sections
MORE

വരദയുടെ റൂബി നാട്ടിലെ ഹിറോ; അത്യപൂർവ സൗഹൃദത്തിന്റെ കഥ

HIGHLIGHTS
  • വരദ എവിടെപ്പോയാലും തിരിച്ചു വരുന്നതുവരെ റൂബി പടിക്കൽ നോക്കി നിൽക്കും
  • അടുത്ത വീട്ടിലെ കുട്ടികളും റൂബിയുടെ സൗഹൃദവലയത്തിലുണ്ട്
റൂബിയോടൊപ്പം വരദ
SHARE

ചോര ചോരുന്ന മുറിവുകളോടെ തെരുവോരത്ത് ദയാവധം കാത്തു കിടക്കുകയായിരുന്നു ആ പട്ടിക്കുഞ്ഞ്. കൊത്തിവലിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന കാക്കകൾക്കു നടുവിൽ. മൂന്നു വർഷം മുൻപ്, വൈകിട്ട് ക്ളാസ് കഴിഞ്ഞിറങ്ങിയ  കുറ്റിമുക്ക് സാന്ദീപനി സ്കൂളിലെ കുട്ടികളുടെ മുൻപിലായിരൂന്നു ഈ ദയനീയ കാഴ്ച. പിറവിയിലേ വേറിട്ടുപോയൊരു പട്ടികുടുംബത്തിലെ അവസാന ജീവനായിരുന്നു അത്. ഓരോന്നായി വണ്ടിയിടിച്ചു ചാവുംമുമ്പ് ആ തള്ളപ്പട്ടിയും അതിന്റെ അഞ്ചു കുട്ടികളും അവരുടെ കൗതുക കാഴ്ചകളിലൊന്നായിരുന്നു. 

രാവിലെ അവർ ക്ളാസിൽ കയറുമ്പോൾ ഓടിക്കളിച്ചിരുന്ന  പട്ടിക്കുട്ടിയാണ് ഇപ്പോൾ ചോരയൊലിപ്പിച്ചു കിടക്കുന്നത്. കുറേ കുട്ടികൾ അതു കണ്ടു. അതിലൊരു കുട്ടിയുടെ കണ്ണിൽ ആ കാഴ്ച വന്നുകൊണ്ടു. തിരുവമ്പാടി കുന്നത്ത് ലെയ്ൻ സുമിത് എന്ന വീട്ടിലെ സുനിതയുടെ മകൾ വരദ അന്നു സഹോദരൻ വാസുദേവുമൊത്ത് സ്കൂൾ വിട്ടു വന്നത് വിങ്ങിക്കരഞ്ഞുകൊണ്ടായിരുന്നു.  വണ്ടിയിടിച്ചിട്ട മുറിവുകളോടെ ചോരയൊലിപ്പിച്ചു കിടന്ന പട്ടിക്കുട്ടിയെ സഹായിക്കാൻ കഴിയാത്ത വിഷമമായിരുന്നു വരദയ്ക്ക്. 

varadha-ruby

അമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയുടെ സങ്കടം കൂടിയതേയുള്ളൂ. ഒടുവിൽ വരദയുടെ നിർബന്ധത്തിനു വഴങ്ങി സുനിത കുട്ടികളെയും കൂട്ടി ഓട്ടോറിക്ഷ വിളിച്ച് സ്കൂളിലേക്കു പോയി. അവരെത്തുമ്പോഴേക്കും പട്ടിയുടെ അവസ്ഥ കൂടുതൽ ദയനീയമായിരുന്നു. കൂടുതൽ രക്തം വാർന്നുപോയി അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അത്. 

അടുത്ത വീട്ടിൽ നിന്നൊരു ഷീറ്റ് വാങ്ങി പട്ടിക്കുട്ടിയെ കോരിയെടുത്തു വരദയും അമ്മയും കൊക്കാലയിലെ മൃഗാശുപത്രിയിലേക്കു കുതിച്ചു. പട്ടിയെ പരിശോധിച്ച ഡോക്ടർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അതു രക്ഷപ്പെടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. മൃഗങ്ങളെ പരിപാലിക്കുന്ന സംഘടനയിലുള്ളവരുമായി ബന്ധപ്പെട്ടു. അവരും വരദയെ നിരുത്സാഹപ്പെടുത്തി. ദൂരെ എവിടെയെങ്കിലും കൊണ്ടു പോയി ഉപേക്ഷിക്കാനായിരുന്നു നിർദേശം.

വരദയുടെ സങ്കടം കണ്ടു മനസ്സലിഞ്ഞ ഡോക്ടർ ഒരു പരീക്ഷണത്തിനു തയ്യാറായി. മുറിവിൽ മരുന്നുവച്ച് ഒരു വാഗ്ദാനം നൽകി. ‘‘പട്ടിക്കുട്ടി ഈ രാത്രി പിന്നിടുകയാണെങ്കിൽ തുടർ ചികിത്സ ഏറ്റെടുക്കാം’’. 

varadha-holding-ruby

ആ രാത്രി വരദ ഉറങ്ങിയില്ല. പട്ടി ഉണരും വരെ കാവലിരുന്നു. രാത്രിയിലെപ്പോഴോ അതുണർന്നു. പാലു കുടിച്ചു. രക്ഷകയെ നന്ദിപൂർവം നോക്കി. ആ നോട്ടം അതിപ്പോഴും പിൻവലിച്ചിട്ടില്ല. അത്യപൂർവമായ ഒരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. കുപ്പയിൽ നിന്നു കിട്ടിയ പട്ടിക്കു വരദയിട്ട പേര് റൂബി. വരദയുടെ മാണിക്യം

വരദ എവിടെപ്പോയാലും തിരിച്ചു വരുന്നതുവരെ റൂബി പടിക്കൽ നോക്കി നിൽക്കും. സ്കൂൾ യൂണിഫോം ധരിച്ചു പോകുമ്പോൾ മാത്രംഇളവുണ്ട്. അല്ലാത്ത ഏതുയാത്രയാണെങ്കിലും കൂടെപ്പോകാൻ നിർബന്ധം പിടിക്കും. കൂടെപോകാത്ത യാത്രയാണെങ്കിൽ വരദ തിരിച്ചുവരുന്നതുവരെ അസ്വസ്ഥയാവും. അൽപ്പനേരം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത അവസ്ഥ. ഈ അടുപ്പം പട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന സംശയമായതോടെ പട്ടികളെ പരിശീലിപ്പിക്കുന്നവരുടെ സഹായം തേടി. 

varadha-and-ruby

ഒരു മാസം വിട്ടു നിർത്താനായിരുന്നു അവരുടെ നിർദേശം. അങ്ങനെ റൂബിയെ തൽക്കാലം അവരുടെ സംരക്ഷണത്തിലാക്കി. ഒരു മാസം കഴിഞ്ഞ് കാണാൻ പോയപ്പോഴേക്കും അവളുടെ സ്നേഹം കൂടിയിട്ടേയുണ്ടായിരുന്നുള്ളൂ. ഇതും കൂടിയായതോടെ വരദയുടെ മനസ്സലിഞ്ഞു. റൂബിക്കു കൂട്ടിൽ നിന്നു പ്രമോഷൻ. വരദയുടെ റൂമിലേക്ക്. 

വരദയും കൂട്ടുകാരും റൂബിക്കും ബോൾട്ടിനുമൊപ്പം വീട്ടിൽ....

വരദയും സഹോദരനും മാത്രമല്ല. അടുത്ത വീട്ടിലെ കുട്ടികളും റൂബിയുടെ സൗഹൃദവലയത്തിലുണ്ട്. കൂടെ വീട്ടിലുള്ള ബോൾട്ട് എന്ന പേരുള്ള ഒരു ഡാഷ് ഹണ്ടും.ചുറ്റുമുള്ള കുറേപ്പേരുടെ അമിതമായ ലാളനയേറ്റു വളർന്ന് സ്വന്തം ഉത്തരവാദിത്വം മറന്നുപോയ ഒരു പട്ടിയാണ് റൂബി എന്നു ന്യായമായും സംശയം തോന്നാം. എന്നാൽ, റൂബിക്കു സ്വന്തം കഴിവുകളിൽ ഒരു വിശ്വാസക്കുറവുമില്ല. 

വരദയും കൂട്ടുകാരും റൂബിക്കും ബോൾട്ടിനുമൊപ്പം വീട്ടിൽ.

ഒന്നര വർഷം മുമ്പ് പതിവുപോലെ സായാഹ്ന സവാരിക്കിറങ്ങിയതായിരുന്നു വരദയും റൂബിയും. അവരുടെ കൺമുന്നിൽ വച്ച് ഒരാൾ ഒരു സ്ത്രീയുടെ മാലപൊട്ടിച്ചോടി. അമ്പരന്നു നിന്ന സ്ത്രീ പ്രതികരിക്കുമ്പോഴേക്കും കള്ളൻ കൺമുന്നിൽ നിന്നു മറഞ്ഞിരുന്നു. വരദയും റൂബിയും അതു നിസ്സഹയരായി നോക്കി നിന്നു. 

ഒരു വളവു തിരിഞ്ഞു തിരുവമ്പാടി ക്ഷേത്രത്തിനു മുന്നിലുള്ള കടകൾക്കു സമീപമെത്തിയപ്പോൾ മാല പൊട്ടിച്ചയാൾ എതിർദിശയിൽ നിന്ന് വന്ന് അവിടെ പരുങ്ങി നിൽക്കുന്നത് വരദ കണ്ടു. അതിനും മുൻപ് ആളെ തിരിച്ചറിഞ്ഞ റൂബി കുരച്ചുകൊണ്ട് പാഞ്ഞടുത്തു. ഭയന്നുപോയ കള്ളന് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. വരദ പറഞ്ഞ് വിവരമറിഞ്ഞ നാട്ടുകാർ അയാളെ കയ്യോടെ പൊലീസിലേൽപ്പിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA