ADVERTISEMENT
അണുകുടുംബങ്ങൾ സാധാരണമായ ഇൗ കാലത്ത് പതിനെട്ട് മക്കളെ വളർത്തിയൊരു അമ്മയെക്കുറിച്ച് പറഞ്ഞാൽ വിശ്വസിക്കുമോ? അങ്ങനെയൊരു അമ്മയാണ് ഇത്തവണത്തെ മാതൃദിനത്തിനു ഒരാഴ്ച മുൻപ് തൊണ്ണൂറ്റിയെട്ടാമത്തെ വയസിൽ യാത്രയായത്; കോട്ടയം കടുത്തുരുത്തി അരുണാശേരി വീട്ടിൽ  മറിയക്കുട്ടി. കൃത്യമായി പറഞ്ഞാൽ മേയ് അഞ്ചിനായിരുന്നു ആ അമ്മയുടെ മരണം. വലിയ കുടുംബത്തിന്റെ സ്നേഹദീപമായി പ്രകാശിച്ചു കടന്നുപോയ അമ്മ മക്കളുടെ ഒാർമകളിൽ ഇപ്പോഴും പുഞ്ചിരിച്ചു നിൽക്കുന്നു. പതിനെട്ടു മക്കളെ എങ്ങനെ വളർത്തിയെന്ന് ചോദിച്ചാൽ 'മക്കൾ ദൈവത്തിന്റെ വരദാനമാണ്. അത് കൂടുന്തോറും അനുഗ്രഹവും കൂടും' എന്നായിരുന്നു മറിയക്കുട്ടിയുടെ മറുപടി.

'തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്ന്' പഴമക്കാർ പറയുന്നതുപോലെ തന്നെയായിരുന്നു ഈ അമ്മയുടെ ജീവിതമെന്ന് മക്കളും സാക്ഷ്യം പറയുന്നു. പതിനെട്ടു മക്കളിൽ മൂന്നു പേർ അമ്മയ്ക്ക് മുൻപേ കടന്നുപോയെങ്കിലും ജീവിതാവസാനം വരെ മറ്റു മക്കൾക്ക് സ്നേഹത്തിന്റെ മാതൃകയായി. കണ്ണ് അകന്നാൽ മനസ് അകലുമെന്നായിരുന്നു മറിയക്കുട്ടിയുടെ ജീവിത പ്രമാണം. അക്കാരണത്താലാകും തറവാടിനു ചുറ്റും വിളിപ്പാടകലെ മക്കളെ വീട് വയ്ക്കാൻ പ്രേരിപ്പിച്ചത്.

വൈക്കത്തെ അച്ചോത്ത് കുടുംബാംഗമായ മറിയക്കുട്ടി പതിമൂന്നാം വയസിലാണ് കുര്യാക്കോസിന്റെ ജീവിത സഖിയായി കടുത്തുരുത്തി അരുണാശേരി വീട്ടിലെത്തുന്നത്. ആദ്യ കുഞ്ഞിനു ജന്മം നൽകിയത് പതിനെട്ടാം വയസ്സിൽ. പതിനെട്ട് മക്കളിൽ പത്ത് ആൺകുട്ടികളും എട്ടു പെൺകുട്ടികളും.  'വലിയ' കുടുംബത്തിന്റെ 'നായിക'യെന്നാണ് ബന്ധുക്കളും നാട്ടുകാരും മറിയക്കുട്ടിയെ വിശേഷിപ്പിക്കുന്നത്. ഇരുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപാണ് ഭർത്താവ് കുര്യാക്കോസ് മരിക്കുന്നത്.

'കാർഷിക കുടുംബമായിരുന്നു ഞങ്ങളുടേത്. ഇച്ചാച്ചൻ (അച്ഛൻ) രാവിലെ കൃഷിയിടത്തിലേക്ക് പോകും. വീട്ടു ജോലികളോടൊപ്പം മക്കളുടെ കാര്യങ്ങളും നന്നായി ശ്രദ്ധിക്കും. ഞങ്ങൾ സ്കൂളിൽ പോയാൽ അമ്മയും ഇച്ചാച്ചനെ സഹായിക്കാൻ കൃഷിയിടത്തേയ്ക്ക് പോകും. രണ്ടുപേരും നന്നായി അധ്വാനിക്കുമായിരുന്നു. മൂത്തവർ ഇളയവരുടെ കാര്യങ്ങൾ നോക്കാൻ ചെറുപ്പം മുതൽ അമ്മ പരിശീലിപ്പിച്ചു. ഇൗശ്വര വിശ്വാസിയായ അമ്മ പരസ്പരം കരുതുവാനും സ്നേഹിക്കുവാനും ചെറുപ്പം മുതൽ മക്കളെ പഠിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മ ഞങ്ങളെ നന്നായി പഠിക്കാൻ ഉപദേശിക്കുമായിരുന്നു.അമ്മയായിരുന്നു ഞങ്ങളുടെ പാഠപുസ്തകം. ജീവിതത്തിലെ ഏത് വെല്ലുവിളികളും  നേരിടാനും ഒത്തൊരുമിച്ചു നിൽക്കാനുമെല്ലാം ഞങ്ങളെ പഠിപ്പിച്ചു. എവിടെയാണെങ്കിലും തിരക്കുകൾ മാറ്റിവച്ച് ഞങ്ങൾ അമ്മയ്ക്കൊപ്പം ഒന്നിച്ചുകൂടുമായിരുന്നു ' - പത്താമത്തെ മകൻ പൗലോസ് പറയുന്നു.

മക്കളിൽ ആറു പേർ സർക്കാർ സർവീസിൽ ജോലി നേടിയപ്പോൾ രണ്ടു പേർ കന്യാസ്ത്രീകളും ഒരാൾ വൈദികനുമായി ദൈവവിളി സ്വീകരിച്ചു. മക്കളുടെ എണ്ണം പോലെ തന്നെ ആയുസുകൊണ്ടും ദൈവം മറിയക്കുട്ടിയെ അനുഗ്രഹിച്ചു. അവസാന നിമിഷം വരെ ആരോഗ്യത്തോടെ ജീവിച്ചു. മക്കളും കൊച്ചുമക്കളുമായി അറുപതോളം കുടുംബാംഗങ്ങളുടെ സ്നേഹവാൽസല്യം നുകർന്ന്, നാലു തലമുറ കണ്ടിട്ടാണ് മറിയക്കുട്ടിയുടെ മടക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com