sections
MORE

വയലന്റ് ഡേ ആകാതിരിക്കട്ടെ വാലന്റൈൻസ് ഡേ

വയലന്റ് ഡേ ആകാതിരിക്കട്ടെ വാലന്റൈൻസ് ഡേ
SHARE

ഏതാനും വർഷങ്ങളായി ഓരോ വാലന്റൈൻസ് ദിനത്തിലും കേരളത്തിന്റെ പൊതുമനസാക്ഷിയെ വേദനിപ്പിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ പതിവാകുന്നു...

പഴയകാല ക്യാംപസുകൾ ഫെബ്രുവരി 14നു മാത്രമായി പ്രത്യേകിച്ചൊന്നും കരുതിയിരുന്നില്ല. സ്നേഹം, അതു തിരകൾ പോലെ സ്വാഭാവികമായി വരും, പോകും... അത്രതന്നെ. പ്രണയത്തിന്റെ മധുരനൊമ്പരത്തെ തേൻപുരട്ടിയ മുള്ളിനോട് ഉപമിക്കുന്ന കവിയായ കൂട്ടുകാരൻ, എങ്കിൽ ആ നൊമ്പരം അറിയാൻ മുള്ളു നാവിൽ തന്നെ കൊള്ളണമെന്നു കളിയാക്കുന്ന കൂട്ടുകാരി... ഇവരെല്ലാവരും ഇപ്പോൾ മ്യൂസിയത്തിലാണ്. 

ഇതേ ദിവസം കഴിഞ്ഞ വർഷം

വാലന്റൈൻസ് ദിനത്തിൽ സെന്റ് തെരേസാസ് കോളജിനു മുൻപിൽ ഗവ. ലോ കോളജ് വിദ്യാർഥികളും പൊലീസുമായുണ്ടായ സംഘർഷം ക്യാമറയിൽ പകർത്തിയ വിദേശികൾ പൊലീസിന്റെ പിടിയിലായി. മതിയായ യാത്രാരേഖകളില്ലാത്ത കാരണത്താലാണ് അറസ്റ്റ്.

പ്രണയത്തിന്റെ സ്വർഗമാണു പാരിസ്. അവിടെ നിന്നുള്ള പത്രപ്രവർത്തകനാണ് അറസ്റ്റിലായ അൽവാറസ് അൽബാൻ (41). രണ്ടാമൻ ഇംഗ്ലിഷുകാരനായ ഡറക് ഡാൻലി മക്ഡൊണാൾഡ് (43). അറസ്റ്റിലായ ശേഷം ഇവർ നൽകിയ മൊഴികളാണു കൗതുകകരം. ‘വാലന്റൈൻസ് ദിനത്തിൽ ഞങ്ങളുടെ രാജ്യത്തൊന്നും ഇത്തരം ആഘോഷങ്ങളും തെരുവിലിറങ്ങിയുള്ള പ്രണയപ്രകടനങ്ങളും ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ടാണു കൊച്ചിയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ തോന്നിയത്.’

അപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു: ‘നിങ്ങളുടെ രാജ്യത്തു തെരുവിൽ ക്യാമറയുമായി നടന്നു ഇങ്ങനെ ചിത്രങ്ങൾ പകർത്താൻ വിലക്കില്ലേ? ‘സ്വകാര്യ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ പകർത്തിയാൽ കുറ്റമാണ്. പക്ഷേ പ്രണയം തെരുവിൽ കാണിക്കാനുള്ളതാണോ സർ...?’ പ്രണയവും സ്നേഹവും ചുംബനവും മാത്രമല്ല ഫെബ്രുവരി 14 ന്റെ സംഭാവന.

ഇതേ ദിവസം 2 വർഷം മുൻപ്

വാലന്റൈൻസ് ദിനത്തിൽ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ യുവതീയുവാക്കളെ സദാചാര ഗുണ്ടകൾ ഭീഷണിപ്പെടുത്തി. അവരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. യുവതീയുവാക്കളെ സദാചാരഗുണ്ടകൾ ആക്രമിക്കുന്നതും ഇവർ ദയയാചിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊതുജനങ്ങളെ കയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചതു കടുത്ത നിയമലംഘനമാണ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആളിനെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതേ ദിവസം 4 വർഷം മുൻപ്

വാലന്റൈൻസ് ദിനത്തിൽ വീട്ടിൽനിന്നിറങ്ങി യുവാവിനൊപ്പം പോയ മലയാളി പ്ലസ് വൺ വിദ്യാർഥിനിയെ കക്കൽ തൊണ്ടിയിലെ തടാകത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവും പൊലീസിന്റെ പിടിയിലായി. സ്‌പെഷൽ ക്ലാസുണ്ടെന്നു പറഞ്ഞ് അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി സ്‌കൂൾ യൂണിഫോമിലാണു വന്നതെങ്കിലും യാത്രയ്‌ക്കിടെ വേഷം മാറിയിരുന്നു. തലേന്നു രാത്രി മൊബൈൽ ഫോണിലൂടെയാണ് ഇരുവരും യാത്രയുടെ കാര്യം ഉറപ്പിച്ചത്.

യാത്രയ്‌ക്കിടെ പൊൻകുഴിയിൽനിന്നു ലഘുഭക്ഷണം കഴിച്ച ഇരുവരും മൈസൂരു റൂട്ടിൽ ഗുണ്ടൽപേട്ടിലേക്കു പോയി. വനാതിർത്തി കഴിഞ്ഞു ഗുണ്ടൽപേട്ട് ഗ്രാമമായ കക്കൽ തൊണ്ടിയിൽ കൃഷി ആവശ്യങ്ങൾക്കായി നിർമിച്ച തടാകക്കരയിൽ ഇരുവരും വിശ്രമിക്കുന്നതു ഗ്രാമവാസികളും കണ്ടിരുന്നു. പിന്നീടു പെൺകുട്ടി വെള്ളത്തിൽ വീണു മരിച്ചതായി യുവാവു പറഞ്ഞു. 

പെൺകുട്ടി തടാകത്തിൽ നീന്താനിറങ്ങിയെന്നും ആദ്യ തവണ നീന്തിക്കയറിയ പെൺകുട്ടി വീണ്ടും വെള്ളത്തിലിറങ്ങിയപ്പോൾ ചതുപ്പിൽ താഴ്‌ന്നുപോയെന്നുമാണു യുവാവിന്റെ മൊഴികൾ.

ഇതേ ദിവസം 6 വർഷം മുൻപ്

വാലന്റൈൻസ് ദിനത്തിൽ കോട്ടയത്തെ ഡന്റൽ കോളജ് ഹോസ്‌റ്റലിൽ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തു. സംഭവത്തിൽ ഉൾപ്പെട്ട 4 സീനിയർ വിദ്യാർഥികളെ കോളജ് അധികാരികൾ പുറത്താക്കി. പ്രണയദിനത്തിൽ ജൂനിയർ വിദ്യാർഥികൾ നഗ്നരായി നടക്കണമെന്നായിരുന്നു സീനിയർ വിദ്യാർഥികളുടെ ആവശ്യം.

ഇതേ ദിവസം 7 വർഷം മുൻപ്

പേരൂർക്കട ലോ അക്കാദമി ലോ കോളജിൽ വാലന്റൈൻസ് ദിനത്തിൽ വിദ്യാർഥി നേതാവു സഹപാഠിയായ വിദ്യാർഥിനിയെ അതിക്രമിച്ചു ചുംബിച്ചെന്നു പരാതി. നേതാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥിനികൾ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചു. മകളെ വാലന്റൈൻസ് ദിനത്തിൽ കോളജിൽ ചുംബിച്ചെന്നു ചൂണ്ടിക്കാട്ടി മാതാപിതാക്കളും പരാതി നൽകി.

പ്രണയദിനത്തിന്റെ പേരിൽ ഇത്തരം പ്രവണതകൾ ഓരോ വർഷവും കൂടിവരുന്നുണ്ട്. ആഘോഷങ്ങൾ ഇല്ലെങ്കിൽ പോലും ഓരോ ദിവസവും മാതൃകാപരമായ ഒരുപാടു നല്ലകാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും, ഏതാനും വർഷങ്ങളായി ഓരോ വാലന്റൈൻസ് ദിനത്തിലും കേരളത്തിന്റെ പൊതുമനസാക്ഷിയെ വേദനിപ്പിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഇതുപോലെ സംഭവിക്കുന്നുണ്ട്. ഒരു ജാഗ്രത നല്ലതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA