sections
MORE

അന്ന് ‘വനിത’യിൽ വന്ന ചിത്രം കരയിച്ചു, ഇന്ന് അഭിമാനം

HIGHLIGHTS
  • അവൾ മുറിയടച്ച് സങ്കടം തീരുവോളം കരഞ്ഞു
  • അച്ഛനാണ് ഇന്ന് ടെലിവിഷനിൽ അവളെ കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത്
aswathy-sreekanth-memories-vanitha-magazine-photo-shoot
അശ്വതി ശ്രീകാന്ത്
SHARE

മലയാളത്തിൽ ഏറ്റവും പ്രചാരമുള്ള മാസികയായ വനിതയിൽ ഒരു ചിത്രം പ്രസിദ്ധീകരിച്ചു വരണമെന്നത് സിനിമയും മോഡലിങ്ങുമെക്കെ സ്വപ്നം കാണുന്ന പെൺകുട്ടികളുടെ ആഗ്രഹമാണ്. റേഡിയോ ജോക്കി, അവതാരക, എഴുത്തുകാരി എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ അശ്വതി ശ്രീകാന്തും കോളജ് പഠനകാലത്ത് ആ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്. അശ്വതിയുടെ ചിത്രം വനിതയിൽ പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. താന്‍ പോലുമറിയാതെ അന്നു പ്രസിദ്ധീകരിച്ചു വന്ന ആ ചിത്രം സമ്മാനിച്ച അനുഭവങ്ങൾ രസകരമായ ഒരു കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് അശ്വതി.

അന്ന് വഴക്കു കേൾക്കാനായിരുന്നു വിധി. ആ വനിതയുടെ ഒരു കോപ്പി പോലും സൂക്ഷിക്കാൻ സമ്മതിച്ചില്ല. അന്ന് കരയിച്ച അച്ഛനാണ് ഇന്ന് മകളുടെ വിജയത്തിൽ ഏറ്റവും സന്തോഷിക്കുന്ന ആള്‍. പിന്നീട് തന്റെ ചിത്രം പ്രസിദ്ധീകരിച്ച വനിതയുടെ രണ്ടു കോപ്പിയെങ്കിലും ഇന്ന് അച്ഛൻ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. കാലം എത്ര ഭംഗിയായാണ് ഓരോ കണക്കും സൂക്ഷിക്കുന്നതെന്നത്– അശ്വതി കുറിക്കുന്നു.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വായിക്കാം;

ഒരു കഥ പറയാം...

വർഷങ്ങൾക്ക് മുൻപ് പാലാ അൽഫോൻസാ കോളേജിൽ ബി എ ലിറ്ററേച്ചർ പഠിച്ചിരുന്ന ഒരു പെൺകുട്ടി. 

അതേ കോളജിലെ ഫാഷൻ ടെക്നോളജി വിഭാഗം ഒരു ഇന്റർ കോളേജിയേറ്റ് ഫാഷൻ ഷോയ്ക്കു വേണ്ടി അവളെ മോഡലാകാൻ വിളിക്കുന്നു. കോളജിലെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം അവളും അതിൽ പങ്കെടുക്കുന്നു. കോട്ടയം മാമൻ മാപ്പിള ഹാളിൽ വച്ചു നടന്ന ആ പരിപാടി, മലയാള മനോരമ കവർ ചെയ്യുകയും വനിത മാഗസിന്റെ അടുത്ത ലക്കത്തിലെ ഫാഷൻ പേജിൽ അവളും കൂട്ടുകാരും ഉൾപ്പെട്ട ചിത്രം അവൾ പോലുമറിയാതെ പ്രസിദ്ധീകരിക്കുകയും ചെയുന്നു.

പിന്നെയാണ് ട്വിസ്റ്റ് !!

ഗൾഫിലുള്ള അവളുടെ അച്ഛനെ സുഹൃത്തുക്കളിലാരോ ഈ ചിത്രം കാണിക്കുകയും മകൾ മോഡലിംഗ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയുന്നു. സിനിമാ, മോഡലിങ് മുതലായ കാര്യങ്ങൾ പെൺകുട്ടികളെ വഴി തെറ്റിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അച്ഛൻ, അമ്മയെ വിളിച്ച് കണക്കിന് ശകാരിക്കുന്നു. അതും പോരാഞ്ഞ് കോളജ് ഹോസ്റ്റലിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത വാർഡൻ സിസ്റ്ററിനോടും ‘ഇത്തരം തോന്ന്യാസങ്ങൾക്കല്ല എന്റെ മകളെ അവിടെ പഠിപ്പിക്കാൻ വിട്ടതെന്ന്’ വ്യക്തമാക്കുന്നു. 

‘നീയറിയാതെ എങ്ങനെ നിന്റെ പടം വന്നു’ ‘മോഡലിങ് ആണോന്നു അവര് ചോദിച്ചപ്പോൾ നാണം കേട്ടത് ഞാനല്ലേ‘ തുടങ്ങിയ അച്ഛന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അവൾ മുറിയടച്ച് സങ്കടം തീരുവോളം കരഞ്ഞു. വനിതയിൽ ഒരു ചിത്രം വരികയെന്ന ഏതൊരു പെൺകുട്ടിയുടെയും ടീനേജ് മോഹം സഫലമായതിൽ ഒരു തരി പോലും സന്തോഷിക്കാനാവാതെ, ആ മാഗസിന്റെ ഒരു കോപ്പി പോലും വീട്ടിൽ സൂക്ഷിക്കാതെ അവൾ അച്ചടക്കമുള്ള കുട്ടിയായി.

ഡിഗ്രി കഴിഞ്ഞപ്പോൾ ജേർണലിസം എന്ന ആഗ്രഹം ഉപേക്ഷിച്ച് അച്ഛനും അമ്മയും പറഞ്ഞത് പോലെ ‘പെൺകുട്ടികൾക്ക് ചേരുന്ന‘ കോഴ്‌സു പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണവൾ MBA ക്കാരിയായത്. അവിചാരിതമായി റേഡിയോ ജോക്കിയാവാൻ അവസരം വന്നപ്പോഴും അച്ഛൻ എന്ത് പറയുമെന്നായിരുന്നു പേടി. പക്ഷേ അവൾക്ക് അവളെ നോക്കാനുള്ള പ്രായമായി, ഇനി ഇഷ്ടമുള്ളത് തെരഞ്ഞെടുത്തോട്ടെ എന്ന് അവളെ പോലും ഞെട്ടിച്ച് അതാ വരുന്നു അച്ഛന്റെ പ്രഖ്യാപനം ! അങ്ങനെ പഠിച്ച രംഗത്താവില്ല തൊഴിലെന്ന ജാതകം ഫലിച്ച പോലെ അവൾ കൊച്ചിയിൽ റേഡിയോ ജോക്കിയാവുന്നു. പിന്നെ ടെലിവിഷൻ അവതാരക. അന്ന് ഇതിനെയെല്ലാം എതിർത്തിരുന്ന അച്ഛനാണ് ഇന്ന് ടെലിവിഷനിൽ അവളെ കാണുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത്. പുതിയൊരു ഷോ തുടങ്ങുമ്പോൾ അവൾക്കു വേണ്ടി ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയിൽ പിആർ വർക്ക് ചെയ്യുന്നത് പോലും അച്ഛനാണ്.

അന്ന് അവൾ അറിയാതെയാണ് വനിതയിൽ ചിത്രം വന്നതെങ്കിൽ ഇതാ ഇപ്പൊൾ അറിഞ്ഞു കൊണ്ട് ചെയ്ത ഫോട്ടോഷൂട്ട്. അതേ ഫാഷൻ പേജിൽ... മകളുടെ ചിത്രം വന്ന ഈ വനിതയുടെ രണ്ടു കോപ്പിയെങ്കിലും അഭിമാനത്തോടെ അച്ഛൻ ഇപ്പോൾ അലമാരയിൽ വച്ചിട്ടുണ്ടാകും.

അന്നൊരു സങ്കടം ഉണ്ടായില്ലായിരുന്നെങ്കിൽ ഇന്നിത്ര സന്തോഷവും തോന്നുമായിരുന്നില്ലല്ലോ !! കാലം എത്ര ഭംഗിയായാണ് ഓരോ കണക്കും സൂക്ഷിക്കുന്നത് !!

Photo : Sreekanth Kalarickal

Costume: Khajuraho Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA