ADVERTISEMENT

റോഡരികിൽ പാട്ടുപാടി വിശപ്പകറ്റാനുള്ള വക കണ്ടെത്തിയ ഒരമ്മയും അവരുടെ മാറത്ത് ചാഞ്ഞുറങ്ങുന്ന കുഞ്ഞും. ആരോ മൊബൈലിൽ പകർത്തിയ വിഡിയോ വാട്സാപ്പിലൂടെ ലഭിച്ച സംഗീതസംവിധായകൻ ആ അമ്മയെ കണ്ടെത്തി തന്റെ പുതിയ ആൽബത്തിൽ പാടാൻ അവസരം നൽകി. അങ്ങനെ ഒരു മാസം കൊണ്ട് ലോകമറിയുന്ന ഗായികയായി മാറിയ കഥയാണ് കോഴിക്കോട് ഓമശ്ശേരി മലയമ്മ സ്വദേശി കെ. ഫൗസിയയ്ക്ക് പറയാനുള്ളത്.

നാലാളു കൂടുന്ന വഴിവക്കുകളിൽ ഒരു മൈക്കും പിടിച്ച് പാടിയാണ് കെ.ഫൗസിയ ജീവിച്ചിരുന്നത്.  9 മാസം പ്രായമുള്ള കുഞ്ഞിനെയും ഒക്കത്തിരുത്തിയാണു പാട്ട്. വഴിയേ പോകുന്നവർ ആ മനോഹര ശബ്ദം കേട്ട് ഒരു നിമിഷം നിൽക്കും. പാട്ടിന്റെ മാധുര്യം കേട്ട് പോക്കറ്റിലെ ചില്ലറത്തുട്ടുകൾ നൽകും. ആ പണമാണ് അവരുടെ വിശപ്പ് മാറ്റിയിരുന്നത്. കോഴിക്കോട് കടപ്പുറത്ത് പാട്ടുപാടുന്നതിനിടെ ആരോ പകർത്തിയ വിഡിയോയാണ് ഫൗസിയയുടെ ജീവിതം മാറ്റിമറിച്ചത്.

വാട്സാപ് വഴി അതിവേഗം ആ വിഡിയോ പ്രചരിച്ചു. ഗായിക ചിത്രയുടെ ശബ്ദവുമായുള്ള സാമ്യം അദ്ഭുതകരമായിരുന്നു. സംഗീതസംവിധായകൻ ഒറ്റപ്പാലം സ്വദേശി മുരളി അപ്പാടത്ത് ഏപ്രിൽ മൂന്നിന്  തന്റെ ഫെയ്സ്ബുക് പേജിൽ ഈ വിഡിയോ പങ്കുവച്ചു. ഗായികയെ അറിയുന്നവർ വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദിവസങ്ങൾക്കകം ഫൗസിയയെ കണ്ടെത്തുകയും ചെയ്തു. മലയമ്മ നഗരത്തോടു ചേർന്നുള്ള വാടകമുറികളിൽ ഒന്നിലാണ് ഫൗസിയ താമസിക്കുന്നത്. 3000 രൂപ വാടക നൽകണം. വൈദ്യുതിക്കും വെള്ളത്തിനും 1000 കൂടി നൽകണം. 3 കൊല്ലം മുൻപായിരുന്നു വിവാഹം. പക്ഷേ ഇപ്പോൾ ഫൗസിയയും കുഞ്ഞും തനിച്ചാണ്. ആരുടെയും മുന്നിൽ കൈനീട്ടി ജീവിക്കാനിഷ്ടമില്ല. പാടാനുളള  കഴിവുപയോഗിച്ച് ജീവിക്കാമെന്നു തീരുമാനിച്ചു. അങ്ങനെയാണ് തെരുവിൽ പാടാനിറങ്ങിയത്.

വിദേശ മലയാളിയായ മോളി ഡെന്നിസ് എഴുതിയ ‘എന്തിഷ്ടമാണെനിക്കെന്നോ എൻ പ്രിയനേ, നീയെൻ സ്വന്തമെങ്കിൽ’ എന്ന ഗാനമാണ് ഫൗസിയ പാടിയത്. രണ്ടാഴ്ച കൊണ്ട് 3 ലക്ഷത്തിലധികം ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ ഏറ്റെടുത്തത്. ഇനിയൊരിക്കലും ഈ ഗായിക കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങാൻ ഇടവരാതിരിക്കട്ടെ എന്നാണ് പാട്ടിന്റെ ആദ്യരംഗത്തിൽ എഴുതിക്കാണിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com