വാങ്ങാറുള്ളു. കുഞ്ഞിന്റെ ആവശ്യങ്ങൾക്ക് മാസം 2500 രൂപ നൽകണം എന്നു കോടതി വിധി ഉണ്ടായിരുന്നു. ഇന്നുവരെ അത് മുടങ്ങാതെ നൽകിയിട്ടുണ്ട്. 

എന്റെ കുഞ്ഞിനെ കൈയ്യിലെടുത്താണ് ആദിത്യൻ അമ്പിളിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി പരമാവധി ഇല്ലാക്കഥകൾ പറഞ്ഞു . അമ്പിളിയുടെ മനസ്സ് മുഴുവൻ വിഷം നിറച്ചു. ഒരു സീരിയലിൽ ഭാര്യയും ഭർത്താവുമായി അഭിനയം കൂടി തുടങ്ങിയതോടെ എല്ലാം പൂർണം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാൾ എന്റെ മോനെ ലാളിക്കാൻ ഇറങ്ങിയത്. അപ്പോൾ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന്.

ദാമ്പത്യം തകർത്തത് ആദിത്യൻ ആണെന്നതിന് എന്തെങ്കിലും തെളിവ്

അടുത്തിടെ നടന്ന ഒരു സംഭവം ഞാൻ പറയാം. ഷൂട്ടിങ് സെറ്റിൽ കയറി ഏതോ ഗുണ്ടകൾ അമ്പിളിയെ ഭീഷണിപ്പെടുത്തി. എന്റെ ആളുകൾ എന്ന വ്യാജേന എത്തിയ അവരെ അയച്ചത് സത്യത്തിൽ ആദിത്യനായിരുന്നു. പക്ഷേ, പഴി എന്റെ തലയിൽ വീണു. അമ്പിളി കേസ് കൊടുത്തു. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ട അവസ്ഥ ഉണ്ടായി. എനിക്കെതിരെ സാക്ഷി പറയാൻ വന്നവരൊക്കെ ആദിത്യന്റെ നാട്ടുകാർ. അതായത് എറണാകുളത്ത് നടന്നു എന്നു പറയപ്പെടുന്ന സംഭവത്തിനു സാക്ഷികൾ കൊല്ലത്തു നിന്ന്.

ambili-devi-with-husband-01

അതോടെ പൊലീസിനു കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമായി. എസ്.ഐ എന്നോട് പറഞ്ഞു; ‘അനിയാ ഇത് കള്ളക്കേസാ, ആ സ്ത്രീയെ അവരുടെ പാട്ടിന് വിട്ടേക്കൂ’ എന്ന്. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികൾ ആദിത്യന്റെ സ്ഥിരം നമ്പറുകളിൽ ഒന്നാണ്. സീരിയൽ രംഗത്തെ പലരും അതിന് ഇര ആയിട്ടുമുണ്ട്.

ഒരു മ്യൂച്ചൽ വിവാഹമോചനത്തിനു ലോവൽ സമ്മതിച്ചത് എന്തുകൊണ്ട് ?

പ്രശ്നങ്ങൾ തീർന്ന് എന്നെങ്കിലും ഒരുമിക്കാം എന്നു കരുതിയാണ് ഏഴു മാസം ഞാൻ മാറി നിന്നത്. പക്ഷേ, ഒരാൾക്ക് നമ്മളെ വേണ്ട എന്നു പറയുമ്പോൾ പിന്നെ എന്തു വേണം. മോന്റെയും അമ്പിളിയുടെയും ഭാവിയും ഓർത്തു. എന്നെക്കാളും നല്ലൊരാളുടെ കൂടെ അവൾ സുഖമായി ജീവിക്കട്ടെ എന്നു കരുതി. അത് ഞാൻ അമ്പിളിയോട് പറഞ്ഞതുമാണ്. അവർക്കു വിവാഹമോചനം നിർബന്ധം ആയിരുന്നു. ഒരു പക്ഷേ, ഈ ബന്ധത്തിനു വേണ്ടി ആയിരിക്കാം. ഞങ്ങളുടെ പേരിൽ അഞ്ചു സെന്റ് സ്ഥലം ഉണ്ടായിരുന്നു. അതു വാങ്ങാൻ കൂടുതൽ പൈസ മുടക്കിയത് അമ്പിളിയായിരുന്നു. സ്ഥലം തിരികെ വേണം എന്നു പറഞ്ഞു. അപ്പോൾ തന്നെ ഞാൻ അത് അമ്പിളിയുടെ പേരിൽ എഴുതി നൽകുകയും ചെയ്തു.

വിവാഹ വാർത്ത അറിഞ്ഞത്?

വിവാഹത്തിന് രണ്ടു ദിവസം മുമ്പ്. അതറിഞ്ഞപ്പോൾ ഞാൻ അമ്പിളിയുടെ അച്ഛനെ വിളിച്ചു. ‘ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്’ എന്ന് പറഞ്ഞു. ഞാൻ ഫോൺവെച്ച് അഞ്ച് മിനിറ്റു കഴിഞ്ഞപ്പോൾ ആദിത്യന്റെ സുഹൃത്ത് എന്നു പറഞ്ഞ് ഏതോ ഒരു ഗുണ്ട എന്നെ വിളിച്ച് മിണ്ടാതിരുന്നില്ലെങ്കിൽ എന്നെ കൊന്നു കളയും എന്നു ഭീഷിണി മുഴക്കി. 

അമ്പിളിയുടെയും ആദിത്യത്തിന്റെയും കല്യാണദിവസം കേക്ക് മുറിച്ച് ആക്ഷേപിച്ചു എന്ന് പറയുന്നു

എന്റെ ഹൃദയം നെടുകെയും കുറുകെയും കീറി മുറിച്ചവർ ആണ് ഇതും പറയുന്നത് എന്നോർക്കണം.

ambily-devi-wedding-former-husband-celebrate

ലോവലിനു മറ്റെന്തെങ്കിലും പറയാനുണ്ടോ ?

മകനെ കാണാനും ഒപ്പം നിർത്താനുമുള്ള അവസരവും അവകാശവും നിഷേധിക്കപ്പെട്ടു കൂടാ. സത്ഗുണ സമ്പന്നനായ പുതിയ ഭർത്താവിനൊപ്പം അമ്പിളി സുഖമായി ജീവിക്കട്ടെ. പിന്നെ, ഓൺലൈൻ മാധ്യമങ്ങളിൽ പലരും അമ്പിളിയെക്കുറിച്ചു വളരെ മോശമായ കമന്റുകൾ ഇടുന്നത് കാണുമ്പോൾ എനിക്കു വിഷമം തോന്നാറുണ്ട്. എന്നെ വേണ്ടെന്നുവെച്ചു മറ്റൊരാളെ തേടിപ്പോയെങ്കിലും കുറെ വർഷം എന്റെ കൂടെ ജീവിച്ച ആളല്ലേ, എന്റെ കുഞ്ഞിന്റെ അമ്മയല്ലേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA