ADVERTISEMENT

അന്നു കോട്ടയം കണ്ണെഴുതുമ്പോൾ കനിയപ്പയുടെ മനസ്സ് നിറഞ്ഞു. കോട്ടയത്തെ സാധാരണക്കാരെ ആദ്യമായി കണ്ണെഴുതാനും പൊട്ടുതൊടാനും പഠിപ്പിച്ചത് തിരുനക്കര ബസ് സ്റ്റാൻഡിനടുത്തുള്ള ഒരു ചെറിയ കടയാണ്– എ വൺ ലേഡീസ് സ്റ്റോഴ്സ്.

പ്രായത്തെ മേക്കപ്പ് കൊണ്ട് തോൽപ്പിച്ച ആ കടയ്ക്കിന്ന് അൻപതാം പിറന്നാൾ. അൻപത് വർഷമായി ഒരിഞ്ചുപോലും നീങ്ങാതെ അതേ മുറിയിൽ തന്നെയുള്ള എവൺ ലേഡീസ് സ്റ്റോഴ്സിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് 10ന് അരുന്ധതി റോയ് നിർവഹിക്കും.

തുടക്കം

ഇപ്പോൾ കട നടത്തുന്ന അബൂബക്കറിന്റെ പിതാവ് കനിയപ്പയുടെ സ്വപ്നമായിരുന്നു ഈ കട. ഉൽസവപ്പറമ്പുകളിൽ കുപ്പിവളയും കരിമഷിയുമൊക്കെ വിറ്റിരുന്ന കനിയപ്പയാണ് കോട്ടയത്ത് ഇത്തരം ഉൽപന്നങ്ങൾക്ക് മാത്രമായി ഒരു കട തുറന്നത്. നാടകങ്ങൾ സജീവമായിരുന്ന അക്കാലത്ത് മേക്കപ്പിനും കോസ്റ്റ്യൂമിനുമായി കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ളവർ ആശ്രയിച്ചിരുന്നത് എ വണ്ണിനെയായിരുന്നു. 

a-one-ladied-store-mentioned-in-arundhati-roy-s-book-god-of-small-things
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ എ വൺ ലേഡീസ് ഷോപ്.

സ്റ്റാർ കസ്റ്റമേഴ്സ്

അരുന്ധതി റോയ് മുതൽ തുടങ്ങും എ വണ്ണിന്റെ സ്റ്റാർ കസ്റ്റമേഴ്സിന്റെ നിര. കോട്ടയത്തെ അരുന്ധതി വരച്ചിട്ട 'ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന നോവലിന്റെ ഒരു കോണിലുണ്ട് എ വൺ ലേഡീസിനെക്കുറിച്ചുള്ള ഓർമകൾ. 

വർഷങ്ങളായി തേടി വരുന്ന കസ്റ്റമേഴ്സാണ് കടയുടെ വിജയമെന്നാണ് എവണ്ണിന്റ വിശ്വാസം. 27 വയസ്സ് മുതൽ എ വണ്ണിന്റെ  ഭാഗമായതാണ് അബു. കട ലാഭമായിരുന്നതുകൊണ്ട് അച്ഛനൊപ്പം ധൈര്യമായി കൂടി. ഇപ്പോൾ അബുവിന്റെ ഭാര്യ നീജയും മക്കൾ അലിൻ, എഹിൻ, അഹിന എന്നിവരുമുണ്ട് പിന്തുണയ്ക്കായി. സമീപകാലത്ത് ഇത്തരം ഫാൻസി കടകളുടെ എണ്ണം വർധിച്ചത് ലാഭത്തെ ബാധിച്ചിട്ടുണ്ടെങ്കിലും സ്ഥിരമായി ഇവിടെയെത്തുന്നവരുടെ സ്നേഹമാണ് അതിലെല്ലാം മേലെയെന്ന് അബു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com