ADVERTISEMENT

ഒരു സ്ത്രീ ഭർത്താവിന്റെ പരിചരണവും സ്നേഹവും സാമിപ്യവും കൂടുതൽ ആഗ്രഹിക്കുന്ന സമയമാണ് ഗർഭകാലം. എന്നാൽ ചിലരുടെ കാര്യത്തിൽ അത്തരം ഭാഗ്യം ലഭിക്കില്ല. പ്രസവ സമയത്തു പോലും ഭർത്താവിനെ കാണാൻ സാധിക്കില്ല. മക്കളെ ആദ്യമായി ഏറ്റുവാങ്ങാനാവാത്ത അച്ഛന്‍മാർ. പട്ടാളക്കാരുടെയും പ്രവാസികളുടെയും ജീവിതത്തിലാണ് ഇത്തരം രംഗങ്ങൾ കൂടുതൽ അരങ്ങേറുക. ഉള്ളിലെ വേദന കടിച്ചമർത്തി തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടി അവർ പ്രാർഥിക്കും.

സിഡ്നി കൂപ്പർ എന്ന അമേരിക്കൻ യുവതിയും ഈ സാഹചര്യം നേരിടുകയുണ്ടായി. പട്ടാളക്കാരനായ ഭർത്താവ് സൈന്യത്തോടൊപ്പം കുവൈത്തിലായിരുന്നു. ഗർഭിണിയായിരുന്ന സിഡ്നിക്കു നേരത്തെ പ്രസവവേദന വരികയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാസം തികയാതെ രണ്ടു പെൺകുഞ്ഞുങ്ങൾക്കു സിഡ്നി ജന്മം നൽകി. പക്ഷേ കുഞ്ഞുങ്ങളെ ഏറ്റു വാങ്ങാൻ അച്ഛന് എത്താനായില്ല. മാസം തികയാതെ പിറന്നതുകൊണ്ട് 12 ദിവസം മക്കളെ ശിശു പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിനു വിധേയമാക്കി. വേദനയുടെ ദിവസങ്ങൾ.

ഇതിന്റെ ദുഃഖത്തിൽ ഇരിക്കുമ്പോഴാണു സിഡ്നിയെ തേടി ഒരു സർപ്രൈസ് എത്തുന്നത്. ആശുപത്രി മുറിയിൽ ഇതാ നിൽക്കുന്നു തന്റെ പ്രിയതമൻ സ്കൈലർ. അതോടെ സിഡ്നിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. മുഖം പൊത്തി അവൾ കരയാൻ തുടങ്ങി. ഭാര്യയേയും കയ്യിലുണ്ടായിരുന്ന ഒരു കുഞ്ഞിനെയും ചേർത്തു പിടിച്ച് സ്കൈലർ അവരെ ആശ്വസിപ്പിച്ചു. 

സിഡ്നി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച വിഡിയോ ഇതുവരെ 92 ലക്ഷത്തിലധികം പേർ കണ്ടു. രണ്ട് ആൺമക്കളുമുണ്ട് ഈ ദമ്പതികൾക്ക്. വീട്ടിലെത്തി സ്കൈലർ ഇവർക്കും സർപ്രൈസ് കൊടുത്തു. ആ വിഡിയോയും സിഡ്നി പങ്കുവച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com