ADVERTISEMENT

പുൽവാമയിലെ ഭീകരാക്രമണത്തിനു രാജ്യം ശക്തമായ മറുപടി കൊടുത്തതിന്റെ ആവേശത്തിലാണ് ഓരോ ഇന്ത്യൻ പൗരനും. അതിർത്തി കടന്നു മിന്നലാക്രമണം നടത്തിയ സൈനികർക്ക് രാജ്യം ആദരവ് അർപ്പിക്കുന്നു. ഇപ്പോഴിതാ ഈ വാർത്തയോട് ആവേശത്തോടെ പ്രതികരിക്കുകയാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ. എല്ലാ ഭീകരരും ഇല്ലാതാകണമെന്നാണു കൊല്ലപ്പെട്ട ആര്‍പിഎഫ് ജവാൻ സി.ശിവചന്ദ്രന്‍റെ ഭാര്യ ഗാന്ധിമതി പറയുന്നത്.

‘‘ഞങ്ങളുടെ കുടുംബം അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിനായി സമര്‍പ്പിച്ചു. വെറും മുന്നൂറ് ഭീകരരല്ല, എല്ലാവരും ഇല്ലാതാകണം. എങ്കില്‍ മാത്രമെ ജീവത്യാഗം ചെയ്ത ഓരോ ജവാന്റെയും ആത്മാവിന് ശാന്തി ലഭിക്കൂ’’- ഗാന്ധിമതി പറ‍ഞ്ഞു.

പട്ടാള യൂണിഫോം അണിഞ്ഞ് രണ്ടുവയസ്സുകാരനായ മകന്‍ ശിവചന്ദ്രനു യാത്രാമൊഴി നല്‍കിയത് ഏവരുടേയും കണ്ണു നനയിച്ചിരുന്നു. മകന്‍ ശിവമുനിയനെ ചേര്‍ത്തു പിടിച്ച് ഗാന്ധിമതി കരയുമ്പോൾ ഒരു നാടു മുഴുവൻ ഒപ്പം കരഞ്ഞു.

സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയിലാണു ശിവചന്ദ്രന്‍റെ മൃതദേഹം സംസ്കരിച്ചത്. അവധിക്കു നാട്ടിലെത്തി, ശബരിമലയിൽ ദർശനത്തിനു ശേഷമാണു ശിവചന്ദ്രന്‍ കശ്മീരിലേക്കു പോയത്. ഭീകരാക്രമണത്തിൽ ശിവചന്ദ്രന്‍ കൊല്ലപ്പെട്ടു എന്ന വാർത്തയാണു പിന്നീട് ബന്ധുക്കളെ തേടിയെത്തുന്നത്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ അപകടത്തിലാണ് ശിവചന്ദ്രന്റെ സഹോദരന്‍ മരിച്ചത്. അതിന്‍റെ വേദനയില്‍ നിന്നു മോചിതരാകുന്നതിനു മുമ്പാണു കുടുംബത്തെ കാത്തു മറ്റൊരു ദുരന്തം എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com