ADVERTISEMENT

ഇനി ഒന്നും ചെയ്യാനില്ല, വീട്ടിൽ കൊണ്ടു പൊയ്ക്കോ എന്നു ഡോക്ടർ പറഞ്ഞതനുസരിച്ച് കുടിലിൽ കൊണ്ടുവന്നതാണ് അമ്മയെ. ഇത് ആരുടേയും കണ്ണു നനയിക്കുന്ന കാഴ്ച. ബന്ധുജനങ്ങൾ എല്ലാം കൂടെയുണ്ടെങ്കിലും അനാഥത്വത്തിന്റെ കണ്ണുനീർ സ്വയം കുടിക്കേണ്ടി വരുന്നവർ.

ഇതിൽ എത്രയോ ഭേദമാണ് നാട്ടിലെ അനാഥാലയങ്ങൾ.

ഹേയ്...അധികാര വർഗ്ഗമേ.... ഭരണകൂടങ്ങളേ ... രാഷ്ട്രത്തിനു (അധികാരത്തിന്റെ അപ്പക്കഷ്ണത്തിനുവേണ്ടി) വേണ്ടി രാഷ്ട്രീയ കുതന്ത്രം മെനയുന്നവരെ........... കണ്ണ് തുറന്നു കാണുവിൻ......... കാതു തുറന്നു കേൾക്കുവിൻ.......... ആരാണ് ഇവരെ സംരക്ഷിക്കേണ്ടവർ....?

ഇതങ്ങ് ഒറീസയിൽ അല്ല, ആസാമിലല്ല, ബീഹാറിലല്ല, ഛത്തീസ്ഗഡിലല്ല, തമിഴ്നാട്ടിലുമല്ല നമ്മുടെ സ്വന്തം കേരളത്തിൽ. പത്തനംതിട്ട മൂഴിയാർ ഡാമിന്റെ പുറകിലുള്ള കുടിലിൽ താമസിക്കുന്ന കല്യാണി എന്ന മാതാവിന്റെ ദുരവസ്ഥ വാക്കുകളാൽ നിർവചിക്കുവാൻ കഴിയില്ല. വർഷങ്ങളായി ആസ്തമയുടെ ചികിൽസയിൽ കഴിയുന്ന ഇവർക്ക് വാർധക്യകാല അസുഖങ്ങൾ കൂടിയായപ്പോൾ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. എന്നാൽ അവർക്കു ശരിയായ പരിചരണമോ ചികിൽസയോ ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ജില്ലാ ആശുപത്രിയിൽ ചികിൽസയ്ക്കായി കൊണ്ടുപോയിരുന്നു. എന്നാൽ ചില്ലറ മരുന്നൊക്കെ കൊടുത്തു പറഞ്ഞുവിട്ടതായി മാനസിക അസ്വാസ്ഥ്യമുള്ള മകളും മരുമകളും പറഞ്ഞു. ഈ അമ്മയെ യാതൊരു സുരക്ഷയുമില്ലാതെ ഈ ചുട്ടുപൊള്ളുന്ന വേനലിൽ വെറുമൊരു ടാർപോളിൻ ഷീറ്റിനു കീഴിൽ, വെറും തറയിൽ തുണിവിരിച്ചു കിടത്തിയിരിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. മരത്തണലിൽ നിൽക്കുമ്പോൾ പോലും ചുട്ടുപൊള്ളുന്ന നമ്മൾ ഈ വൃദ്ധ മാതാവിന്റെ കാര്യം ഒന്ന് ഓർക്കുക. തീർത്തും മനുഷ്യാവകാശ ലംഘനമാണ് ഇവിടുത്തെ കാഴ്ചകൾ.

കാടിന്റെ മക്കളുടെ ദയനീയ ജീവിതത്തിന്റെ നേർചിത്രങ്ങൾ ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ ഇവിടെ പങ്കുവെയ്ക്കുവാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി ആരും ശ്രദ്ധിക്കാനില്ലാതെ പ്രതീക്ഷകളോ ലക്ഷ്യങ്ങളോ ഇല്ലാതെ ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ നാളുകൾ കഴിച്ചുകൂട്ടുന്ന കുറേ മനുഷ്യ ജന്മങ്ങൾ. നിലവാരം കുറഞ്ഞ വെറും ടാർപായ ഷീറ്റുകൾ മൂടിക്കെട്ടി കൂരകളെന്ന് തോന്നക്കത്ത വിധം ഉണ്ടാക്കിയിരിക്കുന്ന കുടിലുകൾ ആരുടേയും മനസിനെ നൊമ്പരപ്പെടുത്തും.

ഇവർ നേരിടുന്ന മറ്റൊരു വെല്ലുവിളി ശുചിത്വം ഇല്ലായ്മമൂലം പിടിപെടുന്ന വിവിധ രോഗങ്ങളും പകർച്ചവ്യാധികളും ആണ്. ഏറ്റവും കൂടുതൽ കണ്ടത് കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഉള്ള ത്വക്ക് രോഗങ്ങൾ‌. വേണ്ട വിധത്തിലുള്ള ചികിൽസകളോ ബോധവൽകരണ പരിപാടികളോ ഇവിടെ സംഘടിപ്പിച്ചതായി അറിവില്ല. ആരോഗ്യവകുപ്പിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണ് ഇത്.

കാട്ടിൽനിന്നു ശേഖരിക്കുന്ന വനവിഭവങ്ങൾ മാത്രമാണ് ഇവരുടെ വരുമാന മാർഗങ്ങൾ. തേനും കുന്തിരിക്കവും, ഇഞ്ചയും, ഔഷധ സസ്യങ്ങളും ശേഖരിച്ചു തുച്ഛമായ വിലയ്ക്കു വിൽക്കുന്നു. ട്രൈബൽ സൊസൈറ്റിയിൽ നിന്നു ലഭിക്കുന്ന അരിയും മറ്റു ഭക്ഷ്യധാന്യങ്ങളും മാസത്തിൽ ഒരു തവണ ലഭിക്കുന്നതല്ലാതെ മറ്റൊരു ആനുകൂല്യങ്ങളും ഇവർക്കു കിട്ടുന്നില്ല. (കഴിഞ്ഞ ഒന്നരവർഷക്കാലമായി പത്തനംതിട്ട സ്വദേശിനി രേഖ.എസ് നായർ നേതൃത്വം കൊടുക്കുന്ന സ്നേഹപ്പച്ച എന്ന ജീവകാരുണ്യ കൂട്ടായ്മയാണ് ഇപ്പോൾ അവർക്ക് ഏക ആശ്വാസം. എല്ലാമാസവും സ്ഥിരമായി അവർക്ക് വേണ്ടുന്ന ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്ന ഈ കൂട്ടായ്മ പല സമയങ്ങളിലും കൊടും വനത്തിൽ വന്യ ജീവികളുടെയും കാട്ടാനകളുടെയും മുൻപിൽ പെട്ടുപോയിട്ടുണ്ട്. ഈ ഗ്രുപ്പിലെ പലരുടെയും വീടുകളിലെ ഓർമ്മ ദിവസങ്ങൾ കൊണ്ടാടുന്നത് ഇവരോടൊപ്പമാണ്.)

വിഷ്ണു, അനിൽ, ശരത്, ഉണ്ണി, ആതിര, അപ്പു, കണ്ണൻ, മനു തുടങ്ങി നിരവധി കുട്ടികൾ അധ്യായനത്തിനായ് ട്രൈബൽ സ്‌കൂളിൽ പോകുന്നുണ്ട്. എന്നാൽ ഒന്നും പഠിക്കാതെ അവർ തിരിച്ചുവരുന്നുണ്ട്. ദിവസവും മൂന്നു നേരം ഭക്ഷണം കിട്ടുന്നു എന്ന ആശ്വാസം മാത്രമാണ് അവർക്കും രക്ഷിതാക്കൾക്കും ഉള്ളത്. 

ശരിയായ വിദ്യാഭ്യാസമോ അറിവോ ലഭിക്കാത്തിടത്തോളം കാലം ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാൻ വളരെ പ്രയാസമാണ്. ചാലക്കയം, ളാഹ, നിലക്കൽ, പമ്പ, ആങ്ങാമൂഴി, മൂഴിയാർ, സീതത്തോട് തുടങ്ങിയ വനാന്തരങ്ങളിൽ കഴിയുന്ന നൂറോളം കുടുംബങ്ങളിൽ വിദ്യാഭ്യാസം ആർജിച്ചവർ വളരെ കുറച്ചുമാത്രം. നിലക്കൽ കോളനിയിലെ ബൈജു പ്ലസ്‌ടു വരെ പഠിച്ചതായി മനസ്സിലായി. എന്നാൽ തുടർന്നു പഠിക്കാനോ ജോലിക്കു ശ്രമിക്കുവാനോ ആരുടെയും സഹായമൊ പിന്തുണയോ ഇല്ലെന്ന നിരാശ നിറഞ്ഞ വാക്കുകളും കേൾക്കാൻ ഇടവന്നു. എട്ടാം ക്ലാസും അഞ്ചാം ക്ലാസും പഠിച്ചവരും ഉണ്ട്. പക്ഷേ ഒന്നും അറിഞ്ഞു കൂടായെന്നു മാത്രം. ഇവരുടെ ഉന്നമനത്തിനായി വർഷം തോറും കോടികൾ അനുവദിക്കുന്നുണ്ടെന്നും അത്‌ ചെലവാക്കുന്നുണ്ടെന്നും നിത്യവും നമ്മൾ കേൾക്കുന്ന പല്ലവി മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com