ADVERTISEMENT

അമേരിക്കയിലെ ഫിലഡല്‍ഫിയ സ്വദേശികളായ പ്രബിൾ സ്റ്റാവർ–ഇസബൽ വിറ്റ്നി ദമ്പതികൾ ഒരേ ദിവസം മരിച്ചുവെന്ന വാര്‍ത്ത അവരെ സ്നേഹിക്കുന്നവരെ ദുഃഖിപ്പിക്കുന്നതിനൊപ്പം സന്തോഷിപ്പിക്കുകയും ചെയ്തു. കോളജ് കാലത്ത് ഒന്നിച്ചവർ, ജീവിതത്തിൽ എന്നും ഒന്നിച്ചു നടന്നവർ, മരണത്തിലും ഒന്നിച്ചു.

യഥാർഥ ‘നോട്ട് ബുക്ക്’

ഒരുമിച്ചു ജീവിച്ച് ഒടുവില്‍ ഒരു കിടക്കയില്‍ ഒരേ സമയം മരിച്ചവരാണു ‘നോട്ട് ബുക്ക്’ എന്ന ഇംഗ്ലീഷ് സിനിമയിലെ നായകനും നായികയും. യഥാർഥ ജീവിതത്തില്‍ സംഭവിക്കാന്‍ വിരളമായ സാധ്യത പോലും ഇല്ലാത്ത കഥ. എന്നാല്‍ ഈ അമേരിക്കന്‍ ദമ്പതികളുടെ ജീവിതം പരിശോധിച്ചാല്‍ അത് നോട്ട്ബുക്കിനോളം പ്രണയം നിറഞ്ഞതാണെന്നു മനസ്സിലാകും. 

1921 ലാണ് ഇരുവരും ജനിച്ചത്. അതും ഒക്ടോബര്‍ മാസത്തില്‍. പ്രബിള്‍ ഒക്ടോബര്‍ 17നും ഇസബല്‍ ഒക്ടോബര്‍ 31നും. കോളജ് പഠനകാലത്ത് ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു.

ലോകമഹായുദ്ധത്തിനിടയിൽ

ഇവരുടെ പ്രണയം വിവാഹത്തിലേക്ക് എത്തും മുന്‍പാണു രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ടത്. ഒട്ടേറെ പ്രണയകഥകളുടെ ദുരന്തപര്യവസാനത്തിനു കാരണമായ ലോക മഹായുദ്ധം പക്ഷേ ഇവരെ വെറുതെ വിട്ടു. പ്രബിള്‍ സ്റ്റാവര്‍ മൂന്നു വര്‍ഷം നേവി ജീവിതവും, ഇസബല്‍ വ്യോമസേനയിൽ നഴ്സായും സേവനം പൂർത്തിയാക്കി തിരിച്ചെത്തി. വീണ്ടും കണ്ടു മുട്ടിയപ്പോൾ വിവാഹിതരാകാനും ഒരുമിച്ചു ജീവിക്കാന്‍ ഇവർ തീരുമാനിച്ചു.

1946 ഫെബ്രുവരി 15 നായിരുന്നു വിവാഹം. പ്രബിള്‍ സ്റ്റാവര്‍ ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തു. അമേരിക്കയുടെ പലഭാഗങ്ങളിലായി ജീവിതം പൂവിട്ടു. ഇതിനിടയിൽ 5 കുട്ടികൾ ജീവിതത്തിലേക്കു കടന്നു വന്നു.

മൂത്ത മകള്‍ ലൌറി ക്ലിന്‍റനു ഇപ്പോൾ ‍‌63 വയസ്സായി. അച്ഛനും അമ്മയും വ്യത്യസ്ത സ്വഭാവങ്ങളുള്ളവരായിരുന്നു എന്ന് ലൗറി പറയുന്നു. അച്ഛന്‍ അഭിമാനിയും തന്‍റേടിയും അസാധാരണ ധൈര്യം പുലര്‍ത്തിയിരുന്നു ആളുമായിരുന്നു. അമ്മ വളരയേറെ സ്നേഹവും കാരുണ്യവും നിറഞ്ഞ വ്യക്തിയായിരുന്നു. ശാന്തസ്വഭാവമായിരുന്നു മുഖമുദ്രയെന്നു ലൗറി പറയുന്നു. സ്വഭാവത്തിലെ വൈരുധ്യങ്ങള്‍ ഒരിക്കലും ഇവരുടെ പ്രണയത്തെ ബാധിച്ചില്ലെന്നും ലൗറി വിശദീകരിക്കുന്നു.

ജീവിതത്തിന്‍റെ ആകെത്തുക സന്തോഷമായിരുന്നു. ഇതിനിടയിൽ ചില ദുരന്തങ്ങളും ഇവരെ വേട്ടയാടി. ഇതില്‍ ഏറ്റവും വലിയ ആഘാതം മകന്‍ പീറ്ററിന്‍റെ മരണമായിരുന്നു. 1975ല്‍ കോളേജിലെ ഫുട്ബോള്‍ മത്സരത്തിനിടെ പരുക്കേറ്റ പീറ്റര്‍ വൈകാതെ മരണത്തിനു കീഴടങ്ങി. മക്കളുടെ മരണം കുടുംബങ്ങളെ ശിഥിലമാക്കാറുണ്ട്. എന്നാൽ പീറ്ററിന്‍റെ മരണം കൂടുംബത്തെ കൂടുതല്‍ അടുപ്പിച്ചുവെന്നു ലൗറി ഓർക്കുന്നു. കൂടുതൽ കരുതലും സ്നേഹവും പങ്കുവച്ച് കുടുംബം മുന്നോട്ടു പോയി.

പ്രബിളിനെ മറന്ന ഇസബല്‍

ഇരുവരുടെയും ജീവിതത്തിനു നോട്ട് ബുക്ക് സിനിമയുമായി മറ്റൊരു സാമ്യവുമുണ്ട്. സിനിമയിലെ അൽസ്ഹൈമേഴ്സ് ബാധിച്ച നായികയെ പോലെ ഇസബലിനെയും ഓർമക്കുറവ് അലട്ടാന്‍ തുടങ്ങി.  2013ൽ ഇസബെലിനെ ഡിമെൻഷ്യ ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

തുടര്‍ന്ന് ഇസബെലിനെ വിര്‍ജീനിയയിലെ നഴ്സിങ് കെയറിലേക്കു മാറ്റി. എന്നാൽ ഭാര്യയെ വേർപിരിഞ്ഞിരിക്കാൻ പ്രബിൾ തയാറായില്ല വൈകാതെ അതേ നഴ്സിങ് യൂണിറ്റിലെ മറ്റൊരു മുറിയിലേക്കു പ്രബിളും മാറി. രാത്രി സമയത്തൊഴിച്ചു മിക്കപ്പോഴും പ്രബിള്‍ തന്നെ തിരിച്ചറിയാൻ പോലുമാകാത്ത ഇസബലിനൊപ്പം ഇരുന്നു. 

നടക്കാനാവില്ലെങ്കിലും ‌പ്രബിള്‍ ദിവസവും രാവിലെ വീല്‍ ചെയറില്‍ ഇസബലിനടുത്തെത്തും. ഇസബല്‍ ആദ്യം ആരെന്ന ഭാവത്തില്‍ പ്രബിളിനെ നോക്കും. പിന്നീട് ഏതോ ഓർമയിലെന്ന പോലെ പ്രബിളിന്‍റെ കൈ ചേര്‍ത്തു പിടിക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ നീളും ഈ സ്നേഹപ്രകടനം, ചില ദിവസങ്ങളില്‍ ദേഷ്യപ്പെട്ട് പ്രബിളിനെ അടുപ്പിക്കാന്‍ പോലും തയാറാകില്ല. പക്ഷേ പ്രബിളിന്‍റെ സന്ദര്‍ശനങ്ങള്‍ക്ക് മുടക്കമുണ്ടാകാറില്ല. 

പിറന്നാള്‍ ദിവസത്തെ ആഗ്രഹം

തന്റെ 96–ാം പിറന്നാളിനു പ്രബിൾ ഒരു ആഗ്രഹം പറഞ്ഞു. ഭാര്യയ്ക്കൊപ്പം ഒരു കിടക്കയില്‍ ഉറങ്ങണം. അന്നേ ദിവസം മൂന്നു മണിക്കൂറോളം കൈകോര്‍ത്തു പിടിച്ച് ഇരുവരും ചേര്‍ന്നുറങ്ങി. തന്റെ ഭാര്യയുടെ ജന്മദിനത്തിനായി പ്രബിൾ കാത്തിരുന്നു

പിറന്നാളിന് അഞ്ചു ദിവസം അവശേഷിക്കേ ഉറങ്ങികൊണ്ടിരിക്കേ ഇസബല്‍ മരിച്ചു. വീൽചെയറിലിരുന്ന് ഇസബലിന്റെ കിടക്കിയിൽ തലചായ്ച്ചു പ്രബിള്‍ ഒപ്പമുണ്ടായിരുന്നു. ഇസബല്‍ മരിച്ചതറിഞ്ഞ് പ്രബിളിനെ മറ്റൊരു മുറിയിലേക്ക് മാറ്റി. തന്റെ പ്രിയതമയുടെ മരണവിവരമറിഞ്ഞ് മയങ്ങാന്‍ കിടന്ന പ്രബിൾ പിന്നെ ഉണര്‍ന്നില്ല. 2018 ഒക്ടോര്‍ 25ന്, 7 പതിറ്റാണ്ടു പിന്നിട്ട ദാമ്പത്യത്തിനുശേഷം ഇരുവരും മറ്റൊരു ലോകത്തേക്ക് ഒന്നിച്ചു യാത്രയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com