sections
MORE

ഹീറോകളുടെ വീടിന് 25 വയസ്സ്

HIGHLIGHTS
  • സൈനികാശ്രമത്തിൽ ഇപ്പോൾ ശേഷിക്കുന്നതു 100 വയസ്സുള്ള ടി.കെ.ഭാസ്ക്കരൻ മാത്രം
  • മരങ്ങളും പൂച്ചെടികളും നിറഞ്ഞ പച്ചത്തുരുത്താണു സൈനികാശ്രമം
sainika-ashram-celebrates-silver-jubilee
SHARE

ലോക മഹായുദ്ധ സേനാനികളുടെ സൈനികാശ്രമത്തിനു 25 വയസ്സ്. കേട്ടറിവു മാത്രമുള്ള യുദ്ധ കഥകളിലെ യഥാർഥ കഥാപാത്രങ്ങളാണ് ഇവിടെ ജീവിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത മലയാളികളിൽ സൈനികാശ്രമത്തിൽ ഇപ്പോൾ ശേഷിക്കുന്നതു 100 വയസ്സുള്ള ടി.കെ.ഭാസ്ക്കരൻ മാത്രം. മഹായുദ്ധത്തിൽ പങ്കെടുത്തിട്ടില്ലെങ്കിലും രാജ്യരക്ഷാ സേവനത്തിൽ സജീവമായിരുന്ന 36 സൈനിക കുടുംബങ്ങളും ഇവിടെയുണ്ട്. നാളെ 25–ാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു സൈനികാശ്രമം. 1994 മേയ് 11നു റജിസ്റ്റർ ചെയ്ത കേരള എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷനാണു സൈനികാശ്രമത്തിന്റെ നടത്തിപ്പുകാർ.നേവൽ ബേസിനു മുൻപിൽ ടെന്റ് നിർമിച്ചു സമരം ചെയ്തിരുന്ന 15വിമുക്ത ഭടൻമാരിൽ 12പേരാണു സൈനികാശ്രമത്തിലെ ആദ്യ അന്തേവാസികൾ.

രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇവർ സർക്കാർ ആനുകൂല്യം ആവശ്യപ്പെട്ട് നേവൽ ബേസിനു മുമ്പിൽ ടെന്റ് നിർമിച്ചു താമസം തുടങ്ങി. ജീവിതമാർഗം സർക്കാർ അനുവദിക്കണമെന്നതായിരുന്നു ആവശ്യം.

കേണൽ കെ.ബി.ആർ.പിള്ള ഇവരോടു പതിവായി സംസാരിക്കുമായിരുന്നു. ഇവരുടെ വിഷമം കണ്ടറിഞ്ഞ പിള്ള ഇക്കാര്യം ഡിഫൻസ് ഓഫിസേഴ്സ് വെൽഫെയർ അസോസിയേഷൻ (ഡോവ) യോഗത്തിൽ അവതരിപ്പിച്ചു.

ഇവരെ ഏറ്റെടുക്കാനുള്ള ശേഷി അസോസിയേഷനില്ലായിരുന്നു. തുടർന്നു പിള്ളയടക്കം 7 പേർ കേരള എക്സ് സർവീസ്മെൻ സർവീസ് ഓർഗനൈസേഷൻ രൂപീകരിച്ചു. ഓരോരുത്തരും 4,000 രൂപാ വീതമെടുത്ത് 28,000 രൂപയുടെ മൂലധനമുണ്ടാക്കി. സെക്യൂരിറ്റി ഗാർഡുകളെ ആവശ്യക്കാർക്കു നൽകിയും വരുമാനം കണ്ടെത്തി. ഈ തുക ഉപയോഗിച്ചു പാലാരിവട്ടത്തു വാടകയ്ക്കെടുത്ത വീട്ടിലാണു സൈനികാശ്രമത്തിന്റെ തുടക്കം. അന്നത്തെ റവന്യു മന്ത്രി കെ.ഇ.ഇസ്മായിൽ ആയിരുന്നു ഉദ്ഘാടകൻ. നേവൽ ബേസിനു മുമ്പിലെ ടെന്റിൽ താമസിച്ചിരുന്ന സേനാനികളെ ഇവിടേക്കു മാറ്റി. താമസവും ഭക്ഷണവും മരുന്നുമൊക്കെ സൗജന്യമായിരുന്നു.

സെക്യൂരിറ്റി ഗാർഡുകളെ വിതരണം ചെയ്യുന്നതു വിപുലീകരിച്ചാണു വരുമാനം കണ്ടെത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തവരിൽ ആശ്രയമില്ലാത്ത എല്ലാവരെയും ഉൾക്കൊള്ളാൻ തീരുമാനിച്ചതോടെ കാക്കനാട് ഐഎംജി ജംക‍്ഷനു സമീപം 6 സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിതു . ഇപ്പോൾ 1.06 ഏക്കർ സ്ഥലം സ്വന്തമായുണ്ട്. വിമുക്ത ഭടൻമാരിൽ പലരും താമസിക്കാനിടമില്ലാതെ വലയുന്നുണ്ടെന്ന തിരിച്ചറിവു ‘സൈനിക് വിഹാർ’ എന്ന റിട്ടയർമെന്റ് ഹോമിനു വഴിയൊരുക്കി. ചെറിയ ഡിപ്പോസിറ്റ് വാങ്ങി വിമുക്ത ഭടനും ഭാര്യയ്ക്കും താമസിക്കാൻ 36 ചെറു വീടുകൾ നിർമിച്ചു. മക്കൾക്കും ബന്ധുക്കൾക്കും ഇവരെ സന്ദർശിക്കാം, കൂടെ താമസിക്കാൻ അനുവദിക്കില്ല. വിമുക്ത ഭടൻ മരിച്ചാൽ ഭാര്യയ്ക്കു താമസം തുടരാം. വീടൊഴിഞ്ഞു മടങ്ങുമ്പോൾ ഡിപ്പോസിറ്റിൽ നിന്നു ചെറിയ ശതമാനം വിഹിതം എടുത്തു ബാക്കി മടക്കി നൽകും.

യുദ്ധം കഴിഞ്ഞ് മടക്കം വെറും കയ്യോടെ

 രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനു വേണ്ടി സൈനിക സേവനം ചെയ്ത മലയാളികൾ ഉൾപ്പെടെയുള്ള സേനാനികൾക്കു പേരിനെങ്കിലും ആനുകൂല്യം കിട്ടിയത് ഏതാനും വർഷം മുൻപു മാത്രം. യുദ്ധം തീർന്നു സൈനിക സേവനം അവസാനിപ്പിച്ചു മടങ്ങിയ ഇവർക്കു പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഇല്ലായിരുന്നു. കൈവശമുള്ളതു ഡിസ്ചാർജ് സർട്ടിഫിക്കറ്റ് മാത്രം. കേണൽ കെ.ബി.ആർ.പിള്ളയാണ് ഇവർക്കായി നിയമനടപടി തുടങ്ങിയത്.

കേസ് സുപ്രീം കോടതി വരെയെത്തി. അവിടെ അഭിഭാഷകർക്കു കൊടുക്കാനുള്ള വലിയ തുക കണ്ടെത്താനാകാത്ത സ്ഥിതി. ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി സീനിയർ അഭിഭാഷകൻ കപിൽ സിബലിനു കേണൽ പിള്ള ഇ മെയിൽ സന്ദേശമയച്ചു. ഉടൻ വന്നു മറുപടി. ഫീസ് വേണ്ട, കേസ് ഏറ്റെടുത്തുകൊള്ളാം. സേനാനികൾക്കു ധനസഹായം അനുവദിക്കാൻ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി നിർദേശം നൽകി. 3,000 രൂപാ വീതം പ്രതിമാസ ധനസഹായം സർക്കാർ അനുവദിക്കുകയും ചെയ്തു. 840 പേർക്കു പ്രയോജനം ലഭിച്ചു. ഇപ്പോൾ ഇതു 6,000 ആയി ഉയർത്തി.

പച്ചത്തുരുത്ത്, മഴവെള്ള സംഭരണി;മാതൃകയായിസൈനികാശ്രമം

 സ്മാർട്സിറ്റിക്കും ഇൻഫോപാർക്കിനും വിളിപ്പാടകലെ മരങ്ങളും പൂച്ചെടികളും നിറഞ്ഞ പച്ചത്തുരുത്താണു സൈനികാശ്രമം. ഒട്ടേറെ മഴവെള്ള സംഭരണികളും മൽസ്യം വളർത്തു കേന്ദ്രവും ഇവിടെയുണ്ട്. സൈനികാശ്രമ വളപ്പിലെ മുഴുവൻ കെട്ടിടങ്ങളുടെയും മുകളിൽ പതിക്കുന്ന മഴ വെള്ളം ഒരു തുള്ളി പോലും നഷ്ടപ്പെടാതെ സംഭരിക്കാനുള്ള സംവിധാനമുണ്ട്. ചെന്നൈ ഐഐടിയിലെ വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെയാണു മഴവെള്ള സംഭരണികൾ നിർമിച്ചത്. അലങ്കാര മൽസ്യക്കൃഷിയും നടത്തുന്നു. ഇതു വരുമാന മാർഗം കൂടിയാണ്. 36 വീടുകളിലെ വിമുക്ത ഭടൻമാരുടെ കുടുംബങ്ങൾക്ക് ആവശ്യമെങ്കിൽ മെസിൽ നിന്നു ഭക്ഷണം കഴിക്കാം. താൽപര്യമുള്ളവർക്കു സ്വന്തം നിലയിൽ പാചകം ചെയ്യാനും സൗകര്യമുണ്ട്.

k-b-r pillai-with-bhaskaran

ഒരേയൊരു ഭാസ്ക്കരൻ

 സൈനികാശ്രമത്തിലെ അന്തേവാസി രണ്ടാം ലോക മഹായുദ്ധ സേനാനി നാട്ടിക സ്വദേശി ടി.കെ.ഭാസ്ക്കരനു 100 വയസ്സുണ്ട്. ഭാര്യ ശ്രീലങ്കക്കാരി റോസ് മരണമടഞ്ഞു. രണ്ടു പെൺമക്കൾ ശ്രീലങ്കയിലുണ്ടെങ്കിലും അവരെക്കുറിച്ചു ഇപ്പോൾ വിവരമില്ല. 1942 മുതൽ 1948 വരെയായിരുന്നു സൈനിക സേവനം. ശ്രീലങ്ക, ഇറാഖ്, ഇറാൻ, ബർമ, സിംഗപ്പൂർ എന്നിവിടങ്ങളിലെല്ലാം യുദ്ധത്തിന്റെ ഭാഗമായി പോയിട്ടുണ്ട്. മരണാനന്തരം ശരീരം വൈദ്യ പഠനത്തിനു നൽകാൻ സമ്മതപത്രം നൽകിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന 35 ലോക മഹായുദ്ധ സേനാനികളിൽ അവസാനത്തെ ആളാണു ഭാസ്ക്കരൻ.

‘പിള്ള സാർ’

പിള്ള സാറെന്നു അന്തേവാസികൾ വിളിക്കുന്ന കേണൽ കെ.ബി.ആർ.പിള്ളയെന്ന അച്ചുതണ്ടിലാണു സൈനികാശ്രമത്തിന്റെ നിലനിൽപ്പ്. മാവേലിപുരത്തു വീടുണ്ടെങ്കിലും കേണൽ പിള്ള സൈനികാശ്രമത്തിലെ ഒരു യൂണിറ്റിലാണ് താമസം. ചവറ ശങ്കരമംഗലം കുന്നുംപഴിഞ്ഞതിൽ ഭാസ്ക്കരന്റെയും ഓമനയമ്മയുടെയും മകനായ കെ.ബി.ആർ.പിള്ള 1991ൽ വിരമിച്ച ശേഷം കൊച്ചിയാണു പ്രവർത്തനമേഖലയായി തിരഞ്ഞെടുത്തത്. കേരള എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ സ്ഥാപിക്കാൻ ഒപ്പമുണ്ടായിരുന്ന 7 പേരിൽ 3 പേർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. സൈനികാശ്രമം സ്ഥാപിച്ചതു മുതൽ അസോസിയേഷന്റെ പ്രസിഡന്റ് കെ.ബി.ആർ.പിള്ളയാണ്. മേജർ കെ.ടി.ഉണ്ണിക്കൃഷ്ണനാണു ജനറൽ സെക്രട്ടറി. സെക്യൂരിറ്റി ഗാർഡുകളെ നൽകുന്ന കെക്സോ കമ്പനിയുടെ ഡയറക്ടറാണു പിള്ള.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA