sections
MORE

കടല വിറ്റു കിട്ടിയ ആ ചില്ലറ നോട്ടുകൾക്ക് സ്വർഗത്തിന്റെ മണം; അനുഭവം പങ്കുവച്ച് ഫിറോസ് കുന്നംപറമ്പിൽ

HIGHLIGHTS
  • ഈ പണം ഇവിടെ കടല വിറ്റു കിട്ടിയതാണ്
  • എനിക്ക് ഒന്നും വേണ്ട. നിങ്ങളെ കാണാനും കെട്ടിപ്പിടിക്കാനും സാധിച്ചല്ലോ
firos-kunnamparambil
SHARE

മലയാളികൾക്ക് കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മുഖമാണ് സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. വേദനിക്കുന്നവർക്കു സഹായമേകി, കേരളമാകെ അദ്ദേഹം ഓടി നടക്കുന്നു. ഓരോ ദിവസങ്ങളും തങ്ങളുടെ വിഷമതകൾ പങ്കുവയ്ക്കാൻ നിരവധിപ്പേർ ഫിറോസിനെ തേടിയെത്തുന്നു. ആ വിഷമതകൾ ഫിറോസ് സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുന്നു. കരുണ വറ്റാത്ത മനസ്സുകൾ ലോകത്തിന്റെ പല കോണിലിരുന്ന് ആ ദുഃഖത്തിൽ പങ്കുചേരുന്നു.

എന്നാല്‍ വിഷമതകള്‍ക്കിടയിൽ തന്റെ മുന്നിലേക്കു കരുണയുടെ കൈകൾ നീട്ടിയ മനുഷ്യനെയാണ് ഫിറോസ് അടുത്തിടെ ലോകത്തിനു പരിചയപ്പെടുത്തിയത്. കടല വിറ്റു കിട്ടിയ നാണയതുട്ടുകൾ ഫിറോസിനു നേരെ നീട്ടി അയാൾ ആവശ്യപ്പെട്ടത് മറ്റൊരാളുടെ കണ്ണീരൊപ്പാൻ ഉപയോഗിക്കണം എന്നായിരുന്നു. ഇങ്ങനെയും മനുഷ്യരുണ്ടോ എന്നു ഫിറോസ് അദ്ഭുതപ്പെട്ടുപോയ നിമിഷം.

ഫിറോസിന്റെ കുറിപ്പ് വായിക്കാം; 

രാമപുരത്ത് ഫുട്ബോൾ ഉദ്ഘാടനത്തിലാണ് ഇദ്ദേഹത്തെ കണ്ടുമുട്ടിയത്. എന്റെ പുറകെ തന്നെയുണ്ടായിരുന്നു. കയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയും. എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് വന്നു. ഞാൻ കരുതിയത് അദ്ദേഹത്തിന്റെ വിഷമമായിരിക്കും എന്നായിരുന്നു. പക്ഷെ ഉദ്ഘാടനം കഴിഞ്ഞു പോരാൻ നിൽക്കുമ്പോൾ എന്റെ കയ്യിലേക്ക് കുറച്ചു ചില്ലറ നോട്ടുകൾ നൽകി പറഞ്ഞു. ഇത് ഇവിടെ കടല വിറ്റു കിട്ടിയതാണു നിങ്ങളുടെ പ്രവർത്തനത്തിനു വച്ചോളൂ.

എന്റെ കണ്ണു നിറഞ്ഞു പോയി. ഇങ്ങനെയും ഉണ്ടോ മനുഷ്യർ. ഈ നാണയത്തുട്ടുകൾ കൊണ്ട് അരവയർ നിറയ്ക്കാൻ ഒരു കുടുംബം അവിടെ കാത്തിരിക്കുന്നുണ്ടാവില്ലേ. ഞാൻ അദ്ദേഹത്തെക്കുറിച്ചു തിരക്കി. അദ്ദേഹത്തിനു വീട്ടുണ്ടോ, വീട്ടിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ, നമ്മുടെ സഹായം വേണോ എന്നെല്ലാം. പക്ഷെ എല്ലാത്തിനും ആ മനുഷ്യൻ ചിരിച്ചു കൊണ്ടു മറുപടി നൽകി. എനിക്ക് ഒന്നും വേണ്ട. നിങ്ങളെ കാണാനും കെട്ടിപ്പിടിക്കാനും സാധിച്ചില്ലോ. ഇതുമതി എനിക്ക്.

ആ വാക്കുകൾക്ക് എല്ലാം നേടിയ സന്തോഷം ഉണ്ടായിരുന്നു. പിന്നീട് ആ ഗ്രൗണ്ടിന്റെ തൊട്ടടുത്ത് ഒരു കാൻസർ ‌രോഗിയായ ഇത്തയെ കാണാൻ ചെന്നു നമ്മൾ നൽകുന്ന സഹായത്തിനു മുകളിൽ ആ വിയർപ്പിന്റെ മണമുള്ള ചില്ലറ നോട്ടുകളും വച്ചു നൽകി. വില മതിക്കാനാവാത്ത ആ നോട്ടുകൾ ഇന്നൊരു ജീവന് ആശ്വാസമായി മാറിയില്ലേ. ഇവിടെ ഒഴുക്കിയ വിയർപ്പിന് സ്വർഗ്ഗത്തിന്റെ മണമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA