ADVERTISEMENT

ചില അധ്യാപകരുണ്ട്. വിദ്യാർഥികളുടെ ഉള്ളുതൊട്ടു കടന്നു പോകുന്നവർ. കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്നു മായാത്ത ചില പാഠങ്ങൾ വിദ്യാർഥികളുടെ മനസ്സിൽ കോറിയിടാൻ കഴിയുന്നവർ. കാലടി, ചെങ്ങൽ ഗേൾസ് ഹൈസ്കൂളിൽ തന്നെ പഠിപ്പിച്ച അധ്യാപികയെ കുറിച്ച് ഒരു വിദ്യാർഥി പങ്കുവെച്ച ഓർമ കുറിപ്പ്. 

 

ആ വാർത്ത കേട്ടപ്പോൾ ആദ്യം മനസിലേക്കുവന്ന വിഷ്വൽ പത്താം ക്ലാസിലെ ആ പഴയ ജ്യോഗ്രഫി ക്ലാസ് ആണ്. ടീച്ചർ ബോർഡിനോട് ചേർന്നു നിന്ന് ഡെൽറ്റാ പ്രദേശങ്ങളെക്കുറിച്ചും അഗ്നിപർവതങ്ങളെക്കുറിച്ചുമൊക്കെ ക്ലാസ് എടുക്കുന്നു. മൂക്കിലേക്കിറക്കിവെച്ച കണ്ണടയ്ക്കിടയിലൂടെ ഞങ്ങളെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട് ബോർഡിൽ എന്തൊക്കെയോ കുറിക്കുന്നു. ക്ലാസിലെ രണ്ടാമത്തെ ബഞ്ചിൽ ആദ്യമിരുന്ന ഞാൻ എഴുന്നേറ്റുനിന്ന് ഏതോ ചോദ്യത്തിന് മറുപടി പറയുന്നു. പതിനഞ്ചു വർഷത്തിനപ്പുറം ആ കാഴ്ചയ്ക്ക് ഇപ്പോഴും എന്തൊരു ഓർമത്തിളക്കം. 

 

ഒടുവിൽ സംസാരിച്ച് ഫോൺവച്ചപ്പോൾ ടീച്ചർ എന്തായിരുന്നു പറഞ്ഞത്? തീർച്ചയായും വീണ്ടും വിളിക്കാം എന്നായിരിക്കണം. പക്ഷേ ആ വിളി ഉണ്ടായില്ല. അതിനു മുൻപേ..... ഇത്ര പെട്ടെന്ന്? അല്ല, പെട്ടെന്നായിരുന്നില്ല... നേരത്തെ..വളരെ നേരത്തെ അറിയാമായിരുന്നു... പെയിൻകില്ലറുകൾ മൂന്നുനേരം കഴിച്ചിട്ടും വേദന കുറയുന്നില്ലെന്നു പറഞ്ഞതോർക്കുന്നു. ‍ 

 

റോസിലി ടീച്ചർ.. കാലടി സെന്റ്. ജോസഫ്സ് കോൺവന്റ് സ്കൂളിൽ എന്റെ പത്താം ക്ലാസ് ടീച്ചറായിരുന്നു. കുട്ടികളോട് കാർക്കശ്യക്കാരി. അക്കാലത്ത് ഒരിക്കൽ പോലും ടീച്ചറോട് ജ്യോഗ്രഫിയിലെ സംശയങ്ങളല്ലാതെ മറ്റൊന്നും സംസാരിച്ചിരുന്നില്ല. കോട്ടൺസാരി ഭംഗിയായി ഫ്ലീറ്റിട്ട് ഉടുത്ത്, നീണ്ട മുടി പിന്നിമെടഞ്ഞിട്ട് വളരെ അത്യാവശ്യത്തിനു മാത്രം പുഞ്ചിരിക്കുമായിരുന്ന ടീച്ചർ. മിക്കപ്പോഴും ടീച്ചർക്കുവേണ്ടി സ്റ്റാഫ് റൂമിൽ ചെന്നു ചൂരലെടുത്തുകൊണ്ടുവരുമായിരുന്നവരിൽ ഒരാൾ ഞാനായിരുന്നു. തമ്മിൽ ഏറെയൊന്നും മിണ്ടാറില്ലെങ്കിലും എന്തോ വലിയ അടുപ്പം തോന്നിയത് എന്തുകൊണ്ടായിരുന്നു.. അറിയില്ല.. സ്കൂൾ വിട്ട് കോളജിലേക്ക് മുതിർന്നപ്പോഴേക്കും ടീച്ചറോടുള്ള ആ അകലമൊക്കെ നേർത്തുതുടങ്ങിയിരുന്നു. ഫോൺസംസാരങ്ങൾ കൂട്ടുകാർ തമ്മിലെന്ന പോലെ സ്വാഭാവികമായി മാറി. എന്റെ എല്ലാ വിശേഷങ്ങളും മൂളിക്കേട്ടു. തിരിച്ചിങ്ങോട്ടും കുറെയേറെ സംസാരിച്ചു. അങ്ങനെ എത്രയോ വർഷങ്ങൾ.

 

പിന്നീടെപ്പോഴോ ആ ഫോൺവിളികളുടെ ഇടവേള കൂടിക്കൂടി വന്നു. എങ്കിലും എപ്പോൾ വിളിച്ചാലും കേൾക്കാനുള്ളൊരാൾ എന്ന പോലെ 

 

ടീച്ചർ അവിടെത്തന്നെയുണ്ടായിരുന്നു... കുറച്ചുമാസങ്ങൾക്കുമുൻപാണ് പുതിയൊരു നമ്പറിൽനിന്ന് ടീച്ചറുടെ കോൾ വീണ്ടും വരുന്നത്. മുൻപു ഞാൻ കേട്ട ശബ്ദമായിരുന്നില്ല. വല്ലാതെ തളർന്ന സ്വരത്തിൽ ടീച്ചർക്കു പറഞ്ഞ വിശേഷം കേട്ടപ്പോൾ സങ്കടം വന്നു. വയ്യാതായിരിക്കുന്നെന്നും മരുന്നുകളുടെ ഇടവേള കുറഞ്ഞുവരുന്നുവെന്നും പറഞ്ഞതോർക്കുന്നു. പക്ഷേ വർത്തമാനത്തിൽ പഴയ കാർക്കശ്യക്കാരിയായ ടീച്ചറുടെ വാശിയും ചെറുത്തുനിൽപുമുണ്ടായിരുന്നു. കൂടെക്കൂടെ ഞങ്ങൾ മിണ്ടിക്കൊണ്ടേയിരുന്നു. കേൾക്കാനിഷ്ടമുള്ള വിഷയങ്ങൾ സംസാരിച്ചു. പെട്ടെന്നുണ്ടാക്കാവുന്ന ഫ്രഷ് ജ്യൂസുകളുടെ റെസിപ്പി മുതൽ ഫ്ലിപ് കാർട്ടിലും ആമസോണിലും ഷോപ്പിങ് നടത്തുന്നതിനെക്കുറിച്ചുവരെ സംസാരിച്ചു. മകൾ ഇല്ലാത്തകൊണ്ടാകാം ആ സ്നേഹത്തോടെയാണ് ടീച്ചർ എന്നെ കണ്ടിരുന്നത്. ഒരേയൊരു മകൻ വിദേശത്തേക്കു പോകുമ്പോൾ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടലിനെ ടീച്ചർ എവിടെയോ ഭയപ്പെടുന്നതുപോലെ തോന്നിയിരുന്നു. ഒരു ദിവസം കോട്ടയം വരെ ട്രെയിനിൽ വരാമെന്നും എന്റെയും കുഞ്ഞിന്റെയും കൂടെ രണ്ടു ദിവസം താമസിക്കാമെന്നുമൊക്കെ വാക്ക് തന്നിരുന്നു.

 

വേദന കൂടിക്കൂടി വരുന്നെന്ന് പറഞ്ഞാണ് ഒരു സന്ധ്യക്ക് ടീച്ചർ സംസാരം നിർത്തിയത്. പിന്നീട് വേദന കുറഞ്ഞോ എന്നു തിരക്കിക്കൊണ്ടുള്ള എന്റെ അടുത്ത ഫോൺകോളിന് കാത്തുനിൽക്കാതെ ടീച്ചര്‍ യാത്രയായി. ഫെയ്സ്ബുക്കിൽ ടീച്ചറുടെ മരണവാർത്തയുടെ പോസ്റ്റിനു താഴെ ഏറ്റവുമധികം കണ്ട കമന്റ് ‘‘ അയ്യോ ടീച്ചർക്ക് എന്തു പറ്റിയതാ?’’ എന്നതായിരുന്നു. ഏറെയും വിദ്യാർഥികൾ. മരണം കൊണ്ടുമാത്രമാണ് ചിലപ്പോൾ ചിലരെ നാം ഓർമിക്കുന്നത്. അതുവരെക്കാലം ഒരിക്കലെങ്കിലും നാം ഓർമിക്കുന്നുപോലുമില്ല.

 

ടീച്ചറുടെ മരണം ഏറെ മനസിനെ തൊട്ടതുകൊണ്ടാകാം വെറുതെ ആലോചിച്ചു.. നാം നമ്മുടെ എത്ര അധ്യാപകരെക്കുറിച്ച് പിന്നീട് തിരക്കാറുണ്ട്. പണ്ട് അവരുടെ ഒരു വെരി ഗുഡിനു വേണ്ടി നാം എത്രയേറെ കൊതിച്ചിട്ടുണ്ട്. പ്രോഗ്രസ് കാർഡിൽ അവരെഴുതുന്ന ഒരു നല്ല വാക്കിനു വേണ്ടി എത്ര പ്രാർഥിച്ചിട്ടുണ്ട്. ഇപ്പോൾ അവരൊക്കെ എവിടെയാണ്? സുഖമായിരിക്കുന്നോ? പഴയ സ്കൂളോർമയുടെ പടികടന്ന് ആരെങ്കിലും തിരക്കിവന്നിരുന്നെങ്കിൽ എന്ന് അവരും പ്രതീക്ഷിക്കുന്നുണ്ടായിരിക്കണം..തീർച്ച... ഒന്നിനുമല്ല..വെറുതെ... നഴ്സറി തൊട്ട് ഇങ്ങോട്ട് എത്രയെത്ര അധ്യാപകർ.. അവയിൽ ഒന്നുരണ്ടുപേരുടെയെങ്കിലും ജീവിതത്തിന്റെ സായംകാലത്തിൽ ഒന്നുമിണ്ടിപ്പറയാൻ നമുക്ക് ഇരുന്നുകൊടുത്തുകൂടെ....അങ്ങനെ ഓരോരുത്തരും തീരുമാനിച്ചിരുന്നെങ്കിൽ...ചടങ്ങുകളുടെ ഔപചാരികതയൊന്നും വേണ്ട.. വെറുതെ ഇടയ്ക്കിടെ ഒന്നു മിണ്ടണം..കേൾക്കണം.. ഒപ്പമിരിക്കണം....അതിലും വലിയൊരു ഗുരുദക്ഷിണ അവർക്കെന്തുവേണം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com