ADVERTISEMENT
ഞാനെഴുതിയ ‘ഇഷ്ടം’ സിനിമയുടെ പ്രേരണ എന്റെ അച്ഛൻ കുമാരനും  എന്റെ അനിയനുമാണ്. അനിയത്തിയുടെ കല്യാണത്തലേന്ന് അച്ഛൻ തൊടിയിൽ ജോലി ചെയ്യുമ്പോൾ അവൻ പറഞ്ഞു –‘ ആകെ ഒരു അച്ഛനേ ഉള്ളുവെങ്കിലും ഉലയ്ക്കക്കടിച്ചാ വളർത്തിയേ. കണ്ടില്ലേ, നന്നായി ജോലി ചെയ്യുന്നെ.. അതുകൊണ്ടിപ്പൊ നമുക്കു റിലാക്സ് ചെയ്യാം’. കേട്ട എല്ലാവരും ചിരിച്ചു. ഇത്രയും സൗഹൃദവും സ്വാതന്ത്യ്രവും പരസ്പരം സൂക്ഷിക്കുന്ന ഒരച്ഛനും മകനും കഥാപാത്രമായി ഒരു സിനിമ വന്നാൽ രസകരമായിരിക്കില്ലേ എന്നു തോന്നി. കഥാപാത്രം മാത്രം പോരല്ലോ... കഥാവളർച്ച വേണ്ടേ? അതിനായി ഒരു കഥ മോഷ്ടിച്ചു.

‘ഇഷ്ട’ത്തിന്റെ കഥ ‘കട്ട മോഷണമാണ്’. രാജാവായ ശന്തനു സത്യവതിയെക്കണ്ടു മോഹിച്ചു. രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലാതെ വന്നപ്പോൾ മകൻ കാര്യം അന്വേഷിച്ചു. ഒടുവിൽ കാരണം കണ്ടെത്തി, അച്ഛനെ സത്യവതിയെക്കൊണ്ടു വിവാഹം ചെയ്യിക്കുന്നതെല്ലാം മഹാഭാരതത്തിലുണ്ടല്ലൊ. സിനിമയിലെ കൃഷ്ണൻകുട്ടി മേനോൻ ശന്തനുവാണ്. പവി ഭീഷ്മരും.

ഈ സിനിമാക്കഥ കണ്ട് പലരും ചോദിക്കാറുണ്ട് – എന്റെ അച്ഛനുമായി അങ്ങനൊരു ബന്ധമുണ്ടോയെന്ന്. ഒരിക്കലുമില്ല. ജയിൽ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. ആ ചിട്ടകളെല്ലാം വീട്ടിലും സമൃദ്ധമായി നിലനിർത്തി. വെളുപ്പിന് 5ന് ഉണരണം, വൈകിട്ട് 6ന് അകം വീട്ടിലെത്തണം, നിർബന്ധമായും ഭാഗവതം വായിക്കണം. ഞാൻ ദൈവവിശ്വാസി അല്ലാതായിപ്പോയത് അന്നത്തെ ആ നിർബന്ധ പാരായണം മൂലമാണ്.

എന്നെ എഴുത്തുകാരനാക്കിയതിൽ അച്ഛനും പങ്കുണ്ട്. അച്ഛൻ കുറച്ചൊക്കെ എഴുതുമായിരുന്നു. എന്റെ അക്കാലത്തെ പ്രണയം ഫുട്ബോളുമായാണ്. അവധിക്കു ഫുട്ബോൾ കളിക്കാതിരിക്കാൻ, രാവിലെതന്നെ ഒരുകെട്ടു പുസ്തകം എടുത്തുതരും. അതു വായിച്ച്, വൈകിട്ട് അച്ഛനെ കഥ ചുരുക്കി പറഞ്ഞു കേൾപ്പിക്കണം.

കുറച്ചു കഴിഞ്ഞപ്പോൾ പുസ്തകത്തിന്റെ ബ്ലർബ് വായിച്ച് സംഗ്രഹം പറഞ്ഞുതുടങ്ങി. മെല്ലെമെല്ലെ അച്ഛനും കാര്യങ്ങൾ പിടികിട്ടി. അടികിട്ടിയെന്ന് ഉറപ്പ്. അതോടെ പുസ്തകത്തിന്റെ ചുരുക്കം എഴുതിക്കൊടുക്കണം എന്നായി. ഇതിനിടെ ഫുട്ബോൾ കാലിൽനിന്നു പോയി, പുസ്തകം കയ്യിലായി. ഞാൻ എഴുതുന്നതിലൊക്കെ അച്ഛൻ അഭിമാനിച്ചിരുന്നു. ഞാനെഴുതിയതെല്ലാം അദ്ദേഹം മരിക്കുംവരെ ഫയൽ ചെയ്തു സൂക്ഷിച്ചു.

ഇതൊക്കെ പറയുന്ന ഞാൻ ഏതുതരം അച്ഛനാണെന്ന് എന്റെ കുട്ടികളായ പാറുവും ചാരുവും ആണ് പറയേണ്ടത്. എന്തെങ്കിലും കാര്യം സാധിക്കാനുള്ളപ്പോൾ അച്ഛൻ മാസാണെന്ന് ഇളയവൾ ചാരു പറയും. അതു കഴിഞ്ഞാൽ ‘അമ്മേ’ എന്നും വിളിച്ച് അങ്ങു പോകും.

പിന്നെ, എന്റെ അച്ഛൻ‌ പറ​ഞ്ഞിട്ടുണ്ട് – ‘എന്നോടു ചെയ്തതിനൊക്കെ നീ അച്ഛൻ ആകുമ്പോ പഠിക്കുമെടാ’. ഞാനിതെല്ലാം പഠിക്കുകയും അതിൽ പിഎച്ച്ഡി എടുക്കുകയുമാണിപ്പോൾ. അങ്ങനെ നോക്കിയാൽ, എന്റെ അച്ഛനും മാസാ...  


തയാറാക്കിയത് : പ്രവീൺ വി.ഹരൻ, ജിസോ ജോൺ, ബിനു തങ്കച്ചൻ, കൃഷ്ണരാജ് ചെന്നിത്തല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com