Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരമായ സ്വപ്നം പോലെ ഞങ്ങളുടെ ജീവിതം: സ്റ്റെഫി ലിയോൺ

സുന്ദരമായ ഒരു സ്വപ്നം പോലെ ഞങ്ങളുടെ ജീവിതം: സ്റ്റെഫി ലിയോൺ സ്റ്റെഫിയും ഭർത്താവ് ലിയോൺ.കെ.തോമസും

മലയാള സീരിയൽ രംഗത്തെ ശ്രദ്ധേയ താരമാണ് സ്‌റ്റെഫി ലിയോൺ. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകിയുമാണു താരം. കേരളനടനത്തിനു ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് സ്റ്റെഫി. ആറു സീരിയലുകളിൽ നായികയായി. ഇതിൽ രണ്ട് ഇരട്ട വേഷങ്ങളും ചെയ്തു. എല്ലാ സീരിയലുകളും ഹിറ്റ്. അവതാരകയായും സ്റ്റെഫി തിളങ്ങി. പ്രിയതാരത്തിന്റെ വിശേഷങ്ങളിലൂടെ...       

കലാരംഗത്തേക്ക്

കേരളനടനത്തിനു ദേശീയ തലത്തിൽ പുരസ്കാരം ലഭിച്ചു. അതിനുശേഷമാണ് അഭിനയരംഗത്തേക്കു തിരിയുന്നത്. ഇപ്പോൾ നൃത്തവും അഭിനയവും ഒന്നിച്ചു കൊണ്ടു പോകുന്നു.

ആദ്യ സീരിയൽ

അഗ്നിപുത്രിയാണ് ആദ്യ സീരിയൽ. അതിൽ ഇരട്ട വേഷമായിരുന്നു. ഇതുവരെ ആറു സീരിയലുകൾ ചെയ്തു. മാനസവീണ, ഇഷ്ടം, സാഗരം സാക്ഷി, വിവാഹിത, ക്ഷണപ്രഭാ ചഞ്ചലം എന്നിവ. ഇതിൽ സാഗരം സാക്ഷിയിലും ഇരട്ട വേഷമായിരുന്നു. തനി നാടൻ പെൺകുട്ടിയും നർത്തകിയുമായ രഞ്ജിനിയും മോഡേണും പ്രതിനായികയുമായ ഭദ്രയും. ഞാൻ വളരെ ആസ്വദിച്ചു ചെയ്ത, എനിക്കു വളരെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ഇവ.

മറക്കാനാവാത്ത അനുഭവം

ദൈവമേ അത് ഓർക്കുമ്പോൾ ഭയം തോന്നും. മൂർഖൻ പാമ്പുമായി ഒരു മുഖാമുഖം എന്നു പറയാം. ‘സാഗരം സാക്ഷി’ എന്ന സീരിയലിൽ ആണ്.

അതിൽ രഞ്ജിനിയ്ക്കു അനിയത്തി പിറന്നാൾ സമ്മാനം കൊടുക്കുന്ന ഒരു രംഗമുണ്ട്. ചേച്ചിയുടെ പഞ്ചപാവം സ്വഭാവം മാറ്റുന്നതിനു വേണ്ടി സംഗീത ചെയ്യുന്ന കടുംകൈയ്യാണ്. ജീവനുള്ള ഒരു മൂർഖൻ പാമ്പിനെ പെട്ടിയിലാക്കി നൽകുകയാണ്. എന്നാൽ, കാര്യങ്ങൾ  കൈവിട്ടു പോകുന്നതാണ് സീരിയലിൽ. 

stephy-leon2

അങ്ങനെ ആ സീൻ എടുക്കുന്ന ദിവസമായി. പാമ്പ് എന്നു കേൾക്കുമ്പോള്‍ തന്നെ പേടിക്കുന്ന ഞാൻ ആ സീൻ വായിച്ചതോടെ വിറയ്ക്കാൻ തുടങ്ങി. പെട്ടി തുറക്കുമ്പോൾ മൂർഖൻ പാമ്പ് ഒരു സീൽക്കാരത്തോടെ പത്തി വിരിച്ച് എന്റെ മുഖത്തിനു നേരെ ഉയർന്നു വരണം. അതാണ് രംഗം.

പാമ്പിനെ രാവിലെ തന്നെ സെറ്റിൽ കൊണ്ടുവന്നു. ഒരു വലിയ മൂർഖൻ! അതിനെ കണ്ടതോടെ എന്റെ പാതി ജീവൻ പോയി. ഒരുവിധം ധൈര്യം സംഭരിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. പാമ്പ് കൂടെ അഭിനയിക്കുന്ന ആർട്ടിസ്റ്റാണ് എന്നൊക്കെ സങ്കൽപ്പിച്ചു നോക്കി. അങ്ങനെ ഷോട്ടിന്റെ സമയമായി. ഗിഫ്റ്റ് ബോക്സിനുള്ളിൽ മൂർഖൻ പാമ്പ് റെഡിയായി. സംവിധായകൻ ആക്‌ഷൻ പറഞ്ഞു. സെറ്റിൽ എല്ലാവരും ശ്വാസമടക്കി നിൽക്കുന്നു.

അനുജത്തി പിറന്നാൾ സമ്മാനം നൽകിയതിന്റെ സന്തോഷത്തിൽ വേണം പെട്ടി തുറക്കാൻ. ഒരുവിധം മുഖത്ത് സന്തോഷം വരുത്തി സമ്മാനപ്പെട്ടി തുറന്നു. ഒരു സീൽക്കാരത്തോടെ പത്തി വിരിച്ചു മൂർഖൻ എന്റെ മുഖത്തിന‌ു നേരെ ഉയർന്നു വന്നു. ‘എന്റമ്മേ’. എനിക്കു ഭയം അഭിനയിക്കേണ്ടി വന്നില്ല. ഞാൻ അലറി വിളിച്ചു പിന്നിലേക്കു മാറി. ഭാഗ്യത്തിന് ഒറ്റ ടേക്കിൽ ആ ഷോട്ട് ഒകെ. 

ഡെയർ ദ് ഫിയർ

സാഗരം സാക്ഷിയിൽ ഒരു പാമ്പ് ആയിരുന്നെങ്കിൽ ‘ഡെയർ ദ് ഫിയർ’ എന്ന റിയാലിറ്റി ഷോയിൽ ഒരുപാട് പാമ്പുകളുടെ കൂടെ ഒരു കൂട്ടിൽ കഴിയേണ്ടി വന്നു. അന്നു ഭയം കൊണ്ട് അലറി വിളിച്ചിട്ടുണ്ട്.

കുടുംബം

ഞാനും എന്റെ സ്വീറ്റ് ഭർത്താവും. ഞാൻ സ്നേഹത്തോടെ ജോസ് മോൻ എന്നു വിളിക്കുന്ന ഡയറക്ടർ ലിയോൺ.കെ.തോമസ്. എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് അദ്ദേഹം. സുന്ദരമായ ഒരു സ്വപ്നം പോലെയാണു ഞങ്ങളുടെ ജീവിതം. ആ സ്വപ്നം ഒരിക്കലും മുറിയരുതേ എന്നാണു പ്രാർത്ഥന. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.