ADVERTISEMENT

വിവാഹദിവസം ഒരിക്കലെങ്കിലും സ്വപ്നം കാണാത്ത പെൺകുട്ടികള്‍ ഉണ്ടായിരിക്കുകയില്ല. സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞു വരനൊപ്പം നിൽക്കുന്ന മനോഹരമായ സ്വപ്നങ്ങൾ. ഇതുപോലെ സ്വപ്നങ്ങൾ കണ്ടിരുന്നു വൈഷ്ണവി ഭൂവനേന്ദ്രൻ എന്ന പെൺകുട്ടിയും. പക്ഷേ അപ്രതീക്ഷിതമായി എത്തിയ കാന്‍സർ അവളുടെ സ്വപ്നങ്ങളെ തകർത്തു കളഞ്ഞു. 

രണ്ടു തവണ കാൻസർ വൈഷ്ണവിയെ പിടികൂടി. ആദ്യം സ്താനാർബുദമായിരുന്നു. രോഗമുക്തി നേടി തിരിച്ചെത്തി 5 വർഷം കഴിഞ്ഞു വീണ്ടും കാൻസർ. ഇത്തവണ നട്ടെല്ലിനും കരളിനും. ചികിൽസ കഴിഞ്ഞപ്പോൾ മുടിയെല്ലാം നഷ്ടമായി. ആരോഗ്യം ക്ഷയിക്കുകയും മാനസികമായി തകരുകയും ചെയ്തു. കടുത്ത നൈരാശ്യം അനുഭവിച്ചു.

vaishnanvi-poovanendran-3

പക്ഷേ അടുത്തിടെ അവളൊരു ഫോട്ടോഷൂട്ട് നടത്തി. താന്‍ സ്വപ്നം കണ്ടതുപോലൊരു വധുവായി അണിഞ്ഞൊരുങ്ങി, നിറചിരിയുമായി അവൾ നിന്നു. ആഭരണങ്ങൾ അണിഞ്ഞ്, ചുവപ്പ് പട്ടുസാരി ധരിച്ച് അവൾ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ‘ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്’ എന്നാണ് ഫോട്ടോഷൂട്ടിനു പേരിട്ടത്. വധുവിന്റെ വേഷത്തിൽ തല ഉയർത്തി അവൾ നിന്നത് കാന്‍സര്‍ മാനസികമായി തളർത്തിയവർക്കു പ്രചോദനമേകാൻ കൂടിയാണ്. നവി ഇന്ദ്രൻ പിള്ള എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വൈഷ്ണവി പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

‘‘കാൻസർ ചികിൽ‌സ നമുക്ക് ഒരുപാട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നമ്മുടെ സൗന്ദര്യം മോഷ്ടിക്കുകയും ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യും. നമ്മുടെ വിവാഹദിവസം എങ്ങനെയായിരിക്കണമെന്നും എങ്ങനെ അണി‍‍ഞ്ഞൊരുങ്ങണമെന്നും കുട്ടിക്കാലം മുതലേ  സ്വപ്നം കണ്ടിരിക്കും. എന്നാല്‍ കാൻസർ നമ്മിൽ പലരുടെയും സ്വപ്നങ്ങളെ ഇല്ലാതാക്കും. കാൻസർ രോഗികളിൽ പലരും അവരുടെ വിവാഹം ഉപേക്ഷിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യും.

vaishnanvi-poovanendran-2

കീമോതെറാപ്പിയിലൂടെ കടന്നു പോകുന്ന സമയത്ത് എനിക്കു മുടി നഷ്ടമായി. അതു പോലെ എന്നെ വേദനിപ്പിച്ച മറ്റൊന്നും ഉണ്ടായിട്ടില്ല. ആരാലും സ്നേഹിക്കപ്പെടാനോ, ഒരു വധുവായി അണിഞ്ഞൊരുങ്ങാനോ യോഗ്യയല്ല ഞാൻ എന്നു തോന്നി. പക്ഷേ നമ്മൾ സത്യം അംഗീകരിക്കാൻ തയാറാകണം. നമ്മളെന്താണോ അതിനെ അംഗീകരിക്കണം, ഇനി വരുന്നതെന്തോ അതിനെ സ്വീകരിക്കണം.’’– വൈഷ്ണവി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com