ADVERTISEMENT

കാൻസർ ബാധിതനായ തന്നെ സ്നേഹത്തോടെ പരിചരിക്കുന്ന ഭാര്യയ്ക്കു വനിതാദിന ആശംസകളും നന്ദിയും അറിയിച്ച് യുവാവിന്റെ കുറിപ്പ്. സ്നേഹിച്ചും പരിചരിച്ചും ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാൻ ശ്രമിക്കുന്ന ഭാര്യ സ്റ്റെഫി തന്റെ ഹീറോയിനാണെന്നും ഒരു പെണ്ണും ഭർത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല എന്നു തോന്നുന്ന നിമിഷമാണിതെന്നും ലാൽസൺ പറയുന്നു. 

ഭാര്യയുടെ ഓരോ ദിവസവും എങ്ങനെയാണു കടന്നു പോകുന്നതെന്നു വ്യക്തമാക്കുന്ന കുറിപ്പിൽ ഒരുപാട് ദുരിതങ്ങൾക്കിടയിൽ ദൈവം തന്നെ ഭാഗ്യമെന്നാണു ഭാര്യയെ ലാൽസൺ വിശേഷിപ്പിക്കുന്നത്. ഒന്നരവർഷത്തോളമായി ലാൽസൺ കാൻസറിനു ചികിൽസയിലാണ്. മൂന്നു വർഷം മുൻപാണ് ലാൽസണും സ്റ്റെഫിയും വിവാഹിതരാകുന്നത്. ഇവർക്ക് ഒരു കുഞ്ഞുണ്ട്. തനിക്കുവേണ്ടി ഭാര്യ സഹിക്കുന്ന കഷ്ടപ്പാടുകളും വേദനകളും മുൻപും ലാൽസൺ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ലാൽസൺന്റെ കുറിപ്പ് വായിക്കാം; 

ഇന്നു ലോക വനിതാ ദിനം. ഇവളാണ് എന്റെ ഹീറോയിൻ. എന്റെ പ്രിയപ്പെട്ട ഭാര്യ. ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി. രാവിലെ അഞ്ചു മണിക്ക് ട്യൂബിലൂടെ പൊടിച്ച ഗുളിക തന്നു കൊണ്ടു തുടങ്ങുന്ന അവളുടെ ജീവിതം. വീണ്ടും ആറു മണി ആവുമ്പോൾ പിന്നെയും ഗുളികയും, ഫീഡും എല്ലാം ശരിയാക്കി ട്യൂബിലൂടെ അവൾ അതു തരും. അതു കഴിഞ്ഞാൽ എന്നെ പല്ലു തേപ്പിക്കും, ഷേവ് ചെയ്തു തരും, ശരീരം മുഴുവൻ തുടച്ചു ക്ലീൻ ആക്കും, പ്രാഥമിക കാര്യങ്ങൾക്കു കൊണ്ടുപോകും എല്ലാം കഴിഞ്ഞു ഡ്രസ്സ്‌ മാറ്റി ക്രീമും പൗഡറും ഇട്ടു വരുമ്പോഴേക്കും അടുത്ത ഫീഡിനുള്ള സമയം. അതു കഴിയുമ്പോഴേക്കും ഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം.

രാത്രി പന്ത്രണ്ടു മണി വരെ ഇങ്ങനെ എന്നെയും മോനെയും നോക്കി ഞങ്ങളുടെ കാര്യങ്ങൾ നോക്കി അവൾ നിൽക്കും. ഇതിനിടയിൽ ജീവൻ നിലനിർത്താൻ വല്ലതും കഴിച്ചാൽ കഴിച്ചു. അത്ര മാത്രം. കല്യാണം കഴിഞ്ഞു മൂന്നു കൊല്ലം മാത്രമേ ആയിട്ടുള്ളു. ഒരു പക്ഷെ ദൈവം ഒരുപാടു ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ അതിനിടയിൽ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി. സ്വന്തം ആരോഗ്യവും, ഭക്ഷണവും ഒന്നും നോക്കാതെ അവൾ എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു.

എന്തു പകരം ഞാൻ നൽകും എന്ന് എനിക്കറിയില്ല. ആത്മവിശ്വസമാണ് അവൾ നൽകുന്നത്. ഞാൻ തോറ്റു കൊടുക്കാതിരിക്കാൻ അവളാണ് പ്രചോദനം. വേദന കൊണ്ട് പുളയുമ്പോൾ പലപ്പോഴും എന്റെ ദേഷ്യം മുഴുവൻ കാണിക്കുന്നത് അവളോടാണ്. പക്ഷെ അവൾക്കു പരിഭവം ഇല്ല പകരം സ്നേഹം മാത്രം. ഉമിനീര് ഇറക്കാൻ സാധിക്കാത്തതു കൊണ്ട് എലാം ഒരു പാത്രത്തിൽ തുപ്പി കളയും. അങ്ങനെ ഉള്ളതെല്ലാം അവൾ സ്നേഹത്തോടെ കൊണ്ട് കളഞ്ഞു പാത്രം എപ്പോഴും വൃത്തിയാക്കി കൊണ്ടുവരും. ഇതെല്ലാം ഇത്ര സ്നേഹത്തോടെ എങ്ങനെ ചെയ്യുന്നു എന്നുള്ളത് സത്യത്തിൽ എനിക്ക് അത്ഭുദമാണ്. 

ഒരു പെണ്ണും ഭർത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നുന്ന ഈ നിമിഷത്തിൽ ഈ ലോക വനിതാ ദിനത്തിൽ എന്റെ പ്രിയപ്പെട്ട വനിതാ എന്റെ ഭാര്യയാണ്. എന്റെ പുന്നാര സ്റ്റെഫിക്കു എന്റെ വനിതാ ദിന ആശംസകൾ. ഒപ്പം സ്നേഹത്തിന്റെ നിറകുടങ്ങളായ എല്ലാ വനിതകൾക്കും എന്റെ ലോക വനിതാ ദിന ആശംസകൾ. 

സ്നേഹം മാത്രം 

ലാൽസൺ pullu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com