sections
MORE

‘വെറുപ്പിന്റെ കണ്ണുകൾകൊണ്ട് നോക്കരുത്’ ; അമ്മയ്ക്ക് വിവാഹാശംസയുമായി മകന്റെ കുറിപ്പ്

gokul-sreedhar-Facebook-post-on-mothers-second-marriage
SHARE

ഇരുപത്തിമൂന്നുകാരനായ ഗോകുൽ 10–ാം ക്ലാസ് വിദ്യാർഥിയായിരുന്നു സമയത്തായിരുന്നു അവന്റെ അമ്മയുടെയും അച്ഛന്റെയും വിവാഹമോചനം. പിന്നീട് അമ്മ മിനി ജീവിച്ചതൊക്കെയും പ്രിയപ്പെട്ട മകനു വേണ്ടി. സങ്കടം മാത്രം സമ്മാനിച്ച ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയിറങ്ങുമ്പോൾ ഒന്നുമുണ്ടായിരുന്നില്ലവർക്ക്. അധ്യാപികയായിരുന്ന അമ്മയ്ക്ക് 2004ൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ബന്ധുവീടുകളിലായിരുന്നു ആദ്യമൊക്കെ മിനിയും ഗോകുലും താമസിച്ചത്. പിന്നീട്, വിവാഹമോചനത്തിനു നഷ്ടപരിഹാരമായി ലഭിച്ച വീട്ടിലേക്കു താമസം മാറി. ഗോകുലിന്റെ പഠനകാര്യങ്ങൾ‌ അവന്റെ അച്ഛൻ നിർവഹിച്ചെങ്കിലും മറ്റു ചെലവുകളെല്ലാം അമ്മയുടെ ചുമലിലായിരുന്നു. ആകെയുണ്ടായിരുന്നത് ലൈബ്രേറിയനായി ലഭിച്ച ജോലിയിൽ നിന്നുള്ള വരുമാനവും.

‘ഞാൻ പഠനമൊക്കെ കഴിഞ്ഞു ജോലിക്കു പോകുമ്പോൾ വീട്ടിൽ അമ്മ തനിച്ചാകുമെന്ന സങ്കടം നാളുകളായുണ്ടായിരുന്നു. അമ്മയ്ക്കൊരു കൂട്ടു വേണമെന്ന കാര്യം പണ്ടു മുതലേ മനസ്സിലുണ്ടായിരുന്നെങ്കിലും അമ്മ സമ്മതിച്ചിരുന്നില്ല. കുറച്ചു നാൾ മുൻപ്, ലൈബ്രറി കൗൺസിലിലെ സുഹൃത്തുക്കൾ വഴിയാണ് ഈ ആലോചന വന്നത്. വിവാഹത്തിന് ആദ്യം അമ്മ തയാറായില്ലെങ്കിലും പിന്നീടു സമ്മതിക്കുകയായിരുന്നു.’ ഗോകുൽ പറയുന്നു. തൊടുപുഴ സ്വദേശിയായ റിട്ട. കേണൽ വേണുവാണു മിനിയെ വിവാഹം കഴിച്ചത്. എൻജിനീയറിങ് ബിരുദധാരിയായ ഗോകുൽ പുതിയ ജോലിക്കായുള്ള തയാറെടുപ്പിലുമാണ്. 

അമ്മയ്ക്കു വിവാഹാശംസകൾ നേർന്നുക്കൊണ്ടുള്ള ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്നു ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട്... നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...

യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA