ADVERTISEMENT

വേറൊരു കാലത്തുനിന്ന്, മറ്റൊരു റാം അവന്റെ ജാനുവിന് എഴുതിയ കത്തുകളിൽനിന്നു ചിലത്. ഈ കത്തുകൾ ജാനുവിനു കിട്ടിയിട്ടുണ്ടാകുമോ? അതിന് അവൾ മറുപടിയെഴുതിയിട്ടുണ്ടാകുമോ? അറിയില്ല. മറഞ്ഞിരിക്കുന്ന റാം അതു പറയുന്നില്ല.കൂടുതൽ കത്തുകളുമായി, ഒരു പക്ഷേ അവയ്ക്കുള്ള മറുപടികളുമായി റാം വീണ്ടും വരുമായിരിക്കാം. അല്ലെങ്കിൽ, ഇതു വായിക്കുന്ന, ഉള്ളിൽ ജാനുവുള്ള ഓരോ പ്രണയിക്കും ഇതിന്റെ മറുപടികളെഴുതാം, തുടർച്ചകളുമെഴുതാം!  

∙∙∙

ജാനൂ,

 

നീ എന്നെ സ്നേഹിക്കുമ്പോൾ , ഒന്നാമതായി, മറ്റൊന്നിന്റെയും ആരുടെയും ബന്ധനങ്ങളില്ലാതെ സ്നേഹിക്കണം.

മനുഷ്യനായി, സ്നേഹം ആവശ്യപ്പെടുന്ന, ആവശ്യമുള്ള ഒരു മനുഷ്യനായിട്ട്, ചിലപ്പോൾ ഒന്നും തിരിച്ചു തരാൻ കഴിയാത്ത ഒരു പച്ച മനുഷ്യൻ.

ബന്ധങ്ങളുടെയും ബാധ്യതകളുടെയുമൊന്നും കലർപ്പുകളില്ലാതെ, സ്വതന്ത്രമായ സ്നേഹം,

ചിറകുനീർത്തി അനന്താകാശത്ത് സ്വതന്ത്രമാകുന്ന സ്നേഹം.. ഒരു മഴ പെയ്യുമ്പോലെ,

ഒരു ചെടിയ്ക്ക് വെള്ളവും വളവും നൽകുമ്പോലെ,

രോഗപീഡയാൽ വലയുന്നവനെ കരുണയാൽ സ്പർശിക്കുംപോലെ,

കുഞ്ഞിന് അമ്മയുടെ ചുംബനം പോലെ…

ഉപാധികളില്ലാതെ…

 

സ്നേഹിക്കപ്പെടുമ്പോൾ

എനിക്ക് സൂര്യനെപ്പോലെ പ്രഭാമയനും ഉജ്വലത്വേജസ്വിയുമാകാൻ  കഴിയും,

സ്നേഹിക്കപ്പെടുമ്പോൾ ഞാൻ

സകല ലോകങ്ങളുടെയും അധിപനായി മാറും.

റാം

∙∙∙

ജാനൂ,

എത്ര നോക്കിയിട്ടും എന്റെ ജീവിതത്തെ എളുപ്പത്തിൽ sum up ചെയ്യാനേ കഴിയുന്നില്ല.

ഒരു നിമിഷത്തെ എന്നെ അടുത്ത നിമിഷത്തെ ഞാൻ contradict ചെയ്യുന്നു.

ഉറപ്പില്ലാത്ത മനുഷ്യൻ എന്ന് ആളുകൾക്കു പറയാം.

എന്നാൽ, വാൾട്ട് വിറ്റ്മാൻ എഴുതിയിട്ടുണ്ട്,

“I contradict my self

Because I contain multitudes”

പല ഞാനുണ്ട്, പലതാണ് ഞാൻ.

 

റാം

∙∙∙

ജാനൂ,

എനിക്ക് വല്ലാത്ത നഷ്ടബോധവും സങ്കടവും തോന്നുന്നത് എന്താണെന്നു വച്ചാൽ, ജാനൂ,

നിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൂടെയുണ്ടായിരിക്കാനും ആഹ്ലാദങ്ങളിൽ പങ്കാളിയാകാനും വിഷാദങ്ങളെ തുടച്ചു കളയാനും ,

മഴയിലേക്കു തനിച്ചു നോക്കിയിരിക്കെ പെട്ടെന്നൊരു നിമിഷം വന്നു ചേർന്നിരിക്കാനും,

കരഞ്ഞുറങ്ങുമ്പോൾ വന്നു കണ്ണീർ തുടയ്ക്കാനും മുഖമിരുണ്ടിരിക്കെ, ഒരു വാക്കു കൊണ്ടു പുഞ്ചിരിയുടെ സൂര്യനെ കൊണ്ടുവരാനും ,

ഭയങ്ങളെ ആട്ടിയകറ്റാനും, കൈപിടിച്ചു നടക്കാനും, തണലാകാനും ഒന്നും ഒന്നും എനിക്കു സാധിച്ചില്ലല്ലോ എന്നോർത്താണ്.

ജാനൂ, എനിക്ക് നിന്നെ മുൻകാല പ്രാബല്യത്തോടെ സ്നേഹിക്കണം. ഓരോ ഘട്ടത്തെയും മാറ്റിയെഴുതണം.

ജാനൂ, എനിക്ക് ശരിക്കും നിന്റെ അച്ഛനായാൽ മതിയായിരുന്നു.

അപ്പോൾ ഓരോ സമയത്തെയും നിന്നെ കണ്ടും അറിഞ്ഞുമിരിക്കാമായിരുന്നല്ലോ…

റാം

∙∙∙

ജാനൂ,

ഈ ഒഴുക്കിന് മുറിയലുകളില്ല,

എല്ലാ കൈവഴികളും നിന്നിലേക്ക്,

എല്ലാ അരുവികളും നിന്നിലേക്ക്,

ഞാൻ ഒഴുകും പുഴ,

നീയൊരു കടൽ.

റാം

∙∙∙

ജാനൂ,

ഒരിക്കൽ തൊട്ട പൊട്ടുകൾ

പിന്നൊരിക്കൽ നീ തൊടുകയേ അരുത്.

നിലക്കണ്ണാടിയിൽ ഒട്ടിച്ചു വയ്ക്കണം

ഓരോന്നും.

പൊട്ടുകൾ കൊണ്ടു നിറയണം

കണ്ണാടി.

റാം

∙∙∙

ജാനൂ,

നിന്നെക്കാണാൻ, ആളൊഴിഞ്ഞ ഈ തീവണ്ടിയിൽ, നിന്റെ നഗരത്തിലേക്കു വരികയാണ് ഞാൻ.

പുറത്ത് മഴ ചാറുന്നുണ്ട്. ജനാല തുറന്നപ്പോ കുറെ ഇരുട്ട് മുറിയിലേക്കു ചാടിവീണു. പിന്നെയത് മുറിയിലെ വെളിച്ചത്തിൽ അലിഞ്ഞില്ലാതായി.

പക്ഷേ, ഒരു തുള്ളി വെളിച്ചത്തിനു പോലും പുറത്ത് ഇരുട്ടിലേക്കു തുളച്ചു കയറാനോ തെറിച്ചു വീഴാനോ കഴിയുന്നില്ല. ഇരുട്ടിന്റെ പ്രതിരോധം.

വെളിച്ചം ഇരുട്ടിനെ മെല്ലെ മെല്ലെ ഡൈല്യൂട്ട് ചെയ്ത് ഇല്ലാതാക്കുന്നു.

എന്നാൽ, ഇരുട്ട് ഒരിത്തിരി വെളിച്ചത്തെ പോലും കടത്തിവിടുന്നില്ല. അതങ്ങനെ നിൽക്കുന്നു, ഇരുട്ടായി തന്നെ.

കുട്ടിയായിരുന്നപ്പോ കണ്ട ഒരു ഹിന്ദി സിനിമയിൽ ഒരാൾ ചൊല്ലിയ രണ്ടു വരിക്കവിത,

അതിന്റെ അർഥം ഇങ്ങനെയായിരുന്നു:

‘‘ഒരു ഇരുട്ട് ആയിരം നക്ഷത്രങ്ങൾ

ഒരു നിരാശ ആയിരം പ്രതീക്ഷകൾ’’

അന്ന് ഈ വരികൾ ഡയറീൽ എഴുതിയിട്ടിട്ട് അതിനു കീഴെ ഞാൻ ഇങ്ങനെ ചേർത്തു:

‘ആയിരം നക്ഷത്രങ്ങൾ പ്രകാശിച്ചിട്ടും

ഇരുട്ട് ഇല്ലാതാകുന്നില്ല

ആയിരം പ്രതീക്ഷകൾ

ഒരു നിരാശയെ ഇല്ലാതാക്കുന്നില്ല’

ശരിയല്ലേ?

റാം

 

∙∙∙

ജാനൂ,

രാത്രി. ട്രെയിനിലിരുന്ന് നിനക്കെഴുതുന്നു.

പുറത്ത് നെൽപ്പാടങ്ങളുണ്ട്. ഇരുട്ടിൽ നെൽപ്പാടങ്ങളുടെ സാന്നിധ്യമറിയുക തീവണ്ടിക്കു വേഗം കുറയുമ്പോഴാണ്. തവളക്കരച്ചിലുകളും ചീവീടൊച്ചകളും തീവണ്ടിമുറിക്കുള്ളിലേക്ക് ഇരച്ചെത്തും.

സത്യത്തിൽ പുറത്തേക്കു നോക്കുമ്പോൾ ഒരു സ്റ്റേഡിയം പോലെ തോന്നുന്നു.

മൈതാനത്തിനു നടുവിലൂടെ തീവണ്ടി ഓരോട്ടമൽസരത്തിൽ കുതിക്കുകയാണ്. അങ്ങകലെ മരങ്ങളുടെ ഇരുണ്ട നിരയാണ് ഗാലറി. അവിടിരുന്ന് ആയിരം നാവുകൾ കൂവി വിളിക്കുന്നുണ്ട് – അപ് അപ് അപ്

മുകളിൽ ആകാശം.

ആകാശത്തേക്കു തുറന്നു വച്ച ഭിക്ഷാപാത്രം പോലെ സ്റ്റേഡിയം.

റാം

∙∙∙

ജാനൂ,

ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്കു വച്ച

സ്റ്റെതസ്കോപിൽ

നീ കേൾക്കുന്നതെന്ത് ?

റാം

∙∙∙

ജാനൂ,

നേരം പുലരുന്നതെയുള്ളൂ. നിനക്കെഴുതണമെന്നു തോന്നി,സംസാരശേഷി നഷ്ടപ്പെട്ട ഒരാൾക്ക് പെട്ടെന്നതു തിരിച്ചു കിട്ടുന്നതു പോലെ.

അയാളാദ്യം പറയുന്ന അവ്യക്ത ശബ്ദങ്ങൾ…

സ്വപ്നം കണ്ടു.

ഒരു ചുവന്ന ബസ്, മഴയിൽ ഒരു നഗരത്തിൽ. ബസിൽ നമ്മൾ മാത്രം.

ബസ്സിനു പുറത്തുള്ള നഗരത്തെ നമ്മൾ ഒരു ഇറേസർ കൊണ്ടു മായ്ച്ചു കളഞ്ഞു.

ശൂന്യതയിലെന്ന വണ്ണം ഒരു ചുവന്ന ബസ്.

നിന്നെ തൊട്ടിരുന്ന എന്റെ വശത്തിന് നിന്റെ മണം.

വിശക്കുന്നു.

ആരും എണീറ്റിട്ടില്ലല്ലോ!

റാം

∙∙∙

ജാനൂ,

ആർക്കും ആരെയും കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നു തോന്നുന്നില്ല. ഒബ്ജക്ടിവ് ആയി ഒന്നിനെയും വിലയിരുത്താനും നമുക്കു കഴിയില്ല. സത്യത്തിൽ ഒബ്ജക്ടിവിറ്റി എന്നൊന്നില്ല. എല്ലാ വീക്ഷണങ്ങളും സബ്ജക്ടിവാണ്. വ്യക്ത്യധിഷ്ഠിതമാണ്. അതുകൊണ്ടു തന്നെ ബയസ്ഡും ആണ്. നമ്മൾ സാധാരണ ഒരു വ്യക്തിയെക്കുറിച്ചു പറയുമ്പോൾ മനസിലാക്കാത്ത ഒരു കാര്യം ആ അഭിപ്രായം നമുക്കു കുൂടി ബാധകമാണ് എന്നതാണ്.

ഉദാഹരണത്തിന് ഒരാൾ സ്വാർഥനാണ് എന്നു നമ്മൾ പറയുന്നു. അത് അയാളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടു മാത്രമാണ്. നിഷ്പക്ഷമായ ഒരു വിലയിരുത്തലല്ല. ഒരാളിലെ സ്വാർഥത നമുക്ക് ഐഡന്റിഫൈ ചെയ്യാൻ കഴിയണമെങ്കിൽ നമ്മളിലും സ്വാർഥതയുണ്ടാകണം. നമ്മളിൽ ഇല്ലാത്ത സ്വാർഥത മറ്റൊരാളിൽ ഉണ്ടെങ്കിലും നമുക്കതു തിരിച്ചറിയാൻ കഴിയില്ല. മദ്യത്തിന്റെ മണം ഒരിക്കലും അറിയാത്തവർക്കു മദ്യപിച്ചയാളെ കണ്ടാൽ അയാൾ മദ്യപിച്ചതാണ് എന്നു തിരിച്ചറിയാൻ കഴിയാത്തതു പോലെ.

ഒരാൾ സ്വാർഥനെന്നു പറയുമ്പോൾ അതിൽ പകുതി സ്വാർഥത നമുക്കു തന്നെയാണ്. അതു പോലെ ഒരാൾ നല്ലയാളാണ് എന്നു പറയുമ്പോൾ പകുതി നൻമയും നമുക്കാണ്. അപ്പോൾ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം എല്ലാവരെക്കുറിച്ചും നല്ലതു പറയുക എന്നതാണ്. അപ്പോൾ അതിൽ പാതി നമുക്കു കിട്ടും!

ബുദ്ധന്റെ കഥ കേട്ടിട്ടില്ലേ?

‘ശ്രീബുദ്ധൻ ഒരു ദിവസം ഭിക്ഷാടനത്തിനിറങ്ങി. ഒരു വീട്ടിലെത്തി. അവിടുത്തെ സ്ത്രീ ഏതോ ഭിക്ഷക്കാരനെന്നു കരുതി ബുദ്ധനെ നിറയെ ചീത്ത വിളിച്ച് ഇറങ്ങിപ്പോകാൻ പറഞ്ഞു.

അപ്പോൾ ബുദ്ധൻ: സഹോദരീ, നിങ്ങൾ ഭിക്ഷ തന്നിട്ട് അതു ഞാൻ വാങ്ങാൻ കൂട്ടായിക്കിയില്ലെങ്കിൽ അതാരുടേതാകും?

സ്ത്രീ: അതിൽ തനിക്കെന്താ ഇത്ര സംശയം. അത് എന്റെ കയ്യിലല്ലേ, എന്റേതു തന്നെയായിരിക്കും.

അപ്പോൾ ബുദ്ധൻ പറഞ്ഞു – സഹോദരീ, നിങ്ങൾ ഇപ്പോൾ പറഞ്ഞ ശകാരവാക്കുകളും അങ്ങനെത്തന്നെ. ഞാൻ അവ സ്വീകരിക്കുന്നില്ല.’

ബുദ്ധം ശരണം!

റാം

∙∙∙

ജാനൂ

പ്രേമിക്കൽ ഒരു അച്ചടക്ക ലംഘനമാണ്. അപ്പോൾ ഒരു നിയമവും ബാധകമല്ല. എല്ലാ അതിരുകളും ലംഘിക്കപ്പെടണം.

എല്ലാ നിയന്ത്രണങ്ങളും തകർക്കണം. എന്തു ചെയ്യരുത് എന്നു പറയുന്നുവോ അതൊക്കെയും ചെയ്യണം.

അടിക്കണം, പൊളിക്കണം, തലകുത്തി മറിയണം, കൂത്താടണം.

പ്രേമം തികഞ്ഞ അരാജകത്വമാകണം. നിറഞ്ഞ ഭ്രാന്താവണം.

ലോകം പേടിച്ച് തിരിച്ചു വരാൻ കഴിയാത്തവണ്ണം ദൂരേയ്ക്ക് ഓടിപ്പോകണം.

പ്രണയിക്കുമ്പോൾ ലോകം ആവശ്യമില്ല.

ലോകം പൊട്ടിത്തെറിക്കണം.

നമുക്ക് ഉന്മാദത്തോളം പ്രേമിക്കണം. ചുംബിക്കണം.

ലോകം തകരണം.

റാം

∙∙∙

ജാനൂ,

എഴുതാൻ ഉദ്ദേശിച്ച ആ കഥയെക്കുറിച്ചു പറയാം.

ചെറിയൊരു പ്രണയത്തിനൊടുവിലാണ് രാധികയും അയാളും വിവാഹിതരാകുന്നത്. അയാൾ നഗരത്തിലെ ചെറിയൊരു കമ്പനിയിലെ കണക്കെഴുത്തുകാരനാണ്. നഗരാതിർത്തിയിൽ കുഞ്ഞു വാടകവീട്ടിലാണ് അവരുടെ താമസം. അയാളുടെ ശമ്പളത്തിൽ അവർക്ക് ആലോചിക്കാൻ കഴിയുന്ന കൊള്ളാവുന്ന വീട്. വീട്ടിൽ പക്ഷേ ഇരുണ്ട മൂലകളുണ്ട്. ഇഴജന്തുക്കളും പ്രാണികളും മറ്റു ജീവികളുമൊക്കെയുണ്ട്. മധുവിധുദിനങ്ങളിൽ അവർ അതിനൊടൊക്കെ സഹവർത്തിച്ചു. രാധികയ്ക്കു ഭയവും സങ്കടവുമുണ്ട്. പക്ഷേ, പ്രണയലഹരിയിൽ, പിന്നെ അയാൾ പറഞ്ഞുകൊടുക്കുന്ന എണ്ണമറ്റ കഥകളിലൂടെ തുടക്കത്തിൽ അവൾ അതിനോട് അഡ്ജസ്റ്റ് ചെയ്തു. അയാൾക്കു പറയാൻ നിറയെ കഥകൾ - ഭൂമിയുടെ അവകാശികൾ, എലിപ്പത്തായം, ഖസാക്കിന്റെ ഇതിഹാസം, മൗസ് ഹണ്ട്….

അങ്ങനെയിരിക്കെ രാധിക ഗർഭിണിയായി. കൊച്ചുമാളു അവളുടെ ഉള്ളിൽ വളരുകയാണ്. അതോടെ രാധികയ്ക്കു ഭയം. കമ്പനിയിലെ ജോലിക്കു ശേഷം അയാൾ മടങ്ങിയെത്തും വരെ അവൾ വീട്ടിൽ തനിച്ചാണ്. ഒടുവിൽ ഒരു ദിവസം ബാത്റൂമിൽ ഒരു പാമ്പിനെക്കൂടി കണ്ടതോടെ അയാൾക്കു രാധികയോടു പറയാൻ മറ്റൊന്നുമില്ലാതായി. അയാൾ ചെന്നു നോക്കുമ്പോൾ നാൽപതു വാട്ടിന്റെ മഞ്ഞവെളിച്ചത്തിൽ തിളങ്ങി, ഇരുണ്ട മൂലയിൽ പേടിച്ചുചുരുണ്ട് കിടക്കുകയാണ് ഒരു മഞ്ഞച്ചേര…

ഇനി കഥകൾ കൊണ്ടു രക്ഷയില്ല. അങ്ങനെ അയാൾ ഒരു വീടുപണിയാൻ തീർച്ചയാക്കുകയാണ്. ലോണുകളും അതുമിതുമൊക്കെ തട്ടിക്കൂട്ടി എങ്ങനെയൊക്കെയോ പണി തുടങ്ങുന്നു. അയാൾക്കറിയാം ഇതു പൂർത്തിയാവില്ല എന്ന്. പക്ഷേ അവൾ നോക്കുമ്പോൾ അകത്ത് മാളു വളരുന്നു. പുറത്ത് വീടും. ഓരോ ദിവസവും അവൾ കൂടുതൽ കൂടുതൽ സുന്ദരിയാകുന്നു. കവിളുകളിൽ തുടിപ്പ്.

പതിയേ രാധിക ഗർഭഭാരത്താൽ തളർന്നു തുടങ്ങുന്നു. തളർച്ച പക്ഷേ അതുകൊണ്ടു മാത്രമല്ല. പുറത്ത് വീടു പണി നിന്നു. പണം തീർന്നു തുടങ്ങി. അവൾക്ക് മാളുവിനെ പുതിയ വീട്ടിൽ പ്രസവിക്കണം. പക്ഷേ, അവൾ പറയുന്നതൊന്നും അയാൾക്കു മനസ്സിലാവാതാകുന്നു. അവളുടെ ഭാഷ മറ്റെന്തോ ആയി മാറുന്നു. ബാബേലിന്റെ കഥയറിയില്ലേ? അയാൾക്ക് അവളോട് ഒന്നും പറയാൻ കഴിയുന്നില്ല. പറയുന്നതാകട്ടെ അവൾക്കു മനസ്സിലാകുന്നുമില്ല.

ഒടുവിൽ അയാൾ വീടിന്റെ ഇരുണ്ട മൂലയിലേക്ക് പേടിച്ച്, ഒരു പാമ്പിനെപ്പോലെ ചുരുണ്ടു കൂടുന്നു..

അയാൾക്കപ്പോൾ, ഇരുട്ടാണ് ഏറ്റവും വലിയ വീട്.

കഥ തീരുന്നു.

ഇത് എങ്ങനെ എഴുതിയുണ്ടാക്കും എന്നറിയില്ല.

എഴുതി പൂർത്തിയാകുമോ എന്നുമറിയില്ല.

നീ എഴുതുമോ?

റാം.

∙∙∙

ജാനൂ,

പ്രണയം ഒരു വീടു പോലെയാണ്. ഇരുണ്ട മൂലകളുള്ള എത്ര വാട്ട് വെളിച്ചമുള്ള ബൾബിട്ടാലും തെളിയാത്ത മൂലകളുള്ള ഒരു വീട്.

പ്രണയം കാണാത്തിടങ്ങളിലേക്ക് എപ്പോഴും തിരഞ്ഞുപൊയ്ക്കൊണ്ടേയിരിക്കണം. ഒരിക്കലും പൂർണമായി കാണാൻ കഴിയരുത്.

ഒരു ട്യൂബ് ലൈറ്റുകൊണ്ട് ഒരു പക്ഷേ ഒരു വീടിനെ പ്രകാശിപ്പിക്കാം – എല്ലാ മൂലകളും എല്ലാ വാതിൽപ്പുറങ്ങളും എല്ലാ ഇരുളുകളും …

പക്ഷേ അപ്പോൾ വീടിന്റെ നിഗൂഡത നഷ്ടമാകും. പ്രണയവും അങ്ങനെയാണ്.

അതിന് ഒരു നിഗൂഡ ഭാവാത്മകത വേണം.

വെളിച്ചമെത്താത്ത ഇരുൾചതുപ്പുകൾ വേണം.

റാം

∙∙∙

ജാനു

 

എനിക്കെത്രയാണ് നിന്നെയിഷ്ടം എന്നറിയോ?

ഒരു ആനയോളം

ആനയെക്കാൾ വലുതൊന്നുമില്ലേ?

ഉണ്ടല്ലോ

എന്ത്?

തീവണ്ടി.

തീവണ്ടിയോളം നിന്നെ പ്രണയിച്ച്,

റാം.

∙∙∙

ജാനു,

ഒ.വി വിജയന്റെ പൂവ് എന്നൊരു കഥയുണ്ട്.

അതിൽ പെൺകുട്ടി പൂവിനോടു ചോദിക്കുന്നു: ‘നിനക്ക് എത്ര ആയുസ്സുണ്ട്?’

‘ഒരു ദിവസം’ – പൂവ് പറഞ്ഞു, ‘സൂര്യൻ താഴുമ്പോൾ ഞാൻ വാടും.’

‘അത്ര കുറച്ചേ ഉള്ളോ?’ എന്നു കുട്ടി.

അപ്പോൾ പൂവിന്റെ ഇതളുകൾ കൂടുതൽ വിടർന്നു. അതു പറഞ്ഞു: ‘അതു മതി. അത് ഒരുപാട് സമയമാണ്.’

‘എന്നാലും സൂര്യൻ താഴുന്നതു വരെയല്ലേ’ – പെൺകുട്ടി ചോദിച്ചു.

പൂവു പറഞ്ഞു: ‘പാവം കുഞ്ഞേ, എന്റെ സമയവും നിന്റെ സമയവും രണ്ടനുഭവങ്ങളാണ്.’

പൂവിന്റെ സമയം പെൺകുട്ടിയുടെ സമയബോധത്തിൽ തീരെച്ചെറുതാണ്. പൂവിനാകട്ടെ അതു വലിയ കാലയളവും. അങ്ങനൊന്നു സങ്കൽപിച്ചു നോക്കൂ. ഈ സമയാനുഭവങ്ങളെ ഒരിക്കലും നമ്മുടെ മാത്രം അനുഭവത്തിന്റെ പരിധിയിൽനിന്നു കൊണ്ടു നമുക്കു മനസ്സിലാക്കാൻ കഴിയില്ല. സമയത്തിന്റെ കാര്യത്തിൽ പൂവും കുട്ടിയും എന്ന പോലെ മറ്റു പല കാര്യങ്ങളിലും മനുഷ്യർക്കിടയിലും ഈ മനസ്സിലാകായ്കകളുണ്ട്.

ഒരന്ധൻ സ്വപ്നം കാണുന്നതെങ്ങനെയാകും ?

ഞാൻ ഒരു അന്ധ സുഹൃത്തിനോടു ചോദിച്ചു. അയാൾ പറഞ്ഞത് കാണാറുണ്ട് എന്നാണ്.

എന്തു രൂപങ്ങളാണു കാണുക?

എന്തൊക്കെയോ രൂപങ്ങൾ.

അത് എന്താണ് എന്നു തിരിച്ചറിയാൻ അവനു കഴിയില്ല. കളറിൽ ആണോ ആ ദൃശ്യങ്ങൾ? അറിയില്ല. കാരണം എന്താണ് കളർ എന്നവർക്കറിയില്ല.

നിറം എന്താണെന്ന് എങ്ങനെയാണ് ആ സുഹൃത്തിനു വിശദീകരിച്ചു കൊടുക്കുക?

സാധിക്കില്ല.

പെൺകുട്ടിക്ക് പൂവിന്റെ സമയാനുഭവത്തെ എന്ന പോലെ എനിക്ക് അന്ധസുഹൃത്തിന്റെ സ്വപ്നാനുഭവത്തെയും സുഹൃത്തിന് എന്റെ വർണാനുഭവത്തെയും പരസ്പരം ഉൾക്കൊള്ളാൻ കഴിയുന്നതേയില്ല.

അതുപോലെത്തന്നെയാണ് ചില മനുഷ്യരുടെ കാര്യവും. പ്രണയത്തെ അവർക്ക് ഉൾക്കൊള്ളാനാകില്ല. അത് അവരുടെ കുഴപ്പമേയല്ല. അവരുടെ അനുഭവലോകത്തിന്റെ പരിമിതിയാണ്. പ്രണയം എന്ന അനുഭവം അവർക്ക് അന്യമാണ്. ഒരന്ധൻ നിറത്തെ അറിയാത്തതു പോലെ, അവർ പ്രണയത്തെ അറിയുന്നില്ല. പ്രണയത്തെക്കുറിച്ച് അവർ അന്ധരാണ്.

അന്ധൻ ആനയെ കാണും പോലെ, അവർ പ്രണയത്തെ തൊട്ടുനോക്കാൻ ശ്രമിക്കുന്നു. അതിന്റെ തുമ്പിക്കയ്യിൽ പിടിച്ച്, അയ്യേ എന്തൊരു വൃത്തികേട്, എന്തൊരു മാനക്കേട് എന്നു വിളിച്ചു കൂവുന്നു.

അവർക്കൊരിക്കലും

പ്രണയത്തിന്റെ

ഘനശ്യാമമോഹനമായ ആനയെ,

ദ്രുതവേഗം പായുന്ന തീവണ്ടിയെ,

അലസമൊഴുകും പുഴയെ,

ആർത്തിരമ്പും കടലിനെ

പൂർണമായും ഉൾക്കൊള്ളാനേ കഴിയില്ല.

റാം

∙∙∙

ജാനൂ,

പ്രണയത്തിന്റേത് എഴുതപ്പെടാത്ത ഭരണഘടനയാണ്.

അതിന് അതു തോന്നും പോലെ നിർമിക്കുന്ന നിയമങ്ങളേയുള്ളൂ.

നമുക്കു ചുംബിക്കാൻ തോന്നുന്ന നിമിഷം നമ്മൾ ചുംബിക്കുന്നു.

അപ്പോൾ ചുംബനം പ്രണയത്തിന്റെ ഭരണഘടനയിൽ നിയമാനുസൃതമാണ്.

അങ്ങനെ എന്തും ഏതു വരേയ്ക്കും.

പ്രണയത്തിന് അതിരുകളില്ല.

അതിൽ ഉൾച്ചേർന്നിരിക്കുന്ന വികാരങ്ങൾക്ക് എണ്ണവുമില്ല.

പ്രണയം അരാജകമാണ്.

അതിന്റെ ഏറ്റവും ഉദാത്തതയിൽ പരസ്പരം കൊന്നു കളയണം.

അത്രയ്ക്കും അഗാധമാണ് പ്രണയം.

ലോകത്തിന്റെ നിയമങ്ങൾ കൊണ്ട് അതിനെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതില്ല.

കാരണം, പ്രണയം അലൗകികമാണ്.

തോറ്റു പോവുകയേയുള്ളൂ,

പാവം ലോകം.

റാം

∙∙∙

ജാനൂ,

സ്നേഹത്തെക്കാൾ, കരുതലിനെക്കാൾ, മനസ്സിലാക്കലിനെക്കാൾ പ്രലോഭനകരമായി മറ്റെന്താണുള്ളത്?

മാധവിക്കുട്ടി പറയും പോലെ, ഒരു മനുഷ്യനെ സ്വാർഥമെന്യേ സ്നേഹിക്കാൻ കഴിഞ്ഞാൽ അയാൾ ഒരു നായക്കുട്ടിയെപ്പോലെ നമ്മുടെ കാൽക്കീഴെ പതുങ്ങിക്കിടന്നോളും.

സ്നേഹത്തിന്റെ സംരക്ഷണം ലഭിക്കാത്തവർ അപകടകാരികളായിരിക്കും, അസഹിഷ്ണുക്കളായിരിക്കും.

എന്നെ സ്നേഹത്താൽ പൊതിഞ്ഞു സംരക്ഷിക്കൂ,

റാം

∙∙∙

ജാനൂ,

എന്റെ കയ്യിൽ നീ വസന്ത കാലത്തെ പൂമരം പോലെയായിരിക്കും.

ഓരോ ചില്ലയിലും തളിരിട്ട്...

ഞാൻ തൊടുമ്പോൾ പൂവിടും പോലെ നിന്നെ ഞാൻ സ്നേഹിക്കും.

നീമരമെന്ന തണലിലിരിക്കുമ്പോൾ ഞാൻ അജയ്യനായ ഒരു മനുഷ്യനാകും.

ലോകത്തിലെ ഒരു ശക്തിക്കും ജയിക്കാൻ കഴിയാത്ത അജയ്യനായ രാജകുമാരൻ..

റാം

∙∙∙

ജാനൂ,

എന്റെ മുറിയിൽ അനധികൃതമായി താമസിമുറപ്പിച്ചിരിക്കുന്ന ഇവൻ അവന്റെ അസംഖ്യം കാമുകിമാരിലാർക്കോ എഴുതുന്നു,

‘സവിസ്മയം നിന്റെ

കണ്ണിലെക്കടൽ

കണ്ടിരിക്കാനാണെനിക്കിഷ്ടം’

ഞാനും അതു തന്നെ പറയുന്നു.

റാം

∙∙∙

ജാനു,

എനിക്കൊന്നുമില്ല, എഴുതാനും പറയാനും. ആകെ ദാർശനിക ശൂന്യതയാണ്.

നിന്നെ കാണണമെന്നുണ്ട്.

തിരക്കില്ലാതെ ശാന്തമായി കുറെ നേരം ചേർന്നിരുന്നു വർത്തമാനം പറയാൻ, വെറുതെ...

എന്ന്?

എങ്ങനെ?

നടക്കില്ലായിരിക്കും.

സാരമില്ല.

റാം.

∙∙∙

ജാനൂ,

നിലാവിന്റെ നീല വിരലുകളിൽ ഒന്നു തൊടണം.

റാം

∙∙∙

ജാനൂ,

എന്റെ മേശപ്പുറത്തെ പുസ്തകത്തിനുമേൽ

ഒരു വെളുത്ത ചിത്രശലഭം വന്നിരുന്നു.

ഒരു ധ്യാനത്തിലെന്ന പോലെ അനക്കമറ്റ്.

നോക്കിയിരിക്കെ പെട്ടെന്നൊരുനിമിഷം

അത് ചിറകുനീർത്തീയെണീറ്റ്

മുറിയാകെ പറന്നു പറന്ന്…

എവിടെയാണു മറഞ്ഞത് ?

റാം

∙∙∙

ജാനു

എങ്ങനെയാണ് ഞാൻ നിന്നെ ഓമനിക്കുക?

താരാട്ടുപാടിയുറക്കുക?

നീ എന്റെ കുഞ്ഞാണ്

എനിക്കു മാത്രം താരാട്ടുപാടിയുറക്കാൻ അവകാശമുള്ള എന്റെ മകൾ

എന്റെ വിരൽത്തുമ്പിൽ നിന്ന് എവിടേയ്ക്കും വിടില്ല നിന്നെ ഞാൻ…

റാം

∙∙∙

ജാനു,

 

നീയുണ്ടല്ലോ എനിക്ക്

മഷിതീരുവോളം,

താളുകളൊടുങ്ങുവോളം,

ഭ്രാന്തുകൾ കുത്തിനിറച്ച്

തുപ്പൽ ചേർത്തൊട്ടിച്ച്,

അരുമയോടെ മേൽവിലാസം കുറിച്ച്,

നീയുണ്ടല്ലോ

എനിക്കെഴുതാൻ…

റാം

∙∙∙

ജാനൂ,

മറ്റെങ്ങും വിളിക്കാൻ കഴിയാത്ത

ഒരു ടെലിഫോൺ പോലെ ഞാനിപ്പോൾ.

റിസീവിങ് എൻഡിൽ ഒരാൾ മാത്രം.

സംസാരിച്ചുകൊണ്ടേയിരിക്കുക,

ഈ ഫോണിൽ വിളികളൊക്കെയും

സൗജന്യമാണ്.

റാം

∙∙∙

ജാനൂ,

ഈ ഹോട്ട് ലൈൻ നിരന്തരം ത്രസിച്ചുകൊണ്ടേയിരിക്കുന്നു,

ഹൃദയമിടിപ്പുപോലെ.

ഒരു തലയ്ക്കൽ നീയും മറുതലയ്ക്കൽ ഞാനുമിരിക്കുമ്പോൾ

ഈ ഹോട്ട് ലൈൻ ഭൂമിയെ വലംവച്ച്

ഹൃദയമിടിപ്പു പോലെ

നിർത്താതെ ത്രസിച്ചുകൊണ്ടേയിരിക്കുന്നു….

റാം

∙∙∙

ജാനു,

നിനക്കെഴുതുക എന്നതല്ലാതെ മറ്റെല്ലാം സാധ്യതകളെയും നശിപ്പിച്ചു കളയുന്ന ഒരു സന്ധ്യ.

നാലു മണി.

മഴ തിമിർത്ത് പെയ്യുകയാണ്.

ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നാണ് ആകാശം കാർമേഘം വന്നു മൂടുകയും അന്തരീക്ഷമാകെ ഇരുളുകയും

പിന്നെ മഴ പൊട്ടിവീഴുകയും ചെയ്തത്.

മഴയിലേക്കു നോക്കി തണുത്തിരുന്നു

ഞാൻ നിനക്കെഴുതുകയല്ലാതെ മറ്റെന്തും ചെയ്യാനാണ് ?

മഴ എന്നെയാകെ കോരിത്തരിപ്പിക്കുന്നു.

ഇതിലേക്ക് ഇറങ്ങിയോടിയാലോ നിർത്താതെ, മഴ തീരും വരെ….?

എന്തൊക്കെയാണ് ഒരു മഴ ഓർമപ്പെടുത്തുന്നത്…?

എനിക്ക് വയ്യാതാകുന്നു..

എന്നാണ് നമ്മൾ ഒന്നിച്ചു നടക്കുന്ന മഴ?

നീല ഉടുപ്പുകളിട്ട് പരസ്പരം ചേർത്തുപിടിച്ച് ഒരു കുടയിൽ ഒന്നായി

ലോകാവസാനത്തോളം നമ്മൾ നടക്കുന്ന മഴ

ജാനൂ,

ഞാനിനി മഴയിലേക്ക് ആഴത്തിൽ നോക്കിയിരിക്കട്ടെ…

നിന്നോടുള്ള പ്രണയത്താൽ ആകെ നനഞ്ഞ്, കുതിർന്ന്, തളർന്ന്, നഗ്നനായി,

ഉണ്ണിയായി പിറന്നുനിൽക്കുന്നു ഞാൻ….

റാം

∙∙∙

ജാനു,

ഇന്നലെ നിന്റെ കത്തുകൾ എടുത്തു വായിക്കുകയായിരുന്നു ഞാൻ. അതിൽ ഒരു വികാരപ്രപഞ്ചമാകെ അലയടിക്കുന്നു.

എത്ര കുറഞ്ഞ കാലം കൊണ്ട് എഴുതിത്തീർത്തവയാണ് ഇക്കത്തുകളത്രയും.

വായിച്ചിരിക്കേ ഓരോ നിമിഷവും ഞാൻ രൂപാന്തരപ്പെട്ടുകൊണ്ടേയിരിക്കുന്നു,

ഓരോ വരിയിലും ഞാൻ ഓരോ വികാരവും ഓരോ ജീവിയുമാകുന്നു,

നിരന്തരം, നിരന്തരം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മനുഷ്യജീവി ഒടുവിൽ എന്തായിത്തീരും?

എത്രയെത്ര ഓർമകൾ, രംഗങ്ങൾ, വാക്കുകൾ, സ്വപ്നങ്ങൾ, പേടികൾ, വഴക്കുകൾ, കരച്ചിൽ….

വികാരങ്ങളാണ് മനുഷ്യനെ നിർണയിക്കുന്നത് എന്ന് എനിക്കു തോന്നുന്നു.

ഓരോ വികാരത്തിലും നമ്മൾ ഓരോ വിചിത്രസ്വരൂപിയായ ജീവിയാണ്.

 

റാം

∙∙∙

ജാനൂ,

 

സ്നേഹിക്കുന്നവർക്കു തൂവാല സമ്മാനമായി കൊടുക്കരുതെന്നു പറയാൻ കാരണം ഒരുപക്ഷേ ഒഥല്ലോയുടെ കഥയായിരിക്കും. ഒഥല്ലോ ഡെസ്ഡിമോണയ്ക്ക് ഒരു വിശിഷ്ട തൂവാല സമ്മാനിക്കും. അത് അവളുടെ കയ്യിൽനിന്നു നഷ്ടപ്പെടുകയും കാസിയോയ്ക്കു കിട്ടുകയും ചെയ്യും. കാസിയോയുടെ കയ്യിൽ ഈ തൂവാല കാണുന്ന ഒഥല്ലോ ഭാര്യയെ സംശയിക്കുകയും അവളെ കൊല്ലുകയും ചെയ്യും. …

പക്ഷേ, ജാനൂ, നീ തരുന്ന തൂവാലകൾ എന്റെ കയ്യിൽനിന്നു നഷ്ടപ്പെടുകയേ ഇല്ല. ആർക്കും കൊടുക്കുകയുമില്ല.

എനിക്ക് നിന്റെ സ്നേഹം തുന്നിയ തൂവാലകൾ വേണം.

 

റാം

∙∙∙

ജാനൂ

എന്റെ

ഒരു കീറാകാശത്ത്

സപ്തവർണങ്ങളുടെ

ഒരു ചാപം.

മിഴികളിൽ

സൂര്യമുഖം

ജ്വലിപ്പിച്ച്

ഒരു പൂവ്

നീ.

റാം

∙∙∙

ജാനു,

ചൂടാണ്.

മഴക്കാലത്തിന്റെ വിദൂര ലാഞ്ചന പോലുമില്ല.

വെയിൽ മാത്രം.

‘He who is hell

carries hell wherever he goes’ എന്നു മിൽട്ടൺ എഴുതീട്ടുണ്ട്.

അതു പോലെയാണ് എന്റെ കാര്യം.

ഞാൻ പോകുന്നിടത്തെല്ലാം വെയിലും ചൂടും മാത്രം.

വയ്യ.

റാം

∙∙∙

ജാനൂ

നിന്റൊപ്പമിരിക്കുമ്പോൾ വലിയ ആശ്വാസമാണ്. അങ്ങനിരുന്നാൽ മതി. ഒന്നും പറയേണ്ട.

അടുത്തു ചേർന്ന് പ്രിയങ്കരമായൊരു സാന്നിധ്യം.

അങ്ങനിരുന്ന്, ആരും കാണാതെ കൈകൾ കോർത്തുപിടിച്ച് ദീർഘദീർഘം യാത്ര പോകണം. ഒരിക്കലും തീരാതെ…

പുറത്ത് മഴയും വെയിലും ഋതുക്കളുമൊക്കെ മാറി മാറി വരും.

നമ്മൾ അനന്തയാത്രികർ…

നിത്യ പ്രണയികൾ…

റാം

∙∙∙

ജാനൂ,

എന്റെ ലോകം സംഭവരഹിതവും വിരസവും ഭയവും ആശങ്കകളും നിറഞ്ഞ് പതിവു പോലെ….

മുങ്ങിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ മുങ്ങുമെന്നുറപ്പുള്ള ഒരു കപ്പലിലെ യാത്രികനാണ് ഞാൻ.

ഏതോ വിദൂരമായ ഒരു വിളക്കുമാടത്തിലേക്ക് മിഴികൾ നട്ട്…

ചുറ്റുമിരുട്ടിൽ പ്രതീക്ഷയുടെ ഒരൊറ്റവിളക്ക്….

എത്ര അകലെയാണ് നീ?

 

റാം

∙∙∙

ജാനൂ

ഓർമകളുടെ ഒരനന്തശേഖരം പോലെയാണ് മനസ്സ്.

ചില കീവേഡുകൾ, പാസ്‍വേഡുകൾ ഒക്കെ കൊടുക്കുമ്പോൾ കംപ്യൂട്ടർ ഫയലുകൾ തുറന്നു വരും പോലെ ചില താക്കോലുകളുണ്ട്.

അവ ഉപയോഗിക്കുമ്പോൾ ഓർമയുടെ നീളൻ ഫയലുകൾ തുറന്നു കിട്ടുന്നു.

ഓരോന്നിലും നീ.

റാം

∙∙∙

ജാനു,

ഉണർന്നിരിക്കുമ്പോഴും ഞാൻ ഇപ്പോൾ സ്വപ്നങ്ങളുടെ അനന്തതയിലേക്കു വീണു പോകുന്നു.

എന്തൊക്കെയാണ് ഞാൻ കാണുന്നത്?

അറിയില്ല. പക്ഷേ വിചിത്രമായ എന്തൊക്കെയോ...

മറ്റാർക്കെങ്കിലും ഉണ്ടാവുമോ ഇത്രയധികം സ്വപ്നങ്ങൾ?

അതെല്ലാം ഓർത്തെടുത്ത് എഴുതാൻ കഴിഞ്ഞിരുന്നുവെങ്കിൽ …

ജീവിതം തന്നെ നീണ്ടൊരു സ്വപ്നം പോലെ തോന്നുന്നു.

എത്ര വിചിത്രവും വിദൂരവുമായ അപരിചതവുമായ ലോകങ്ങളിലും പശ്ചാത്തലങ്ങളിലുമാണ് നമ്മൾ എത്തിപ്പെടുന്നത്!

ഇപ്പോഴിതാ ഏതോ വിദൂരലോകത്തിലെ ഇൗ മുറിയിലിരുന്ന് ഞാൻ നിനക്കെഴുതുന്നു.

എന്താണ് ജീവിതത്തിന്റെ അർഥം?

റാം

∙∙∙

ജാനൂ,

തോൽക്കാനും വേണമല്ലോ ആളുകൾ. തോൽവികളും കൂടി ചേർന്നതാണല്ലോ ജീവിതം. അരുന്ധതി റോയിയെ ഇപ്പോൾ വായിച്ചു വച്ചതേയുള്ളൂ. അവർ, മറ്റൊരു കോൺടെക്സ്റ്റിലാണെങ്കിലും എഴുതിയത് തോറ്റുപോകുന്ന എല്ലാവർക്കും ചേരും:

 

There are other worlds. Other kinds of dreams. Dreams in which failure is feasible. Honourable. Sometimes even worth striving for. World in which recognition is not the only barometer of brilliance or human worth. There are plenty of warriors that I know and love who go into war each day , knowing in advance that they will fail. True, they are less ‘successful’ in the most vulgar sense of the word, but by no means less fulfilled.

 

തോൽക്കുമെന്നുറപ്പുള്ള പോരാട്ടങ്ങൾ. തോൽവിയിലും വിജയമാകുന്ന യുദ്ധങ്ങൾ.

നമുക്കു തോൽക്കാനും കഴിയും ജാനൂ.

റാം

∙∙∙

ജാനു

നമ്മളിലാരാണ് ആദ്യം മരിക്കുക?

നമുക്ക് ഒരുമിച്ചു മരിക്കണം

അല്ലെങ്കിൽ ജാനു ആദ്യം മരിക്കണം.

അതെന്തിനാണെന്നോ, ഞാനാദ്യം മരിച്ചാൽ ഞാനില്ലാത്ത ലോകത്ത്

നീ പിന്നെ ഒറ്റയ്ക്കായിപ്പോകില്ലേ?

ഒരു നിമിഷം പോലും നിന്നെ ഒറ്റയ്ക്കാക്കാൻ എനിക്കാവില്ല, ജാനു.

റാം

∙∙∙

ജാനു,

നിന്റെ പിറന്നാൾ

ഈ ദിവസത്തെ മുഴുവൻ അപ്രതീക്ഷിതമായ സന്തോഷങ്ങൾ കൊണ്ടു നിറയ്ക്കാൻ കഴിഞ്ഞെങ്കിലെന്ന്…

ഓരോ നിമിഷവും നിന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിസ്മയങ്ങളുടെ ചെപ്പുകൾ തുറന്ന്…

ജാനൂ,

ഇന്ന് അതികാലത്ത് പുതിയ ഉടുപ്പിട്ട്, ചുവന്ന കുടചൂടി, നേർത്ത മഞ്ഞിലൂടെ ചുവന്ന മൺപാതയിൽ നടന്നുവരണം നീ. നീയറിയാതെ പിന്നിലൂടെ ഓടി വന്ന് ഞാൻ ആ കുടയിൽ കയറും. നമ്മൾ കൈകൾ കോർത്തു പിടിച്ച് മഞ്ഞിലൂടെ നടക്കും. അപ്പോൾ, എവിടെനിന്നു കിട്ടിയതെന്നറിയാത്ത, ഇതളുകളിൽ മഞ്ഞുതുള്ളികളുള്ള ഒരു ചുവന്ന റോസാപ്പൂ ഞാൻ നിനക്കു തരും. അതുകണ്ട്, പൂവിനെക്കാളും മഞ്ഞിനെക്കാളും മധുരമായി നീ ചിരിക്കും.

അപ്പോൾ ഞാൻ നിനക്കൊരു സമ്മാനപ്പൊതി തരും.

പൊതിയഴിക്കുമ്പോൾ അതിൽനിന്ന് അപ്പൂപ്പൻ താടികൾ പറന്നുയരും.

മഞ്ചാടിമണികൾ ഉതിർന്നു വീണ് സംഗീതമാകും.

ചിത്രശലഭങ്ങൾ നമുക്കു ചുറ്റും പാറിപ്പറക്കും.

ലോകത്ത് നമ്മൾ മാത്രമാകും

റാം

∙∙∙

ജാനൂ,

ചുവരിൽ നിറം മങ്ങിയ

ഒരു ചിത്രം

തൂക്കിയിട്ടിരിക്കുകയാണ്.

അരികുകളിൽനിന്ന്

മഞ്ഞനിറം

പടർന്നു തുടങ്ങിയിരിക്കുന്നു.

എങ്കിലും മുഖങ്ങൾ മാത്രം

തെളിവെയിൽ പോലെ

വ്യക്തമാണല്ലോ.

പക്ഷേ, പക്ഷേ…

 

ആരോടും ഒരുവാക്കു പോലും പറയാതെ

ആരൊക്കെയാണ്

ചിത്രത്തിൽനിന്നും

നിശ്ശബ്ദം

ഇറങ്ങിപ്പോയത്?

റാം

∙∙∙

ജാനു

എനിക്ക് നിന്റെ അക്ഷരങ്ങൾ വേണം,

നിറവും മണവും മനസ്സുമുള്ള അക്ഷരങ്ങൾ,

എനിക്ക് പിന്നെയും പിന്നെയും എടുത്തു നോക്കാൻ,

വിഷാദങ്ങളിലേക്കു വീണുപോകുമ്പോഴൊക്കെ

എടുത്തു വായിച്ച് ആശ്വാസം കൊള്ളാൻ.

ഓർമപുതുക്കലിന്.

നിന്റെ സാന്നിധ്യം അറിയുന്നതിന്.

ജീവനുള്ള അക്ഷരങ്ങൾ

ഉറച്ച തെളിവുകൾ

എഴുതണം ജാനൂ

റാം.

∙∙∙

ജാനു,

പുരാവസ്തു ഗവേഷണം പോലെയാണ് പ്രണയം.

ആഴത്തിലാഴത്തിൽ ഖനനം ചെയ്തു ചെയ്തു പോവുകയാണ്.

ഇനിയുമെത്രയോ ആഴത്തിൽ,

നിധി പേടകങ്ങളും വർണവിസ്മയങ്ങളും മൺകൂനകളും

എണ്ണനിക്ഷേപങ്ങളും ശൂന്യസ്ഥലങ്ങളും

മുൾക്കാടുകളുമൊക്കെ കണ്ടെടുക്കാനിരിക്കുന്നു....

നമ്മളതു കുഴിച്ചു കുഴിച്ചു പോകുന്നു.

അതവസാനിക്കുമ്പോഴേക്ക് നമ്മൾ മരിച്ചിരിക്കണം!

റാം

∙∙∙

ജാനൂ,

നിനക്കിറുക്കാനൊരു പൂവുണ്ട്,

ചുവന്നു ചുവന്നെൻ

ഹൃദയത്തിൽ പൂവിട്ട്!

റാം

∙∙∙

 

ജാനൂ,

വസന്തം വരും,

ലോകമാകെ നിറങ്ങൾ കൊണ്ടു

മാറ്റിമറിക്കും.

അതിനുമുൻപേ

ഓരോ ഉണങ്ങിയ കൊമ്പും

പച്ചപൊടിയ്ക്കും

പിന്നെ

ഓരോ ചെടിയും

പൂവിടും

ചെറിമരം

അപ്പോൾ ആകെ തളിർത്തും പൂത്തും

ജീവന്റെ ചിരിയേറ്റി നിൽക്കും

വൈകാൻ കഴിയില്ല

വസന്തത്തിന്

റാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com