17–ാം വയസ്സിൽ സ്ത്രീയായി മാറാൻ തീരുമാനമെടുത്തു; ഇത് പോരാട്ടത്തിന്റെ കഥ

HIGHLIGHTS
  • സ്ത്രീയായി ജീവിക്കാനെടുത്ത ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു
  • പരസ്യരംഗത്ത് വിജയിച്ചതോടെ മാധ്യമങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി
transgender-actress-anjali-ameer-life
അഞ്ജലി അമീർ മമ്മൂട്ടിക്കൊപ്പം
SHARE

കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്ററുകളിൽ മമ്മൂട്ടിയുടെ പേരൻപ് എന്ന തമിഴ് സിനിമ തകർത്തോടുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി പ്രേക്ഷക പ്രീതി സമ്പാദിച്ച അഞ്ജലി അമീർ കോഴിക്കോട്ടുകാരിയായ ട്രാൻസ്ജെൻഡറാണ്. കോഴിക്കോട് താമരശ്ശേരി സ്വദേശി ജംഷീർ, 10 വർഷം മുൻപ്, സ്ത്രീയായുള്ള തന്റെ സ്വത്വം വീണ്ടെടുക്കാനും സ്ത്രീയായി ജീവിക്കാനുമാണ് ചെന്നൈയിലേക്കു വണ്ടി കയറിയത്. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി, പരസ്യ, മോഡലിങ് രംഗത്ത് വൻ വിജയമായി. മോഡലിങ് രംഗത്തുനിന്നു സിനിമയിലെത്തിയ അഞ്ജലി അമീർ പേരൻപ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി ശ്രദ്ധേയമായ വേഷം ചെയ്തതിനു ശേഷം സുവർണ പുരുഷൻ എന്ന മലയാള സിനിമയിലും അഭിനയിച്ചു. ഇപ്പോൾ ഒരു തെലുങ്ക് സിനിമയിലും ഒരു തമിഴ് സിനിമയിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

‘ആൺകുട്ടിയായിരിക്കേ തന്നെ എന്റെ സ്വത്വം സ്ത്രീയുടെതാണെന്നു തിരിച്ചറിയുകയും 17–ാം വയസ്സിൽ സ്ത്രീയായി മാറാൻ തീരുമാനമെടുക്കുകയും ചെയ്തതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. അതിനായി 2009ൽ ജനിച്ചു വളർന്ന വീടും നാടും കുടുംബവുംവിട്ടു. നാട്ടിലെ യാഥാസ്ഥിതികമായ സാമൂഹിക അവസ്ഥയിൽ എന്റെ ജെൻഡർ പ്രശ്നം അംഗീകരിക്കുക വിഷമമാകുമെന്ന തിരിച്ചറിവു തന്നെയാണ് ചെന്നൈയിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. ചെന്നൈ നഗരം സ്ത്രീയായി ജീവിക്കാനുള്ള എന്റെ മോഹത്തിനു സർവ പിന്തുണയും നൽകി.

ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ എനിക്ക് ഒട്ടേറെ പരസ്യ ചിത്രങ്ങൾക്ക് മുഖമായും ശരീരമായും മാറാനായി. സ്ത്രീയായി ജീവിക്കാനുള്ള മോഹത്തെ അടക്കി നിർത്താതെ, സ്ത്രീയായി മാറി സ്ത്രീയായി ജീവിക്കാനെടുത്ത ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. പരസ്യരംഗത്ത് വിജയിച്ചതോടെ മാധ്യമങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി. ദക്ഷിണേന്ത്യയിലെ പത്രങ്ങളിലും ടിവി ചാനലുകളിലുമെല്ലാം എന്റെ ജീവിതകഥ വലിയ വാർത്തയായി. മനോരമ ന്യൂസിൽ എന്നെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടാണ് മമ്മൂക്ക പേരൻപ് സിനിമയുടെ സംവിധായകൻ റാമിനോട് ശുപാർശ ചെയ്യുന്നത്.

anjali-mohanlal
അഞ്ജലി അമീർ മോഹന്‍ലാലിനൊപ്പം

ഇവിടെത്തുടങ്ങുന്നു രണ്ടാമത്തെ വഴിത്തിരിവ്. റാമിനെപ്പൊലൊരു പ്രതിഭാശാലിയായ സംവിധായകന്റെ കീഴിൽ മമ്മൂട്ടി എന്ന മഹാനടന്റെ നായികയായി സിനിമയിലെത്തുക എന്ന സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ഈ സിനിമയിൽ ട്രാൻസ്ജെൻഡറായ ഒരു സെക്സ് വർക്കറായാണ് ഞാൻ അഭിനയിക്കുന്നത്. 

2016 ൽ ചിത്രീകരിച്ച പേരൻപാണ് എന്റെ ആദ്യ സിനിമയെങ്കിലും ആദ്യം തിയറ്ററിലെത്തിയത് സുവർണ പുരുഷൻ എന്ന മലയാള സിനിമയാണ്. ഇപ്പോൾ പേരൻപ് തിയറ്ററിലെത്തിയതോടെ എല്ലായിടത്തുനിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പേരൻപിൽ അഭിനയിച്ചതിനു ശേഷം മോഹൻലാൽ അവതരിപ്പിച്ച ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയിലും ഞാൻ പങ്കെടുത്തിരുന്നു. ഇപ്പോൾ ഒരു തെലുങ്ക് സിനിമയിലും ഒരു തമിഴ് സിനിമയിലും അഭിനയിച്ചു കൊണ്ടിരിക്കയാണ്. 

തയാറാക്കിയത് : സി.ശിവപ്രസാദ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA