ADVERTISEMENT

‘സ്വന്തം’ എന്ന സീരിയലിലൂടെ സാന്ദ്രാ നെല്ലിക്കാടൻ എന്ന കഥാപാത്രമായി മലയാള സീരിയൽ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. എ.കെ സാജൻ ചിത്രം സ്റ്റോപ് വൈലൻസിലൂടെ ആയിരുന്നു ചന്ദ്ര അഭിനയരംഗത്തെത്തുന്നത്. ഇതിനുശേഷം സാന്ദ്ര നെല്ലിക്കാടനായി മെഗാസീരിയൽ രംഗത്തു തിളങ്ങി. തുടർന്നു മലയാളത്തിൽ ഒരുപിടി നല്ല സീരിയലുകൾ. പിന്നീട് തെലുങ്ക്, തമിഴ് സീരിയലുകളില്‍ ചന്ദ്ര നിറസാന്നിധ്യമായി. 2 വർഷമായി അഭിനയജീവിതത്തിന് ഇടവേള നൽകിയിരിക്കുകയാണ് താരം.

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ മൂന്നാം സീസണിന്റെ മുപ്പതാം എപ്പിസോഡിൽ അതിഥിയായി ചന്ദ്ര എത്തിയിരുന്നു. തന്റെ ജീവിതത്തെക്കുറിച്ചും തന്നെക്കുറിച്ചു പ്രചരിച്ച ഇല്ലാക്കഥകളെക്കുറിച്ചും ചന്ദ്ര മനസ്സു തുറന്നു.

‘‘മലയാളത്തിൽ നിന്നു മാറി നിന്നപ്പോൾ എല്ലാവരും ചേർന്ന് എന്നെ കെട്ടിച്ചു വിട്ടു. അമേരിക്കയില്‍ സ്ഥിരതമാസമാക്കിപ്പിച്ചു. ഭർത്താവ് എന്നെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് ഞാൻ സീരിയൽ വിട്ടു. ഇങ്ങനെയായിരുന്നു യൂട്യൂബിൽ പ്രചരിച്ചത്’’– ചന്ദ്ര പറഞ്ഞു. ചന്ദ്രയുടെ ജീവിതത്തെക്കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന രീതിയിൽ ചില യൂട്യൂബ് ചാനലുകളിൽ ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു. 

മലയാള സീരിയലുകളിൽ നിന്നു മാറിനിന്ന സമയത്തായിരുന്നു ഈ പ്രചാരണം. വിവാഹമോചിതയായി എന്ന് ഇതുവരെ വാർത്ത വന്നിട്ടില്ലെന്നും ഇപ്പോഴും ഭർത്താവ് പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്ര പറയുന്നു. വിവാഹം പോലും കഴിക്കാത്ത ഒരാളോട് എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നു റിമി ആശ്ചര്യപ്പെട്ടപ്പോൾ, അവർക്കു വേറെ പണിയൊന്നും ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു ചന്ദ്രയുടെ മറുപടി.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു ഇപ്പോൾ സിംഗിൾ ആണെന്നും മിംഗിൾ ആവാൻ റെഡിയാണെന്നുമായിരുന്നു ചന്ദ്ര പറഞ്ഞു. ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പവും താരം പങ്കുവച്ചു. നല്ല ജോലി വേണം, ജാതി–മത പ്രശ്നങ്ങളില്ല, നല്ല ഉയരം ഉണ്ടാകണം, ഇന്ത്യയിൽ എവിടെ നിന്നുള്ള ആളായാലും കുഴപ്പമില്ല ചന്ദ്രയുടെ പറഞ്ഞു.

അച്ഛനും അമ്മയ്ക്കും ഏകമകളാണു ചന്ദ്ര. ചെന്നൈയിലാണു താമസം. സീരിയലിൽ നിന്ന് ഇടവേളയെടുത്ത് മ്യൂറൽ പെയിന്റിങ് ബിസിനസിൽ ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും ശക്തമായി കഥാപാത്രത്തിലൂടെ തിരിച്ചു വരാൻ ‌താൽപര്യമുണ്ടെന്നും താരം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com