അമുദവനും ജോസഫും ഒരേ വിരൽത്തുമ്പിൽ; ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി ജിഷ്ണു

HIGHLIGHTS
  • മമ്മുട്ടിയും ജഗതിയും ദുൽഖറുമൊക്കെ ജീവനോടെ മുന്നിൽ നിൽക്കും പോലെ
  • മമ്മുക്കയ്ക്ക് സമ്മാനിക്കാൻ ജിഷ്ണു സൂക്ഷിച്ചു വച്ചിരിക്കുകയാണ് ആ ചിത്രം
jishnu-with-his-drawings
വരച്ച ചിത്രങ്ങളുമായി ജിഷ്ണു
SHARE

താരങ്ങളുടെ ചിത്രം ക്യാമറയിലും ഫോണിലും പകർത്താൻ ആരാധകർ മത്സരിക്കുമ്പോൾ, ഹൃദയത്തിൽ ചിത്രം പകർത്തി പേപ്പറിലേക്ക് പകർന്ന് വ്യത്യസ്തനാവുകയാണ് ജിഷ്ണു ജയൻ എന്ന ഇരുപത്തിമൂന്നുകാരൻ. തന്റെ കുട്ടി പെൻസിലുകളിലൂടെ ജിഷ്ണു ജയൻ വിസ്മയചിത്രങ്ങള്‍ തീർക്കുമ്പോൾ മമ്മുട്ടിയും ജഗതിയും ദുൽഖറുമൊക്കെ ജീവനോടെ മുന്നിൽ നിൽക്കും പോലെ തോന്നും.

കോട്ടയം നാട്ടകം പോളിടെക്നിക് കോളേജിൽ നിന്ന് ഡിപ്ലോമ കഴിഞ്ഞിറങ്ങിയ ജിഷ്ണുവിന് വര ജീവനോട് ചേർന്നു നിൽക്കുന്നതാണ്. സ്കൂളിൽ പഠിക്കുമ്പോൾ ചിത്രരചനയിൽ സമ്മാനങ്ങൾ കിട്ടി. പക്ഷേ ആ കഴിവ് പിന്നീട് പ്ലസ് ടുവിന് സയൻസ് എടുത്തപ്പോൾ റെക്കോഡുകൾ വരയ്ക്കാൻ സഹായിക്കുന്നത് മാത്രമായി മാറി. പോളിടെക്നിക് പഠനം കഴിഞ്ഞ് വീട്ടിൽ ഇരിക്കുമ്പോഴാണ് ചേട്ടന്റെ ജന്മദിനത്തിന് പടം വരച്ച് പിറന്നാൾ സമ്മാനമായി നൽകിയാലോയെന്ന് തോന്നിയത്. ചേട്ടന്റെ ഒരു ഫോട്ടോ എടുത്തുവച്ച് എങ്ങനെയോക്കെയോ വരച്ചു വച്ചു. 

വലിയ അഭിമാനത്തിൽ ചേട്ടന് സമ്മാനിച്ചെങ്കിലും, ഉള്ളത് തുറന്നുപറയുന്ന ചേട്ടൻ പടം അത്ര ശരിയായില്ലെന്ന് മുഖത്തടിച്ചപോലെ പറഞ്ഞു. പക്ഷേ അടുത്ത പിറന്നാളിന് ചേട്ടൻ സമ്മാനിച്ചത് ഡ്രോയിങ് ബുക്കും കൂറേ പെൻസിലുകളുമാണ്. ഒരു പേജുപോലും വെറുതെ കളയില്ലെന്നുള്ളത് വാശിയായിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് സൂക്ഷിച്ച് വരച്ചു പഠിച്ച് തുടങ്ങി. ഇപ്പോൾ ആരുടെ ഫോട്ടോയും ഒന്നു കണ്ടാൽ വരയ്ക്കാനാകുമെന്ന് ആത്മവിശ്വാസത്തോടെ ജിഷ്ണു പറയുന്നു. 

ജോജുവിന്റെ ആ കമന്റ്, ആദ്യ അംഗീകാരം

ജോസഫിലെ ജോജുവിന്റെ സിനിമാ പോസ്റ്ററിൽ കണ്ട രണ്ടു വ്യത്യസ്ഥ ലുക്കിലുള്ള ചിത്രങ്ങളും വരച്ച് ഫെയ്സ്ബുക്കിൽ ഇട്ടു. സമൂഹമാധ്യമങ്ങളിൽ വൈറലായ ചിത്രം ജോജുവിന്റെ അടുക്കലെത്തി.  ജോജു അഭിനന്ദിച്ചു കൊണ്ട് കമന്റിട്ടു, ഇത് തനിക്ക് കിട്ടിയ വലിയൊരു അംഗീകാരമായാണ് ജിഷ്ണു കാണുന്നത്. ജിഷ്ണു വരച്ച സെലിബ്രിറ്റികളിൽ നിന്ന് കിട്ടിയ ഏക അഭിനന്ദനമായതിനാൽ വളരെ പ്രിയപ്പെട്ടതാണിത്.

joju-in-joseph
ജോസഫിലെ ജോജു

മമ്മുട്ടിക്കൊരു പിറന്നാൾ സമ്മാനം 

മമ്മുട്ടിയ്ക്ക് ഒരു പിറന്നാൾ സമ്മാനം നൽകണമെന്ന് ആഗ്രഹിച്ചാണ് മെഗാസ്റ്റാറിനെ പെൻസിൽ തുമ്പിൽ കൊണ്ടുവന്നത്. ആദ്യ ചിത്രങ്ങളിൽ നിരാശതോന്നിയെങ്കിലും, പ്രിയതാരത്തെ എങ്ങനെയും വരയ്ക്കണമെന്ന വാശിയായി.  ഒരുപാട് കഷ്ടപ്പെട്ടെങ്കിലും മമ്മുക്ക അനശ്വരമാക്കിയ പേരൻപിലെ ഭാവപകർച്ചകൾ ഒപ്പിയെടുത്ത് ജിഷ്ണുവിന്റെ പെൻസിൽ മുനയിൽ 'അമുദവൻ' തെളിഞ്ഞു. കണ്ടവർക്കെല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം പ്രിയതാരത്തെ കാണിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. ഇപ്പോഴും മമ്മുക്കയ്ക്ക് സമ്മാനിക്കാൻ ജിഷ്ണു സൂക്ഷിച്ചു വച്ചിരിക്കുകയാണ് ആ ചിത്രം. ഏറ്റവും ഇഷ്ടപ്പെട്ട് വരച്ച ചിത്രം ഏതാണെന്നു ചോദിച്ചാൽ തെല്ലും മടിക്കാതെ ജിഷ്ണു പറയും അത്  'അമുദവൻ' തന്നെയാണെന്ന്.

mammootty-in-peranbu
ജിഷ്ണുവിന്റെ അമുദവൻ

വര, അത്ര എളുപ്പമല്ല

ഇഷ്ടം കൊണ്ട് കൂടെ കൂടിയ വര ഇപ്പോൾ ജിഷ്ണുവിന് ജീവിതം തന്നെയാണ്. അതുകൊണ്ടുതന്നെ ഒരു ചിത്രത്തിന് പൂർണത ലഭിക്കാൻ മണിക്കൂറുകൾ അതിനു മുന്നിൽ ചിലവിടാനും അവന് മടിയില്ല. പോളിടെക്നിക് പാസ്ഔട്ടായ  ജിഷ്ണുവിന് ചിത്രരചനയിൽ കൂടുതൽ പഠിക്കാനും ഡിഗ്രി എടുക്കാനുമാണ് ആഗ്രഹം. സമൂഹമാധ്യമങ്ങളിലൂടെ വരയ്ക്കുന്നവരെ കണ്ടെത്തി  കൂടുതൽ പഠിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഏതൊക്കെ പെൻസിലുകൾ ഉപയോഗിക്കണം എന്നുതുടങ്ങി കണ്ണിനും പുരികങ്ങൾക്കും തലമുടിക്കും ഒക്കെ ഷേഡ് നൽകുന്നതിന് പെൻസിൽ എങ്ങനെ പിടിക്കണമെന്നുവരെ പഠിക്കാൻ  കഴിഞ്ഞുവെന്നാണ് ജിഷ്ണു പറയുന്നത്. 

ഏതെങ്കിലും നല്ല സ്ഥാപനത്തിൽ നിന്ന് ചിത്രരചനയിൽ ഡിഗ്രിയും ഇതേ മേഖലയിൽ തന്നെ ഒരു ജോലിയും സമ്പാദിക്കണമെന്നാണ് ജിഷ്ണുവിന്റെ ആഗ്രഹം.മൂന്ന് ദിവസത്തോളമെടുത്താണ് ജിഷ്ണു ജഗതിയുടെ ചിത്രം വരച്ചത്. ഏറ്റവും അധികം സമയം എടുത്തു വരച്ച ചിത്രവും അതാണ്. എന്നാൽ ഇപ്പോൾ സമയം തീരെ എടുക്കാതെ വരയ്ക്കാൻ കഴിയുന്നുണ്ടെന്നാണ് ജിഷ്ണു പറയുന്നത്. മമ്മുട്ടിയെയും നിവിനെയും ദുൽഖറിനെയും ഒക്കെ വരച്ചെങ്കിലും ആളുകൾ ഏറ്റവും കൂടുതൽ ഏറ്റെടുത്തത് ഷെയിൻ നിഗത്തിന്റെ ചിത്രമാണെന്നാണ് ജിഷ്ണു പറയുന്നത്. 

jishnu-mambi
വരച്ച ചിത്രം പാപ്പാൻ മാമ്പിക്ക് ജിഷ്ണു സമ്മാനിക്കുന്നു

ജിഷ്ണുവിന്റെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമം ഏറ്റെടുത്തു കഴിഞ്ഞു. 

ജിഷ്ണു ആർട്സെന്ന ഫേസ്ബുക്ക് പേജിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ജിഷ്ണു താൻ വരച്ച ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.  മാന്നാനം സ്വദേശിയായ എം. കെ. ജയന്റെയും പൊന്നമ്മാ ജയന്റെയും മൂത്ത മകനാണ് ജിഷ്ണു. അച്ഛൻ ടൈലു പണിക്ക് പോയാണ് കുടുംബം കഴിയുന്നത്. ജിഷ്ണുവിന് എല്ലാ പ്രോത്സാഹനവും നൽകി  മാതാപിതാക്കളും സഹോദരി ജിഷയും ഒപ്പമുണ്ട്. 

jishnu-with-mother
ജിഷ്ണു അമ്മയ്ക്കൊപ്പം

സെലിബ്രിറ്റികളെ മാത്രം അല്ല പ്രിയപ്പെട്ടവരുടെ ഒക്കെ ചിത്രങ്ങൾ ജിഷണു വരയ്ക്കാറുണ്ട്. നാട്ടുകാരും കൂട്ടുകാരും ഫോട്ടോകൾ നൽകി ചിത്രം വരച്ചു തരാൻ ജിഷണുവിനോട് ആവശ്യപ്പെട്ട് എത്താറുണ്ട്. ഇപ്പോൾ ആഘോഷവേളകളിൽ കൂട്ടുകാർ കൊണ്ടുപോകുന്ന മിക്ക സമ്മാനപ്പൊതികളിലും ജിഷ്ണു വരച്ച ചിത്രങ്ങളാണ്. വര ഒരു വരുമാനമാർഗമാകുന്നുണ്ടോ എന്നു ചോദിച്ചാൽ ജിഷ്ണു പറയും, ഇഷ്ടപ്പെട്ട് ചെയ്യുന്നതിന് പണം വാങ്ങാനും മടിയാണെന്ന് .ഒരുപാട് കഷ്ടപ്പെട്ട വരച്ചു കൊടുക്കുന്നതാണന്ന് ആളുകൾക്ക് അറിയാം അതുകൊണ്ട് വരച്ചു കൊടുക്കുമ്പോൾ അവർ എന്തെങ്കിലും തരും.

വരകളുടെ ലോകത്ത് ജീവിക്കാനാണ് ജിഷണു ഇപ്പോൾ ആഗ്രഹിക്കുന്നത്. ആ ലോകത്ത് പൂർത്തിയാകാനായി നിരവധി ജീവസ്സുറ്റ മുഖങ്ങളും നിമിഷങ്ങളുമാണ് അവനെ കാത്തിരിക്കുന്നത്. ഞാൻ തുടങ്ങിയിട്ടേയുള്ളൂ, ഏറ്റവും മികച്ച ചിത്രങ്ങൾ വരാനിരിക്കുന്നതേയുള്ളെന്ന് ജിഷ്ണു പറയുന്നു. ജിഷ്ണു ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളിങ്ങനെ "വരയിൽ ഞാൻ തീർത്തൊരു ലോകമുണ്ടിവിടെ ,ആ ലോകത്തെ രാജകുമാരനാണ് ഞാൻ".. അതെ വരകളുടെ രാജകുമാരൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA