sections
MORE

അവസാന നിമിഷവും സെറീറ്റ പറഞ്ഞു: ‘അർബുദമേ ഞാൻ വെറും തൊട്ടാവാടിയല്ല’

HIGHLIGHTS
  • മൂന്നു പതിറ്റാണ്ട് പ്രഫഷനൽ വെഡ്ഡിങ് പ്ലാനിങ് രംഗത്ത് വഴികാട്ടി
  • സെറീറ്റ മെരീറ്റ ഡേവിഡ് വിടവാങ്ങുമ്പോൾ വിതുമ്പുന്നത് അനേകായിരം കുടുംബങ്ങൾ
tribute-to-fashion-designer-fonix-wedding-planner-zeritta-david
സെറീറ്റ മെരീറ്റ ഡേവിഡ്
SHARE

മൂന്നു പതിറ്റാണ്ട് പ്രഫഷനൽ വെഡ്ഡിങ് പ്ലാനിങ് രംഗത്ത് വഴികാട്ടിയായിരുന്ന ഫോണിക്സ് വെഡ്ഡിങ് പ്ലാനറിന്റെ ഉടമയും ഫാഷൻ ഡിസൈനറുമായ സെറീറ്റ മെരീറ്റ ഡേവിഡ് വിടവാങ്ങുമ്പോൾ കുടുംബത്തോടൊപ്പം വിതുമ്പുന്നത് അനേകായിരം കുടുംബങ്ങൾ കൂടിയാണ്. കാരണം ഒരോ കുടുംബവും ഒന്നായി തീരുന്ന നിമിഷങ്ങൾ സാക്ഷ്യം വഹിച്ച വിവാഹവേദികൾക്ക് പുതുമയുള്ള പുഷ്പാലങ്കാരങ്ങൾ ഉൾപ്പെടെ പുതുമോടി നൽകിയത് സെറീറ്റയുടെ കരവിരുതായിരുന്നു. ഒന്നരവർഷത്തോളം അർബുദത്തോടു പേരാടിയാണ് സെറീറ്റ യാത്രയാകുന്നത്. 

fonix-wedding-planner

മേക്ക് അപ് ആർട്ടിസ്റ്റും നാടക നടനുമായിരുന്ന ഫ്ലക്ച്ചർ ഡേവിഡ് ആണ് അര നൂറ്റാണ്ടു മുൻപ് മാർക്കറ്റ് റോഡിൽ ഫോണിക്സ് സ്ഥാപിച്ചത്. പിതാവിന്റെ വേർപാടോടെ സ്ഥാപനത്തിന്റെ ചുമതല സെറീറ്റ ഏറ്റെടുത്തു. അമ്മ ഹെലനും സഹോദരങ്ങളായ ആന്റസും ബിയോനിറ്റയും ചേർന്നപ്പോൾ സ്ഥാപനം കൂടുതൽ വിപുലമായി. വെഡ്ഡിങ് പ്ലാനിങ് എന്തെന്നു കേട്ടുകേൾവിയില്ലാത്ത കാലത്താണു സെറീറ്റ ഈ ആശയം അവതരിപ്പിക്കുന്നത്. വിവാഹവേദികളിൽ കടലാസും ഗിൽറ്റ് തോരണങ്ങളും നിറഞ്ഞുനിന്ന കാലത്ത് പുതുമയുള്ള പുഷ്പാലങ്കാരങ്ങൾ പരീക്ഷിച്ചാണ് സെറീറ്റ ഈ മേഖലയിൽ കാലുറപ്പിച്ചത്. ആംഗ്ലോ– ഇന്ത്യൻ വിവാഹങ്ങളിലെ വധുവിന്റെ വേഷമായ ഗൗണിനു ആവശ്യക്കാർ ഏറിയപ്പോൾ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിലേക്ക് ശ്രദ്ധപതിപ്പിച്ചു. കൊച്ചി മാർക്കറ്റ് റോഡിലെ ഫോണിക്സ് വെഡ്ഡിങ് പ്ലാനറിന്റെ കെട്ടിടത്തെ ഒരു മുഴുവൻ ഡിസൈൻ സ്റ്റുഡിയോയായി മാറ്റി.

finox-decerations

മലയാളിയുടെ വിവാഹ ഒരുക്കങ്ങളുടെ അഭിരുചി മാറിയതോടെയാണ് ഫോണിക്സ് വെഡ്ഡിങ് പ്ലാനർ വിവാഹത്തിന്റെ ഒരോ ഘട്ടത്തിലും മാർഗനിർദേശികളായത്. വിവാഹവേദി, വാഹന ഒരുക്കങ്ങൾ വരെ എല്ലാം ഒറ്റ കുടകീഴിൽ എന്ന ആശയം വിജയകരമായി നടപ്പാക്കി.  നാട്ടിലെത്തി കല്യാണം നടത്തി മടങ്ങുന്ന വിദേശ മലയാളികൾക്കാണ് സെറീറ്റയുടെ സേവനം ഏറെ ആശ്വാസം നൽകിയത്. ഓരോ കുടുംബത്തിന്റെയും അഭിരുചിക്കും ബജറ്റിനും അനുസരിച്ച് വിവാഹവേദികൾ ഒരുക്കി. പുഷ്പാലങ്കാരത്തിൽ പ്രാവിണ്യമുണ്ടായിരുന്ന സെറീറ്റ ബെംഗളൂരുവില്‍ നിന്നും വിദേശത്തു നിന്നും പുഷ്പങ്ങൾ വരുത്തി വിവാഹ വേദികളിൽ പുതുമ പരീക്ഷിച്ചു. കൊച്ചിൻ ഫ്ലവർ ഷോയിലും മുടങ്ങാതെ പങ്കെടുത്ത് കരവിരുത് തെളിയിച്ചു.

fonix-df

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ലോബിയിലും വേദികളിലും പുഷ്പാലങ്കാരത്തിലൂടെ സെറീറ്റ കയ്യൊപ്പിട്ടു. ഉപഭോക്താവിന്റെ മനസറിഞ്ഞ് വിവാഹവേദിയുടെ തീം ഡിസൈൻ മുതൽ ഒരുക്കങ്ങൾ വരെ സെറീറ്റ നേരിട്ടാണ് മേൽനോട്ടം നൽകിയത്. വേദി അലങ്കരിക്കുന്ന ഒരോ പൂവിന്റെ ഗുണനിലവാരവും നിറവും കാർക്കശ്യത്തോടെ ഉറപ്പാക്കി. ഭർത്താവ് കോലഞ്ചേരി പടിഞ്ഞാറേ കണ്ണമ്പിള്ളി അഭിലാഷ് രാജുവും മക്കളായ ആബ്നർ കെല്ലി ഡേവിഡും അവ്നിറ്റ യെലേനയും സെറീറ്റയ്ക്കു പിന്തുണ നൽകി.

fonix-wedding-planners

പുഷ്പങ്ങളെ കുഞ്ഞുങ്ങളെ പോലെ പരിലാളിച്ച സെറീറ്റ അർബുദത്തോട് മനക്കരുത്തോടെയാണു പോരാടിയതെന്നു സഹപ്രവർത്തകരും സുഹൃത്തുകളും സാക്ഷ്യപ്പെടുത്തുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കിടയിലും കൃത്യമായി ഒാഫിസിലും വിവാഹവേദികളിലും എത്തി ജോലികൾ ഭംഗിയായി നിർവഹിച്ചു. യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന സെറീറ്റ വിദേശരാജ്യങ്ങളിൽ സന്ദർശിക്കുമ്പോൾ കാഴ്ചകളെക്കാൾ അവിടുത്തെ പൂക്കളെയും വിവാഹവേദികളെയും കുറിച്ചു പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു. പർപ്പിൾ ലാവൻഡർ കളർ തീം ഏറെ സ്നേഹിച്ച സെറീറ്റയെ ഇൗസ്റ്റർ ദിനത്തിൽ യാത്രയാക്കുമ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനസിൽ ഓർക്കുന്നത് ചികിൽസയുടെ സമയത്തു പുഞ്ചിയിരിയോടെ സെറീറ്റ പറഞ്ഞിരുന്ന ഇഷ്ടവാചകമാണ് – അർബുദമേ ഞാൻ വെറും തൊട്ടാവാടിയല്ല!

phonix-1
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA