ADVERTISEMENT
അച്ഛൻ – ഒരുപാട് ആഴവും പരപ്പുമുള്ള ഒരു വാക്ക്. വർഷങ്ങൾ കഴിയുന്തോറും അച്ഛനെന്ന തണലിന് അർഥ വ്യത്യാസങ്ങളേറെയുണ്ടായി. കുടുംബത്തിലെ സ്ഥാനത്തിനും അധികാരത്തിനും മാറ്റമുണ്ടായി. അച്ഛൻ മാറിയതെങ്ങനെ..? ആലപ്പുഴ മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗം പ്രഫസർ ഡോ.വർഗീസ് പുന്നൂസിന്റെ വിശലകനം.

∙ രാജാവിന്റെ മക്കൾ
പണ്ടു കാലത്തു വീടിനെയാകെ വിറപ്പിച്ചിരുന്ന ഔദാര്യനിധിയായ ഏകാധിപതിയായിരുന്നു അച്ഛനെങ്കിൽ പുതിയ കാലത്തിലെ അച്ഛൻ സൗമ്യനാണ്. ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അതിനെ അധികം പുറത്തു കാണിക്കാതെ അധിപതിയായി വാണിരുന്ന അച്ഛനിപ്പോൾ മക്കളെയും കുടുംബത്തെയും ഏറെ സ്നേഹിക്കുന്ന ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്ന പരിപാലകനായി മാറി. ഈ മാറ്റം കൊണ്ട് നൻമകളേറെയുണ്ട്. കുട്ടികൾ സ്വതന്ത്രരായി, ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയാനൊരിടം കിട്ടി. പക്ഷേ, കുടുംബമെന്ന കൂട്ടായ്മയിലെ അധികാര കേന്ദ്രത്തിന് അധികാരം നഷ്ടപ്പെടുമ്പോൾ അവിടെ അരാചകത്വം ഉണ്ടാകും. അതിന്റെ പ്രശ്നങ്ങൾ ഇപ്പോൾ ഏറെ കാണുന്നുണ്ട്. പവർലെസ് അച്ഛനായി മാറി.

∙ മുതലെടുക്കുന്ന മക്കൾ
ചൈൽഡ് ടെററിസം; ഇക്കാലത്ത് ഏറെ പ്രസക്തമായ വാക്കാണ്. മാതാപിതാക്കളെ മുൾമുനയിൽ നിർത്തി ആവശ്യങ്ങൾ സാധിച്ചെടുക്കുന്ന കുട്ടികൾ– അതാണു ചൈൽഡ് ടെററിസം. ഒരു കുടുംബത്തിൽ പിതാവിന്റെ അധികാരം നഷ്ടപ്പെടുമ്പോഴാണു ചൈൽഡ് ടെററിസം തലപൊക്കുന്നത്. കുട്ടികളുടെ സ്വഭാവത്തിൽ തകരാറുകളില്ലെങ്കിൽ ഒരു പക്ഷേ, കുടുംബം സന്തോഷമായി മുന്നോട്ടു പോയേക്കാം. എന്നാൽ സ്വാഭാവം മോശമാണെങ്കിൽ അവിടെ അച്ഛനു റോളില്ലാതെ വന്നാൽ ചൈൽഡ് ടെററിസത്തിലേക്കു നയിക്കാം. ഇതു തടയാൻ പഴയ കർക്കശക്കാരനായ അച്ഛന്റെ വേഷമോ ഇപ്പോഴത്തെ സൗമ്യതയോ അല്ല വേണ്ടത്. ഇവയ്ക്കു രണ്ടിനും ഇടയിൽ ഒരിടം കണ്ടെത്തണം.

∙ ഒറ്റയ്ക്കച്ഛൻ
വീട്ടിൽ കുട്ടികൾ വളരുന്തോറും അമ്മമാരോട് കൂടുതൽ അടുപ്പം കാണിക്കുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങളും സ്വപ്നങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്നതും അമ്മയോടായി മാറുന്നു. അമ്മമാരോട് കുട്ടികൾ കൂടുതൽ അടുക്കുമ്പോൾ അച്ഛൻ ഒറ്റപ്പെടുന്ന അവസ്ഥ. ഒരു അൺവാണ്ടഡ് ആളായി മാറുന്നതോടെ അച്ഛനും മാനസികമായി കുടുംബത്തോട് അകലും. അമ്മമാർ പലപ്പോഴും ഇതു തിരിച്ചറിയാറില്ല. 40 – 50 – 60 പ്രായത്തിലുള്ള അച്ഛൻമാരാണ് ഈ വിഷമം ഏറെ അനുഭവിക്കുന്നത്. പുതിയ കാലത്തെ ചില സംഭവ വികാസങ്ങൾ പെൺകുട്ടികൾക്ക് അച്ഛനോടുള്ള വിശ്വാസം നഷ്ടപ്പെടുത്താനും ഇടയായിട്ടുണ്ട്. സ്നേഹപൂർവം പെൺമക്കളെ ഒന്നു കെട്ടിപ്പിടിക്കാനോ മുത്തം കൊടുക്കാനോ പോലും പേടിക്കുന്ന അച്ഛൻമാരുള്ള കാലമാണിത്.

∙ ന്യൂ ജനറേഷൻ അച്ഛൻ

1990നു ശേഷം കുടുംബനാഥനുണ്ടായ മാറ്റം പഠന വിഷയമാക്കാവുന്ന ഒന്നാണ്. പിതൃദിനം എന്ന പേരിൽ പേരിനൊരു സമ്മാനം കൊടുക്കുന്നതിനു മുൻപ് കടലിരമ്പുന്ന ആ വലിയ മനസ് മനസിലാക്കാൻ ശ്രമിക്കുന്നതാണു നല്ലത്. സമ്മാനങ്ങളല്ല ആദരവും സ്നേഹവുമാണ് അവർ ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com