ADVERTISEMENT

നായകനാകാൻ വിളിച്ചിട്ട് നായകന്റെ കൂട്ടുകാരനായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനീഷ് രവിക്ക്! അന്നുമിന്നും അനീഷിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ, അഭിനയിക്കണം... പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന അഭിനേതാവാകണം! അനീഷ് രവി എന്ന പേരിനേക്കാൾ മലയാളികൾക്ക് പരിചയം വില്ലേജ് ഓഫീസർ മോഹനകൃഷ്ണൻ എന്ന പേരാണ്. ടെലിവിഷൻ പരമ്പരകളുടെ ബാഹുല്യത്തിനിടയിലും ഈ മുഖവും ഈ കഥാപാത്രവും ആളുകൾ ഓർത്തിരിക്കുന്നു. ഇതൊന്നും ഒറ്റ രാത്രി കൊണ്ടു സംഭവിച്ചതല്ലെന്നു പറയുകയാണ് അനീഷ് രവി. 

സുധീഷ് എത്തി, നായകവേഷം കൈവിട്ടുപോയി

സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കെ അഭിനയത്തിലായിരുന്നു അനീഷിന് കമ്പം. ക്ലബുകളിലെ നാടകങ്ങൾ മുതൽ അമച്വർ, പ്രൊഫഷണൽ നാടകങ്ങളിൽ വരെ അഭിനയിച്ചിട്ടുണ്ട്. 'അഭിനയിക്കാനുള്ള മോഹം കൊണ്ട് ചില നാടകങ്ങളിൽ മരമായിട്ട് പോലും നിന്നിട്ടുണ്ട്. നാടകത്തിന്റെ ഭാഗമാകണം, അത്രയേ മനസിൽ ഉണ്ടായിരുന്നുള്ളൂ,' ആദ്യകാലങ്ങളിലെ അഭിനയത്തെക്കുറിച്ച് അനീഷ് പുഞ്ചിരിയോടെ ഓർത്തെടുത്തു. 

അനീഷ് രവി മകൻ അദ്വിക്കിനൊപ്പം
അനീഷ് രവി മകൻ അദ്വിക്കിനൊപ്പം

ആദ്യമായി ടെലിഫിലിമിൽ അഭിനയിച്ചതിലുമുണ്ട് ഒരു കഥ. 

നായകനാകാൻ വിളിച്ചിട്ട് ഒടുവിൽ നായകന്റെ കൂട്ടുകാരന്റെ വേഷം ചെയ്യേണ്ടി വന്ന കഥ അനീഷ് തന്നെ പറയും. 'ആദ്യമായി അഭിനയിച്ച ഷോർട്ട്ഫിലിം ബലികാക്കകൾ എന്നതായിരുന്നു. നാടകത്തിലെ അഭിനയം കണ്ടിട്ടാണ് അവർ എന്നെ വിളിച്ചത്. അതിൽ നായകനാകേണ്ടിയിരുന്നത് നടൻ സുധീഷ് ആയിരുന്നു. എന്നാൽ ഷൂട്ടിങ് നിശ്ചയിച്ചിരുന്ന ദിവസം സുധീഷിന് പരീക്ഷയുണ്ടായിരുന്നതിനാൽ വരാൻ സാധിക്കില്ലെന്നു പറഞ്ഞു. അങ്ങനെയാണ് എന്നെ സമീപിക്കുന്നത്. നായകന്റെ വേഷം ചെയ്യണമെന്നു പറഞ്ഞു. ഭാഗ്യമോ നിർഭാഗ്യമോ... ഷൂട്ടിന്റെ ദിവസം ഭയങ്കരമായി മഴ പെയ്തു. ഷൂട്ട് മാറ്റി വച്ചു. പരീക്ഷ കഴിഞ്ഞതുകൊണ്ട് സുധീഷ് വന്ന് ആ വേഷം ഭംഗിയായി ചെയ്തു. എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും അഭിനയിച്ചേ പറ്റൂ. അങ്ങനെ, സുധീഷിന്റെ സുഹൃത്തായി ഞാൻ വേഷമിട്ടു.'

അവസരങ്ങൾക്കു വേണ്ടി അലഞ്ഞു

ചെറിയ വേഷങ്ങൾ ഒരുപാടു ചെയ്തിട്ടുണ്ട്. ആളുകൾ കളിയാക്കുന്ന വേഷങ്ങൾ... അതായത്, കൂട്ടത്തിൽ നിൽക്കുക... മരണവീട്ടിൽ നിൽക്കുക... കാലുകൾ കാണിക്കുക... ആ കൂട്ടത്തിലായിരുന്നു ഞാനും. പക്ഷേ, അങ്ങനെയൊക്കെ ചെയ്യേണ്ടി വന്ന സീരിയലുകളുടെ സംവിധായകർ തന്നെ എന്നെ പിന്നീട് നായകനാക്കി പരമ്പരകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. അവസരങ്ങൾക്കു വേണ്ടി മാത്രമേ ഞാൻ അലഞ്ഞിട്ടുള്ളൂ. എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റുകളും മറ്റും എടുത്ത് അവസരങ്ങൾ ചോദിച്ച് സംവിധായകരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്. എന്റെ അനുഭവത്തിൽ, ഞാൻ തേടിപ്പോയതൊന്നും എനിക്ക് ലഭിച്ചിട്ടില്ല. ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങൾ എന്നെത്തേടി വന്നതാണ്. അതാണെന്റെ ഭാഗ്യവും.

രണ്ടു വർഷം ആരും അഭിനയിക്കാൻ വിളിച്ചില്ല  

ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയത് 'മോഹനം' എന്ന സീരിയലിലെ മണികണ്ഠൻ എന്ന കഥാപാത്രത്തിലൂടെയാണ്. അതിനുശേഷം അടുപ്പിച്ച് കുറെ സീരിയലുകൾ ചെയ്തു. ഒരു ദിവസം തന്നെ രണ്ടും മൂന്നും സീരിയലുകൾ അഭിനയിച്ച ദിവസങ്ങൾ... പക്ഷേ, അതു കഴിഞ്ഞു രണ്ടു വർഷം ഒരു വർക്കും ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു. അപ്പോൾ അനുഭവിച്ച വിഷമം ഭീകരമായിരുന്നു. ഞാനും എന്റെ സുഹൃത്ത് മനോജും കൂടി മ്യൂസിയത്തിൽ പോയി ആകാശം നോക്കി ഇങ്ങനെ കിടക്കും. ചിലപ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകും. അന്നൊരു മാരുതിയുണ്ട്. അതിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ചിറയിൻകീഴ് വീട്ടിൽ പോയി നിൽക്കാം. പക്ഷേ, തിരുവനന്തപുരം വിട്ടു പോകാൻ പേടി. എല്ലാ ലിങ്കുകളും നഷ്ടപ്പെട്ടാലോ എന്നൊരു തോന്നൽ! ആ ഓർമ്മകളിപ്പോഴും മായാതെ മനസിലുണ്ട്. 

അനീഷ് രവി മകൻ അദ്വൈതിനൊപ്പം
അനീഷ് രവി മകൻ അദ്വൈതിനൊപ്പം

ദുരിതപർവം കഴിഞ്ഞ് സൗഭാഗ്യങ്ങളിലേക്ക്

2002-2003 കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുദേവൻ എന്ന സീരിയലിൽ ഗുരുദേവനായി അഭിനയിക്കുന്നത്. അതിന് സംസ്ഥാന പുരസ്കാരവും ലഭിച്ചു. അതേസമയത്തു തന്നെ ആലിപ്പഴം എന്ന പരമ്പരയും ചെയ്തു. ഈ കാലഘട്ടത്തിലായിരുന്നു വിവാഹം. വീണ്ടും കരിയറിൽ ഒരു ഇടവേള സംഭവിച്ചു. ഷൂട്ടിങ്ങിനിടയിൽ കാലിൽ പൊള്ളലേറ്റു... ഡങ്കിപ്പനി... അങ്ങനെ ആശുപത്രിയുടെ മണം കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന അവസ്ഥ. അങ്ങനെയുള്ള ദുരിതദിവസങ്ങൾക്കൊടുവിലാണ് മകൻ ജനിക്കുന്നത്. മകൻ ജനിച്ച ദിവസമാണ് ഞാൻ മിന്നുകെട്ട് എന്ന സീരിയലിൽ അഭിനയിക്കാൻ പോകുന്നത്. മലയാള ടെലിവിഷനൻ ചരിത്രത്തിൽ തന്നെ റെക്കോർഡ് സൃഷ്ടിച്ച പരമ്പരയായിരുന്നു അത്. മിന്നുകെട്ട് എന്റെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമായിരുന്നു. പിന്നീട്, ജീവിതത്തിലും കരിയറിലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

ജനപ്രിയ കഥാപാത്രങ്ങൾ

ചെയ്തിട്ടുള്ളതിൽ ഏറ്റവും ക്ലിക്കായത് കാര്യം നിസാരം എന്ന പരമ്പരയിലെ വില്ലേജ് ഓഫീസർ കെ. മോഹനകൃഷ്ണനാണ്. മോഹനകൃഷ്ണനും സത്യഭാമയും ജനങ്ങൾ ഏറ്റെടുത്തു. എവിടെ ചെന്നാലും വില്ലേജ് ഓഫീസർ മോഹനകൃഷ്ണൻ ആയാണ് ജനങ്ങൾ തിരിച്ചറിയുന്നത്. പരിപാടികൾക്ക് ക്ഷണിക്കുന്നതു പോലും എന്നെയും സത്യഭാമ എന്ന കഥാപാത്രം ചെയ്ത അനു ജോസഫിനെയും ഒരുമിച്ചാണ്. എനിക്ക് ഭാര്യയും മക്കളും ഒക്കെ ഉണ്ടെങ്കിലും പ്രേക്ഷകരുടെ കണ്ണിൽ സത്യഭാമയാണ് എന്റെ ഭാര്യ. ഈയടുത്ത് വില്ലേജ് ഓഫീസർമാരുടെ സംസ്ഥാന സമ്മേളനത്തിലും ഞങ്ങൾ ക്ഷണിക്കപ്പെട്ടിരുന്നു. ആളുകൾ നമ്മെ തിരിച്ചറിയുന്നത് വലിയ സന്തോഷമാണ്. കാര്യം നിസ്സാരം പോലെ തന്നെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അളിയൻ Vs അളിയൻ എന്ന പരമ്പര. അതിലെ കനകന്റെ കഥാപാത്രവും ആളുകൾ ഇഷ്ടത്തോടെ ഓർക്കുന്ന ഒന്നാണ്. 

ഇനി സംവിധായകൻ

സീരിയൽ ചെയ്യുന്നതിന്റെ ഇടയിൽ ഞാൻ എഴുതാനും വായിക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്. 12 വയസ് എന്ന പേരിൽ ഒരു ഹ്രസ്വചിത്രം ചെയ്തിരുന്നു. അതിനു പുരസ്കാരം ലഭിക്കുകയും ചെയ്തു. ഇപ്പോൾ പുതിയൊരു കാര്യത്തിലാണ് ശ്രദ്ധ. ഞാനെഴുതി പൂർത്തിയാക്കിയ തിരക്കഥയുണ്ട്. അത് ഈ വർഷം തന്നെ സംവിധാനം ചെ്യത് പുറത്തിറക്കണം എന്നാണ് ആഗ്രഹം. 

ഒന്നു പുരികം പൊക്കിയാൽ ലോകം അറിയുന്ന കാലം

പണ്ടൊക്കെ അവസരങ്ങൾക്കായി കുറെയേറെ കഷ്ടപ്പെടണം. എനിക്കു തന്നെ നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കൽ, പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് വിളിച്ചിട്ട് എന്നോടു പറഞ്ഞു അവസരം വേണമെങ്കിൽ ഫിലിം റോൾ വാങ്ങിക്കൊടുക്കണമെന്ന്. ഇപ്പോൾ അങ്ങനെയല്ലല്ലോ! സ്വന്തം മൊബൈൽ എടുത്തു വച്ച്, രണ്ടു രംഗങ്ങൾ അഭിനയിച്ച് ഇട്ടുകൊടുത്താൽ ക്ലിക്ക് ആണ്. ഉള്ളിൽ ഒരു തരി മതി... അതു കത്തിപ്പടരും. ആർക്കും തടയാൻ കഴിയില്ല. ഒന്നു പുരികം പൊക്കിയാൽ ലോകം അറിയുന്ന കാലമാണ്, പൊട്ടിച്ചിരിയോടെ അനീഷ് പറഞ്ഞു. 

മിനിസ്ക്രീനിലെ മമ്മൂട്ടി

മലയാളസിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ നാടായ ചിറയൻകീഴിൽ നിന്നാണ് അനീഷ് വരുന്നത്. രണ്ടു ദശാബ്ദങ്ങളായി ടെലിവിഷൻ രംഗത്തെ സ്ഥിരസാന്നിധ്യമാണ് ഈ കലാകാരൻ. അന്നും ഇന്നും അനീഷിന് ഒരു മാറ്റവുമില്ലെന്ന് പ്രേക്ഷകരും സമ്മതിക്കും. മിനിസ്ക്രീനിലെ മമ്മൂട്ടി എന്നു ആരാധകർ വിളിക്കുന്നതിൽ അത്ഭുതം ഏതുമില്ല. അതിന്റെ രഹസ്യമെന്തെന്നു ചോദിച്ചാൽ ഒരു പൊട്ടിച്ചിരിയാണ് അനീഷിന്റെ മറുപടി. "വലിയ ഡയറ്റിങ് ഒന്നുമില്ല. പറ്റാവുന്ന ദിവസങ്ങളിൽ വർക്ക് ഔട്ട് ചെയ്യും. ഭക്ഷണത്തിൽ ചെറിയ നിയന്ത്രണങ്ങളുണ്ട്. രാത്രിയിൽ പരമാവധി ഭക്ഷണം ഒഴിവാക്കും," അനീഷ് തന്റെ ആരോഗ്യശീലങ്ങൾ വ്യക്തമാക്കി. 

അനീഷ് രവി കുടുംബത്തോടൊപ്പം
അനീഷ് രവി കുടുംബത്തിനൊപ്പം

കുടുംബം

ഭാര്യ ജയലക്ഷ്മി. തിരുവനന്തപുരം പി.എസ്.സി ഓഫീസിലാണ് ജോലി. രണ്ടു മക്കളുണ്ട്– അദ്വൈത്, അദ്വിക്ക്. 2003ലായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു. സീരിയലുകളുടെ തിരക്കിനിടയിൽ വീട്ടിലെ കാര്യങ്ങൾ മിക്കവാറും നോക്കുന്നത് ഭാര്യയാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും എന്റെയൊപ്പം നിൽക്കുന്ന കുടുംബമാണ് എന്റെ ഭാഗ്യം. അതാണ് ഞാൻ പറഞ്ഞത്, ഞാൻ ഹാപ്പിയാണ്, പുഞ്ചിരിയോടെ അനീഷ് രവി പറഞ്ഞു നിറുത്തി.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com