ADVERTISEMENT

ഒരു ജോലി തുടർച്ചയായി എത്രനാൾ ബോറടിക്കാതെ, ബോറടിപ്പിക്കാതെ നമുക്കു ചെയ്യാനാകും ? ചോദ്യം ഗ്രേറ്റ് ബോംബെ സർക്കസിലെ തുളസീദാസ് ചൗധരിയോടാണെങ്കിൽ ഒരു ചിരിയാകും മറുപടി. അതു തന്നെയാണയാളുടെ ജോലി. കഴിഞ്ഞ 60 വർഷമായി അരങ്ങിലെത്തി കാണികളെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു ഈ കുറിയ മനുഷ്യൻ. ഏതെങ്കിലും ഇനങ്ങളുടെ അവതരണത്തിൽ ഒരു പാളിച്ച വന്നാൽ, ഉദ്ദേശിച്ച പൂർണത കിട്ടാതിരുന്നാൽ വേദിയിലെത്തുക ജോക്കറാകും. പിന്നെ അക്ഷമരായ കാണികളെ തിരിച്ചു പിടിക്കുകയെന്ന വലിയ ദൗത്യം അവരുടെയാണ്.  സർക്കസ് തമ്പിനെ ജീവിതമാക്കിയ, അരങ്ങിലെ പ്രകടനത്തിലൂടെ കാണികളെ പൊട്ടിച്ചിരിപ്പിച്ച തുളസിയുടെ തമ്പിലെ ജീവിതം തുടങ്ങിയിട്ട് 6 പതിറ്റാണ്ടായിരിക്കുന്നു. 

ദ ഗ്രേറ്റ് ബോംബെ സർക്കസിലെ കലാകാരന്മാർ എല്ലാവരും ഒത്തുകൂടി. എഴുപത്തിമൂന്നുകാരനായ തുളസിയെ സ്റ്റേജിലെ വേഷത്തിൽ തന്നെ കസേരയിൽ നിർത്തി. മറ്റൊരാൾ കേക്ക് മേശയിലെത്തിച്ചു. ഉയരം കുറഞ്ഞ ആ മനുഷ്യൻ കേക്കു മുറിച്ചു. അദ്ദേഹത്തിനു കേക്കു നൽകാൻ സഹകലാകാരന്മാർ മത്സരിച്ചു.  ബിഹാർ സ്വദേശിയായ തുളസി 13–ാം വയസിലാണ്  സർക്കസിൽ ചേരുന്നത്. കൂടാരത്തിലെ കൊച്ചു മനുഷ്യരോടു തോന്നിയ ഇഷ്ടം തുളസിയെ സർക്കസിലെ ചിരിയുടെ രാജാവാക്കി. ‘മനസിൽ എത്ര വിഷമമുണ്ടെങ്കിലും ഞാൻ ചിരിക്കും, ചിരിപ്പിക്കും. അതാണെന്റെ ജോലി. അതു ഞാൻ ജീവിതാവസാനം വരെ തുടരും.’ തുളസീദാസ് ചൗധരിയുടെ മുഖത്തെ ചിരി മങ്ങുന്നേയില്ല. ഒന്നും രണ്ടുമല്ല 60 വർഷങ്ങളായി തുളസി ആസ്വാദകരെ ചിരിപ്പിക്കുകയാണ്. അതേ ജോക്കർമാർ കരയാൻ പാടില്ല, തുളസിയുടെ മുഖം അത് ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com