അമ്മയേക്കാൾ വലിയ പോരാളിയില്ല; മകന്റെ വിജയഗാഥ പങ്കുവച്ച് മുരളി തുമ്മാരുകുടി

murali-thummarukudi-fb-post-on-sons-graduation
മുരളി തുമ്മാരുകുടി ഭാര്യയോടും മകനോടുമൊപ്പം
SHARE

മകന്‍ പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് മുരളി തുമ്മാരുകുടി. ആസ്പെർജേഴ്സ് എന്ന പ്രത്യേകാവസ്ഥയിലുള്ള മകൻ ഈ വിജയം കൈവരിക്കുമ്പോൾ അതിനുവേണ്ടി അവന്റെ അമ്മ സഹിച്ച ത്യാഗങ്ങൾ അദ്ദേഹം വിവരിക്കുന്നു. ഭിന്നശേഷിക്കാരനായ മകനു പ്രവേശനം ലഭിക്കാൻ സ്കൂളുകളിൽ അല​ഞ്ഞു നടന്നത് അദ്ദേഹം ഓർത്തെടുക്കുന്നു. അന്നും ഇന്നും സിദ്ധാർഥിലുള്ള അവന്റെ അമ്മയുടെ ഉറച്ച വിശ്വാസമാണ് അവന്റെ പഠന പുരോഗതിക്കു കാരണം. ഭിന്നശേഷിക്കാരായ മക്കളുള്ളവർക്കു പ്രചോദനമാകാനാണു താന്‍ ഇതു കുറിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിന്റെ പൂർണരൂപം;

സിദ്ധാർത്ഥിന്റെ ഗ്രാജുവേഷൻ...

ലോകത്തെവിടെ ആണെങ്കിലും ഇന്ത്യയിൽ വൈകീട്ട് മൂന്ന് മണിയാകുമ്പോൾ ഞാൻ സിദ്ധാർത്ഥിനെ വിളിക്കും. അവൻ സ്‌കൂൾ വിട്ടു വന്നു ഭക്ഷണം കഴിച്ചിട്ട് അച്ഛന്റെ ഫോൺ വരുന്നതും നോക്കിയിരിക്കുന്ന സമയമാണ്.

രണ്ടാഴ്ച മുൻപ് അങ്ങനെ ഒരു മൂന്നു മണിക്കാണ് അവൻ പറഞ്ഞത് "അച്ഛാ പതിനഞ്ചാം തിയതി ഞങ്ങൾക്ക് ഗ്രാജുവേഷൻ ആണ്. അച്ഛൻ വരണം".

ഏറെ തിരക്കുള്ള സമയമാണ് ഫെബ്രുവരി. മീറ്റിങ്ങുകൾ പലതുണ്ട്, ഔദ്യോഗികമായും വ്യക്തിപരമായും സന്ദർശകർ ഉണ്ട്. പക്ഷെ സിദ്ധാർത്ഥിന്റെ ഗ്രാജുവേഷനേക്കാൾ പ്രധാനമല്ല അതൊന്നും. എല്ലാ പരിപാടികളും മാറ്റിവ‌ച്ചു പതിനാലാം തിയതി വൈകീട്ടു ഞാൻ വിമാനം കയറി.

പതിനഞ്ചാം തിയതി വൈകീട്ട് ആറു മണിക്കാണ് പരിപാടി. ചോയ്‌സ് സ്‌കൂളിലെ ജെ.ടി പാക് ഓഡിറ്റോറിയത്തിൽ. ഈ വർഷം പന്ത്രണ്ടാം ക്ലാസ് കഴിയുന്ന കുട്ടികളെ ഔദ്യോഗികമായി സ്‌കൂൾ തലത്തിൽ നിന്നു പുറത്തെ ലോകത്തേക്കു കടത്തിവിടുന്ന പരിപാടിയാണ്. എൽകെജി തൊട്ടു പഠന സൗകര്യമുള്ള സ്‌കൂളാണ് ചോയ്‌സ്. 14 വർഷമായി അവിടെ പഠിക്കുന്ന കുട്ടികളുണ്ട്. നൂറ്റി എൺപതോളം കുട്ടികൾ ഈ വർഷം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായി പോകുന്നുണ്ട്. അവരും അവരുടെ മാതാപിതാക്കളും എത്തിയിട്ടുണ്ട്. കുട്ടികൾ എല്ലാം പുതിയ വേഷത്തിലാണ്. പെൺകുട്ടികൾ സാരിയാണ് ഉടുത്തിരുന്നത്, ആൺ കുട്ടികൾ പാന്റും ഷർട്ടും ടൈയും. പൊതുവെ സന്തോഷത്തിന്റെ അന്തരീക്ഷമാണ്.

ഞങ്ങൾക്കും ഇതു സന്തോഷത്തിന്റെ സമയം തന്നെയാണ്. സിദ്ധാർഥ് തീരെ സംസാരിക്കാതാകുകയും ആസ്പെർജേഴ്സ് ആണെന്നു മനസ്സിലാക്കുകയും ചെയ്ത കാലത്താണ് ജനീവയിലെ സ്‌കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു കേരളത്തിൽ എത്തിയത്. ആലുവക്കു ചുറ്റുവട്ടത്തുള്ള സർക്കാരും സ്വകാര്യവും ആയ 50 സ്‌കൂളുകളിൽ എങ്കിലും അഡ്മിഷന് ശ്രമിച്ചു. "സംസാരിക്കാത്ത കുട്ടിയല്ലേ ഏതെങ്കിലും സ്‌പെഷൽ സ്‌കൂളിൽ ചേർക്കാൻ ശ്രമിക്കൂ" എന്നു കൂടുതൽ പേരും പറഞ്ഞു. ആസ്പെർജേഴ്സ് എന്നാൽ സാധാരണ കുട്ടികൾക്ക് ഒപ്പമോ അതിൽ കൂടുതലോ ബുദ്ധിയും ഓർമ്മയും ഉള്ള കുട്ടിയാണെന്നൊന്നും അന്നു നമ്മുടെ സ്‌കൂൾ സംവിധാനങ്ങൾക്കു അറിയില്ല. പൊതുസമൂഹത്തിന്റെ അറിവിലും ചിന്തയിലും മാറ്റങ്ങൾ വരുന്നുണ്ട്, പക്ഷെ സാധാരണ സ്‌കൂളിൽ അഡ്മിഷനു ചെല്ലുന്ന ഇത്തരം കുട്ടികളുടെ കാര്യത്തിൽ പ്രായോഗികമായി ഇപ്പോഴും മാറ്റമൊന്നുമില്ല.

ശാരീരികമായോ മാനസികമായോ അല്പമെങ്കിലും ഭിന്നശേഷി ഉള്ളവരെ സ്‌പെഷൽ സ്‌കൂളിൽ അയക്കുകയാണ് സാധാരണ സ്‌കൂളുകൾക്കു സൗകര്യം. കാരണം അവരുടെ ക്ലാസുകൾ ഒരു ബുദ്ധിമുട്ടും കൂടാതെ നടക്കുമല്ലോ. എന്നാൽ സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടത് അതല്ല. സാധാരണ കുട്ടികളുടെ കൂടെ പഠിക്കുമ്പോൾ ഭിന്നശേഷിയുള്ള കുട്ടികളുടെ നിലവാരം ഉയരുന്നു. ഭിന്നശേഷി ഉള്ളവരുടെ നല്ല കഴിവുകൾ മറ്റു കുട്ടികൾ മനസ്സിലാക്കുന്നതോടെ അവരെപ്പറ്റിയുള്ള ചിന്തകളും കാഴ്ചപ്പാടും മാറുന്നു. അങ്ങനെ ഒക്കെയാണ് ഒരു ‘ഇൻക്ലൂസിവ്’ സമൂഹം ഉണ്ടാകുന്നത്.

അങ്ങനെ ഒരു സംവിധാനം അന്ന് ചോയ്‌സ് സ്‌കൂളിൽ മാത്രമേ ഉള്ളൂ. മുപ്പതു കുട്ടികൾ പഠിക്കുന്ന ഒരു ക്ലാസിൽ ഭിന്നശേഷിയുള്ള ഒരാളെ അവർ അഡ്മിറ്റ് ചെയ്യും. സിദ്ധാർത്ഥിന്റെ അമ്മയുടെയും മുത്തച്ഛന്റേയും പരിശ്രമത്തിന്റെ ഫലമായിട്ടാണു ചോയ്‌സ് സ്‌കൂളിൽ അഡ്മിഷൻ കിട്ടുന്നത്. കുട്ടിയുടെ കൂടെ അമ്മക്കോ മറ്റാർക്കെങ്കിലുമോ ക്ലാസിൽ പോയിരിക്കാൻ അനുവാദമുണ്ട്.

"ഞാനും ഈ സ്‌കൂളിൽ നാല് വരെ പഠിച്ചിട്ടുണ്ട്" സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു.

സിദ്ധാർഥ് സ്‌കൂളിൽ പോയി തുടങ്ങുന്ന കാലത്ത് സിദ്ധാർത്ഥിന്റെ അമ്മ അമൃത ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ്. പക്ഷെ ആദ്യ കാലത്ത് പല ദിവസവും അവന്റെ കൂടെ ക്ലാസിൽ പോയിരിക്കും. അങ്ങനെയാണ് സ്‌കൂളും അധ്യാപകരും അവനു പരിചിതമാക്കിയത്. സിദ്ധാർഥ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുമെന്നോ പത്താം ക്ലാസ് പാസ്സാകുമെന്നോ അധ്യാപകരോ ബന്ധുക്കളോ ഒന്നും അന്ന് വിശ്വസിച്ചിരുന്നില്ല. ഒരു വർഷം കഴിഞ്ഞു ചേർത്താൽ മതി, എന്നൊക്കെ പറഞ്ഞ സാഹചര്യങ്ങൾ ഉണ്ടായി. പക്ഷെ സിദ്ധാർത്ഥിന്റെ അമ്മക്ക് അന്നും ഇന്നും സിദ്ധാർത്ഥിന്റെ കഴിവിൽ ഉറച്ച വിശ്വാസമാണ്. അവിടെ നിന്നാണ് സിദ്ധാർത്ഥിന്റെ പഠനത്തിലെ പുരോഗതി ഉണ്ടാകുന്നത്.

ഇത് സിദ്ധാർത്ഥിന്റെ മാത്രം കഥയല്ല. ഭിന്നശേഷിയുള്ള കുട്ടികൾ ഉണ്ടായാൽ ജീവിതം മാറിപ്പോകുന്നത് പ്രധാനമായും അവരുടെ അമ്മമാരുടെ ആണ്. അവരുടെ ജീവിതം മാറ്റിവെച്ചാണ് അവർ കുട്ടികൾക്ക് ഒരു ജീവിതമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഏറെ അമ്മമാർക്ക് തൊഴിൽ രംഗത്തു തുടരാൻ തന്നെ പറ്റുന്നില്ല. യൂണിവേഴ്സൽ ബേസിക്ക് ഇൻകം ഒക്കെ വരുന്നതിന് ഏറെ മുൻപ് ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടി തൊഴിൽ രംഗത്തു നിന്നു മാറി നിൽക്കുന്ന അമ്മമാർക്കു സർക്കാർ മാസവരുമാനം നൽകണം എന്നാണെന്റെ പക്ഷം.

പഠിച്ച എല്ലാ സ്‌കൂളിലും ഒന്നാമതായി പാസ്സായവരാണ് ഞാനും സിദ്ധാർത്ഥിന്റെ അമ്മയും. അതുകൊണ്ടു തന്നെ ഓരോ പരീക്ഷയും കഴിയുമ്പോൾ കുഞ്ഞു ജയിക്കുമോ എന്ന തരത്തിലുള്ള പേടിയിലൂടെ കടന്നു പോയിരുന്നത് ഒരു പുതിയ അനുഭവം ആയിരുന്നു. ഒൻപതാം ക്ലാസിൽ പരീക്ഷ കഴിഞ്ഞപ്പോൾ കണക്ക് ആണെന്ന് തോന്നുന്നു അവൻ നന്നയി ചെയ്തില്ല. ഒരു വർഷം കൂടി ഒൻപതിൽ ഇരിക്കട്ടെ എന്ന് അധ്യാപകർ പറഞ്ഞു. അതു വേണ്ട, ഒന്ന് കൂടി പരീക്ഷ എഴുതാൻ അവസരം തന്നാൽ ഒന്നാം തരത്തിൽ പാസ്സാകും എന്ന് അമ്മ ഉറപ്പു പറഞ്ഞു. അവധിയെടുത്തിരുന്ന് അവനെ പഠിപ്പിച്ചു. പരീക്ഷ അവൻ നന്നായി പാസ്സായി. ഒരു വർഷവും പോകാതെ പത്തു പാസ്സായി.

ചോയ്‌സ് സ്‌കൂളിന്റെ മനോഹരമായി അലങ്കരിച്ച സ്റ്റേജിൽ നൂറ്റി എൺപത് കുട്ടികളോടൊപ്പം സിദ്ധാർഥും കയറി നിന്നപ്പോൾ അവനെ അവിടെ എത്തിക്കാൻ പന്ത്രണ്ടു വർഷം നടത്തിയ അദ്ധ്വാനവും അതിലെ വിജയ പരാജയങ്ങളും എല്ലാം അമ്മ ഓർത്തിരിക്കണം. അതുകൊണ്ടാണ് സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും എന്റെ മുഖം വികസിച്ചു നിന്നപ്പോൾ അമിതാഹ്ലാദം കാണിക്കാതെ മോനെ തന്നെ നോക്കിയിരിക്കുകയായിരുന്നു അമ്മ.

ഔദ്യോഗിക പരിപാടികൾ കഴിഞ്ഞു. അധ്യാപകരേയും മറ്റുള്ള കുട്ടികളേയും അവരുടെ മാതാപിതാക്കളേയും സിദ്ധാർഥ് എന്നെ പരിചയപ്പെടുത്തി. എക്സിബിഷൻ കഴിഞ്ഞതിനാൽ എല്ലാവർക്കും ഇപ്പോൾ സിദ്ധാർത്ഥിനെ അറിയാം. ഏറെ ബുദ്ധിമുട്ടി അഡ്മിഷൻ വാങ്ങിയ ഒരു കുട്ടിയായിട്ടാണ് സിദ്ധാർഥ് ചോയ്‌സ് സ്‌കൂളിലേക്ക് പോയതെങ്കിലും ആ സ്‌കൂളിന് അഭിമാനിക്കാവുന്ന ഒരു വിദ്യാർഥിയായിട്ടു തന്നെയാണ് പുറത്തേക്ക് വരുന്നത്.

അതിനവസരം നൽകിയ സ്‌കൂളിനും അധ്യാപകർക്കും നന്ദി..!

സിദ്ധാർത്ഥിന്റെ വിദ്യാഭ്യാസ ജീവിതം ഇനിയും ബാക്കി കിടക്കുന്നു. കൊമേഴ്സിൽ ബിരുദം നേടണം എന്നും, അതിനോടൊപ്പം പെയിന്റിങ്ങ് കൂടുതൽ ചെയ്യണം എന്നുമാണ് അവൻറെ ആഗ്രഹം. പാചകം തൊട്ടു ഡ്രൈവിങ് വരെ പ്രായോഗിക ജീവിതത്തിലെ പലതും അവനെ പഠിപ്പിക്കാൻ വേറെയും ഉണ്ട്.

സിദ്ധാർത്ഥിനെക്കുറിച്ച് ഞാൻ പറഞ്ഞ അന്ന് മുതൽ എന്റെ വായനക്കാർ അവനെ സ്നേഹിച്ചിട്ടുണ്ട്. കൊച്ചിയിലും ഡൽഹിയിലും ഉണ്ടായ ചിത്ര പ്രദർശനങ്ങളിൽ ഇടമുറിയാതെ വന്നു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സാധാരണ കുട്ടികൾക്ക് അത്ര വലിയ സംഭവം അല്ലാത്ത ഒരു പന്ത്രണ്ടാം ക്‌ളാസ്സിൽ നിന്നുള്ള ഗ്രാഡുവേഷന്റെ കഥ ഞാൻ നിങ്ങളോട് പറയുന്നത്. സിദ്ധാർത്ഥിനെ പോലുള്ള മറ്റു കുട്ടികളുടെ മാതാപിതാക്കൾക്ക് ഇതൊരു പ്രചോദനം ആകട്ടെ എന്നും കരുതി.

സിദ്ധാർത്ഥിനെ സ്നേഹിക്കുന്ന എല്ലാവർക്കും നന്ദി!

മുരളി തുമ്മാരുകുടി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA