ADVERTISEMENT

താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെൺകുട്ടി പിതാവിന്റെ കുത്തേറ്റു കൊല്ലപ്പെട്ടതറിഞ്ഞ് വിവഹദിവസം പൊട്ടിക്കരയുന്ന യുവാവ് മലയാളികൾക്കു നൊമ്പരമായിരുന്നു. ഒന്നിച്ചു സ്വപ്നം കണ്ട ജീവിതത്തിലേക്കു ചുവടുവയ്ക്കും മുൻപ് പ്രണയിനി യാത്രായപ്പോൾ നിസ്സഹായനായി നോക്കി നിൽക്കാനേ ബ്രിജേഷിനായുള്ളൂ. ദുരഭിമാനത്തിന്റെ കറുത്തകരങ്ങൾ അവളെ തന്നിൽ നിന്ന് അകറ്റി ഒരു വർഷമാകുമ്പോൾ ബ്രിജേഷ് ഇങ്ങനെ കുറിച്ചു; ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..’ 

2015ലാണ് ഇരുവരും പരിചയപ്പെടുന്നത്. അമ്മയുടെ ചികിൽസയ്ക്കായി ആതിര ലാബ്ടെക്നീഷനായി ജോലി ചെയ്യുന്ന ആശുപത്രിയിൽ എത്തിയതായിരുന്നു പേരാമ്പ്ര സ്വദേശിയായ ബ്രിജേഷ്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ ആതിര പലപ്പോഴും മർദനവും ഭീഷണിയും ഏറ്റു വാങ്ങേണ്ടി വന്നു. ബ്രിജേഷിന്റെ ജാതിയായിരുന്നു അച്ഛൻ രാജന്റെ പ്രശ്നം. 

കാര്യങ്ങൾ ഒടുവിൽ പൊലീസ് സ്റ്റേഷനിൽ എത്തി. അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ നടന്ന മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്കു ശേഷം സൗത്ത് പുത്തലം സാളിഗ്രാമം അമ്പലത്തില്‍ വച്ചു 2018 മാർച്ച് 23ന് വിവാഹം ചെയ്തു നല്‍കാമെന്ന രാജന്റെ ഉറപ്പിനെ തുടര്‍ന്നാണ് ആതിര പൂവത്തികണ്ടിയിലുള്ള തന്റെ വീട്ടിലേക്കു പോയത്. 

എന്നാല്‍ വിവാഹത്തിന്റെ തലേദിവസമായ വ്യാഴാഴ്ച രാവിലെ മുതല്‍ മകളുമായി രാജന്‍ വഴക്കായിരുന്നു. വൈകീട്ടു മദ്യപിച്ചെത്തി വീണ്ടും വഴക്കാരംഭിച്ചു. രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ പിന്നാലെയെത്തി കുത്തുകയായിരുന്നു.

brijesh-fb-post

താലി വാങ്ങാനായി ബ്രിജേഷും കൂട്ടുകാരും പുറത്തു പോയ സമയത്താണ് ആതിരയ്ക്കു പരുക്കേറ്റു എന്ന വിവരം ലഭിക്കുന്നത്. ആശുപത്രി കിടക്കയിലാണെങ്കിലും അവളെ വിവാഹം കഴിക്കണമെന്നു തീരുമാനിച്ചെത്തിയ ബ്രിജേഷ് താലിയും പുടവയും കയ്യിൽ കരുതിയിരുന്നു. പക്ഷേ അവനെ കാത്തിരുന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ പ്രണയിനിയുടെ മൃതദേഹമായിരുന്നു.

2018 മാർച്ച് 23 നവവധുവായി ബ്രിജേഷിന്റെ സ്വന്തമാകേണ്ട ആതിര അന്ന് അവനെ വിട്ടു പോയി. താലിയും കൈപിടിച്ചു കരയുന്ന ബ്രിജേഷ് ഹൃദയം പൊള്ളിക്കുന്ന കാഴ്ചയായി. ആ വേദയുടെ ഓർമകളുമായി വീണ്ടും ഒരു മാർച്ച് 23.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com