ADVERTISEMENT

പുൽവാമ ഭീകരാക്രമണത്തിൽ വീരമ‍ൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവിൽദാർ വി.വി.വസന്തകുമാറിനെ ഓർത്തു നീറുകയാണ് കേരളക്കര. ആ ധീരയോദ്ധാവിന്റെ ഭൗതികദേഹം ജന്മനാട് ഹൃദയത്തിലാണ് ഏറ്റുവാങ്ങിയത്. ആയിരങ്ങളുടെ അകമ്പടിയോടെ രാജ്യത്തിനു കാവലായ വീരനായകൻ അന്ത്യയാത്ര നടത്തി.

വസന്തകുമാറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തും സിആർപിഎഫ് ജവാനുമായ ഷിജു സി.ഉദയൻ. വസന്തന്റെ വീട്ടിൽ വരാൻ കാത്തിരുന്നു. ഒന്നിച്ച് ഒരു ലീവ് കിട്ടാത്തിനാൽ നീണ്ടു പോയി. ഇന്നു വസന്തന്റെ മൃതദേഹം കാത്തിരിക്കുന്നു. വേദനയോടെ ഷിജു കുറിക്കുന്നു. എന്തായിരുന്നു വസന്തകുമാറെന്നു ഷിജു വിവരിക്കുമ്പോൾ ഹൃദയം നോവും.

ഷിജു സി. ഉദയന്റെ കുറിപ്പ് വായിക്കാം;

എടാ മോനേ, ഷിജു. നിന്റെ നാടൊക്കെ എന്ത്. നീ വയനാട്ടിൽ വാ. അതാണ് സ്ഥലം. ലക്കിടി ഒന്ന് കണ്ടു നോക്ക്. സൂപ്പർ ആണ് മോനേ.... നീ നാട്ടിൽ വരുമ്പോൾ വിളി വസന്തേ. അടുത്ത ലീവിനു വരാം, ഉറപ്പ്. എന്നു ഞാനും. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല. ഇപ്പോൾ ഞാൻ നിന്റെ നാട്ടിൽ വന്നു. നീ വിളിക്കാതെ, നിന്നോടു പറയാതെ, നീ ഇല്ലാത്ത നിന്റെ നാട്ടിൽ. ഞങ്ങൾ എല്ലാവരും നിന്നെയും കാത്ത് ഇരിക്കുന്നു. 

അന്നു ഞാൻ ഈ ഫോട്ടോ എടുക്കുമ്പോൾ ഒന്നു ചിരി വസന്ത് എന്നു പറഞ്ഞപ്പോൾ നീ പറഞ്ഞു ഗ്ലാമർ ഉളളവർ ചിരിക്കണ്ട കാര്യം ഇല്ലാ എന്ന്. ഓ പിന്നെ വയനാടൻ മമ്മൂട്ടി എന്ന് ഞാനും. ഇന്നലെ എഫ്ബിയിലും വാട്ട്സാപ്പിലും മുഴുവൻ ഈ ഫോട്ടോ ആയിരുന്നു. രാവിലെ വന്ന പത്രത്തിലും...

കമ്പനിയിലെ നേവിഗേറ്റർ. ഛത്തീസ്ഗഡിലെ ഐഇഡി ബ്ലാസ്റ്റിൽ ചെറിയ മുറിവുകളുമായി നീ രക്ഷപ്പെട്ടു. വിളിച്ചപ്പോൾ നീ പറഞ്ഞു ചത്തില്ല മോനേ, ചന്തുന്‍റെ ജീവിതം ഇനിയും ബാക്കി എന്ന്. മരിക്കുന്നെങ്കിൽ ഒറ്റ വെടിക്ക് ചാവണം. അതും നെറ്റിക്ക്. ഒന്നും ചിന്തിക്കാൻ സമയം കിട്ടരുത്. അളിയാ പുറകിൽ എങ്ങാനും ആണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാർ പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതാണെന്ന്. പിന്നെ കയ്യും കാലും പോയി കിടന്നാൽ...അയ്യോ എന്നു ഞാനും. തമാശയ്ക്കു പറഞ്ഞ കാര്യങ്ങൾ. പക്ഷേ ഇപ്പോൾ ചിന്നിചിതറിയ ശരീരവും ആയി. വസന്താ നീ...

ജീവതത്തിൽ ഇന്നു വരെ ഒരു ദുശ്ശീലവും ഇല്ലാത്ത പട്ടാളക്കാരൻ. ഒരു ബിയർ പോലും കുടിക്കില്ല. കാരണം കള്ളു കുടിച്ചു വലിയ അസുഖം വന്ന ഒരാൾ വീട്ടിൽ ഉണ്ടന്ന് ഉത്തരം.

ദിവസവും 10-20 km ഓടും. അതും രാവിലെ 4 മണിക്ക് എഴുന്നേറ്റ്. അതു കഴിഞ്ഞു പി.ടിക്കു വന്ന് ഞങ്ങളുടെ കൂടെയും. കമ്പനിയിൽ കാരംബോർഡിൽ വസന്തിനെ തോൽപ്പിക്കാൻ ആരും ഇല്ല. അതും വീട്ടിൽ ഫോൺ വിളിച്ചുകൊണ്ട്, ഒരു 100 തവണ ഷീന, ഷീന എന്നു പറഞ്ഞുകൊണ്ട്...

നീ വലിയ ഓട്ടക്കരൻ അല്ലേ. ഞങ്ങളെയെല്ലാം പിന്നിലാക്കി ഓടുന്നവൻ. മരണകാര്യത്തിലും അങ്ങനെ ആയല്ലോ. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാൻ ഉള്ളതാണെന്ന് അറിയാം. എങ്കിലും ഒത്തിരി സ്വപ്നങ്ങൾ ഉള്ള നിന്നോട് ഇതു വേണ്ടായിരുന്നു എന്ന് തോന്നുന്നു.

നീ ഇപ്പോൾ ഈ രാജ്യത്തിന്റെ അഭിമാനം ആണ്. നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂർവം ഓർക്കും. വസന്താ, നിന്റെ കുട്ടികളും അഭിമാനപൂർവം ജീവിക്കും. കൂടെ ഞങ്ങളും ഈ നാടും. നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും. മറക്കില്ല ഒരിക്കലും. ജയ് ഹിന്ദ്. കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരൻ. ഷിജു സി.യു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com