sections
MORE

പെൺസുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ട്; പറയാതെ പറയുന്നത് ഇങ്ങനെ

HIGHLIGHTS
  • മനസ്സിലെ പ്രണയം തുറന്നു പറയാതെ സുഹൃത്തുക്കളായി തുടരുന്നവരുണ്ട്
  • പെൺസുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടോ എന്നറിയാൻ ചില വഴികളുണ്ട്
strong-signs-that-your-best-friend-loves-you
പ്രതീകാത്മക ചിത്രം
SHARE

സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിൽ അവസാനിക്കുന്ന നിരവധി ബന്ധങ്ങളുണ്ട്. എല്ലാം തുറന്നു പറയാൻ സാധിക്കുന്ന, പരസ്പരം മനസ്സിലാക്കുന്ന സുഹൃത്തിനോട് ഒരു ഘട്ടത്തില്‍ പ്രണയം തോന്നുന്നു. എപ്പോഴും സന്തോഷവും കളിയും ചിരിയും സമ്മാനിക്കുന്ന വ്യക്തി ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകണമെന്നു ചിന്തിക്കുന്നത് സ്വാഭാവികം.

എന്നാൽ മനസ്സിലെ പ്രണയം തുറന്നു പറയാതെ സുഹൃത്തുക്കളായി തുടരുന്നവരുണ്ട്. പറയാൻ തുടങ്ങുമ്പോൾ ധൈര്യം നഷ്ടപ്പെടുന്ന അവസ്ഥ. ആത്മാർഥ സുഹൃത്തിനെ പ്രണയിക്കുന്നത് ശരിയാണോ, തന്നെ ഇഷ്ടപ്പെടില്ലെങ്കിലോ, സൗഹൃദം നഷ്ടപ്പെട്ടുമോ എന്നീ സംശയങ്ങളാണ് ഇക്കാര്യം തുറന്നു പറയുന്നതിൽ നിന്നു വിലക്കുന്നത്. എന്നാൽ പെൺസുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടോ എന്നറിയാൻ ചില വഴികളുണ്ട്. അവരുടെ പെരുമാറ്റത്തിലെ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇതു മനസ്സിലാക്കാം.

ദേഷ്യം പിടിപ്പിക്കും

നിങ്ങളുടെ മുൻപ്രണയമോ, ഇപ്പോഴുള്ള ക്രഷുകളോ പറയുമ്പോൾ അവർ താൽപര്യമില്ലാത്തതു പോലെ പെരുമാറും. മറ്റൊരു പെൺ‌കുട്ടിയെ ചൂണ്ടി ‘ആ കുട്ടി കൊള്ളാം’ എന്നു പറയുമ്പോള്‍ ‘അത്ര പോരാ’ എന്നു പ്രതികരിക്കുന്നതും, കളിയാക്കിയാലോ വഴക്കിട്ടാലോ ‘കഷ്ടപ്പെട്ട് എനിക്കൊപ്പം ഇരിക്കേണ്ട, അവളുടെ എടുത്തേക്ക് പൊക്കോളൂ’ എന്നു പറഞ്ഞ് നിങ്ങള്‍ കൊള്ളാം എന്നു പറഞ്ഞ പെൺകുട്ടിയെ പരാമര്‍ശിക്കുകയും ചെയ്യുന്നത് മനസ്സിലെ പ്രണയത്തിന്റെ സൂചനകളാണ്.

കളിയാക്കും, പുകഴ്ത്തില്ല

മറ്റു പെൺകുട്ടികളുടെ മുൻപിൽ വച്ചു നിങ്ങളെ കളിയാക്കും, പക്ഷേ ഒരിക്കലും പുകഴ്ത്തി പറയില്ല. കളിയാക്കിയതിനു പിന്നീട് മാപ്പു പറയുകയും ചെയ്യും. പക്ഷേ ഇതു പിന്നെയും ആവർത്തിക്കും. ഇതിനു കാരണം ആ പെൺകുട്ടിക്കു നിങ്ങളോടു താൽപര്യം തോന്നുകയോ, സൗഹൃദം ആരംഭിക്കുകയോ ചെയ്യുമോ എന്ന ചിന്തയാണ്. അവരുമായി അടുത്താൽ തനിക്കു കിട്ടുന്ന ശ്രദ്ധ കുറഞ്ഞു പോകുമോ എന്ന്  ഭയപ്പെടുന്നു. ഇതിനു കാരണം സൗഹൃദം മാത്രമല്ല, മനസ്സിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന പ്രണയവുമാകാം.

നിങ്ങളുടെ ഇഷ്ടത്തിനു മുൻഗണന

പല കാര്യങ്ങളിലും അവർക്കിഷ്ടപ്പെട്ട രീതി ഒഴിവാക്കി നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് ചെയ്യുന്ന ആളാണോ സുഹൃത്ത്. സ്വന്തം മുടി കെട്ടുന്നതുമുതൽ വസ്ത്രധാരണത്തിൽ വരെ ഇത്തരം ഇഷ്ടങ്ങൾ പിന്തുടരാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കാം സൗഹൃദം മാത്രമല്ല അവളുടെ മനസ്സിലുള്ളത്. 

സമ്മാനങ്ങളിലെ ‘ഇഷ്ടം’

പ്രണയിക്കുന്ന ആളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും ഓർത്തു വയ്ക്കുകയും ചെയ്യുന്ന സ്വഭാവമാണ് പെൺകുട്ടികൾക്കുള്ളത്. ഇതുപോലെ നിങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ ഓർത്തുവയ്ക്കാനും ഓർമിപ്പിക്കാനും മിടുക്കരാണോ പെൺസുഹൃത്ത്? ജന്മദിനത്തിനും മറ്റുമായി നൽകുന്ന സമ്മാനങ്ങളിൽ ഈ ഇഷ്ടം നിറഞ്ഞു നിൽക്കുന്നു കാണാം.

സങ്കൽപം അറിഞ്ഞാലോ?

നിങ്ങളുടെ സങ്കൽ‌പത്തിലുള്ള പെൺകുട്ടി എങ്ങനെയാണെന്ന് ഇടയ്ക്കിടെ ചോദിക്കുന്ന ശീലമുണ്ടെങ്കിൽ അതും മനസ്സിലെ പ്രണയത്തിന്റെ ലക്ഷണമാണ്. സങ്കൽപമറിഞ്ഞു താൻ അതുപോലെയാണോ എന്നു പരിശോധിക്കാനും അങ്ങനെയാകാനുമാണ് അവരുടെ ശ്രമം. വെറുതെയിരിക്കുമ്പോൾ തമാശ പോലെയായിരിക്കും ഇക്കാര്യങ്ങൾ ചോദിക്കുക. പക്ഷേ മുഖത്ത് അറിയാനുള്ള ആകാംക്ഷ പ്രകടമാവുകയും ചെയ്യും.

കണ്ണ് ഉടക്കും

വലിയൊരു സുഹൃത് സംഘത്തിനിടയിൽ ഇരിക്കുമ്പോഴും നിങ്ങളിലായിരിക്കും ശ്രദ്ധ. നിങ്ങൾ കണ്ടാൽ സ്വാഭാവികമായ ഒരു ചിരി സമ്മാനിക്കും. എന്നിട്ടു വേഗം കണ്ണു വെട്ടിക്കും. അവർക്ക് നിങ്ങളുടെ ശ്രദ്ധ വേണമെന്നും പ്രണയിക്കുന്നുണ്ടെന്നും പറയാതെ പറയുകയാണ് ഇതിലൂടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA