ADVERTISEMENT

മരിക്കും മുമ്പ് യാഥാർഥ്യമാകണമെന്ന് ആഗ്രഹിക്കുന്ന ഒരുപിടി സ്വപ്നങ്ങൾ എല്ലാവർക്കുമുണ്ടാകും. അതു യാഥാർഥ്യമാക്കാൻ പരിശ്രമിക്കുകയും ചെയ്യും. ബ്രിസ്റ്റോളിലെ ഒരു മുത്തശ്ശിയും ഒരു ആഗ്രഹവുമായി കുറേ നാളായി നടക്കുന്നു. ഒടുവിൽ ആ ആഗ്രഹം യാഥാർഥ്യമായി. എന്നാൽ ആഗ്രഹം എന്താണെന്നു കേട്ടാൽ ആരും മൂക്കത്തു വിരല്‍വച്ചു പോകും. ‘പൊലീസ് തന്നെ അറസ്റ്റു ചെയ്യണം’ എന്നായിരുന്നു ആഗ്രഹം.

ഒടുവിൽ‌ 104 വയസ്സുകാരിയായ ആനി ബ്രോക്കൻബ്രൗവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ പൊലീസ് എത്തി. സ്റ്റൂകെലി കെയർ ഹോമിലെ അന്തേവാസിയാണ് ആനി മുത്തശ്ശി. മുതിർന്ന പൗരന്മാരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ഒരു സംഘടന ഇവരുടെ കെയർ ഹോമിൽ നടത്തിയ പരിപാടിയിൽ എല്ലാവരും അവരുടെ ആഗ്രഹങ്ങള്‍ എഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. 

ആനി മുത്തശ്ശിയും തന്റെ അതിലെഴുതി. ‘‘എന്നെ അറസ്റ്റു ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് 104 വയസ്സായി, ഇതുവരെ നിയമം ലംഘിച്ചിട്ടില്ല.’’ ആനിയുടെ ആവശ്യം ബ്രിസ്റ്റോൾ വിഷിങ് വാഷിങ് ലൈൻ സോമർസെറ്റ് പൊലീസിനെ ടാഗ് ചെയ്തു ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട അവോൻ ആൻഡ് സോമർസെറ്റ് പൊലീസ് 104 വയസ്സുള്ള ഉത്തമ പൗരയ്ക്കു വേണ്ടി എന്തുചെയ്യാൻ സാധിക്കുമെന്നു നോക്കാമെന്നും ലോക്കൽ പൊലീസിനു വിവരം കൈമാറാമെന്നുമായിരുന്നു മറുപടി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആനി മുത്തശ്ശിയുടെ ആഗ്രഹം സാധിക്കാൻ കെയർ ഹോമിന് അടുത്തുള്ള സ്റ്റേഷനിൽ നിന്നു പൊലീസുകാരെത്തി. കയ്യാമം കൊണ്ട് ബന്ധിച്ച് മുത്തശ്ശിയെ പൊലീസ് കാറിൽ കൊണ്ടു പോയി. കാറിന്റെ സൈറൺ പ്രവർത്തിപ്പിക്കണമെന്ന മുത്തശ്ശിയുടെ ആഗ്രഹവും പൊലീസ് സാധിച്ചു. 

ശരിക്കും അറസ്റ്റു ചെയ്യാനാവില്ലെന്നും അതിനു ആഗ്രഹമില്ലെന്നും പ്രസ്താവനയിലൂടെ അറിയിച്ച പൊലീസ്, ഇങ്ങനെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാനായതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി. 

സംഭവങ്ങളുടെയെല്ലാം വിവരങ്ങൾ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മുന്നിട്ടിറങ്ങിയ സംഘടന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ആനി ബ്രോക്കൻബ്രൗവും ‌താരമായി കഴിഞ്ഞു. ഇതിനു മുന്നിട്ടിറങ്ങിയ സംഘടനയ്ക്കും പൊലീസിനും അഭിനന്ദന പ്രവാഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com