sections
MORE

സ്നേഹമാണ് മരുന്ന്, അപ്പയാണ് ഡോക്ടർ; ഇതാണ് എച്ച്ഐവിയെ തോൽപ്പിച്ച സോളമന്റെ സ്വര്‍ഗം

HIGHLIGHTS
  • എച്ച്ഐവി ബാധിതനായ ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നായിരുന്നു തീരുമാനം
  • സ്നേഹം കൊതിക്കുന്ന കുഞ്ഞിക്കണ്ണുകൾ പിന്നെയും സോളമനെ തേടിയെത്തി
Soloman-raj-and-children
SHARE

47 കുഞ്ഞുങ്ങളുടെ അപ്പയാണ് സോളമൻ. മക്കളെല്ലാം എച്ച്ഐവി ബാധിതരാണ്. സോളമന്‍ എന്ന അച്ഛന്റെ സ്നേഹവും കരുതലും അനുഭവിച്ച് അവർ വളരുന്നു. ഹൈദരബാദ് സ്വദേശിയായ സോളമൻ രാജാണ് ഇക്കഥയിലെ നായകൻ. സ്നേഹവും കാരുണ്യവും കൊണ്ട് ആരോരുമില്ലാത്ത ജീവിതങ്ങൾക്കു താങ്ങായി മാറിയ മനുഷ്യൻ. എച്ച്ഐവിയെ സ്നേഹം കൊണ്ട് തോൽപ്പിച്ച കരുത്തൻ.

വിവാഹം കഴിഞ്ഞ് എട്ടു വർഷങ്ങൾക്കുശേഷവും സോളമനും ഭാര്യയ്ക്കും കുഞ്ഞുണ്ടായില്ല. കാത്തിരിപ്പ് അവസാനിപ്പിച്ച് ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നായി തീരുമാനം. ഒരു കുഞ്ഞിനെ വാങ്ങാനല്ല, മറിച്ച് ഒരു അനാഥന് കുടുംബവും നല്ല ജീവിത സാഹചര്യങ്ങളും നൽകാനായിരുന്നു അവര്‍ ആഗ്രഹിച്ചത്. അതിനായി എച്ച്ഐവി ബാധിതനായ ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നായിരുന്നു തീരുമാനം.

അതിനിടയിൽ സന്താനഭാഗ്യമുണ്ടായി. സ്വന്തം ചോരയിൽ കുഞ്ഞുങ്ങളുണ്ടായതോടെ ദത്തെടുക്കൽ എന്ന തീരുമാനം വേണ്ടെന്നു വച്ചു. പക്ഷേ അർഹതപ്പെട്ട ഒരു കുഞ്ഞിന് മെച്ചപ്പെട്ട ജീവിതം നൽകാൻ സാധിച്ചില്ല എന്ന ചിന്ത സോളമനെ വേട്ടയാടി. ഒരു എച്ച്ഐവി ബാധിതനായ അനാഥ കുഞ്ഞിനെ ദത്തെടുക്കാൻ താൽപര്യമുണ്ടെന്ന് പലരോടും സോളമൻ വെളിപ്പെടുത്തി. 2005 ലാണ് നൂറി എന്ന ട്രാൻസ് വുമണിന്റെ നേതൃത്വത്തിലുള്ള എൻജിഒ വഴി എച്ച്ഐവി ബാധിതനായ ഒരു അനാഥ ബാലനെക്കുറിച്ച് സോളമൻ അറിയുന്നത്.

ആ കുഞ്ഞിനെ ഒരു അനാഥാലയത്തിലെത്തിച്ച് നല്ല വിദ്യാഭ്യാസം നൽകാനായിരുന്നു സോളമന്റെ തീരുമാനം. എന്നാൽ രോഗവിവരം അറിഞ്ഞ ആരും അവനെ ഏറ്റെടുക്കാന്‍ തയാറായില്ല. അവനെ സോളമൻ ചെന്നു കണ്ടു. എച്ച്ഐവി ബാധിച്ച് അച്ഛനും അമ്മയും സഹോദരങ്ങളും മരണത്തിന് കീഴടങ്ങിയപ്പോൾ ഒറ്റപ്പെട്ടു പോയ ഏഴു വയസ്സുകാരൻ അർപുത. സോളമൻ അവനെ ദത്തെടുത്തു.

ഇരുവരുടെയും വീട്ടുകാർക്ക് എച്ച്ഐവി ബാധിതനായ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനത്തിൽ എതിർപ്പുണ്ടായിരുന്നു. സോളമന്റെ സ്വന്തം കുഞ്ഞുങ്ങളെ നോക്കാന്‍ തയാറായ ബന്ധുക്കൾ അർപുതിനെ അവഗണിച്ചു. ഇതോടെ സോളമനും ഭാര്യയും ജോലിക്കു പോകുമ്പോൾ അവനെ ഒരു മുറിയിൽ പൂട്ടിയിടേണ്ടി വന്നു. 

എന്നാൽ അർപുതിനെ ഇതു മാനസികമായി തളർത്തി. പലപ്പോഴും ആ കുഞ്ഞ് നിലവിളിച്ച് കരഞ്ഞു. വൈകിട്ടു വീട്ടിലെത്തുമ്പോൾ അവൻ തളർന്ന് ഉറങ്ങുകയായിരിക്കും. ഇതോടെ അർപുതയെയും കൊണ്ട് ഓഫിസിൽ പോകാൻ സോളമൻ തീരുമാനിച്ചു. ആദ്യം സഹപ്രവർത്തകർ സഹതാപത്തോടെ പെരുമാറിയെങ്കിലും പിന്നീട് കാര്യങ്ങള്‍ സങ്കീർണമായി. ഇതോടെ സോളമൻ ജോലി ഉപേക്ഷിച്ചു.

solo-new

അർപുതിനു കൂട്ടായി ഒരു കുഞ്ഞിനെ കൂടി കണ്ടെത്താൻ തീരുമാനിച്ചു. ഇക്കാര്യം പറയാൻ നൂറിനെ വിളിച്ചപ്പോളാണ് മറ്റൊരു പെൺകുട്ടിയെ അടുത്തിടെ കിട്ടിയെന്ന് അറിയുന്നത്. അങ്ങനെ അവളെയും സോളമൻ ദത്തെടുത്തു. പിന്നീട് പ്രായം ചെന്ന ഒരാൾ സോളമന്റെ വീട്ടിലെത്തി രണ്ടു കുഞ്ഞുങ്ങളെ ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചു. അങ്ങനെ അവരും ആ കാരുണ്യത്തിലേക്ക് ചേക്കേറി.

സ്നേഹം കൊതിക്കുന്ന കുഞ്ഞിക്കണ്ണുകൾ പിന്നെയും സോളമനെ തേടിയെത്തി. ആരേയും തിരിച്ചയച്ചില്ല. ഇതിനിടയിൽ ചികിത്സാ സൗകര്യം പരിഗണിച്ച്  ചെന്നൈയിലേക്ക് സോളമൻ ചേക്കേറിയിരുന്നു. അവിടെ ഒരു ഷെൽട്ടർ ഹോം തുടങ്ങി. ഇന്ന് അവിടെ 47 എച്ചഐവി ബാധിതരായ കുട്ടികളുണ്ട്. അവരുടെ വാത്സല്യ നിധിയായ അപ്പയാണ് സോളമൻ. അനാഥരായ കുറച്ചു സ്ത്രീകളും സോളമന്റെ സ്വർഗത്തിൽ താമസമാക്കി. അവർ ആ കുഞ്ഞുങ്ങളുടെ സ്നേഹസമ്പന്നരായ അമ്മമാരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA