ADVERTISEMENT

മുടി കൊഴിഞ്ഞു പോകുന്ന അസുഖം ആത്മവിശ്വാസം കവർന്നെടുത്ത പെണ്‍കുട്ടി. സമൂഹമത്തിൽ നിന്ന് അവൾ ഒളിച്ചോടി. സുഹൃത്തുക്കളിൽ നിന്നു മാറി നടന്നു. രൂപമായിരുന്നു അവളുടെ ശത്രു. വേദന നിറഞ്ഞ ദിവസങ്ങൾ. എന്നാൽ ബാഹ്യസൗന്ദര്യമല്ല യഥാർഥ സൗന്ദര്യമെന്ന തിരിച്ചറിവ് അവളുടെ ജീവിതം മാറ്റി മറിച്ചു. ആത്മവിശ്വാസത്തോടെ ആ പെൺകുട്ടി ജീവതത്തെ നോക്കി കാണാൻ തുടങ്ങി. ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച അനുപ്രിയയുടെ ജീവിതകഥ ചെറിയ ദുഃഖങ്ങളില്‍ തളര്‍ന്നു പോകുന്നവർക്ക് കരുത്തേകും.

‘‘13–ാം വയസ്സിലാണ് എന്റെ മുടി കൊഴിയാൻ തുടങ്ങുന്നത്. അന്നു ഞാൻ സ്തംഭിച്ചു പോയി. കൊഴിച്ചിൽ താൽകാലികം ആണെന്നായിരുന്നു ഡോക്ടർമാരുടെ നിരീക്ഷണം. വർഷങ്ങൾ കഴിയും തോറും മുടി കൊഴിച്ചിൽ കൂടി എന്നു മാത്രമല്ല, എന്റെ പുരികങ്ങൾ വരെ കൊഴിയാൻ തുടങ്ങി.

മാതാപിതാക്കൾ നിസ്സഹായരായിരുന്നു. എന്റെ അമ്മ തിരുപ്പതി ക്ഷേത്രത്തിൽ പോവുകയും മുടി മുറിയ്ക്കുകയും ചെയ്തു. എന്റെ മുടി തിരിച്ചു കിട്ടുമെന്ന വിശ്വാസത്തിലാണ് അമ്മ അതു ചെയ്തത്. പിന്നീട് എനിക്ക് അലോപേഷ്യയാണെന്നു തിരിച്ചറിഞ്ഞു.

എന്റെ രൂപമായിരുന്നു എന്റെ ശത്രു. പുരികങ്ങൾ വരച്ച്, തല മറച്ചായിരുന്നു ഞാൻ സ്കൂളിലേക്കു പോയിരുന്നത്. അതത്ര എളുപ്പമായിരുന്നില്ല. ആളുകൾ എന്നെ തടഞ്ഞു നിർത്തി കാൻസര്‍ ആണോ എന്നു ചോദിക്കും. എനിക്ക് ആത്മവിശ്വാസം നഷ്ടമായി. ഞാന്‍ സുഹൃത്തുക്കളില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്റെ പഠനത്തേയും ഇതു ബാധിച്ചതോടെ മാതാപിതാക്കൾ ആശങ്കയിലായി. പക്ഷേ എന്നെ ആശ്വസിപ്പിക്കാനായി അവർക്കു ചെയ്യാൻ ഒന്നും തന്നെ ഇല്ലായിരുന്നു.

10–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാര്യങ്ങൾ മാറിയത്. പുറംലോകത്തു പോകാൻ ഞാൻ എത്ര കഷ്ടപ്പെടുന്നുണ്ടെന്നു മനസ്സിലാക്കി മാതാപിതാക്കൾ എനിക്കൊരു വിഗ് സമ്മാനിച്ചു. വിഗ് വെയ്ക്കുമ്പോൾ എനിക്കു നഷ്ടമായ ആത്മവിശ്വാസം തിരികെ ലഭിക്കാൻ തുടങ്ങി. അതോടെ എനിക്കു സന്തോഷമായി. ഞാൻ മറ്റുള്ളവരോടു സംസാരിച്ചു, എന്റെ അവ്സഥ തുറന്നു പറഞ്ഞു. പ്രതീക്ഷിച്ചതിലും കൂടുതൽ പിന്തുണയാണ് അവരിൽ നിന്നു ലഭിച്ചത്. എന്നാൽ വിഗ് ഇല്ലാതെ ഞാൻ ദുര്‍ബലയായിരുന്നു. അതില്ലാതെ പുറത്തിറങ്ങാന്‍ ഞാൻ തയാറല്ലായിരുന്നു. 

ഒരിക്കൽ ഞാൻ സുഹൃത്തിന്റെ കയ്യിൽ നിന്ന് ഒരു സാധനം വാങ്ങി. എന്നാൽ അത് അത്യാവശ്യമായി മടക്കി നൽകണമെന്നു സുഹൃത്ത് ആവശ്യപ്പെട്ടു. എന്റെ വിഗ് ശരിയാക്കാൻ കൊടുത്തിരിക്കുന്നതിനാൽ പുറത്തുപോകാൻ ഞാന്‍ ഭയപ്പെട്ടു. അതേ സമയത്തു തന്നെ എന്റെ സുഹൃത്തുക്കള്‍ ബീച്ചിൽ സൂര്യോദയം കാണാൻ പോകാനായി പദ്ധതിയിട്ടു. എനിക്കും പോകണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വിഗ് ഇല്ലാത്തതിനാൽ പോകാൻ ഞാൻ തയാറായില്ല. എന്നാൽ സുഹൃത്തുക്കൾ വീട്ടിലിരിക്കാൻ എന്നെ സമ്മതിച്ചില്ല. അവർക്കൊപ്പം ഞാൻ പോയി. പക്ഷേ ആ ദിവസം, അതെന്താണെന്ന് എനിക്കറിയില്ല– എന്റെ സുഹൃത്തുക്കൾ, സൂര്യേദയം, തിരമാലകൾ– മുൻപൊരിക്കലുമില്ലാത്ത വിധം സ്വതന്ത്രയായി എനിക്കു തോന്നി.

അതിനുശേഷം ഇനി മുതൽ വിഗ് ഇല്ലാതെ പുറത്തു പോകും എന്നു ഞാൻ തീരുമാനിച്ചു. ഇനി ഒരിക്കലും ഒളിച്ചിരിക്കില്ലെന്നു തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിൽ ശരിക്കുള്ള എന്റെ ചിത്രങ്ങൾ ഞാൻ പങ്കുവച്ചു തുടങ്ങി. എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചു. ഇത്രയും വർഷം സുന്ദരിയാണെന്നു വിശ്വസിക്കാൻ ഞാന്‍ തയാറായിരുന്നില്ല എന്നു മനസ്സിലാക്കി.

നമ്മുടെ ശരീരപ്രകൃതിയല്ല സൗന്ദര്യത്തെ നിർവചിക്കുന്നത്. ചർമത്തിന്റെ നിറവും, ഉള്ളുള്ള മുടിയും മെലിഞ്ഞ ശരീരമോ അല്ല യഥാർഥ സൗന്ദര്യം. നമ്മുടെ ഉള്ളിൽ നിന്നുമാണ് അതു വരുന്നത്. ഇന്നു ഞാൻ കരുത്തയാണ്, എന്നെ ആർക്കും തോൽപ്പിക്കാനാവില്ല. അതാണ് എന്റെ സൗന്ദര്യം.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com